‘ലയണൽ മെസി’… സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!

‘ലയണൽ മെസി’… സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!

അർജന്റീനയുടെ ആകാശ നീലയും വെള്ളയും കൂടിക്കലർന്ന ജേഴ്സി അണിഞ്ഞ് ലോകത്തെ വിസ്മയിപ്പിച്ച കാൽപ്പന്തിന്റെ മഹാ മാന്ത്രികനും ഇതിഹാസവുമായ ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഐതിഹാസിക ഫുട്ബോൾ കാലത്തിനു കൂടിയാണ് തിരശ്ശീല വീഴുന്നത്. 2016ലെ കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ഫൈനലിൽ ചിലിയോടേറ്റ തോൽവിക്ക് പിന്നാലെ നിരാശനായി വിരമിക്കാൻ ഒരുങ്ങിയ താരത്തെ ആരാധകരുടെ അഭ്യർഥനയാണ് കളത്തിൽ വീണ്ടും നിലനിർത്തിയത്. കളി തുടരാൻ നിർബന്ധിതനായി മെസി പിന്നീട് രചിച്ചത് സമാനതകളില്ലാത്ത ചരിത്രമാണ്.

36 വർഷം കാത്തിരുന്ന ലോക കിരീടത്തിലേക്ക് 2022ൽ ടീമിനെ നയിച്ച മെസി വിരമിക്കൽ പ്രഖ്യാപിച്ച് സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളിൽ ഒന്ന് ഇതാണ്- ‘എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഇപ്പോഴും വേദന ഉണ്ടാക്കുന്നു’. അത്രമേൽ സമരസപ്പെട്ടു കിടക്കുന്നു അയാളുടെ ആ ജേഴ്സിയുമുള്ള ആത്മബന്ധം. ഈ കുപ്പായത്തിനു വേണ്ടി എല്ലായ്പ്പോഴും പോരാടി, സർവതും നൽകിയെന്നും അദ്ദേഹം കുറിച്ചു.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ‘റോസാരിയോയുടെ മകന്റെ’ കരിയറിന് തിരശ്ശീല വീണത്. അദ്ദേഹത്തിന്റെ അപൂർവ റെക്കോർഡുകളിലേക്കുള്ള തിരിഞ്ഞു നോട്ടം.

കൂടുതൽ മത്സരങ്ങൾ, ​ഗോളുകൾ: അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. (207 മത്സരങ്ങൾ). രാജ്യത്തിനായി ഏറ്റവും കൂടുതൽ ​ഗോളുകൾ നേടിയ താരം. (125 ​ഗോളുക​ൾ). 2016ലെ കോപ്പ അമേരിക്ക പോരാട്ടത്തിലാണ് ​​ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 54 ​ഗോളുകളെന്ന റെക്കോർഡ് അദ്ദേഹം മറികടന്നത്.

ചരിത്രമായ നാഴികക്കല്ലുകൾ: 2026ലെ ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് അദ്ദേഹം തന്റെ കരിയറിലെ 200 അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കിയത്. ഈ മത്സരത്തിൽ അദ്ദേഹം തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും സ്വന്തമാക്കി.

ലോകകപ്പ് റെക്കോർഡുകൾ: ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. (34 മത്സരങ്ങൾ). ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരവും മെസി തന്നെ.

അപൂർവ നേട്ടം: ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിലെല്ലാം ​ഗോൾ നേടിയ ചരിത്രത്തിലെ ഒരേയൊരു താരം.

തുടർച്ചയായി ​​ഗോളുകൾ: തുടർച്ചയായി 9 ലോകകപ്പ് മത്സരങ്ങളിൽ ​ഗോൾ നേടുന്ന ആദ്യ താരം. (2022-2026 ലോകകപ്പുകളിലെ കുതിപ്പ്). ജസ്റ്റ് ഫോണ്ടെയ്ൻ, ജെയ്ർസിന്യോ എന്നിവർ പങ്കിട്ടിരുന്ന തുടരെ 6 മത്സരങ്ങളിലെ ​ഗോളുകളെന്ന റെക്കോർഡാണ് മെസി മറികടന്നത്.

​ഗോൾ വേട്ട: ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആകെ 21 ​ഗോളുകൾ.

അസിസ്റ്റുകൾ: ലോകകപ്പിൽ ഏറ്റവും കൂടുതൽ ​അസിസ്റ്റുകൾ നൽകിയ താരം. (12 അസിസ്റ്റുകൾ).

​ഗോൾ പങ്കാളിത്തം: ആറ് ടൂർണമെന്റുകളിലായി 33 ​ഗോളുകളും അസിസ്റ്റുകളും.

പ്രായത്തിന്റെ റെക്കോർഡ്: ലോകകപ്പ് ഫൈനൽ കളിച്ച ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം. (39 വയസ് 25 ദിവസം). ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായമുള്ള താരം. (38 വയസ് 357 ദിവസം).

പ്ലെയർ ഓഫ് ദി മാച്ച്: 2026ലെ ഒറ്റ ലോകകപ്പിൽ ‘5 പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരങ്ങൾ മെസി സ്വന്തമാക്കി.

കോപ്പ അമേരിക്ക: കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ​അസിസ്റ്റുകൾ നൽകിയതും മെസി തന്നെ!

സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

ഡൽഹി: സംസ്ഥാനത്തെ സർവ്വകലാശാല വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരും ചാൻസലറായ ഗവർണറും തമ്മിൽ നീണ്ടുനിന്ന നിയമപോരാട്ടത്തിന് വിരാമം. എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും, കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരും. വൈസ് ചാൻസലർ നിയമന തർക്കത്തിൽ സർക്കാരും ഗവർണറും സമവായത്തിലെത്തിയതിനെ തുടർന്ന് സുപ്രീം കോടതി കേസ് തീർപ്പാക്കി.

തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ മാധ്യസ്ഥതയിലാണ് മാസങ്ങളായി തുടർന്ന തർക്കത്തിന് പരിഹാരം കണ്ടത്. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി പി. അശ്വതിയും, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി എസ്. സുനിൽ കുമാറുമാണ് ഒത്തുതീർപ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

സിസ തോമസും സജി ഗോപിനാഥും വൈസ് ചാൻസലർമാരായി തുടരുമെന്നതിന് പുറമെ സർവകലാശാല നിയമനങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ഭേദഗതി ചെയ്യണമെന്ന നിർദേശവും ധാരണാപത്രത്തിലുണ്ട്. കേസിൽ ഉന്നയിച്ച നിയമപരമായ പ്രശ്‌നങ്ങളും വാദങ്ങളും തുടരുമെന്നതാണ് മറ്റൊരു വ്യവസ്ഥ. വ്യവസ്ഥകൾ അംഗീകരിക്കുന്നതായി ചാൻസലറും സർക്കാരും കോടതിയെ അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് മാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ അടങ്ങിയ ബെഞ്ച് ചാൻസലർ നൽകിയ ഹർജി തീർപ്പാക്കിയത്. വൈസ് ചാൻസലർ നിയമനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ കോടതിയെ സമീപിച്ചിരുന്നത്.

നേരത്തെ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മീഷൻ തയ്യാറാക്കി സമർപ്പിച്ച പാനലിൽ നിന്നാണ് ഡോ. സിസ തോമസിനെയും ഡോ. സജി ഗോപിനാഥിനെയും വിസിമാരായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയിരുന്നത്. അന്ന് അധികാരത്തിലിരുന്ന പിണറായി വിജയൻ സർക്കാരും ചാൻസലറും തമ്മിൽ സമവായത്തിലെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

എന്നാൽ നിയമനത്തിൽ തീരുമാനമായെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പൂർണ്ണമായി അവസാനിപ്പിച്ചിരുന്നില്ല. തുടർന്നാണ് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചകളിലൂടെ അന്തിമ ധാരണാപത്രം തയ്യാറാക്കുകയും സുപ്രീം കോടതി ഹർജി തീർപ്പാക്കുകയും ചെയ്തത്

പെട്രോളിൽ എത്ര ശതമാനം എഥനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

പെട്രോളിൽ എത്ര ശതമാനം എഥനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഡൽഹി: ഇന്ധന പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ എത്ര ശതമാനം എഥനോൾ ചേർത്തിട്ടുണ്ടെന്ന വിവരം പമ്പുകളിലെ നോസിലുകളിലും ബില്ലുകളിലും നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ഹർജിക്കാരനായ അഡ്വക്കേറ്റ് എൻ.കെ. ഗോസ്വാമിക്ക് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

വാങ്ങുന്ന ഇന്ധനത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് അറിയാനുള്ള അവകാശം രാജ്യത്തെ ഓരോ ഉപഭോക്താവിനുമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. ഇന്ധനം അടിച്ച ശേഷം നൽകുന്ന രസീതുകളിൽ എവിടെയും എഥനോളിന്റെ അനുപാതം രേഖപ്പെടുത്തുന്നില്ലെന്നും ഇത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൽ നിന്ന് ഇതിൽ വ്യക്തമായ ഉറപ്പ് വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

പഴയ വാഹനങ്ങൾക്ക് ഉയർന്ന തോതിലുള്ള എഥനോൾ ഇന്ധനം ദോഷകരമാകുന്നതിനാൽ, ഓരോ വാഹന മോഡലിനും അനുയോജ്യമായ എഥനോൾ മിശ്രിതം കണ്ടെത്താൻ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന ഡാറ്റാബേസ് തയ്യാറാക്കണമെന്നും, വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ദ്ധരുടെയും സമിതി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ഹർജിയെ ശക്തമായി എതിർത്തു. ഹർജിക്കാരൻ കേന്ദ്ര സർക്കാരിനെ തനിക്ക് മുന്നിൽ ഉത്തരവാദിയാക്കാൻ ശ്രമിക്കുകയാണെന്നും, ഇതൊരു ‘പ്രോക്സി ഹർജി’യാണെന്നും അദ്ദേഹം വാദിച്ചു. സമാനമായ ഒരു ഹർജി കഴിഞ്ഞ വർഷം സുപ്രീം കോടതി തള്ളിക്കളഞ്ഞ കാര്യവും അറ്റോർണി ജനറൽ ഓർമ്മിപ്പിച്ചു.

തുടർന്ന് ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ബെഞ്ച്, ഉചിതമായ നിയമനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കാൻ അനുമതി നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ ബസിനുള്ളില്‍ വീണ്ടും കൂട്ടബലാത്സംഗം; പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി

ഡല്‍ഹിയില്‍ ബസിനുള്ളില്‍ വീണ്ടും കൂട്ടബലാത്സംഗം; പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറു വയസ്സുകാരി ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ സ്ലീപ്പര്‍ ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.

ഓഗസ്റ്റ് നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടുകാര്‍ അറിയാതെ നോയിഡയിലുള്ള ബന്ധുവിനെ കാണാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. കനത്ത മഴയും ഇരുട്ടും മൂലം പെണ്‍കുട്ടി അബദ്ധത്തില്‍ പാരി ചൗക്കില്‍ ഇറങ്ങി. അപ്പോഴാണ് ഒഴിഞ്ഞ സ്ലീപ്പര്‍ ബസ് അതുവഴി കടന്നുപോയത്.

നോയിഡയിലേക്ക് ലിഫ്റ്റ് തരാം എന്നു വാഗ്ദാനം ചെയ്ത് പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി. തുടര്‍ന്ന് ഡ്രൈവർ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പീഡനശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ്, പീഡനം നടന്ന ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബത്ലഹേം സിനിമ ഒരുമിച്ച് കണ്ടു, മൂവരും ഉറ്റസുഹൃത്തുക്കൾ; കൊലപാതകത്തിൽ ദുരൂഹത, യുവതി കസ്റ്റഡിയില്‍

ബത്ലഹേം സിനിമ ഒരുമിച്ച് കണ്ടു, മൂവരും ഉറ്റസുഹൃത്തുക്കൾ; കൊലപാതകത്തിൽ ദുരൂഹത, യുവതി കസ്റ്റഡിയില്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലഫോര്‍ണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടുരുന്നു. തൃശൂര്‍ മണ്ണുത്തി മൂടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മില്‍പിറ്റാസിലാണ് മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശി അനില (32) യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകത്തിന് കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് തൃശൂര്‍ സ്വദേശിനി അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നത്. ക്രൂരകൃത്യത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് കുടുംബത്തിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അഞ്ജനയുടെ ബന്ധുവായ വിനോദ് പറഞ്ഞു. ഡിക്‌സണ്‍ ലാന്‍ഡിങ് റോഡിലെ മില്‍ക്രീക് അപ്പാര്‍ട്ട്‌മെന്റിലാണ് മൂന്നു യുവതികളും താമസിച്ചിരുന്നത്. മൂന്നുപേരും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞദിവസം ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും, തിയേറ്ററില്‍ ഒന്നിച്ചു നിവിൻ പോളിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ കാണാന്‍ പോകുകയും ഇവര്‍ ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള എസ് യു വി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയശേഷം കടന്നുകളയുന്നത് ദൃക്‌സാക്ഷികള്‍ കണ്ടിരുന്നു. വണ്ടിയോടിച്ചത് സ്ത്രീയാണെന്ന് താമസക്കാര്‍ മില്‍പീറ്റ്‌സ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ അഞ്ജനയെ സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

ആന്‍ മേരി മാത്യുവിനെ ഫ്ലാറ്റില്‍ വച്ച് കത്തി ഉപയോഗിച്ചു കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫ്ലാറ്റിനു താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ആറ് വര്‍ഷമായി അഞ്ജന കാലിഫോര്‍ണിയയില്‍ അധ്യാപികയായി ജോലി ചെയ്തു വരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പീച്ചിക്ക് സമീപമുള്ള വിലങ്ങന്നൂര്‍ സ്വദേശിയായ ഭര്‍ത്താവ് വിജീഷും അവിടെയാണ് ജോലി ചെയ്യുന്നത്. വാമികയാണ് മകള്‍.

സംഭവത്തില്‍ മകന്‍ വിജീഷ് വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് അഞ്ജനയുടെ ഭാര്യാപിതാവ് വിജയന്‍ പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ അഞ്ജനയുടെ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നോര്‍ക്ക സെക്രട്ടറിക്ക് ഇത് കൈമാറുമെന്നും, മൃതദേഹം സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുള്ള സഹായത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു

നേപ്പാളിൽ ചെളിയിൽ പുതഞ്ഞുപോയ കുഞ്ഞിനെ 3 ദിവസത്തിന് ശേഷം ജീവനോടെ രക്ഷിച്ചു

കാഠ്മണ്ഡു: സർവ്വതും വിഴുങ്ങിയ മലവെള്ളപ്പാച്ചിലിനും ചെളിക്കൂനകൾക്കും അടിയിൽ മൂന്ന് ദിവസത്തോളം മരണത്തോട് മല്ലടിച്ച ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ രസുവ ജില്ലയെ തകർത്തുകളഞ്ഞ മിന്നൽ പ്രളയത്തിലാണ് നാടിനെയാകെ കണ്ണീരണിയിച്ച അത്ഭുതകരമായ രക്ഷപ്പെടൽ നടന്നത്. ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകി തകർന്നടിഞ്ഞ ടിമുവെ ഗ്രാമത്തിൽ നിന്നുമാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആറുവയസ്സുകാരിയായ മനീഷ മഗറിനെ ജീവനോടെ കണ്ടെത്തിയത്.

ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പുകൾക്കായി തിരച്ചിൽ നടത്തുകയായിരുന്ന നേപ്പാൾ ആംഡ് പൊലീസ് ഫോഴ്സ് സംഘമാണ് ചെളിക്കൂനകൾക്കടിയിൽ നിന്ന് നേർത്ത ഞരക്കവും കരച്ചിലും കേട്ടത്. ശബ്ദം കേട്ട ഭാഗത്തേക്ക് പാഞ്ഞെത്തിയ സേനാംഗങ്ങൾ അതീവ ജാഗ്രതയോടെ മണ്ണും അവശിഷ്ടങ്ങളും കൈകൾകൊണ്ട് നീക്കം ചെയ്ത് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ടിമുവെയിലെ ആംഡ് പൊലീസ് ഫോഴ്സ് ബോർഡർ ഔട്ട്പോസ്റ്റിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ ആരോഗ്യനില കൂടുതൽ മോശമായി. മികച്ച വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും കനത്ത മൂടൽമഞ്ഞും കാരണം ഹെലികോപ്റ്റർ സർവീസ് തടസ്സപ്പെട്ടു.

ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് ആറുവയസുകാരിയെ വ്യോമസേനാ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ രക്ഷാപ്രവർത്തകരുടെ അർപ്പണബോധത്തിന് അഭിനന്ദനപ്രവാഹമാണ് ഉയരുന്നത്. ദുരന്തത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കുട്ടിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമത്തിലാണ് നിലവിൽ നേപ്പാൾ ഭരണകൂടം.