by Midhun HP News | Jun 30, 2026 | Latest News, ദേശീയ വാർത്ത
ബോസ്റ്റണ്‍: മുന്‍ ലോകചാംപ്യന്മാരായ ജര്‍മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് പരാഗ്വെ പ്രീക്വാര്‍ട്ടറില്‍. തോല്‍വിയോടെ ജര്‍മനി ലോകകപ്പില്‍ നിന്നു പുറത്തായി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ജര്‍മന്‍ വന്‍മതില്‍ ഭേദിച്ച് പരാഗ്വെ ആണ് ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയില്‍ ജര്‍മനി സമനില തേടി. കായ് ഹവേര്‍ട്സാണ് ഗോളടിച്ചത്. എക്‌സ്ട്രാടൈമിലും സമനില തുടര്‍ന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഷൂട്ടൗട്ടില്‍ ജര്‍മനിയുടെ ഹാവേര്‍ട്സ്, നിക്ക് വോള്‍ട്ട് മേഡ് എന്നിവരുടെ കിക്കും പാഴായി. അതേസമയം അവസാന രണ്ട് പരാഗ്വെ താരങ്ങളുടെ കിക്കും ലക്ഷ്യത്തിലെത്തിയില്ല. അതോടെ സഡന്‍ ഡത്തിലേക്ക്. ജൊനാഥന്‍ ടായുടെ കിക്ക് പാഴായപ്പോള്‍ പരാഗ്വെ വലകുലുക്കി. ജര്‍മനി പുറത്ത്. ഇതോടെ മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ച എട്ടു ടീമുകളില്‍ ഏഴാമതായിരുന്ന പരാഗ്വെ നാലു തവണ ലോകചാംപ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലോകകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇത് ആദ്യമായിട്ടാണ് ജര്‍മനി തോല്‍ക്കുന്നത്.
ആദ്യപകുതിയുടെ 42 ാം മിനിറ്റില്‍ ജൂലിയോ എന്‍സിസോയാണ് പരാഗ്വെയുടെ ആദ്യ ഗോള്‍ നേടിയത്. 54 ാം മിനിറ്റിലെ ഗോളില്‍ സ്‌ട്രൈക്കര്‍ കായ് ഹാവേര്‍ട്‌സാണ് ജര്‍മനിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പാരഗ്വായ്യുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. 21 ാം സെക്കന്‍ഡില്‍ പരാഗ്വെയ്ക്ക് ലഭിച്ച ആദ്യ കോര്‍ണറില്‍ ജൂലിയോ എന്‍സിസോ ഉയര്‍ത്തിയടിച്ച പന്ത് അലോണ്‍സോയുടെ കാലുകളിലേക്ക് എത്തിയെങ്കിലും പോസ്റ്റിലേക്ക് തട്ടിയിടാനുള്ള ശ്രമത്തിനിടെ ലക്ഷ്യംതെറ്റി. 6 ാം മിനിറ്റില്‍ പരാഗ്വെ പോസ്റ്റിനു മുന്നില്‍ നിന്ന് ഡെനിസ് ഉണ്ടാവ് ഉയര്‍ത്തിയടിച്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. മുന്നേറ്റനീക്കങ്ങള്‍ നടത്തുമ്പോഴും ഗോള്‍ വഴങ്ങാതിരിക്കുന്നതിനാണ് ഇരുടീമുകളും മുന്‍തൂക്കം നല്‍കിയത്. ഒടുവില്‍ 42 ാം മിനിറ്റില്‍ ജര്‍മന്‍ പ്രതിരോധം ഭേദിച്ച് ജൂലിയോ എന്‍സിസോ പരാഗ്വെയ്ക്ക് ലീഡ് നേടിക്കൊടുത്തു. വലതുവിങ്ങിലെ മികച്ച നീക്കങ്ങള്‍ക്കൊടുവില്‍ അല്‍മിറോണ്‍ ബോക്‌സിലേക്ക് അതിശക്തമായി പായിച്ച പന്ത് ജൂലിയോ എന്‍സിസോ എട്ട് യാര്‍ഡ് അകലെ നിന്ന് ഹെഡ് ചെയ്ത് വല കുലുക്കിയപ്പോള്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ കാഴ്ചക്കാരനായി. മന്ദഗതിയില്‍ കളിച്ച ജര്‍മനിക്ക് അതിന്റെ വില നല്‍കേണ്ടി വരികയായിരുന്നു.
രണ്ടാം പകുതിയില്‍ കടുത്ത പോരാട്ടമായിരുന്നു. എങ്ങനെയും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ജര്‍മനി. ഫെലിക്സ് മേച്ചയെ പിന്‍വലിച്ച് ലിയോണ്‍ ഗോറട്സ്‌കെയെ നഗല്‍മസ്മാന്‍ കളത്തിലിറക്കി. മിനിറ്റുകള്‍ക്കകം ജര്‍മനിയുടെ മറുപടിയെത്തി. കായ് ഹവേര്‍ട്സാണ് ഗോളടിച്ചത്. ഇടതുവിങ്ങില്‍ നിന്ന് ഫ്ലോറിയന്‍ വിര്‍ട്സ് നല്‍കിയ ക്രോസ് തലവെച്ച് ഹാവേര്‍ട്സ് സമനില പിടിച്ചു. സ്‌കോര്‍ 1-1. ഗോള്‍ വീണതിന് പിന്നാലെയും ജര്‍മനി മുന്നേറ്റങ്ങള്‍ തുടര്‍ന്നു. 59-ാം മിനിറ്റില്‍ പരാഗ്വെ താരം ഗുസ്റ്റാവോ കബല്ലേറോയുടെ ഷോട്ട് ന്യൂയര്‍ സേവ് ചെയ്തു. 63-ാം മിനിറ്റില്‍ ഉണ്ടാവിനെ പിന്‍വലിച്ച് ജമാല്‍ മുസിയാല ജര്‍മന്‍ ടീമിലെത്തി. ജര്‍മന്‍ മുന്നേറ്റനിര പാരഗ്വായ് പ്രതിരോധത്തിന് നിരന്തരം ഭീഷണി ഉയര്‍ത്തിക്കൊണ്ടേയിരുന്നു. പക്ഷേ ഗോള്‍ മാത്രം പിറന്നില്ല. അതോടെ നിശ്ചിത സമയത്ത് മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരം എക്സ്ട്രാടൈമിലേക്ക് കടന്നു. എക്‌സ്ട്രാ ടൈമിലും ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. പെനാല്‍ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച്കിക്കും കടന്ന് സഡന്‍ഡത്തില്‍ പരാഗ്വെ വിജയഭേരി മുഴക്കി.
by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: ഇത്തവണ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട സംഘമാണ് പോർച്ചുഗലിന്റേത്. എന്നാൽ പ്രാഥമിക റൗണ്ട് അവസാനിച്ചപ്പോൾ ഒരു ജയവും രണ്ട് സമനിലകളുമായി രണ്ടാം സ്ഥാനക്കാരായാണ് അവർ നോക്കൗട്ടിലെത്തിയത്. നോക്കൗട്ടിൽ കരുത്തരായ ക്രൊയേഷ്യയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയേയും സംഘത്തേയും കാത്തിരിക്കുന്നത്. ടീമിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ക്ലബ് മത്സരങ്ങളിൽ ഫോമിന്റെ മൂർധന്യത്തിൽ കളിച്ച വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നൂനോ മെൻഡസ് അടക്കമുള്ള താരങ്ങളുടെ പ്രകടനം ദയനീയമാണ്. ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗ്രൗണ്ടിലെ സാന്നിധ്യത്തേയും ആരാധകർ ചോദ്യം ചെയ്യുന്നു.
ടൂർണമെന്റിന് മുൻപ് വലിയ പ്രതീക്ഷകളുണ്ടായിരുന്നിട്ടും, ടീമിന്റെ ഫോമിനെക്കുറിച്ചും കളിക്കാർ തമ്മിലുള്ള ഒത്തിണക്കത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ നേടിയ ആധികാരിക ജയം മാത്രമാണ് എടുത്തു പറയാനുള്ളത്. ഡിആർ കോംഗോ, കൊളംബിയ ടീമുകൾക്കെതിരെ ഭാഗ്യം കൊണ്ട് തോറ്റില്ല എന്നു മാത്രം.
മികച്ച മധ്യനിരയും മുന്നേറ്റനിരയും ഉണ്ടായിട്ടും, അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയക്കെതിരെ താളം കണ്ടെത്താൻ പോർച്ചുഗൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതോടെയാണ് ടീമിനെതിരെയുള്ള വിമർശനങ്ങൾ കൂടുതൽ ശക്തമായത്.
ടീമിന്റെ പ്രകടനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് മുൻ താരം റിക്കാർഡോ ക്വാറെസ്മ.
‘നിലവിലെ പോർച്ചുഗൽ ടീമിൽ കളിയിലെ ആഹ്ലാദമോ സന്തോഷമോ സർഗത്മകതയോ കാണാനില്ല. ഗ്രൂപ്പ് ഘട്ടത്തിലുടനീളമുള്ള അവരുടെ പ്രകടനങ്ങൾ കാണുമ്പോൾ അവരെല്ലാം തളർന്നു പോയതായാണ് തോന്നുന്നത്. പ്രചോദനം നഷ്ടപ്പെട്ട ആൾകൂട്ടം മാത്രമാണ്’
ഭാവനാ ശൂന്യത
ജൂൺ 28ന് മയാമി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് കെ യിലെ ആവേശകരമായ മത്സരത്തിൽ കൊളംബിയ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. പോർച്ചുഗലിന്റെ 13 ഷോട്ടുകൾക്കെതിരെ 24 ഷോട്ടുകളുമായാണ് കൊളംബിയ കളം നിറഞ്ഞത്. ഇതിൽ ആറെണ്ണം ടാർഗെറ്റിലേക്ക് ആയിരുന്നു. പന്ത് കൈവശം വെക്കുന്നതിൽ മുന്നിലായിരുന്നിട്ടും അതിനെ കൃത്യമായ അവസരങ്ങളാക്കി മാറ്റാൻ പോർച്ചുഗലിന് സാധിച്ചില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കൊളംബിയയുടെ ഡാവിൻസൺ സാഞ്ചസ് അടിച്ച ഹെഡ്ഡർ ഗോൾ ഓഫ്‌സൈഡ് വിധിച്ചത് പോർച്ചുഗലിന്റെ ഭാഗ്യം.
മധ്യനിരയുടെ പാളിച്ചകൾ
ബ്രൂണോ ഫെർണാണ്ടസ്, ജോവോ നെവസ്, വിറ്റിഞ്ഞ എന്നിവരടങ്ങുന്ന പോർച്ചുഗലിന്റെ പ്രശസ്തമായ മധ്യനിര ത്രയത്തിന്റെ പ്രകടനവും ഇപ്പോൾ പുരികം ഉയർത്തിയാണ് ആരാധകർ നോക്കുന്നത്. നിർണായക നിമിഷങ്ങളിൽ സ്ഥിരതയോടെ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിയാത്തതാണ് ചോദ്യം ചെയ്യപ്പെടുന്നത്. യൂറോപ്പിലെ തന്നെ മികച്ച പ്ലേമേക്കർമാരിൽ ഒരാളായ ബ്രൂണോ ഫെർണാണ്ടസ് ടീമിലുണ്ടായിട്ടും, പോർച്ചുഗലിന്റെ ആക്രമണത്തിന്റെ താളം പലപ്പോഴും തെറ്റിയ നിലയിലായിരുന്നു. പല മത്സരങ്ങളിലും എതിരാളികളുടെ ബോക്സിലേക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.
പോർച്ചുഗലിന്റെ ഈ പോരായ്മകൾ, നോക്കൗട്ട് റൗണ്ടുകളിലേക്ക് കടക്കുമ്പോൾ അവരുടെ തന്ത്രപരമായ സന്തുലിതാവസ്ഥയെക്കുറിച്ചും ടീമിന്റെ ഒത്തിണക്കത്തെക്കുറിച്ചും കൂടുതൽ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നത്. വ്യക്തിഗത കഴിവുകളിൽ കളിക്കാർ മുന്നിലാണെങ്കിലും, ഒരു ടീം എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പ്രതിരോധം തീർക്കുന്ന എതിരാളികൾക്കെതിരെ പോർച്ചുഗലിന്റെ സ്ലോ ടെമ്പോയും സർഗാത്മകത ഇല്ലായ്മയും വലിയ തിരിച്ചടിയാകും.
അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയെങ്കിലും ആക്രമണത്തിലെ ഏകോപനത്തിലും മധ്യനിരയുടെ നിയന്ത്രണത്തിലും കാര്യമായ പുരോഗതി വരുത്തിയില്ലെങ്കിൽ ടൂർണമെന്റിലെ കാര്യം പരുങ്ങലിലാവും എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജൂലൈ 3നാണ് പോർച്ചുഗൽ ക്രൊയേഷ്യയെ നേരിടുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ റയൽ മാഡ്രിഡ് സഹതാരം ലൂക്കാ മോഡ്രിച് നയിക്കുന്ന ശക്തരായ ക്രൊയേഷ്യക്കെതിരെ ജീവൻമരണ പോരാട്ടം തന്നെ പോർച്ചുഗൽ പുറത്തെടുക്കേണ്ടി വരും. കൊളംബിയക്കെതിരെ കളിച്ചതു പോലെയുള്ള ഒട്ടും വേഗതയില്ലാത്ത കളിയാണെങ്കിൽ നാട്ടിലേക്കുള്ള ബാഗ് അതിവേഗം തന്നെ പാക്ക് ചെയ്യേണ്ട അവസ്ഥയാണ് ചാംപ്യൻമാരാകാൻ എത്തിയവർക്ക് സംഭവിക്കുക.
by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വേനലവധിക്കുശേഷം കേസ് വാദത്തിനായി ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
‘എന്താണ് ഇത്ര അടിയന്തരാവസ്ഥ, ഇപ്പോള്‍ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ലല്ലോ…’, എന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും ഭരണത്തിലും നടന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെയും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേഷ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിനും ആവശ്യമായ നിയന്ത്രണ, മേല്‍നോട്ട, ഓഡിറ്റ് സംവിധാനങ്ങള്‍ രൂപീകരിക്കാനും നടപ്പിലാക്കാനും കേന്ദ്ര-ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കും ക്ഷേത്ര ട്രസ്റ്റിനും നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.എഫ്‌ഐആറോ സാധാരണ ക്രിമിനല്‍ കേസോ രജിസ്റ്റര്‍ ചെയ്യാതെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകള്‍ വകമാറ്റി ചെലവഴിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ജൂണ്‍ 13-നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എസ്.ഐ.ടി രൂപീകരിച്ചത്.

by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ (BOI) വിവിധ ക്രെഡിറ്റ് ഓഫീസർ തസ്തികകളിലേക്ക് 779 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ബാങ്കിങ് മേഖലയിലെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മികച്ച അവസരമാണിത്. ഓൺലൈൻ വഴി ജൂൺ 30 മുതൽ അപേക്ഷ സമർപ്പിക്കാം.
ഒഴിവുകൾ
ക്രെഡിറ്റ് ഓഫീസർ (MMGS-II)
ക്രെഡിറ്റ് ഓഫീസർ (MMGS-III)
സീനിയർ ക്രെഡിറ്റ് ഓഫീസർ (SMGS-IV)
മറ്റ് ക്രെഡിറ്റ് സംബന്ധമായ തസ്തികകൾ
വിദ്യാഭ്യാസ യോഗ്യത
ക്രെഡിറ്റ് ഓഫീസർ
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം (SC/ST/OBC/PwBD വിഭാഗങ്ങൾക്ക് 55%).
കൂടാതെ CA / CFA / CMA (ICWA) അല്ലെങ്കിൽ MBA / PGDBM / രണ്ട് വർഷത്തെ ഫുൾടൈം പി.ജി. ബിരുദം (ബാങ്കിങ്, ഫിനാൻസ്, ക്രെഡിറ്റ് അനുബന്ധ മേഖലകൾ) ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട ബാങ്കിങ്/ക്രെഡിറ്റ് മേഖലയിലെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
സീനിയർ ക്രെഡിറ്റ് ഓഫീസർ
ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം (സംവരണ വിഭാഗങ്ങൾക്ക് 55%).
MBA/PGDBM/രണ്ട് വർഷത്തെ ഫുൾടൈം മാസ്റ്റർ ബിരുദം അല്ലെങ്കിൽ CA/CFA/CMA(ICWA) യോഗ്യത.
ബന്ധപ്പെട്ട മേഖലയിൽ ആവശ്യമായ പ്രവൃത്തിപരിചയം വേണം.
അപേക്ഷകരുടെ പ്രായപരിധി 25 മുതൽ 40 വയസ്സ് വരെയാണ്. പ്രതിമാസ ശമ്പളം 64,820 മുതൽ 1,20,940 രൂപ വരെ ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 850 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപയുമാണ്..
അപേക്ഷിക്കേണ്ട വിധം
ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലെ Career/Recruitment വിഭാഗത്തിൽ പ്രവേശിക്കുക.
Credit Officer Recruitment 2026 തിരഞ്ഞെടുക്കുക.
ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് ഔട്ട് സൂക്ഷിക്കുക.
by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ സഹരണ്‍പൂരില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.
ഡെറാഡൂണ്‍-പഞ്ച്കുല ആറുവരിപ്പാതയില്‍ സഹാറന്‍പൂരിലെ റാംപൂര്‍ മണിഹരണിലാണ് സംഭവം. ഹൈവേയില്‍ കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ പുറകില്‍ നിന്നുവന്ന എസ്യുവി കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ സമീപത്തുള്ള ഡിവൈഡറില്‍ ഇടിച്ച് റോഡിന് കുറുകെ മറിഞ്ഞ് മറ്റൊരു ഡിവൈഡറില്‍ ഇടിച്ചു. എസ്യുവി റോഡില്‍ തലകീഴായി മറിയുകയും ചെയ്തു. ഹരിയാന സ്വദേശികളായ ചരണ്‍ സിങ്, ഭാര്യ സുദേഷ്, മരുമകള്‍ പ്രീതി, ചെറുമകന്‍ ശിവാന്‍ഷ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഹരിയാനയിലെ സോണിപത് ജില്ലയിലെ ബഹാദൂര്‍ഗഢില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നും ഹരിദ്വാറിലേക്ക് യാത്രക്കിടെയായിരുന്നു സംഘമെന്നും പൊലീസ് പറഞ്ഞു. റാംപൂര്‍ മണിഹരണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹല്‍ഗോയ ഗ്രാമത്തിന് സമീപം അപകടം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അപകടമുണ്ടാക്കിയ രണ്ട് കാറുകളും പിടിച്ചെടുത്തു. ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.

by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: മതം മറച്ചുവച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തയാള്‍ക്കെതിരെ കേസ് എടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ലഖ്‌നൗ സ്വദേശിയായ ഇര്‍ഷാദ് അഹമ്മദ് എന്ന യുവാവ് ആണ് രാഹുല്‍ എന്ന പേര് ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചത്. യുവതിയെ മതം മാറാന്‍ പ്രേരിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലിസ് പറഞ്ഞു.
ഹിന്ദു സമുദായത്തില്‍പ്പെട്ട ‘രാഹുല്‍’ എന്ന പേരിലാണ് ഇര്‍ഷാദ് യുവതിയുമായി സൗഹൃദത്തിലായത്. 2022ല്‍ ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു പരിചയം. പിന്നാലെ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവതി പറയുന്നു. വിവാഹം വൈകിയതോടെ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതോടെ ജനുവരി 26ന് ലഖ്നൗവിലെ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹം കഴിച്ചതായും വഒരു വാടകവീട്ടില്‍ താമസം തുടങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് യഥാര്‍ഥ പേര് ‘ഇര്‍ഷാദ് അഹമ്മദ്’ എന്നാണെന്ന് മനസിലാക്കിയതെന്ന് യുവതി പറയുന്നു. ഇര്‍ഷാദിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാളും കുടുംബവും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മതം മാറി നിക്കാഹിന് നിര്‍ബന്ധിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
ഇയാള്‍ നേരത്തെ വിവാഹിതനാണെന്നും, രണ്ടാം ഭാര്യയായി ജീവിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും യുവതി പറയുന്നു. വാടകയ്ക്ക് താമസിക്കുന്നതിനിടെ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ഇയാള്‍ മോഷ്ടിച്ചതായും യുവതി ആരോപിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Recent Comments