സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുന്‍പ് കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ആര്‍മി ക്യാപ്റ്റന് വീരമൃത്യു

സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുന്‍പ് കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ആര്‍മി ക്യാപ്റ്റന് വീരമൃത്യു

ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന് വീരമൃത്യൂ. കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്യാപ്റ്റന്‍ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്.

ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വീരമൃത്യ വരിച്ചത. നാലംഗ ഭീകരസംഘമാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രദേശവാസിക്കും പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിര്‍മ്മിത M4 റൈഫിള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തു. ഇന്നലെ വൈകീട്ടോടെയാണ് ഭികരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് രാത്രിയിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടിലിനിടെയാണ് ക്യാപ്റ്റന്‍ ദീപക് സിങ്ങ് വീരമൃത്യ വരിച്ചത്.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണ് ജമ്മു മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

നികുതി പൂജ്യം ശതമാനമാക്കാനാണ് ആഗ്രഹം; ബി.എസ്.എൻ.എല്ലിൽ വൈകാതെ 5ജിയെത്തും -നിർമല സീതാരാമൻ.

നികുതി പൂജ്യം ശതമാനമാക്കാനാണ് ആഗ്രഹം; ബി.എസ്.എൻ.എല്ലിൽ വൈകാതെ 5ജിയെത്തും -നിർമല സീതാരാമൻ.

രാജ്യത്തെ നികുതികൾ പൂജ്യം ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരാനാണ് തന്റെ ആഗ്രഹമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ, ഇന്ത്യ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇതൊക്കെ മറികടന്നാൽ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്താനാവുവെന്നും ധനമന്ത്രി പറഞ്ഞു.

വരുമാനം ഉണ്ടാക്കുകയാണ് തന്റെ ജോലിയെന്നും അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ റിസേർച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന.പാരീസ് ഉടമ്പടി നടപ്പാക്കാൻ പണം വരുന്നതിനായി ഇന്ത്യക്ക് കാത്തിരിക്കാനാവില്ല. സ്വന്തം പണം ഉപയോഗിച്ച് ഉടമ്പടി നടപ്പിലാക്കേണ്ടി വരും. ഇത് തന്നെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാണ്. എന്തുകൊണ്ടാണ് ഇത്രയും കൂടുതൽ നികുതി, ഇത് കുറക്കാത്തതെന്താണ് തുടങ്ങിയ ജനങ്ങളുടെ നിരവധി ചോദ്യങ്ങൾക്ക് താനാണ് ഉത്തരം പറയേണ്ടതെന്നും നിർമല സീതാരാമാൻ പറഞ്ഞു.

നികുതിയിലൂടെ ലഭിക്കുന്ന പണം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ഗവേഷണത്തിനും വികസനത്തിനുമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ഗവേഷക വിദ്യാർഥികൾ ഇന്ത്യ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കണം. ബി.എസ്.എൻ.എല്ലിൽ വൈകാതെ 5ജി സാ​ങ്കേതികവിദ്യ ലഭ്യമാകും. പൂർണമായും പ്രാദേശികമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബി.എസ്.എൻ.എല്ലിൽ 5ജി നടപ്പാക്കുക.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെ കടുത്ത ആക്രമണം; സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഎം

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെ കടുത്ത ആക്രമണം; സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഎം

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ പുതുതായി അധികാരമേറ്റ ഇടക്കാല സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പതനത്തിന്റെ ഫലമായുണ്ടായ അരാജക സാഹചര്യം മുതലെടുക്കുന്ന മതമൗലികവാദികളാണ് ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്നത് എന്നും സിപിഎം പിബി കുറ്റപ്പെടുത്തി. ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ബംഗ്ലാദേശ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും മറ്റും നടത്തിയ സിപിഎം, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുകയാണെന്ന് സംഘപരിവാര്‍ ആരോപിച്ചിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും, 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തിരിച്ചടികളും കൂടി കണക്കിലെടുത്താണ് സിപിഎം ഇത്തരമൊരു പ്രസ്താവന ഇറക്കാന്‍ തയ്യാറായതെന്നാണ് സൂചന.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരള സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. പശ്ചിമ ബംഗാളിലാകട്ടെ സ്ഥിതി അതേപടി തുടര്‍ന്നു. പ്രധാന വോട്ട് ബാങ്കായ ഹിന്ദു മതേതര വോട്ടുകള്‍ കേരളത്തില്‍ ഭദ്രമാണെന്നാണ് പാര്‍ട്ടി കരുതിയത്.എന്നാല്‍ ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ഇടിവുണ്ടായി. ചില പാര്‍ട്ടി അംഗങ്ങള്‍ പോലും കേരളത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തു. ബംഗാളിലും കേരളത്തിലും സിപിഎം മുസ്ലീം സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്ന ബിജെപി-സംഘപരിവാര്‍ പ്രചാരണം പാര്‍ട്ടിക്ക് ക്ഷീണമായി.

ന്യൂനപക്ഷ സംരക്ഷണം പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. അതേസമയം മാറുന്ന രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ മുഖപത്രമായ ‘പീപ്പിള്‍സ് ഡെമോക്രസി’യുടെ ഏറ്റവും പുതിയ എഡിറ്റോറിയല്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയേയും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തേയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഷേഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമാണ് പ്രക്ഷോഭമായി മാറിയതെന്ന് സിപിഎം പിബി അംഗം എംഎ ബേബി അഭിപ്രായപ്പെട്ടു.

‘ട്രായ്’ സംവിധാനവുമായി ടെലികോം; പുതിയ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

‘ട്രായ്’ സംവിധാനവുമായി ടെലികോം; പുതിയ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

ഡല്‍ഹി: സ്പാം കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും ഉപഭോക്താവിന് സംരക്ഷണം ഉറപ്പാക്കാന്‍ നടപടി കടുപ്പിച്ച് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. രണ്ടു വര്‍ഷ വിലക്ക് അടക്കമുള്ള പുതിയ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

അടുത്ത മാസം മുതല്‍ സ്പാം കോളുകള്‍ ചെയ്യുന്നതിനായി ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഏതൊരു സ്ഥാപനവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രായ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സേവന ദാതാവ് ഇവർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന എല്ലാ ടെലികോം സേവനങ്ങളും ഉടനടി വിച്ഛേദിക്കുന്നതാണ്. കൂടാതെ ഇത്തരം സ്ഥാപനങ്ങളെ ടെലികോം കമ്പനികള്‍ രണ്ട് വര്‍ഷത്തേയ്ക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ട്രായിയുടെ വ്യവസ്ഥയില്‍ പറയുന്നു. SIP/PRI ലൈനുകള്‍ ദുരുപയോഗം ചെയ്യുന്ന സ്പാമര്‍മാര്‍ക്കെതിരെയുള്ള നടപടി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ട്രായ്. ആവശ്യപ്പെടാതെ തന്നെ വരുന്ന ടെലിമാര്‍ക്കറ്റിങ് കോളുകളില്‍ നിന്ന് ഉപഭോക്താവിനെ രക്ഷിക്കാന്‍ ഇത് സഹായിക്കുമെന്നും ട്രായ് കണക്കുകൂട്ടുന്നു.

കൂടാതെ, വൈറ്റ്ലിസ്റ്റ് ചെയ്യാത്ത URL-കളോ APK-കളോ അടങ്ങിയ സന്ദേശങ്ങളൊന്നും അയക്കാന്‍ അനുവദിക്കില്ല. ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴുന്നതില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നടപടി. തട്ടിപ്പ് ലിങ്ക് ആണ് എന്ന് അറിയാതെ കെണിയില്‍ വീഴുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ട്രായ് ഇടപെടല്‍. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് ടെലിമാര്‍ക്കറ്റിങ് ചെയിനുമായി ബന്ധപ്പെട്ട് സാങ്കേതിക പരിഷ്‌കരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികളോട് ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. സാങ്കേതിക പരിഷ്‌കരണത്തിന് ഒക്ടോബര്‍ 31 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്.

രാത്രിയില്‍ മഴ നിര്‍ത്താതെ പെയ്തു; ബംഗളൂരുവില്‍ ഗതാഗതക്കുരുക്ക്

രാത്രിയില്‍ മഴ നിര്‍ത്താതെ പെയ്തു; ബംഗളൂരുവില്‍ ഗതാഗതക്കുരുക്ക്

ബംഗളൂരു: ഇന്നലെ രാത്രി മുതല്‍ മഴ കനത്തതോടെ ബംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാനറൂട്ടുകളില്‍ ഗതാഗതം മന്ദഗതിയിലായിരിക്കുമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി.

നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ബന്നാര്‍ഘട്ട റോഡ്, ജയദേവ അണ്ടര്‍പാസ്, രൂപേണ അഗ്രഹാര, തുബറഹള്ളി, കുന്ദലഹള്ളി തുടങ്ങി നിരവധി പ്രദേശങ്ങളിലെല്ലാം വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ബിഎംആര്‍സിഎല്‍ പണികള്‍ നടക്കുന്നതിനാല്‍ ഔട്ടര്‍ റിങ് റോഡും വാഹനഗതാഗതം മന്ദഗതിയിലാണ്.

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി

മുംബൈ: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരിധി ഉയര്‍ത്തിയത് ഉയര്‍ന്ന നികുതി ബാധ്യത വേഗത്തില്‍ അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ് ബാങ്ക് പ്രഖ്യാപനം.

സാധാരണയായി യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നികുതി അടയ്ക്കുമ്പോഴും സമാന രീതിയാണ്. ഇതാദ്യമായല്ല ആര്‍ബിഐ യുപിഐ പരിധി ഉയര്‍ത്തുന്നത്. 2023 ഡിസംബറില്‍ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകളില്‍ ആര്‍ബിഐ യുപിഐ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.
സാധാരണയായി യുപിഐയില്‍ ഒറ്റ ഇടപാടില്‍ 1 ലക്ഷം രൂപ വരെ കൈമാറാം. ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് യുപിഐ ഇടപാട് പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ, റീട്ടെയില്‍ ഡയറക്ട് സ്‌കീം എന്നിവയില്‍ ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപ വരെ കൈമാറാം. 2021 ഡിസംബറിലാണ് റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും ഐപിഒ സബ്സ്‌ക്രിപ്ഷനുകള്‍ക്കുമുള്ള യുപിഐ ഇടപാട് പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയത്.