ബാഗേജിന്‍റെ ഭാരം വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്‍പ്രസ്

ബാഗേജിന്‍റെ ഭാരം വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്‍പ്രസ്

ദുബൈ: യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് നിരക്ക് വര്‍ധനവ് മൂലം പ്രയാസത്തിലാകുന്ന പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇരുട്ടടി കിട്ടിയത്. ഹാന്‍ഡ് ബാഗേജ് അലവന്‍സ് ഏഴ് കിലോയാണ്. അതേസമയം യുഎഇ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ലഗേജ് പരിധി കുറച്ചിട്ടില്ല.

നാട്ടില്‍ നിന്ന് യുഎഇയിലേക്കുള്ള ബാഗേജ് അലവന്‍സ് പഴയത് പോലെ 20 കിലോ ആയി തുടരും. എന്നാല്‍ യുഎഇ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ ബാഗേജാണ് 20 കിലോ ആയി കുറച്ചത്. അധിക ബാഗേജ് കൊണ്ടുപോകേണ്ടവര്‍ക്ക് ഇതിനായി അധിക തുക നല്‍കി പരമാവധി 15 കിലോ വരെ കൊണ്ടുപോകാം.

‘ചുവപ്പും മഞ്ഞയും നിറം’; പാർട്ടിയുടെ പതാക അവതരിപ്പിച്ച് വിജയ്

‘ചുവപ്പും മഞ്ഞയും നിറം’; പാർട്ടിയുടെ പതാക അവതരിപ്പിച്ച് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച് തമിഴ് സൂപ്പർ താരം വിജയ്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിൽ വിജയ് പതാക അവതരിപ്പിച്ചത്. പതാകയേക്കുറിച്ച് വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് വ്യക്തമാക്കുന്നു. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും.

തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കുന്നു. പാർട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാലക്രമേണ പാർട്ടി രൂപീകരണത്തിലേക്ക് എത്തിയിരുന്നു.

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; നിയമം കടുപ്പിച്ച്‌ യുഎഇ

വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; നിയമം കടുപ്പിച്ച്‌ യുഎഇ

അബുദാബി: നിയമം കര്‍ശനമാക്കി യുഎഇ. വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കെതിരെയാണ് നിയമം കടുപ്പിക്കുന്നത്. സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്ബനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്ബതിനായിരം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വര്‍ധിപ്പിച്ചത്. തൊഴില്‍ പെര്‍മിറ്റുകള്‍ ഇല്ലാതെ ആളുകള്‍ ജോലിക്ക് നിയമിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നടപടി നേരിടേണ്ടി വരും. സന്ദർശക വിസയില്‍ എത്തുന്നവരെ ജോലിക്ക് വെയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ നിയമം കടുപ്പിച്ചത്.

സന്ദർശക വിസയില്‍ എത്തുന്നവർക്ക് യുഎഇയില്‍ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാല്‍ തൊഴില്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്പനികളില്‍ സന്ദര്‍ശിക്കുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ചില കമ്പനികള്‍ തൊഴില്‍ വിസ നല്‍കാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയില്‍ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസി‍ഡൻസി വിസയുടെ തുടർനടപടികള്‍ പൂർത്തിയാക്കുകയും തൊഴില്‍ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്ട്മെന്‍റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.

എസ്എസ് സി, റെയില്‍വേ, ബാങ്ക് റിക്രൂട്ട്‌മെന്റിന് പൊതുപരീക്ഷ; കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍

എസ്എസ് സി, റെയില്‍വേ, ബാങ്ക് റിക്രൂട്ട്‌മെന്റിന് പൊതുപരീക്ഷ; കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍

ഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് വിവിധ തലങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ ഏകോപിപ്പിച്ച് പൊതുപരീക്ഷ നടത്തുന്ന കാര്യം കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ പരീക്ഷകള്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത ഒന്നുതന്നെയാണ് എന്നത് കൊണ്ട് പൊതുപരീക്ഷ നടത്തുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

വര്‍ഷംതോറും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐബിപിഎസ് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ നിരവധി മത്സരപ്പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം ഏകോപിപ്പിച്ച് വിവിധ തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരേ വിദ്യാഭ്യാസ യോഗ്യത വേണ്ട പരീക്ഷകളെ ഒന്നിച്ചാക്കി ഉദ്യോഗാര്‍ഥികളുടെ ഭാരം കുറയ്ക്കാനാണ് ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പത്താംക്ലാസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ്, ഇതിനും മുകൡ ബിരുദം എന്നിങ്ങനെയാണ് ഒട്ടുമിക്ക തസ്തികകളിലേക്കുമുള്ള യോഗ്യതാ മാനദണ്ഡം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ആണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. കാബിനെറ്റ് സെക്രട്ടേറിയറ്റും പ്രധാനമന്ത്രിയുടെ ഓഫീസും ചര്‍ച്ച ചെയ്ത ശേഷം ഇതില്‍ തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍, ഒരേ വിദ്യാഭ്യാസ മാനദണ്ഡമുള്ള തസ്തികകള്‍ക്കായി നിരവധി സ്ഥാപനങ്ങള്‍ വ്യത്യസ്ത പരീക്ഷകള്‍ നടത്തിവരികയാണ്. ഇത് ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ നിരവധി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനും വര്‍ഷം മുഴുവനും തുടര്‍ച്ചയായി എക്‌സാം സര്‍ക്കിളില്‍ അകപ്പെടുന്നതിനും കാരണമാകുന്നുണ്ട്. ഒരു പരീക്ഷ മാത്രമാണെങ്കില്‍ ആ ഒരു പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം ലഭിക്കാം.

നിലവില്‍ വിവിധ പരീക്ഷകളുടെ പ്രോസസ്സിങ്ങിനും റിക്രൂട്ട്മെന്റിനും ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. എസ്എസ്സി നടത്തുന്ന സ്‌ക്രീനിങ് പരീക്ഷകള്‍ക്ക് എല്ലാ തലങ്ങളിലുമായി ശരാശരി നാല് കോടിയോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കുന്നത്. ഐബിപിഎസ് പരീക്ഷയ്ക്ക് 60 ലക്ഷം പേരും ആര്‍ആര്‍ബി ടെസ്റ്റിന് ഏകദേശം 1.4 കോടി പേരും അപേക്ഷിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അർജുനായുള്ള തിരച്ചിൽ ഇനി ഡ്രെഡ്ജിങ് മെഷീൻ വന്നതിന് ശേഷം, പ്രതിസന്ധി

അർജുനായുള്ള തിരച്ചിൽ ഇനി ഡ്രെഡ്ജിങ് മെഷീൻ വന്നതിന് ശേഷം, പ്രതിസന്ധി

ബം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചലിൽ അനിശ്ചിതത്വം. ​ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തുന്നതു വരെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ അടുത്ത വ്യാഴാഴ്ച മാത്രമേ ഡ്രഡ്ജർ എത്തിക്കാൻ കഴിയുവെന്നാണ് ഡ്രഡ്ജർ കമ്പനി പറയുന്നത്. ഇതോടെ തിരച്ചിൽ ഇനിയും നീളും.

മഴയെ തുടർന്ന് വെള്ളം കലങ്ങിമറിഞ്ഞതിനാൽ പുഴയ്ക്കടിയിലെ കാഴ്ച പരിമിധി കാരണം ഡൈവിങ് ബുദ്ധിമുട്ടാണെന്നും ദൗത്യസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

ഇന്നലെ നടത്തിയ തിരച്ചിലിൽ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. വലിച്ചു കയറ്റുന്ന ലോറിയുടെ ലോഹ ഭാഗങ്ങൾക്ക് ഒപ്പമാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മണ്ണടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്നു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കർണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണു കാണാതായ മറ്റുള്ളവർ.

ആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോനും മാനസി പരേഖും നടിമാര്‍;ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോനും മാനസി പരേഖും നടിമാര്‍;ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2022ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി, സംവിധാനം ചെയ്ത ആട്ടത്തിന്. മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള (മഹേഷ് ഭുവനേന്ദ്) പുരസ്‌കാരവും ആട്ടം നേടി. ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍ (കാന്താര). നടി നിത്യ മേനോന്‍ (തിരുച്ചിത്രംബലം -തമിഴ്). മാനസി പരേഖ് (കച്ച് എക്‌സ്പ്രസ് – ഗുജറാത്തി. സൂരജ് ഭാര്‍ജാത്യയാണ് മികച്ച സംവിധായകന്‍. പൂഞ്ചായ്

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്കു ലഭിച്ചു. ഈ ചിത്രത്തിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.

സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം. പൊന്ന്യന്‍ സെല്‍വനു കാമറ ചലിപ്പിച്ച രവി വര്‍മനാണ് മികച്ച ഛായാഗ്രാഹകന്‍. എആര്‍ റഹ്മാനാണ് മികച്ച പശ്ചാത്തല സംഗീത പുരസ്‌കാരം. (പൊന്ന്യന്‍ സെല്‍വന്‍ പാര്‍ട്ട് ഒന്ന്)

മാളികപ്പുറത്തിലെ ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടി.