അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ ഫണ്ട് തട്ടിപ്പ് വിവാദം ശക്തമാകുന്നതിനിടെ, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും വെള്ളിയാഴ്ച തങ്ങളുടെ പദവികൾ രാജിവെച്ചു. ക്ഷേത്രത്തിലെ കാണിക്കപ്പണം കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരുവരുടെയും രാജി.

സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരം കേസിൽ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുൻ ട്രസ്റ്റി കാമേശ്വർ ചൗപാലിന്റെ നിര്യാണത്തെ തുടർന്ന് 2025 സെപ്റ്റംബറിൽ ട്രസ്റ്റിൽ അംഗമായ കൃഷ്ണ മോഹൻ ആണ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം തന്നെ കേസിൽ പ്രതികളായ എട്ട് പേരെയും ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് അറസ്റ്റിലായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കള്ളത്തരം, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജീവനക്കാരുടെ പരിശോധനയിൽ വീഴ്ച; സ്വർണ്ണവും വെള്ളിയും കാണാതായതായും സംശയം

ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന പണവും മറ്റ് വഴിപാടുകളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാണിക്കപ്പണം എണ്ണുന്നതിലും അത് ബാങ്കിൽ നിക്ഷേപിക്കുന്നതിലും ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായതായി എസ്ഐടിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ നിരീക്ഷണം കൃത്യമായി നടത്തിയില്ല, സിസിട.വി നിരീക്ഷണത്തിലെ പോരായ്മകൾ, പണം ട്രസ്റ്റ് ഓഫീസിലേക്ക് മാറ്റുന്നതിലെ സുതാര്യതക്കുറവ് എന്നിവയാണ് പ്രധാനമായും അന്വേഷണസംഘം കണ്ടെത്തിയത്. കൂടാതെ പണം എണ്ണാൻ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഭക്തർ സമർപ്പിച്ച സ്വർണ്ണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് വിവരങ്ങളിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവയുടെ രേഖകളും എസ്ഐടി വിശദമായി പരിശോധിച്ചുവരികയാണ്.

എബോളയില്‍ ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം, വിശദാംശങ്ങള്‍

എബോളയില്‍ ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധം, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി ‘എയര്‍ സുവിധ 2.0’ പുറത്തിറക്കി. പൂര്‍ണ്ണമായും ഡിജിറ്റലായും സമ്പര്‍ക്കരഹിതമായും പ്രവര്‍ത്തിക്കുന്ന ഒരു പാസഞ്ചര്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ പ്ലാറ്റ്ഫോമാണിത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലെ എബോള വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായി സഹകരിച്ച് പരിഷ്‌കരിച്ച പോര്‍ട്ടല്‍ അവതരിപ്പിച്ചത്. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന് അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള യാത്രകള്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍, എയര്‍ സുവിധ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൊതുജനാരോഗ്യ സുരക്ഷയില്‍ നിര്‍ണായകമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതോടൊപ്പം തന്നെ, രോഗസാധ്യതയുള്ളവരെ വേഗത്തില്‍ തിരിച്ചറിയാന്‍ ഈ പുതിയ പ്ലാറ്റ്ഫോം അധികൃതരെ സഹായിക്കും.

യാത്രക്കാര്‍ ചെയ്യേണ്ടത് എന്ത്?

മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാര്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് മുമ്പായി നിര്‍ബന്ധമായും ഓണ്‍ലൈന്‍ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍:

കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം (21-day travel history), രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോ എന്ന വിവരങ്ങള്‍ എബോള അണുബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ എന്നി വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഇന്ത്യയില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ ഈ ഫോം പൂരിപ്പിക്കാന്‍ സാധിക്കും. വെബ് ചെക്ക്-ഇന്‍ സമയത്ത് തന്നെ ഇത് സമര്‍പ്പിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോം പൂരിപ്പിച്ച ശേഷം ലഭിക്കുന്ന ‘സെല്‍ഫ് ഡിക്ലറേഷന്‍ ഫോം’ അന്താരാഷ്ട്ര ട്രാവല്‍ ഹെല്‍ത്ത് ഡെസ്‌കിലോ ഇമിഗ്രേഷന്‍ കൗണ്ടറിലോ കാണിച്ചാല്‍ മതിയാകും.

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഉണ്ടായ പാചകവാതക വിതരണ തടസ്സങ്ങൾ പരിഹരിക്കപ്പെട്ടതോടെ, വാണിജ്യ എൽപിജിസിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പൂർണ്ണമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു വാണിജ്യ എൽപിജിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഗാർഹിക വിപണി സുരക്ഷിതമാക്കാൻ എടുത്ത ഈ നടപടി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. പുതിയ ഉത്തരവോടെ അത്തരം മേഖലകളിലെ പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകും. ഇതോടൊപ്പം വൻതോതിലുള്ള എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളിലും മന്ത്രാലയം ഇളവ് വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം പുനഃസ്ഥാപിക്കാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകി.

വാണിജ്യ-വ്യവസായ എൽപിജി ഉപഭോക്താക്കളുടെ വിവരങ്ങൾ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ കൃത്യമായി ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യും. വിതരണവും നിരീക്ഷണവും കൂടുതൽ സുഗമമാക്കുന്നതിനായി മൂന്ന് പൊതുമേഖലാ ഒഎംസികളെയും ഉൾപ്പെടുത്തി ഒരു ഏകീകൃത ഡാറ്റാബേസ് വികസിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.അതേസമയം തന്നെ, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് പോകും. ഇതിനകം തന്നെ പിഎൻജി ശൃംഖലയിലേക്ക് മാറിയ വാണിജ്യ-ബൾക്ക് ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദപരമായ ആ ഇന്ധനം തന്നെ തുടർന്നും ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍

ഡല്‍ഹി: ഇന്ത്യയിലെ ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി 10-ാമത് പ്രൈം ഡേ സെയില്‍ ജൂലൈയ് 4 മുതല്‍ 6 വരെ നടക്കും. ജൂലൈ 4-ന് അര്‍ധരാത്രി 12 മണിക്ക് തുടങ്ങി ജൂലായ് 6-ന് രാത്രി 11.59 വരെ 72 മണിക്കൂര്‍ മെഗാ സെയിലിലാണ് നടക്കുക. പ്രൈം അംഗങ്ങള്‍ക്ക് മാത്രമായി മികച്ച ഡീലുകളും ഓഫറുകളുമാണ് ആമസോണ്‍ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് മികച്ച വിലക്കിഴിവുകള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകും.

പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രൈം അംഗത്വ പ്ലാനുകളില്‍ മികച്ച ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1499 രൂപയുടെ വാര്‍ഷിക പ്ലാന്‍ 999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ പ്രൈം ലൈറ്റ് 599 രൂപയ്ക്കും (നേരത്തെ 799 രൂപ), പ്രൈം ഷോപ്പിങ് എഡിഷന്‍ 299 രൂപയ്ക്കും (നേരത്തെ 399 രൂപ) സ്വന്തമാക്കാം. സാംസങ്, വണ്‍പ്ലസ്, ഐക്യൂ (iQOO), റെഡ്മി, എച്ച്പി, അസ്യൂസ്, ലെനോവോ തുടങ്ങി നൂറിലധികം ബ്രാന്‍ഡുകളില്‍ നിന്നായി 500-ല്‍ അധികം പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേയില്‍ വിപണിയിലെത്തും.

ഈ വര്‍ഷത്തെ സെയിലിന്റെ പ്രധാന ആകര്‍ഷണം ആമസോണ്‍ അവതരിപ്പിക്കുന്ന പുതിയ നിര്‍മിത ബുദ്ധി ടൂളുകളാണ്. മികച്ച ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും സംശയങ്ങള്‍ ദുരീകരിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന ‘റൂഫസ്’ (Rufus) എന്ന കോണ്‍വര്‍സേഷണല്‍ എഐ അസിസ്റ്റന്റാണ് ഇതില്‍ പ്രധാനം. ചിത്രങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ തിരയാന്‍ സഹായിക്കുന്ന ‘ആമസോണ്‍ ലെന്‍സ്’, എഐ റിവ്യൂ ഹൈലൈറ്റ്‌സ് തുടങ്ങിയവയും ലഭ്യമാകും.

എസ്ബിഐ , ആക്‌സിസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവര്‍ക്ക് പ്രത്യേക കിഴിവുകള്‍ ലഭിക്കും. ആമസോണ്‍ പേ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ഷോപ്പ് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭ്യമാണ്. ആമസോണിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളായ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍, സ്മാര്‍ട്ട് ഡിസ്പ്ലേകള്‍, ഫയര്‍ ടിവി സ്ട്രീമിംഗ് ഡിവൈസുകള്‍ എന്നിവ മികച്ച വിലക്കിഴിവില്‍ സ്വന്തമാക്കാം. കൂടാതെ, സെയിലിന്റെ ഭാഗമായി പ്രൈം വീഡിയോയില്‍ പുതിയ സിനിമകളും സീരീസുകളും റിലീസ് ചെയ്യും.

യുഎഇയില്‍ ശക്തമായ മഴക്കും പൊടിക്കാറ്റിനും സാധ്യത; വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

യുഎഇയില്‍ ശക്തമായ മഴക്കും പൊടിക്കാറ്റിനും സാധ്യത; വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞുള്ള സമയങ്ങളില്‍ മഴയെത്താന്‍ സാധ്യതയുണ്ട്. അതോടൊപ്പം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള മിതമായതോ ശക്തമായതോ ആയ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറഞ്ഞു.

പ്രാദേശികമായി ‘റവായഹ്’ എന്നറിയപ്പെടുന്ന ഈ കാലവര്‍ഷ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച വരെ ആകാശം മേഘാവൃതമായിരിക്കുമെന്നും വാരാന്ത്യത്തോടെ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ വൈകുന്നേരത്തോടെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉള്‍പ്രദേശങ്ങളില്‍ താപനില 43°C നും 47°C നും ഇടയിലായിരിക്കും. തിങ്കളാഴ്ചയോടെ രാജ്യത്ത് വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക

മഴയോടൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരാന്‍ കാരണമായേക്കാം. ഇത് റോഡിലെ കാഴ്ചപരിധി കുറയ്ക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കി. വേഗം പരിധി പാലിക്കുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുകയും വേണം. മോശം കാലാവസ്ഥയുള്ള സമയങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡുകളില്‍ കാണിക്കുന്ന താല്‍ക്കാലിക വേഗപരിധി അനുസരിച്ച് മാത്രമേ വാഹനങ്ങള്‍ ഓടിക്കാവൂ. കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ താഴ്വരകളിലേക്കും വാദികളിലേക്കും പോകുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്നത് ഇന്നലത്തെ തീരുമാനമല്ല; വിശദീകരണവുമായി കേന്ദ്ര സർക്കാർ

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്നത് ഇന്നലത്തെ തീരുമാനമല്ല; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിനുള്ള തെളിവല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതായുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ വൃത്തങ്ങൾ രംഗത്തെത്തി. പാസ്‌പോർട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്നത് ഇന്നലെയോ കഴിഞ്ഞ 12 വർഷത്തെ മോദി ഭരണത്തിനിടയിലോ എടുത്ത പുതിയൊരു തീരുമാനമല്ലെന്നും, മറിച്ച് അത് നേരത്തെ തന്നെയുള്ള വസ്തുത മാത്രമാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നത്. 1967-ലെ പാസ്‌പോർട്ട് നിയമപ്രകാരംഇന്ത്യൻ പൗരന്മാരല്ലാത്തവർക്കും ചില പ്രത്യേക സാഹചര്യങ്ങളിൽ പാസ്‌പോർട്ട് നൽകാൻ വ്യവസ്ഥയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

2013-ലെ ബോംബെ ഹൈക്കോടതി വിധികളിലും പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന് വ്യക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. മുൻപ് വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ആധാർ കാർഡ് പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നും അത് വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് യുക്തിരഹിതമെന്ന് ജാവേദ് അക്തർ

വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണത്തിന് പിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാക്കളും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ പൗരത്വം തെളിയിക്കാനുള്ള ഏക മാർഗ്ഗം ഹിന്ദുവും ഒപ്പം ബിജെപി വോട്ടറും ആകുക എന്നത് മാത്രമാണെന്ന് തോന്നുന്നുവെന്നും മറ്റൊന്നും ഇവിടെ വിലപ്പോകില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എക്സിൽ (X) കുറിച്ചപ്പോൾ, പിന്നെ ഏത് രേഖയാണ് പൗരത്വത്തിനുള്ള തെളിവ് എന്ന് രാജ്യസഭ എം.പി കപിൽ സിബൽ ചോദ്യമുന്നയിച്ചു. ഒരു ബിഎൽഓയ്ക്ക്തന്റെ പൗരത്വത്തെ ചോദ്യം ചെയ്യാനും വോട്ടവകാശം നിഷേധിക്കാനും കഴിയുമെന്നും അതിന്റെ ഫലമായി ബിജെപി തിരഞ്ഞെടുപ്പ് ജയിക്കുമെന്നും പരിഹസിച്ച അദ്ദേഹം ഇനി സുപ്രീം കോടതിയാണ് വഴിയെന്നും കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം തികച്ചും യുക്തിരഹിതമാണെന്ന് വ്യക്തമാക്കിയ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തർ, ഒരാൾ ഇന്ത്യൻ പൗരനാണെന്ന് പൂർണ്ണമായി ബോധ്യപ്പെടാതെയാണോ മന്ത്രാലയം ഇങ്ങനെയൊരു യാത്രാരേഖ അനുവദിക്കുന്നതെന്ന് ചോദിച്ചു.

പൗരത്വം തീരുമാനിക്കുന്നത് 1955-ലെ നിയമപ്രകാരം

ദേശീയ പൗരത്വ രജിസ്റ്റർ , പൗരത്വ ഭേദഗതി നിയമംഎന്നിവയുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 20-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വിശദീകരണത്തിൽ, ജനനത്തീയതിയും ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാമെന്ന് വ്യക്തമാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനായി സ്വീകരിക്കാവുന്ന കൃത്യമായ രേഖകൾ ഏതെല്ലാമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും 2009-ലെ പൗരത്വ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതെന്നും വ്യക്തമാക്കപ്പെടുന്നു. ഈ ചട്ടങ്ങൾ 1955-ലെ പൗരത്വ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജനനം വഴിയുള്ള പൗരത്വം , വംശപാരമ്പര്യം വഴിയുള്ള പൗരത്വം , രജിസ്‌ട്രേഷൻ വഴിയുള്ള പൗരത്വം , നാച്ചുറലൈസേഷൻ വഴിയുള്ള പൗരത്വം , ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെടുന്നത് വഴിഎന്നിങ്ങനെ അഞ്ച് രീതികളിലാണ് 1955-ലെ പൗരത്വ നിയമപ്രകാരം ഇന്ത്യയിൽ ഒരാൾക്ക് പൗരത്വം ലഭിക്കുന്നത്.