by Midhun HP News | Sep 10, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ അയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരിലാണ് അയല്‍വാസി 40കാരിയായ തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ സംശയം.
തിരുനെല്‍വേലി ജില്ലയിലെ രാധാപുരം താലൂക്കിലെ അത്കുറിച്ചി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. നിര്‍മാണത്തൊഴിലാളി വിഘ്‌നേഷിന്റെ മകന്‍ സഞ്ജയ് ആണ് മരിച്ചത്. സഞ്ജയ് രാവിലെ വീടിനടുത്ത് കളിക്കുകയായിരുന്നു. അങ്കണവാടിയിലേക്ക് കൊണ്ടുപോകാനായി അമ്മ രമ്യ തിരച്ചില്‍ നടത്തിയപ്പോഴാണ് കുട്ടിയെ കാണാതായത്.
രാധാപുരം പൊലീസില്‍ വിഘ്‌നേഷ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ തെരുവിലെ വീടുകളില്‍ തിരച്ചില്‍ നടത്തി. സംശയം തോന്നി അയല്‍വാസിയായ തങ്കമ്മാളിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമ്മാളിന്റെ വീട്ടിലെ വാഷിംഗ് മെഷീന്റെ പിന്നില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് സഞ്ജയിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കന്യാകുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്ത തങ്കമ്മാളിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
വിഘ്നേഷും തങ്കമ്മാളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഈ വൈരാഗ്യത്തിന്റെ പേരിലാണ് തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അടുത്തിടെ ഒരു അപകടത്തില്‍ തങ്കമ്മാളിന് മകനെ നഷ്ടപ്പെട്ടിരുന്നു. അവരുടെ മാനസിക നിലയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
by Midhun HP News | Sep 9, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ ജീവന്‍ പണയം വച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റില്‍. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അത്യന്തം അപകടരമായരീതിയില്‍ പ്രവൃത്തി നടത്തിയതിനാണ് കേസ് എടുത്തത്. യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അവലബെട്ട ഏറെ അപകടകരമായ സ്ഥലമാണ്. 800 കിലോ മീറ്റര്‍ ഉയരുമുള്ള പാറയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ അവിടെയെത്തിയത്.
by Midhun HP News | Sep 7, 2024 | Latest News, ദേശീയ വാർത്ത
വീണ്ടും സംഘര്‍ഷഭരിതമായി മണിപ്പൂര്‍. ജിരിബാമിലെ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു ആക്രമണം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ആള്‍ക്കുനേരെ അക്രമി സംഘങ്ങള്‍ എത്തി വെടിയുതിത്ത് കൊലപ്പെടുത്തി. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.നാലുപേര്‍ ആയുധധാരികള്‍ ആയിരുന്നുവെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീടിന് നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി.ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിഷ്ണു പൂര്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ ഒന്നിലധികം ഡ്രോണുകള്‍ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്ന് മണിപ്പൂര്‍ പോലീസ് പറഞ്ഞു.
മണിപ്പൂര്‍ ഇന്റഗ്രിറ്റി കോര്‍ഡിനേറ്റിംഗ് കമ്മിറ്റി മണിപ്പൂരില്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ഉന്നതതല യോഗം ചേര്‍ന്നു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
by Midhun HP News | Sep 6, 2024 | Latest News, ദേശീയ വാർത്ത
വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുഖ്യമന്ത്രിയും സംഘവും മധുര നഗര്‍ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവെയായിരുന്നു സംഭവം.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ചന്ദ്രബാബു നായിഡുവും ഉദ്യോഗസ്ഥ സംഘവും. പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിന്‍ വരുകയായിരുന്നു.
റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. ട്രെയിന്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷ ഉദ്യോസ്ഥര്‍ മുഖ്യമന്ത്രിയെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടുത്തു കൂടി ആണ് ട്രെയിന്‍ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്‌സില്‍ പങ്കുവെച്ചു. ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമായിരുന്നു.
by Midhun HP News | Sep 4, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.
ടെക്‌സാസിലാണ് അപകടം. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് അവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയില്‍ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയെ ആശ്രയിക്കുകയാണ് അധികൃതര്‍.
ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഷും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാന്‍ ബെന്റണ്‍വില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാര്‍ള. ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദര്‍ശിനി വാസുദേവന്‍ ബെന്റണ്‍വില്ലിലുള്ള അമ്മാവനെ കാണാന്‍ പോകുകയായിരുന്നു. അവര്‍ ഒരു കാര്‍പൂളിംഗ് ആപ്പ് വഴിയാണ് ഒരുമിച്ച് യാത്ര ചെയ്തത്. ആര്യന്‍ രഘുനാഥും ഫാറൂഖ് ഷെയ്ക്കും ഹൈദരാബാദ് സ്വദേശികളാണ്. ദര്‍ശിനി വാസുദേവന്‍ തമിഴ്‌നാട് സ്വദേശിയാണ്.
കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യന്‍ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. ‘യുവാക്കളുടെ മാതാപിതാക്കള്‍ മെയ് മാസത്തില്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ ദാനത്തിനായി യുഎസില്‍ ഉണ്ടായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ ശേഷം, അവര്‍ മകനോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം കൂടി യുഎസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ആര്യന്‍ പറഞ്ഞു. വിധി ഇങ്ങനെയാണ് സംഭവിച്ചത്.’ -ബന്ധു പറഞ്ഞു.
അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയുടെ പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന് തീപിടിച്ച് യാത്രക്കാരെല്ലാം വെന്തുമരിക്കുകയായിരുന്നു.
by Midhun HP News | Sep 4, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള തലത്തില്‍ ഇന്ത്യന്‍ മദ്യത്തിന് ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വരുംവര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപ സമ്പാദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്. മദ്യ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്‍.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 8000 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അതോറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. 2023-24ല്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയത്. യുഎഇ, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, ടാന്‍സാനിയ, അംഗോള, കെനിയ, റുവാണ്ട എന്നി രാജ്യങ്ങളിലേക്കാണ് പ്രധാനമായി മദ്യം കയറ്റി അയക്കുന്നത്. ഡിയാജിയോ ഇന്ത്യ (യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്) യുകെയില്‍ ‘Godawan’ എന്ന പേരില്‍ മദ്യം വില്‍ക്കാന്‍ ഒരുങ്ങുകയാണ്. രാജസ്ഥാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാള്‍ട്ട് വിസ്‌കി കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
Recent Comments