കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രീം കോടതി

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പോക്സോ, ഐടി നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അശ്ലീല ചിത്രം എന്നത് ‘ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍’ എന്ന് മാറ്റാന്‍ നിര്‍ദേശിച്ച കോടതി ഇതു വ്യക്തമാക്കി വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗണ്‍ലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരേ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്.

മോദി അത്ഭുതപ്പെടുത്തുന്നുവെന്ന് ബൈഡന്‍; ചര്‍ച്ച ഫലപ്രദമെന്ന് പ്രധാനമന്ത്രി

മോദി അത്ഭുതപ്പെടുത്തുന്നുവെന്ന് ബൈഡന്‍; ചര്‍ച്ച ഫലപ്രദമെന്ന് പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച യുഎസ് പ്രസിഡന്റിന്റെ ഡെലാവറിലെ വസതിയില്‍ നടന്ന ഉഭയകക്ഷി യോഗത്തില്‍ ഇരു നേതാക്കളും പ്രാദേശിക, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ‘ഡെലാവറിലെ ഗ്രീന്‍വില്ലിലുള്ള യുഎസ് പ്രസിഡന്റിന്റെ വസതിയില്‍ എനിക്ക് ആതിഥ്യമരുളിയതിന് പ്രസിഡന്റ് ബൈഡന് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ ചര്‍ച്ചകള്‍ അങ്ങേയറ്റം ഫലപ്രദമായിരുന്നു. യോഗത്തില്‍ പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു,’- പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ പറഞ്ഞു.

ത്രിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് നേരത്തെ ഫിലാഡല്‍ഫിയയില്‍ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ പങ്കുവെച്ച യുഎസ് പ്രസിഡന്റ്, പ്രധാനമന്ത്രി മോദിയെ കാണുമ്പോഴെല്ലാം സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നതായി പറഞ്ഞു.’ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പവും ചലനാത്മകവുമാണ്. ഞങ്ങള്‍ ഓരോ തവണ ഇരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും വ്യത്യസ്തമായിരുന്നില്ല,’- പ്രസിഡന്റ് ബൈഡന്‍ എക്സില്‍ കുറിച്ചു.

നരേന്ദ്ര മോദി ജോ ബൈഡന്‍ കൂടികാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. വില്‍മിങ്ടനില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ എത്തിയത്.

ദില്ലി മുഖ്യമന്ത്രിയായി ആതിഷി

ദില്ലി മുഖ്യമന്ത്രിയായി ആതിഷി

ഡൽഹി: ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ അടക്കം പങ്കെടുത്ത ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.

ദില്ലിയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുട‍ർന്നാണ് ആതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ദില്ലി രാജ്നിവാസിലാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവർ മുൻപ് കെജ്രിവാൾ മന്ത്രിസഭയിലും മന്ത്രിമാരായിരുന്നു. ഈ മാസം 26, 27 തീയതികളിൽ ദില്ലി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.നാളെ കെജ്‌രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും. ജന്തർമന്തറിലാണ് പരിപാടി.

ക്വാഡ് ഉച്ചകോടി: യുഎസിലേയ്ക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി

ക്വാഡ് ഉച്ചകോടി: യുഎസിലേയ്ക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. ഡെലവെയറിലെത്തുന്ന മോദി ഇന്ത്യ യുഎസ് ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും. പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്റില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.

അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യു എസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പങ്കുവെച്ചു. പ്രസിഡന്റ്് ജോ ബൈഡനുമായുള്ള ചര്‍ച്ചയില്‍ സഹകരണം ശക്തമാക്കാനുള്ള പുതിയ വഴികള്‍ ചര്‍ച്ചയാകും. ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയും സമാധാനവും ക്വാഡ് കൂട്ടായ്മ വിലയിരുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ കാണുന്ന കാര്യം യാത്ര തിരിക്കും മുമ്പുള്ള മോദിയുടെ പ്രസ്താവനയിലില്ല. എന്നാല്‍ ഡോണള്‍ഡ് ട്രംപിന് എതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; ഇന്ന് നിര്‍ണായകം, ബന്ധുക്കൾ ഷിരൂരിൽ

അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; ഇന്ന് നിര്‍ണായകം, ബന്ധുക്കൾ ഷിരൂരിൽ

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്.

ഈശ്വര്‍ മാല്‍പ്പെയും സംഘവും തിരച്ചിലിനുണ്ട്. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പ്പെ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്. ഡൈവ് ചെയ്ത് താഴെത്തട്ടില്‍ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേസമയം അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇവിടെ വരണം, പുഴയുടെ അടുത്ത് സമയം ചെലവഴിക്കണം എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നുവെന്നും അഞ്ജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘എത്രയും പെട്ടെന്ന് ലോറിയുടെ അടുത്ത് എത്താന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഡ്രെഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ട്. ഒരുപാട് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരും കൂടെയുണ്ടായി. എന്തെങ്കിലും ഉത്തരം കിട്ടുമെന്ന് വിചാരിക്കുന്നു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും പിന്തുണയുമുണ്ട്. ഈശ്വര്‍ മാല്‍പ്പെയെ പോലുള്ള മനുഷ്യ സ്‌നേഹികളുടെ പിന്തുണയുണ്ട്. എല്ലാവരുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി,’ അഞ്ജു പറഞ്ഞു. എന്നാല്‍ ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഡ്രഡ്ജിങ്ങിന്റെ എതിര്‍വശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. കൂടാതെ ബാരിക്കേഡുകള്‍ വെച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച് നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

റിന്‍സണ്‍ അമേരിക്കയിലേക്ക് കടന്നു; ബന്ധപ്പെടാനാകുന്നില്ലെന്ന് കമ്പനി

റിന്‍സണ്‍ അമേരിക്കയിലേക്ക് കടന്നു; ബന്ധപ്പെടാനാകുന്നില്ലെന്ന് കമ്പനി

കൊച്ചി: ലബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മലയാളിയായ റിന്‍സണ്‍ ജോസ് അമേരിക്കയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. റിന്‍സണ്‍ അമേരിക്കയിലാണെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് റിന്‍സണ്‍ നിലവില്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതതില്‍ നിന്ന് ലഭിക്കുന്ന വിവരം.

വിവാദങ്ങളെ കുറിച്ച് അറിഞ്ഞുവെന്നും റിന്‍സണ്‍ ഇപ്പോള്‍ അമേരിക്കയിലാണെന്നും മടങ്ങിയെത്തിയ ശേഷം ഇതേകുറിച്ച് അന്വേഷിക്കുമെന്നാണ് , ഡി എന്‍ മീഡിയ കമ്പനി സിഇഒ പ്രതികരിച്ചത്. അതേസമയം ഇങ്ങനെയെതാരു തെറ്റ് ചെയ്യുന്ന ആളല്ല റിന്‍സണെന്നും റിന്‍സണ്‍ തെറ്റ് ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് റിണ്‍സണിന്റെ അമ്മാവന്‍ തങ്കച്ചന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തെങ്കിലും ചതിപ്രയോഗമാകാമെന്നും അദ്ദേഹം പറഞ്ഞു. റിന്‍സനേയോ ഭാര്യയെയോ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

റിന്‍സണ്‍ ജോസിന്റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയാണ് പേജറുകള്‍ വിതരണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണിത്. കമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ 200 കമ്പനികള്‍ക്ക് ഓഫീസ് ഉണ്ടായിരുന്നുവെന്നും സ്‌ഫോനത്തിന് ശേഷം നോര്‍ട്ടയുടെ വെബ്‌സൈറ്റും ഇല്ലാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിന്‍സണ്‍ പേജറുകള്‍ വിതരണം ചെയ്തത് ഡിഎസി എന്ന ഹംഗറി ആസ്ഥാനമായ കമ്പനി വഴിയാണ് ഈ കമ്പനിക്ക് റിൻസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 1.6 മില്ല്യന്‍ ഡോളര്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പേജറുകള്‍ കൈമാറിയത് റിന്‍സണ്‍ ആണോ ഇതിന് ആരെയാണ് ചുമതലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.