വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ; ബിടെക് വിദ്യാർത്ഥി പിടിയിൽ

വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ; ബിടെക് വിദ്യാർത്ഥി പിടിയിൽ

ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളജിൽ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. പണം വാങ്ങി വിദ്യാർത്ഥി ഈ ദൃശ്യങ്ങൾ വിതരണം ചെയ്തെന്നും പൊലീസ് അറിയിച്ചു. കൃഷ്ണൻ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം.

ഇന്നലെ വൈകുന്നേരമാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു.’ ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നും ചില വിദ്യാർത്ഥികൾ വിജയിൽ നിന്ന് ഈ വിഡിയോകൾ വാങ്ങിയെന്നും ആരോപണമുണ്ട്. വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്

ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്

മുംബൈ: മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് നിലംപൊത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്.

ശക്തമായ കാറ്റിലും മഴയിലുമാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. നാവികസേനയാണ് പ്രതിമ നിര്‍മിച്ചതും രൂപകല്‍പന ചെയ്തതും. ഛത്രപതി ശിവാജി മഹാരാജിന്റെ പുതിയ പ്രതിമ അതേ സ്ഥലത്ത് നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും. നേവി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സ്ഥലം പരിശോധിക്കുമെന്നും ഷിന്‍ഡെ അറിയിച്ചു. അതേസമയം അഴിമതിയും നിര്‍മ്മാണത്തിലെ അപാകതകളുമാണ് പ്രതിമ തകരാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിമ തകര്‍ന്നതില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാന്‍ സ്ഥലം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍, ശില്‍പ്പികള്‍ തുടങ്ങിയവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ടെലിഗ്രാം മേധാവി അറസ്റ്റില്‍

ടെലിഗ്രാം മേധാവി അറസ്റ്റില്‍

പാരിസ്: സാമൂഹിക മാധ്യമമായ ടെലിഗ്രാമിന്റെ മേധാവി പാവല്‍ ദുറോവ് അറസ്റ്റില്‍. ആപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ടെലിഗ്രാം ചീഫ് എക്സിക്യൂട്ടീവ് പാവല്‍ ദുറോവിനെ ശനിയാഴ്ച പാരിസിനടുത്തുള്ള വിമാനത്താവളത്തില്‍ വച്ച് ഫ്രഞ്ച് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് ഫ്രാന്‍സില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ഫ്രഞ്ച് തലസ്ഥാനത്തിന് വടക്കുള്ള ലെ ബൊര്‍ഗെറ്റ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായ ദുറോവിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയേക്കും.തട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കല്‍ എന്നി കുറ്റങ്ങള്‍ ചെയ്തതായുള്ള ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫ്രഞ്ച് അന്വേഷണ ഏജന്‍സി ദുറോവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്റെ പ്ലാറ്റ്ഫോമിന്റെ ക്രിമിനല്‍ ഉപയോഗം തടയാന്‍ നടപടിയെടുക്കുന്നതില്‍ ദുറോവ് പരാജയപ്പെട്ടതായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തമിഴ്‌നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; ലക്ഷത്തിലധികം സീറ്റുകളുടെ ഒഴിവ്

തമിഴ്‌നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു; ലക്ഷത്തിലധികം സീറ്റുകളുടെ ഒഴിവ്

ചെന്നൈ: തമിഴ്നാട് എഞ്ചിനീയറിങ് അഡ്മിഷന്‍ (ടിഎന്‍ഇഎ) എടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. കൗണ്‍സലിങ്ങിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 443 എണ്ണത്തില്‍ 30 കോളജുകളില്‍ ഒരു വിദ്യാര്‍ഥി പോലും അഡ്മിഷന്‍ എടുത്തിട്ടില്ല. 110 കോളജുകളില്‍ പത്തില്‍ താഴെയാണ് അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥികളുടെ എണ്ണം.

മിക്ക കോളജുകളിലും വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമാണ് അഡ്മിഷന്‍ എടുത്തിരിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ റൗണ്ട് കൗണ്‍ലിങ് പൂര്‍ത്തിയായപ്പോള്‍ 37.6% സീറ്റുകള്‍ മാത്രമാണ് നികത്തിയത്. രണ്ട് റൗണ്ട് കൗണ്‍ലിങ് പൂര്‍ത്തിയായപ്പോള്‍ 1,62 392 സീറ്റുകളില്‍ 61082 സീറ്റുകളില്‍ മാത്രമാണ് അഡ്മിഷന്‍ നടന്നത്. ഈ അധ്യയന വര്‍ഷം 55,000-60,000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷവും എന്റോള്‍മെന്റ് മോശമായതിനാല്‍ അണ്ണാ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ചില കോളജുകള്‍ അടച്ചുപൂട്ടേണ്ടി വന്നു. എന്തുകൊണ്ടാണ് ഈ കോളജുകള്‍ക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോകുന്നതെന്ന വിവരം പഠിക്കേണ്ടതുണ്ടെന്നും സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങള്‍ ശുപാര്‍ശ ചെയ്യേണ്ടതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷം, കുറഞ്ഞത് 197 കോളജുകളെങ്കിലും 10% സീറ്റുകള്‍ പോലും നികത്താന്‍ പരാജയപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 114 കോളജുകള്‍ക്ക് മാത്രമേ 50% ത്തിലധികം സീറ്റുകള്‍ നികത്താന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ 57 എണ്ണം 80% സീറ്റുകളില്‍ കൂടുതല്‍ നികത്തി. 39 കോളജുകളില്‍ മാത്രമാണ് 90% എന്റോള്‍മെന്റ് ഉണ്ടായിരുന്നത്. സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എംഐടി ക്യാംപസ് , സിഇജി കാമ്പസ് , സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് എന്നീ നാലിടത്തു മാത്രമാണ് 100% സീറ്റുകള്‍ നികത്താന്‍ കഴിഞ്ഞത്.

മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിങിനേക്കാള്‍ കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇസിഇ, ഐടി തുടങ്ങിയ കോഴ്‌സുകളാണ് വിദ്യാര്‍ഥികള്‍ കൂടുതലായും ഇഷ്ടപ്പെടുന്നത്.

ത്രിപുരയിൽ വൻ പ്രളയം: മരണസംഖ്യ 19 ആയി

ത്രിപുരയിൽ വൻ പ്രളയം: മരണസംഖ്യ 19 ആയി

ത്രിപുരയിൽ കനത്ത പ്രളയത്തിൽ മരണസംഖ്യ 19 ആയി. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിലിൽ സ്ത്രീകളും കുട്ടികളുമടക്കം ഇന്ന് 7 പേർ കൂടി മരിച്ചു.

450 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,000ത്തോളം ആളുകളാണ് കഴിയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി
അഗർത്തലയിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും മാറ്റിവച്ചു. അതേസമയം ഉത്തരാഖണ്ഡിലെ രുദ്രപ്രയാകിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. നേപ്പാൾ സ്വദേശികളാണ് മരിച്ചത് ഇന്ന് പുലർച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ; ബിടെക് വിദ്യാർത്ഥി പിടിയിൽ

വ്യാജ എന്‍സിസി ക്യാമ്പ്; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി ആത്മഹത്യ ചെയ്തു

ചെന്നൈ: കൃഷ്ണഗിരി ജില്ലയില്‍ നടത്തിയ വ്യാജ എന്‍സിസി ക്യാമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. എലി വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് ഒടിവ് സംഭവിച്ച് ഇയാള്‍ ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് 19ന് അറസ്റ്റിലാവുന്നതിനു തൊട്ടു മുന്പ് ഇയാള്‍ വിഷം കഴിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്‌തെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരിന്നു. ശിവരാമന്‍ ഉള്‍പ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിരവധി പേരെ പീഡിപ്പിച്ചുവെന്നാണ് കേസ്.

വ്യാജ എന്‍സിസി ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതിലൊരു പെണ്‍കുട്ടി തനിക്ക് നേരിട്ട അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്.