ഒറ്റയടിക്ക് 165 ദിർഹം വർധനവ്! പാസ്‌പോർട്ട് പുതുക്കൽ ഫീസിൽ ഞെട്ടി പ്രവാസികൾ; പുനപരിശോധിക്കണമെന്ന് ആവശ്യം

ഒറ്റയടിക്ക് 165 ദിർഹം വർധനവ്! പാസ്‌പോർട്ട് പുതുക്കൽ ഫീസിൽ ഞെട്ടി പ്രവാസികൾ; പുനപരിശോധിക്കണമെന്ന് ആവശ്യം

ദുബൈ: ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പുനപരിശോധിക്കണം എന്നാവശ്യവുമായി പ്രവാസി സംഘടനകൾ. മുൻപ് പാസ്‌പോർട്ട് പുതുക്കലിന്റെ ഫീസ് 285 ദിർഹമായിരുന്നു. ഇത് ഒറ്റയടിക്ക് 450 ദിർഹമായി ഉയർത്തുക ആയിരുന്നു. ഏകദേശം 60 ശതമാനത്തിന്റെ വർധനവാണ് ഫീസിൽ വന്നിരിക്കുന്നത്. ഇത് സാധാരണ പ്രവാസികൾക്ക് അമിത ബാധ്യത സൃഷ്ടിക്കുമെന്നും സംഘടനകൾ പറയുന്നു.

യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളിൽ 60 മുതൽ 70 ശതമാനം വരെ പേർ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം തൊഴിലുടമകളും പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാറില്ല.

പ്രതിമാസം 800 മുതൽ 1,200 ദിർഹം വരെ മാത്രം ശമ്പളം ലഭിക്കുന്ന പലർക്കും ഒരു പാസ്‌പോർട്ട് പുതുക്കാൻ അര മാസത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവാകുന്ന സാഹചര്യമാണുള്ളത്. ഇത് വലിയ സാമ്പത്തിക ബാധ്യത പ്രവാസികൾക്ക് സൃഷ്ട്ടിക്കുമെന്നും സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലേക്ക് വൻ തോതിൽ പണം അയയ്ക്കുന്ന ഗൾഫ് പ്രവാസികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും ഇ സി ആർ വിഭാഗക്കാർക്കും പാസ്‌പോർട്ട് ഫീസിൽ ഇളവുകൾ നൽകണമെന്നുള്ള ആവശ്യമാണ് പ്രവാസി സംഘടനകൾ ഉന്നയിക്കുന്നത്.

കര്‍ണാടക ക്വാറി അപകടത്തില്‍ 9 മരണം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

കര്‍ണാടക ക്വാറി അപകടത്തില്‍ 9 മരണം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

ബംഗലൂരു: കര്‍ണാടകയില്‍ ക്വാറി അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബംഗലൂരു സൗത്ത് താലൂക്കിലെ മദപട്ടണയിലെ കാവേരി ക്രഷര്‍ ആന്റ് ക്വാറിയിലാണ് രാവിലെ അപകടമുണ്ടായത്.

വലിയ പാറക്കല്ല് ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നേരത്തെ പൊളിച്ചു മാറ്റിയ പാറക്കല്ലുകള്‍ മുകളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ പാറക്കല്ലുകള്‍ താഴെ ജോലി ചെയ്തിരുന്നവരുടെ മേല്‍ പതിക്കുകയായിരുന്നു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ക്വാറിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാറക്കഷണങ്ങള്‍ക്കിടയില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ബിഹാര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന്; മാനദണ്ഡങ്ങള്‍ പുതുക്കി

നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന്; മാനദണ്ഡങ്ങള്‍ പുതുക്കി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ മെഡിക്കല്‍ സയന്‍സ്‌ (NBEMS). ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന് നടക്കും. സെപ്റ്റംബര്‍ 30നുള്ളില്‍ പരീക്ഷാ ഫലം വരും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 രാത്രി 11.55 വരെയാണ്. പരീക്ഷാകേന്ദ്രങ്ങള്‍ ഓഗസ്റ്റ് പതിനൊന്നിന് പ്രസിദ്ധീകരിക്കും.പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ മാറ്റം വരുത്തി. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കില്ല. ആദ്യ ഓപ്ഷന്‍ നല്‍കേണ്ടത് വിലാസത്തിലെ സംസ്ഥാനമാണ്. ബാക്കി രണ്ടെണ്ണംഅയല്‍ സംസ്ഥാനങ്ങള്‍ നല്‍കണം. വിലാസവും സംസ്ഥാനങ്ങളും മാറ്റാന്‍ ആകില്ല. ആധാര്‍ അടിസ്ഥാനമാക്കിയാവും ബയോ മെട്രിക് വെരിഫിക്കേഷന്‍

പരീക്ഷയ്ക്കുള്ള യോഗ്യതയും അപേക്ഷാ നിയമങ്ങളും ശ്രദ്ധാപൂര്‍വം വായിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഉദ്യോഗാര്‍ഥികള്‍ മൂന്ന് മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ, ഒപ്പ് മറ്റുള്ളവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അപ്ലോഡ് ചെയ്യണം.,ഓഥന്റിക്കേഷന്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, സെക്യൂരിറ്റി നടപടികള്‍ എന്നിവ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനായി നേരത്തെ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും NBEMS എല്ലാ ഉദ്യോഗാര്‍ത്ഥികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖ പ്രകാരം NEET PG 2026 പരീക്ഷാ ഫലം സെപ്റ്റംബര്‍ 30-നകം പ്രഖ്യാപിക്കും.

പാചകവാതക വിലയില്‍ ആശ്വാസം; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

പാചകവാതക വിലയില്‍ ആശ്വാസം; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 183 രൂപയുടെ കുറവാണ് വരുത്തിയത്.

ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 3113 ല്‍ നിന്നും 2930 ലേക്കെത്തി. ഹോട്ടലുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വിലക്കുറവ് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷസ്ഥിതി ലഘൂകരിക്കപ്പെട്ടതോടെയാണ് വില കുറഞ്ഞത്.

വാണിജ്യ സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം കഴിഞ്ഞദിവസം എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് വിലക്കുറവ് എത്തിയിട്ടില്ല. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയുന്നു, ബാരലിന് 70 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ധനവില കുറയുന്നില്ല?

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയുന്നു, ബാരലിന് 70 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ധനവില കുറയുന്നില്ല?

ന്യൂഡല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിന് ഒടുവില്‍ ആശ്വാസം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന എണ്ണവില ആദ്യമായി ബാരലിന് 70 ഡോളറിന് താഴെയായി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ തുടര്‍ന്ന് മേഖല ശാന്തമായതും വിതരണം തടസ്സപ്പെടുമെന്ന ആശങ്കകള്‍ ഒഴിഞ്ഞതുമാണ് ഈ വിലക്കുറവിന് കാരണമായത്.

ആവശ്യമായ എണ്ണയുടെ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലൊരു സമ്പദ്വ്യവസ്ഥയ്ക്ക് ഈ ഇടിവ് വളരെ നിര്‍ണായകമാണ്. ഇത് ഇറക്കുമതിച്ചെലവ് കുറയ്ക്കുകയും കറന്റ് അക്കൗണ്ട് കമ്മി മൂലമുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുകയും സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഈ ആശ്വാസത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ്, സര്‍ക്കാരിനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുമായിരിക്കും ലഭിക്കുകയെന്ന് വ്യവസായ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂണ്‍ 27-ന് എണ്ണയുടെ ശരാശരി വില ബാരലിന് 68.86 ഡോളറായിരുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നതിന് ശേഷം ആദ്യമായാണ് വില 70 ഡോളറിന് താഴേക്ക് വരുന്നത്.

ഈ മാസം ആദ്യം, സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുമെന്ന ഭീതി ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ ആഗോള വിപണിയിലെ വില കുറയുകയും അത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തു. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവുണ്ടായിട്ടും പെട്രോള്‍, ഡീസല്‍ വിലകള്‍ ഉടന്‍ കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

മുന്‍പുണ്ടായ നഷ്ടം നികത്താനും ആഗോള വിപണിയിലെ വിലക്കയറ്റത്തിന് ശേഷം തങ്ങളുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനുമായിരിക്കും എണ്ണക്കമ്പനികള്‍ ഈ കുറഞ്ഞ ക്രൂഡ് ഓയില്‍ വിലയെ വിനിയോഗിക്കുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കാരണം, ഉടനടി വില കുറയ്ക്കുന്നതിനേക്കാള്‍ കമ്പനികള്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നത് തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കാണ്. ആഗോള ഊര്‍ജ്ജ വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നതിനാല്‍ വിലക്കുറവിന്റെ ആനുകൂല്യം പെട്ടെന്ന് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണക്കമ്പനികള്‍ മടിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

പ്രതിഫലം ലഭിച്ചില്ല; ‘പരാശക്തി’ നിർമാതാക്കൾക്കെതിരെ സുധ കൊങ്കര ഹൈക്കോടതിയിൽ

പ്രതിഫലം ലഭിച്ചില്ല; ‘പരാശക്തി’ നിർമാതാക്കൾക്കെതിരെ സുധ കൊങ്കര ഹൈക്കോടതിയിൽ

ചെന്നൈ: ‘പരാശക്തി’ സിനിമയുടെ നിർമാതാക്കൾക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് സംവിധായിക സുധ കൊങ്കര. തന്റെ പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സുധ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിർമാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.

ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 9 പ്രകാരമാണ് ഹർജി നൽകിയിരിക്കുന്നത്. പരാശക്തിയുടെ സാറ്റ്‌ലൈറ്റ് റിലീസ് ജൂലൈ എട്ടു വരെ കോടതി തടഞ്ഞു. അതോടൊപ്പം ജൂലൈ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ഇദയം മുരളി തടയണമെന്ന സുധയുടെ അഭ്യർഥനയിൽ, ജൂലൈ 7 ന് മുൻപ് പ്രതികരണം അറിയിക്കാനും നിർമാതാക്കളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർജി പരിഗണിച്ച ജസ്റ്റിസ് കുമരേഷ് ബാബു ആണ് ഉത്തരവിട്ടത്. കരാർ പ്രകാരം ജിഎസ്ടി ഉൾപ്പെടെ ആകെ 17.70 കോടി രൂപയാണ് സുധ കൊങ്കരയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.31 കോടി രൂപ മാത്രമാണ് നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് നൽകിയത്. ബാക്കി 8.39 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് സുധ കൊങ്കരയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ചിത്രവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കൈമാറിയിട്ടും പ്രതിഫലം പൂർണമായി നൽകിയില്ല.

‘പരാശക്തി’ വൻ വിജയമാണെന്ന് നിർമാതാക്കൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയിട്ടും കുടിശിക തീർക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. റിലീസിന്റെ അവസാന നിമിഷമല്ല, മറിച്ച് കൃത്യമായ സമയത്ത് തന്നെയാണ് താൻ കോടതിയെ സമീപിച്ചതെന്ന് സുധ കൊങ്കര വ്യക്തമാക്കി.

ജനുവരിയിൽ പുറത്തിറങ്ങിയ തമിഴ് പൊളിറ്റിക്കൽ ഡ്രാമയാണ് ‘പരാശക്തി’. ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഡോൺ പിക്‌ചേഴ്‌സ് ആണ് നിർമിച്ചത്. റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ തന്നെ ചിത്രം ലോകമെമ്പാടുമായി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രം ഇതിനോടകം ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്.