by Midhun HP News | May 11, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ലോക്‌സഭ പ്രചാരണത്തിന് ഇറങ്ങും. തുടക്കത്തില്‍ തന്നെ റോഡ് ഷോ നടത്തി അരവിന്ദ് കെജരിവാളിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി.
പ്രചാരണത്തിന് ഇറങ്ങുന്നതിന് മുന്‍പ് ഡല്‍ഹി കൊണാട്ട്‌പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി അരവിന്ദ് കെജരിവാള്‍ ദര്‍ശനം നടത്തി. ഭാര്യ സുനിത കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും അനുഗമിച്ചു. ഇന്ന് ദക്ഷിണ ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ റോഡ് ഷോ നടത്തി പ്രചാരണത്തിന് ശക്തി പകരാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. അതിനിടെ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി അരവിന്ദ് കെജരിവാള്‍ നിലപാടുകള്‍ വ്യക്തമാക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കാന്‍ ഇരിക്കേ, കെജരിവാളിനെ ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടിയുടെ പദ്ധതി. മെയ് 25നാണ് ഡല്‍ഹിയിലെ ഏഴു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ കെജരിവാളിനെ എഎപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തെങ്കിലും കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും തെരഞ്ഞെടുപ്പു കാലമാണെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നെന്നും ചൂണ്ടിക്കാട്ടി കോടതി ഇഡിയുടെ വാദം തള്ളുകയായിരുന്നു.
അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്. രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതാവാണ്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതരമായ ആരോപണമാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ അതില്‍ അദ്ദേഹം കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല- കോടതി ചൂണ്ടിക്കാട്ടി.

by Midhun HP News | May 10, 2024 | Latest News, ദേശീയ വാർത്ത
അബുദാബി: ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദായതോടെ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു.
10,000 രൂപയ്ക്ക് നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് തുക പൂര്‍ണമായി മടക്കി കിട്ടിയാല്‍ പോലും ഇനി യാത്ര ചെയ്യണമെങ്കില്‍ രണ്ടിരട്ടി തുകയെങ്കിലും അധികം നല്‍കേണ്ടി വരും. യുഎഇയില്‍ നിന്നും ഇന്നലെ റദ്ദാക്കിയ 21 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ 3096 പേരുടെ യാത്രയാണ് പ്രതിസന്ധിയിലായത്.കേരളത്തിലേക്കുള്ള 12 വിമാനങ്ങളിലായി 2232 മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഒരു വിഭാഗം കാബിന്‍ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവല്‍, ടൂറിസം ഏജന്‍സികളേയും ബാധിച്ചു.

by Midhun HP News | May 9, 2024 | Latest News, ദേശീയ വാർത്ത
ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 25 ക്യാബിൻ ക്രൂ അംഗങ്ങൾ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി സർവീസുകൾ എയർഇന്ത്യ എക്‌സ്പ്രസിന് റദ്ദക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കമ്പനി കടന്നിരിക്കുന്നത്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചു.
പണിമുടക്കിയ ജീവനക്കാരുമായി ഇന്ന് യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് കമ്പനിയുടെ നടപടി. ജീവനക്കാർക്ക് പറയാനുള്ളത് കേട്ട ശേഷം തുടർനടപടികളിലേക്ക് കടക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 300ഓളം ജീവനക്കാരാണ് പണിമുടക്കിയത്. കൂട്ട സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാർ പണി മുടക്കിയത്. ഇന്നലെ 90ഓളം വിമാന സർവീസ് ആണ് മുടങ്ങിയത്. ഇന്ന് 76 സർവീസുകളാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലർച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് യാത്രക്കാർ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജ്മെൻ്റ് അറിയിച്ചു. വരും ദിവസങ്ങളിലും എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടേക്കും.
by Midhun HP News | May 8, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി, ഓസ്‌ട്രേലിയ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി. സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള അര്‍ഹത നേടാന്‍ വിദേശ വിദ്യാര്‍ഥികള്‍ കാണിക്കേണ്ട സേവിങ്‌സ് നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തി. നിക്ഷേപമായി 16ലക്ഷത്തില്‍പ്പരം രൂപ കാണിക്കണമെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്.
നിരവധി വിദ്യാര്‍ഥികളാണ് സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ പോകാന്‍ കാത്തിരിക്കുന്നത്. ഇവര്‍ക്ക് തിരിച്ചടിയായി ഏഴുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് സേവിങ്‌സ് തുക വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 13ലക്ഷത്തില്‍പ്പരം രൂപ മാത്രമായിരുന്നു.
സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയ നടപടികള്‍ കടുപ്പിച്ചത്. തട്ടിപ്പുകള്‍ക്ക് പുറമേ കുടിയേറ്റം വര്‍ധിച്ചതും വിസാ ചട്ടങ്ങള്‍ കടുപ്പിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സ്റ്റുഡന്റ് വിസ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി യോഗ്യത നേടാനുള്ള ഐഇഎല്‍ടിഎസ് സ്‌കോര്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
കുടിയേറ്റം പകുതിയായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് വിസയില്‍ അടക്കം ഓസ്‌ട്രേലിയ കടുത്ത നടപടികള്‍ സ്വീകരിച്ചത്. ഇത് ഏറ്റവുമധികം ബാധിച്ചത് ഇന്ത്യക്കാരെയാണ്.
by Midhun HP News | May 8, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കോവിഷീല്‍ഡ് അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ചതിന് പിന്നാലെ വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്‌സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.
വാണിജ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.
യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്‌സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.
വാക്സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്‌സിന്‍ പിന്‍വലിക്കുന്നതെന്നും വളരെയധികം വാക്‌സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന ഇടിഞ്ഞെന്നും അതിനാലാണ് പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

by Midhun HP News | May 7, 2024 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരെ സൈന്യം വധിച്ചു. റെഡ് വാനി മേഖലയില്‍ ഭീകരരുടെ രഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്നറിയാന്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷഹ്സിതാറിന് സമീപം ഐഎഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ക്കുനേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം തിരച്ചില്‍ വ്യാപകമാക്കിയിരുന്നു.

Recent Comments