ഭീകരാക്രമണ ഭീഷണി; മുംബൈ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം; സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ ഭീഷണി; മുംബൈ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം; സുരക്ഷ ശക്തമാക്കി

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായാണ് പൊലീസ് അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.

സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ തുടര്‍ച്ചയായി അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. രണ്ട് പ്രശസ്ത ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കേറിയ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് ഏരിയയില്‍ പൊലീസ് ഇന്നലെ മോക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. അതേസമയം,ആഘോഷ കാലമായതിനാലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് പത്തുദിവസം നീണ്ട ആഘോഷപരിപാടികള്‍ക്ക് തയ്യാറെടുക്കകയാണ് ഇപ്പോള്‍ മുംബൈ നഗരം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.

പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍…; വിവിധ കമ്പനികളുടെ 50ലധികം മരുന്നുകള്‍ക്ക് നിലവാരമില്ല

പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍…; വിവിധ കമ്പനികളുടെ 50ലധികം മരുന്നുകള്‍ക്ക് നിലവാരമില്ല

ഡല്‍ഹി: വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍. വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ പരിശോധനയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളുടെ ഗുണനിലവാരത്തിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആശങ്ക രേഖപ്പെടുത്തി. അന്റാസിഡ് പാന്‍ ഡി, കാല്‍സ്യം സപ്ലിമെന്റ് ഷെല്‍കാല്‍, പ്രമേഹത്തിനുള്ള മരുന്നായ ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദ മരുന്നായ ടെല്‍മിസാര്‍ട്ടന്‍ തുടങ്ങിയ ജനപ്രിയ മരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഡ്രഗ് ഓഫീസര്‍മാര്‍ മാസാടിസ്ഥാനത്തില്‍ നടത്തിയ റാന്‍ഡം സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. മിക്ക മരുന്നുകളും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായതിനാല്‍ പട്ടിക ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Hetero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL), കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കണ്ടെത്തിയ മരുന്നുകള്‍ വ്യാജമാണെന്ന് പറഞ്ഞ് കമ്പനികള്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.

അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കാര്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ബിസിനസുകാരനായ 50 കാരന്‍ മണികണ്ഠന്‍, ഭാര്യ നിത്യ, അമ്മ സരോജ, രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള സേലത്താണ് ഇവര്‍ താമസിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ലോഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന മണികണ്ഠന്‍ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

തിരുവനന്തപുരം: ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയിലെ സോലാപുരില്‍ അഭിഭാഷക കുടുംബത്തിലാണ് ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാറിന്റെ ജനനം. മുംബൈ ലോ കോളജില്‍ നിയമ പഠനം. 2012ല്‍ ബോംബെ ഹൈക്കോടതി ജസ്റ്റിസായി. 2023 മെയ് മുതല്‍ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍.

ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പി​ഗെഹള്ളി പൊലീസാണ് കേസെടുത്തത്.

ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു.

കോമൺ‌ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഘർത്തെ തുടർന്നു ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. പൂക്കളം നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ വ്യാപകമായ വിമർശനവും ഉയർന്നു. ഫ്‌ലാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. പൂക്കളത്തിൽ കയറി ഇവർ നിൽക്കുന്നതും വിഡിയോയിൽ കാണാം. ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി വാദിക്കുന്നുണ്ട്.

പൂക്കളം നശിപ്പിക്കുന്ന വിഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്‌നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകി. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അംഗീകരിക്കുന്നില്ല.

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്.

ഹിസ്ബുല്ല ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ലെബനനിലെ ബെകാ വാലിയില്‍ വന്‍ തോതില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗറി അറിയിച്ചു. ബിന്റ് ജെബെയില്‍, ഐതറൗണ്‍, മജ്ദല്‍ സെലം, ഹുല, ടൂറ, ക്ലൈലെ, ഹാരിസ്, നബി ചിറ്റ്, തരയ്യ, ഷ്മെസ്റ്റാര്‍, ഹര്‍ബത്ത, ലിബ്ബായ, സോഹ്‌മോര്‍ എന്നിവയുള്‍പ്പെടെ ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്. സ്ഥിതിഗതികള്‍ അപകടകരമായ നിലയില്‍ തുടരുകയാണെന്നും നയതന്ത്ര ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാകണമെന്നും ലെബനനിലെ യുഎന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.