മാധവ് ഗാഡ്ഗില്ലിന് 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം

മാധവ് ഗാഡ്ഗില്ലിന് 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം

നെയ്‌റോബി: യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ(യുഎന്‍ഇപി) 2024ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്. പരിസ്ഥിതി മേഖലയില്‍ യുഎന്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. ഈ വര്‍ഷം ആറുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നവരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

2005 മുതല്‍ പ്രചോദനാത്മകമായ രീതിയില്‍ പാരിസ്ഥിതിക മേഖലയില്‍ ഇടപെടല്‍ നടത്തിയിട്ടുള്ള 122 പേരെ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഗവേഷണത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും വര്‍ഷങ്ങളായി അദ്ദേഹം മുന്‍പന്തിയിലുണ്ട്. ഗാഡ്ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎന്‍ഇപി പറയുന്നു.

ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

ഡല്‍ഹി: ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന മലയാളികൾക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധന. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതൽ 29,000 വരെയാണ്. 22,000 രൂപയിൽ താഴെ നേരിട്ടുള്ള സർവീസില്ല. പുലർച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളിൽ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയിൽ കൊച്ചിയിൽ നിന്ന് ഡൽഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകൾ. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് യാത്ര ബുദ്ധിമുട്ടിലാകും. ദിവസേന കേരളത്തിലേക്കു സർവീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. ഡിസംബർ 15നു ശേഷം തേഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല.

സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

ന്യൂഡല്‍ഹി: സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ എട്ടുപൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 84.78 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്നലെ 20 പൈസയുടെ ഇടിവ് നേരിട്ടത്തോടെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. 84.86 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഓഹരി വിപണിയില്‍ വീണ്ടും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ഉണ്ടായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. 0.36 ശതമാനം വില കുറഞ്ഞ് ഒരു ബാരല്‍ ബ്രെന്‍ഡ് ക്രൂഡിന്റെ വില 71.88 ഡോളറായി.

ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 83 പോയിന്റ് ആണ് കുതിച്ചത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 724 കോടിയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നടത്തിയത്.

മുല്ലപ്പൂവിന് തീവില; കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു

മുല്ലപ്പൂവിന് തീവില; കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് വില കിലോയ്ക്ക് 4500 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാടിന്റെ തെക്കന്‍ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയില്‍ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതേത്തുടര്‍ന്ന് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. ജനുവരി വരെ വിലയുയര്‍ന്നുതന്നെ തുടരുമെന്നും വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മുല്ലപ്പൂവ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാസങ്ങളിലൊന്നാണ് ഡിസംബര്‍.

15 മിനിറ്റ്…മനുഷ്യനെ കഴുകിയുണക്കി തരും; പുതിയ വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍

15 മിനിറ്റ്…മനുഷ്യനെ കഴുകിയുണക്കി തരും; പുതിയ വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍

വെറും 15 മിനിറ്റ് സമയം മതി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യനെ കഴുകിയുണക്കും ഈ വാഷിങ് മെഷീന്‍. ജപ്പാനാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ജാപ്പനീസ് കമ്പനിയായ ‘സയന്‍സ് കമ്പനി’യാണ് ഉപകരണം അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്നാണ് ഈ വാഷിങ്‌മെഷീന്‍ അറിയപ്പെടുന്നത്. സ്പായ്ക്ക് സമാനമായ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.മനുഷ്യനെ വൃത്തിയാക്കാനായി വാട്ടര്‍ജെറ്റുകളും മൈക്രോസ്‌കോപിക് എയര്‍ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച് നിര്‍മിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു.

ആദ്യം പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. അപ്പോള്‍ ഹൈസ്പീഡ് വട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തില്‍ തട്ടുമ്പോള്‍ അഴുക്കുകള്‍ കഴുകിക്കളയുന്നു. വെള്ളത്തിന്റെ ചൂടും മര്‍ദവും നിയന്ത്രിക്കുന്നത് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ്. കുളിക്കിടെ റിലാക്‌സാകാന്‍ ശാന്തമായ ദൃശ്യങ്ങളും കാണിക്കും.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒസാക എക്‌സ്‌പോയിലാവും യന്ത്രം പുറത്തിറക്കുക. ഇവിടെവെച്ച് 1,000 പേര്‍ക്ക് നേരിട്ട് യന്ത്രത്തിന്റെ പ്രവര്‍ത്തനം അനുഭവിച്ചറിയാന്‍ സാധിക്കും. ഇതിന് ശേഷമായിരിക്കും വിപണിക്കുവേണ്ടി യന്ത്രം നിര്‍മിക്കുക. യന്ത്രത്തിന് വേണ്ടിയുള്ള ബുക്കിങ് ഇപ്പോള്‍തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

അബ്ദുല്‍ റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം മാറ്റി റിയാദ് കോടതി

അബ്ദുല്‍ റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം മാറ്റി റിയാദ് കോടതി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഫയലില്‍ സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്‍ കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്‍ നടന്നത്.

ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നത്.

2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

ആദ്യം റഹീമിന് വധശിക്ഷ നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായത്. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യന്‍ റിയാലായിരുന്നു. റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ദയ ധനം നല്‍കിയാല്‍ അബ്ദുല്‍ റഹീമിനു ജയില്‍ മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമസഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021-ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നില്‍നിന്നുള്ളവര്‍ പണം സംഭാവന ചെയ്തു.

പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.