by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം നേടാം. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞതോടെ റെക്കോര്‍ഡ് വിലയില്‍ നിന്ന് കുത്തനെ ഇടിവുണ്ടായി. ദുബൈയില്‍ തിങ്കളാഴ്ച 24 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 492.75 ദിര്‍ഹത്തില്‍ നിന്ന് 489.25 ദിര്‍ഹമായി കുറഞ്ഞു.
456.25 ദിര്‍ഹമായിരുന്ന 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 453 ദിര്‍ഹത്തിലെത്തി. ഈ മാസം ആദ്യം ജൂണ്‍ 2 ന് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 542.50 ദിര്‍ഹമായിരുന്നു. ദിവസങ്ങള്‍ക്കിടെ 53.25 ദിര്‍ഹത്തിന്റെ വില ഇടിവാണുണ്ടായത്.
22 കാരറ്റ് സ്വര്‍ണത്തിന്റെ വില 502.25 ദിര്‍ഹത്തില്‍ നിന്ന് 49.25 ദിര്‍ഹം കുറഞ്ഞു. ഇപ്പോള്‍ 492 ദിര്‍ഹമാണ് ഗ്രാമിന് വില. ചാര്‍ജുകളും വാറ്റും അടയ്ക്കുന്നതിന് മുമ്പുള്ള വിലയാണിത്. ജൂണ്‍ 1 ന് 24 കാരറ്റ് സ്വര്‍ണ്ണത്തിന് 539.75 ദിര്‍ഹമായിരുന്നു, അടുത്ത ദിവസം 542.50 ദിര്‍ഹമായി ഉയര്‍ന്നു. മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ 22 കാരറ്റ് വില ഗ്രാമിന് 500 ദിര്‍ഹവും കടന്നതിനാല്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളാണ് ദുബായ് വിപണിയിലും പെട്ടെന്നുള്ള ഈ വിലക്കുറവിന് കാരണമായത്.
by Midhun HP News | Jun 27, 2026 | Latest News, ദേശീയ വാർത്ത
നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ മൃതദേഹത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരോട് പൊട്ടിത്തെറിച്ചും കൈകൂപ്പി കരഞ്ഞപേക്ഷിച്ചും നടി രാധിക ശരത്കുമാർ. പൊതുദർശനത്തിന് വെച്ചിരുന്ന ഭാഗ്യരാജിന്റെ ഭൗതികദേഹത്തിന്റെ ദൃശ്യങ്ങളും കുടുംബാംഗങ്ങളുടെ സങ്കടങ്ങളും ക്ലോസ് അപ്പിൽ പകർത്താൻ ശ്രമിച്ച കാമറകൾക്ക് നേരെയാണ് രാധിക രൂക്ഷമായി പ്രതികരിച്ചത്.
അല്പം സ്വകാര്യത തന്നു കൂടേയെന്ന് അവർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണിപ്പോൾ. വൈകാരികമായാണ് രാധിക മൊബൈൽ കാമറയുമായെത്തിയവരോട് പ്രതികരിച്ചത്. “നിങ്ങൾക്ക് ആളുകളുടെ കണ്ണീരാണോ വേണ്ടത്?” എന്ന് ചോദിച്ചു കൊണ്ടാണ് കാമറകളുമായി എത്തിയവരോട് രാധിക ചോദിച്ചത്.
ഈ സമയത്ത് ദുഃഖിതരായ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് നടി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. “ഞാൻ കൈ കൂപ്പി അപേക്ഷിക്കുന്നു… ദയവായി ടിആർപികൾക്ക് പിന്നാലെ പോകരുത്. സിനിമയാണ് ഞങ്ങളുടെ തൊഴിൽ. ഞങ്ങളുടെ സിനിമകളിലൂടെ ഞങ്ങൾ നിങ്ങളെ രസിപ്പിക്കുന്നുണ്ട്. ദയവായി കുടുംബത്തിന് കുറച്ച് സ്വകാര്യത നൽകൂ.”- രാധിക പറഞ്ഞു.
ഇതിനിടയിലൂടെ വിഡിയോ എടുക്കരുതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ പറയുന്നതും കേൾക്കാം. ശനിയാഴ്ചയാണ് സംവിധായകനും നടനുമായ ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.അടുത്തിടെ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ മൊബൈൽ കാമറയുമായെത്തിയവരോട് അദ്ദേഹത്തിന്റെ മകൻ ചന്തു സലിംകുമാറും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സംഭവം കേരളത്തിൽ വലിയതോതിൽ ചർച്ചയായി മാറിയിരുന്നു.
by Midhun HP News | Jun 27, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: യുഎഇയിൽ താമസിക്കുന്ന പ്രവാസികളിൽ 94 ശതമാനം പേരും ഭാവിയിലും രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ റിപ്പോർട്ട്. മികച്ച ജീവിതനിലവാരം, തൊഴിൽ അവസരങ്ങൾ, സുരക്ഷ എന്നിവയാണ് യുഎഇയിൽ തുടരാനുള്ള പ്രധാന കാരണങ്ങളായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയത്.
ആർസെറ്റ് ഗ്ലോബലും (ARCET Global) ക്വസ്റ്റൻ പ്രൊയും ചേർന്ന് നടത്തിയ ‘യുഎഇ എക്സ്പാറ്റ് മോണിറ്റർ’ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനം പേർ സ്വന്തം രാജ്യത്തേക്കാൾ കൂടുതൽ അവസരങ്ങൾ യുഎഇ നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു.
പ്രവാസികൾ യുഎഇയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം നികുതിയില്ലാത്ത വരുമാനമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ സർവേയിൽ പങ്കെടുത്ത 88 ശതമാനം പേരുടെ അഭിപ്രായത്തിൽ, മികച്ച ജീവിതനിലവാരവും തൊഴിൽ അവസരങ്ങളുമാണ് യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം. സുരക്ഷയും കുറഞ്ഞ കുറ്റകൃത്യനിരക്കുമാണ് യുഎഇയെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്ന് 87 ശതമാനം പേരും അഭിപ്രായപ്പെട്ടു.നികുതിയില്ലാത്ത വരുമാനമാണ് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയത് 81 ശതമാനം പേരാണ്. സർവേയിൽ പങ്കെടുത്തവരിൽ 97 ശതമാനം പേരും യുഎഇയെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ രാജ്യമെന്നാണ് വിലയിരുത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് നവീകരണവും വികസനവും കൂടുതൽ വേഗത്തിലാകുമെന്ന് 87 ശതമാനം പേരും പ്രതീക്ഷ പ്രകടിപ്പിച്ചു.
2026 ഏപ്രിൽ, മേയ് മാസങ്ങളിലായി യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി താമസിക്കുന്ന 18 വയസിന് മുകളിലുള്ള 708 പ്രവാസികളിലാണ് സർവേ നടത്തിയത്.
by Midhun HP News | Jun 27, 2026 | Latest News, ദേശീയ വാർത്ത
ബെര്‍ലിന്‍: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്‌വാഗണ്‍ ആഗോളതലത്തില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം വരെ തൊഴിലാളികളെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഒലിവര്‍ ബ്ലൂം അവതരിപ്പിച്ച പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. കമ്പനിയുടെ നിലവിലെ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുന്നതിന് പുറമെ ജര്‍മനിയിലെ നാല് നിര്‍മാണ പ്ലാന്റുകളിലെ ഉല്‍പാദനം നിര്‍ത്തലാക്കുന്നതും പരിഗണനയിലുണ്ട്.
വാഹന വ്യവസായത്തിലെ മാറുന്ന ട്രെന്‍ഡ്, ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരം, യുഎസ് ഇറക്കുമതി തീരുവ, യൂറോപ്യന്‍ വിപണിയിലെ ഡിമാന്‍ഡിലുണ്ടായ കുറവ് എന്നിവയാണ് കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന ഘടകങ്ങള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതികളിലും 15 ശതമാനം കുറവ് വരുത്താന്‍ കമ്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഏകദേശം 13,000 കോടി യൂറോയിലേക്ക് നിക്ഷേപ ചെലവ് ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് വിവരം.
അതേസമയം വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് കമ്പനി തയ്യാറായിട്ടില്ല. വിഷയം ഇപ്പോഴും ചര്‍ച്ചയിലാണെന്നും വിവിധ സമിതികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും കമ്പനി വ്യക്തമാക്കി. തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ നടപ്പിലായാല്‍ വാഹന വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാകും ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിര്‍പ്പും വിഷയത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.
2025 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പിന്റെ ആഗോള ജീവനക്കാരുടെ എണ്ണം 667,164 ആയിരുന്നു. അതില്‍ 43 ശതമാനവും ജര്‍മ്മനിയിലാണ് ജോലി ചെയ്യുന്നത്. 2024-ല്‍ ജര്‍മ്മനിയിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമം തൊഴിലാളി യൂണിയനുകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതിനുശേഷം ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി നിരവധി സൈറ്റുകള്‍ അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റ് നീക്കം നടത്തിയിരുന്നു.

by Midhun HP News | Jun 27, 2026 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. രണ്ട് ദിവസം മുമ്പ് വരെ സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ച് നടന്നിരുന്ന ഭാഗ്യരാജ് ഇന്നില്ല എന്ന് അറിയുമ്പോള്‍ തമിഴ് സിനിമാ ലോകത്തിന് കനമുള്ളൊരു ശൂന്യത പടരുകയാണ്. തങ്ങളുടെ പ്രിയ സുഹൃത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി തമിഴ് സിനിമാലോകമാകെ അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തുകയാണ്.

ഭാഗ്യരാജിന്റെ വിയോഗത്തില്‍ നടുക്കവും അനുശോചനവും രേഖപ്പെടുത്തുകയാണ് നടി സുഹാസിനി. രണ്ട് ദിവസം മുമ്പ് ഗോവയില്‍ വച്ച് നടന്ന നടി ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ഭാഗ്യരാജിനെ കണ്ടതിനെക്കുറിച്ചും സുഹാസിനി സംസാരിച്ചു. ഭാര്യ പൂര്‍ണിമയും ഒപ്പമുണ്ടായിരുന്നു. ചിരിച്ചു കൊണ്ടിരുന്നവര്‍ ചിരിയോടെ മടങ്ങിയെന്നാണ് സുഹാസിനി പറയുന്നത്.
‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ഭാഗ്യരാജ് സര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതീവ സന്തോഷവാനായിരുന്നു അദ്ദേഹം. ഗോവയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഞങ്ങള്‍ തിരിച്ചു വന്നത്. അവര്‍ വ്യാഴാഴ്ച രാത്രിയേ തിരിച്ചു പോന്നിരുന്നു. വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം” സുഹാസിനി പറുന്നു.
”ഇന്നു രാവിലെ നടക്കാന്‍ പോയതാണ്. തിരികെ വരുന്നതിന് ഇടയില്‍ പൊടുന്നനെ നെഞ്ചുവേദന ഉണ്ടായി. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചിരിച്ചുകൊണ്ടേയിരുന്നവര്‍ ചിരിയോടെ മടങ്ങി” എന്നും സുഹാസിനി പറയുന്നു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. നടി പൂര്‍ണിമ ജയറാം ആണ് ഭാര്യ. നടന്‍ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍.

by Midhun HP News | Jun 26, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ‘ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ അഞ്ച് പേര്‍ കരസേനാംഗങ്ങളും ഒരാള്‍ വ്യോമസേനാംഗവുമാണ്. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ ഈ സൈനിക നീക്കത്തിന് ശേഷം ആദ്യമായാണ് വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.
ഈ ധീരസൈനികരുടെ പേരുകള്‍ രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തില്‍ രേഖപ്പെടുത്തും. സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേഷ് കുമാര്‍, അഗ്‌നിവീര്‍ മുരളി നായിക്, ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്്, ഇന്ത്യന്‍ വ്യോമസേനയിലെ സര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികര്‍. ഇതോടെ, ഓപ്പറേഷന്‍ സിന്ദൂരിലെ ഈ ആറ് വീരനായകരും ദേശീയ യുദ്ധസ്മാരകത്തിന്റെ ഭാഗമായി മാറും.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി, കഴിഞ്ഞ വര്‍ഷം മെയ് 7-നാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാകിസ്ഥാന്‍ ഉടന്‍ തന്നെ ഇതിന് തിരിച്ചടി നല്‍കിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമാക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും അതിര്‍ത്തിയില്‍ ശക്തമായ ഷെല്ലാക്രമണങ്ങളും ഉണ്ടായി. ഇരുരാജ്യങ്ങളും തമ്മില്‍ നാല് ദിവസം നീണ്ടുനിന്ന ഈ സംഘര്‍ഷം മെയ് 10-നാണ് അവസാനിച്ചത്.
Recent Comments