കോടതിയില്‍ അഭിഭാഷകയോട് ജഡ്ജിയുടെ മോശം കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി

കോടതിയില്‍ അഭിഭാഷകയോട് ജഡ്ജിയുടെ മോശം കമന്റ്; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതി നടപടിക്കിടെ ഹൈക്കോടതി ജഡ്ജി അഭിഭാഷകയോട് മോശമായ കമന്റ് പറഞ്ഞെന്ന വിവാദത്തില്‍ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. വിഷയം പരിഗണിച്ച, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയില്‍നിന്നു റിപ്പോര്‍ട്ട് തേടി.

കര്‍ണാടക ഹൈക്കോടതിയില്‍ വാദത്തിനിടെ, ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രിശാനന്ദയാണ് അഭിഭാഷകയോട് മോശം കമന്റ് പറഞ്ഞത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നു രാവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ജഡ്ജിമാരുടെ അഞ്ചംഗ ബെഞ്ച് ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്ട്രിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സുപ്രീം കോടതി സെക്രട്ടറി ജനറലിനു നല്‍കണം. ജഡ്ജിമാരുടെ പെരുമാറ്റം സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്.

വിഷയം വീണ്ടും ബുധനാഴ്ച പരിഗണിക്കും.

വാദത്തിനിടെ ജഡ്ജി അഭിഭാഷകയോട് മോശം പരാമര്‍ശം നടത്തുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് എക്‌സില്‍ ആവശ്യപ്പെട്ടിരുന്നു.

ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

ബംഗളൂരു: ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ രാത്രി 12 മണിയോടെയാണ്‌ അപകടം. ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ​ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലെബനന്‍ വാക്കിടോക്കി പൊട്ടിത്തെറിയില്‍ 20 മരണം

ലെബനന്‍ വാക്കിടോക്കി പൊട്ടിത്തെറിയില്‍ 20 മരണം

ബെയ്‌റൂട്ട്: പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തീവ്രവാദ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വാക്കിടോക്കി സ്‌ഫോടനങ്ങളുമുണ്ടാകുന്നത്.

ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ലയും ലെബനന്‍ സര്‍ക്കാരും ആരോപിച്ചു. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. ഗാസ യുദ്ധത്തെത്തുടര്‍ന്ന് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് പേജര്‍- വാക്കിടോക്കി സ്‌ഫോടനങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കിയത്.

യുഎൻ അടിയന്തര യോ​ഗം വിളിച്ചു

ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലെബനനിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിട്ടുള്ളത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

ചന്ദ്രയാന്‍ 4; നാലു വമ്പൻ പദ്ധതികള്‍ക്ക് അംഗീകാരം

ചന്ദ്രയാന്‍ 4; നാലു വമ്പൻ പദ്ധതികള്‍ക്ക് അംഗീകാരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നാലു ബഹിരാകാശ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ചന്ദ്രയാന്‍ 4, ശുക്രദൗത്യം (വീനസ് ഓര്‍ബിറ്റര്‍ മിഷന്‍), ഗഗന്‍യാന്‍ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണം, അടുത്ത തലമുറ ലോഞ്ച് വെഹിക്കിളിന്റെ വികസനം എന്നി നാലു പദ്ധതികള്‍ക്കാണ് കേന്ദ്രമന്ത്രിസഭ പച്ചക്കൊടി കാണിച്ചത്. ഈ നാലു പദ്ധതികളുടെ വികസനത്തിനായി വരുന്ന ചെലവായ 22,750 കോടി രൂപ മന്ത്രിസഭ അനുവദിച്ചു.

ചന്ദ്രയാന്‍ 4

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ നാലാമത്തെ ദൗത്യത്തിനായി മാത്രം 2,104.06 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. ചന്ദ്രോപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന ദൗത്യമായിരിക്കും ചന്ദ്രയാന്‍-4ന്. സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം ചന്ദ്രോപരിതലത്തില്‍ നിന്ന് പാറ സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ് ദൗത്യം. 2027 ല്‍ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്. ല്യൂണാര്‍ ഡോക്കിങ്, പ്രിസിഷന്‍ ലാന്‍ഡിങ്, സാമ്പിള്‍ തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ത്ത് ചന്ദ്രയാന്‍ -3ല്‍ ഉപയോഗിച്ച സാങ്കേതികവിദ്യ വിപുലീകരിക്കും. ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ശുക്രദൗത്യം

ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ളതാണ് രണ്ടാമത്തെ ദൗത്യം. ഐഎസ്ആര്‍ഒയുടെ ആദ്യ ശുക്രദൗത്യത്തിനുള്ള 1236 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇതില്‍ 824 കോടി രൂപ ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ്. 2028 മാര്‍ച്ചില്‍ വീനസ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന പേരിലുള്ള ദൗത്യത്തിന്റെ ഭാഗമായി ശുക്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ അയക്കും. ശുക്രന്റെ ഉപരിതലം, അന്തര്‍ഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തില്‍ സൂര്യന്റെ സ്വാധീനം തുടങ്ങിയവയെല്ലാം പഠിക്കും.

ഇന്ത്യന്‍ ബഹിരാകാശ നിലയം

ഗഗന്‍യാന്‍ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണമാണ് മൂന്നാമത്തെ ദൗത്യം. ഭൗമോപരിതലത്തില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ പരിക്രമണം ചെയ്യുന്ന ഒരു ഇന്ത്യന്‍ ബഹിരാകാശ നിലയം സ്ഥാപിക്കുകയാണ് ലക്ഷ്യം. 52 ടണ്‍ ഭാരമുള്ള ഭീമന്‍ ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ ബഹിരാകാശയാത്രികര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മൈക്രോ ഗ്രാവിറ്റി, ജ്യോതിശാസ്ത്രം, ഭൗമ നിരീക്ഷണം എന്നിവയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള ഒരു ഗവേഷണ വേദിയായി ഇത് പ്രവര്‍ത്തിക്കും, കൂടാതെ ബഹിരാകാശയാത്രികരെ 15-20 ദിവസം ഭ്രമണപഥത്തില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യും. 2028-ല്‍ വിക്ഷേപണം ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യ മൊഡ്യൂളിനാണ് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയത്. 2035ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതു തലമുറ ലോഞ്ച് വെഹിക്കിള്‍

ഉയര്‍ന്ന പേലോഡ് ശേഷിയുള്ളതും ചെലവ് കുറഞ്ഞതും പുനരുപയോഗിക്കാവുന്നതും വാണിജ്യപരമായി ലാഭകരമാകാന്‍ സാധ്യതയുള്ളതുമായ പുതിയ വിക്ഷേപണ വാഹനമായ NGLV യുടെ വികസനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. 1.5 മടങ്ങ് ചെലവില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടി പേലോഡ് ശേഷി എന്‍ജിഎല്‍വിക്ക് ഉണ്ടായിരിക്കും.

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയയപ്പ് നൽകാൻ രാജ്യം. യെച്ചൂരിയുടെ മൃതദേഹം സിപിഎം എകെജി ഭവനില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.

ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.

പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; സിപിഎം വാര്‍ത്താക്കുറിപ്പ്

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം; സിപിഎം വാര്‍ത്താക്കുറിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യെച്ചൂരിയുടെ നില ഗുരുതരമായതിനാല്‍ പ്രത്യേത ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വരികയാണെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയില്‍ തുടരുന്നത്‌. ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.