സമ്പാദിച്ചതെല്ലാം ദാനം ചെയ്‌തു; ശതകോടീശ്വരൻ ചക് ഫീനി അന്തരിച്ചു

സമ്പാദിച്ചതെല്ലാം ദാനം ചെയ്‌തു; ശതകോടീശ്വരൻ ചക് ഫീനി അന്തരിച്ചു

സാൻ ഫ്രാൻസെസ്‌കോ: സമ്പാദിച്ച സ്വത്തുക്കൾ മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ദാനം ചെയ്‌ത് വാർത്തകളിൽ ഇടം പിടിച്ച ശതകോടീശ്വരൻ ചാൾസ് ഫ്രാൻസിസ് ചക് ഫീനി (92) അന്തരിച്ചു. അദ്ദേഹം സ്ഥാപിച്ച സന്നദ്ധ സംഘടനയായ അറ്റ്‌ലാന്റിക് ഫിലാന്ത്രോപീസ് ആണ് മരണ വിവരം പുറത്തു വിട്ടത്. സാൻ ഫ്രാൻസെസികോയിലെ വാടക വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ സമ്പന്നനായ അമേരിക്കൻ-ഐറിഷ് പൗര്വനായ ചാൾസ് തന്റെ അവസാന കാലഘട്ടം മുഴുവൻ കാരുണ്യ പ്രവർത്തനത്തിനായി സ്വത്തുക്കൾ ദാനം ചെയ്‌തു. അറ്റ്‌ലാന്റിക് ഫിലാന്ത്രോപീസ് സംഘടന വഴി അഞ്ച് ഭൂഖണ്ഡങ്ങളിൽ എട്ട് മില്യൺ ഡോളറാണ് വിവിധ മേഖലയ്‌ക്ക് വേണ്ടി അദ്ദേഹം ദാനം ചെയ്‌തത്. 1980കളിലാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം അറ്റ്‌ലാന്റിക് ഫിലാന്ത്രോപീസ് എന്ന സന്നദ്ധ സംഘടനയ്‌ക്ക് രൂപം കൊടുത്തത്.

2016 ൽ വിദ്യാർത്ഥി കമ്മ്യൂണിറ്റി-സേവന പ്രവർത്തനങ്ങൾക്കായി അൽമ കോർനെൽ യൂണിവേഴ്‌സിറ്റിയിലേക്ക് 7 മില്യൺ ഡോളർ സംഭാവന നൽകിയതോടെ അറ്റ്‌ലാന്റിക് ഫിലാന്ത്രോപ്പിസിന്റെ അക്കൗണ്ടുകൾ ഔദ്യോഗികമായി കാലിയാക്കി. 2020-ൽ അറ്റ്‌ലാന്റിക് ഫിലാന്ത്രോപീസ് പിരിച്ചുവിട്ടു. എന്നാൽ അപ്പോഴേക്കും അത് 8 ബില്യൺ ഡോളറിലധികം (6.5 ബില്യൺ പൗണ്ട്) ഗ്രാന്റായി നേടിയിരുന്നു.

30 വർഷമായി അദ്ദേഹത്തിന് സ്വന്തമായി വീടോ കാറോ ഇല്ല. സാൻ ഫ്രാൻസെസ്കോയിലെ ഒരു അപ്പാർട്ട്മെന്റിൽ വാടകയ്‌ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1931-ൽ ന്യൂജേഴ്‌സിയിലാണ് ജനനം. ഭാര്യ ഹെൽഗയും അഞ്ച് മക്കളും കൊച്ചുമക്കളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നു.

40 കി.മി മാത്രം നീളം, 24 മണിക്കൂറും ചാരക്കണ്ണുകള്‍; എന്നിട്ടും ആ 150 പേര്‍ എവിടെ

40 കി.മി മാത്രം നീളം, 24 മണിക്കൂറും ചാരക്കണ്ണുകള്‍; എന്നിട്ടും ആ 150 പേര്‍ എവിടെ

ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ ഇസ്രയേലുകാരെ രക്ഷിക്കല്‍ എളുപ്പമായിരിക്കില്ലെന്ന് വിലയിരുത്തല്‍. ഗാസയിലെ ഹമാസ് കേന്ദ്രത്തിലാണ് 150ഓളം ഇസ്രയേലുകാരെ ബന്ദികളാക്കിയിരിക്കുന്നത്. വെറും 40 കിലോമീറ്റര്‍ നീളവും 12 കീലോമീറ്റര്‍ വീതിയും മാത്രമാണ് ഗാസ മുനമ്പിനുള്ളത്.

ഗാസയ്ക്ക് ചുറ്റും എപ്പോഴും ഇസ്രയേലിന്റെ വന്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് അതിര്‍ത്തികളിലുള്ളത്. 24 മണിക്കൂറും ചാരക്കണ്ണുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കിയിരിക്കുകയാണ് ഈ ചെറിയ പ്രദേശത്തെ. എന്നിട്ടും ഹമാസ് ബന്ദികളാക്കിയ 150പേര്‍ ഗാസയില്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഇസ്രയേ്‌ലിന് സാധിച്ചിട്ടില്ല.

ഹമാസിന്റെ ഒളിയിടങ്ങള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്താന്‍ ഇസ്രയേലിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍-ഹമാസ് ചര്‍ച്ചകള്‍ക്ക് സഹായിക്കുന്ന ഗെര്‍ഷോണ്‍ ബാസ്‌കിന്‍ പറയുന്നത്. 2011ല്‍ ഹമാസ് ബന്ദിയാക്കിയ ഇസ്രയേല്‍ സൈനികന്‍ ഗിലാഡ് സ്‌കാലിറ്റിനെ അഞ്ചു വര്‍ഷത്തിന് ശേഷം മോചിപ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഗെര്‍ഷോണ്‍.

ഗാസയില്‍ ഹമാസിന് നിരവധി അണ്ടര്‍ ഗ്രൗണ്ട് ടണലുകളുണ്ട്. ജനവാസ മേഖലയില്‍ക്കൂടി നിര്‍മ്മിച്ചിരിക്കുന്ന ഇവ എവിടെയൊക്കെയാണെന്ന് കണ്ടെത്തല്‍ പ്രയാസമാണ് എന്നാണ് ഗെര്‍ഷോണ്‍ പറയുന്നത്. ഇത്രയും ഇസ്രയേലുകാരെ ബന്ദികളാക്കാന്‍ സാധിച്ചത് ഹമാസിനെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകണം. സംഭവങ്ങള്‍ കണ്ട് ഇസ്രയേല്‍ അന്ധാളിച്ചുപോയി- ഗെര്‍ഷോണ്‍ പറഞ്ഞു.

ട്രെയിൻ യാത്രക്കിടെ ​ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാതായതായി പരാതി

ട്രെയിൻ യാത്രക്കിടെ ​ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാതായതായി പരാതി

അഹമ്മദാബാദ്: ഗുജറാത്തില്‍ മലയാളി അഭിഭാഷകയെ കാണാതായതായി പരാതി. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകയായ ഷീജ ഗിരീഷ് നായരെയാണ് കാണാതായത്.
തിങ്കളാഴ്ച അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഷീജയെ കാണാതായത്. ഇതേത്തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.

അഹമ്മദാബാദില്‍ നിന്നും ഗുജറാത്ത് എക്‌സ്പ്രസിലാണ് ഷീജ മുംബൈയിലേക്ക് തിരിച്ചത്. കേസിന്റെ ആവശ്യത്തിനായിട്ടാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ഗുജറാത്തിലെ വല്‍സാദ് ഭാഗത്തെത്തിയപ്പോള്‍ വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ഫോണെടുത്ത് സംസാരിച്ചിരുന്നു. അതിനുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

രാത്രി ഏഴരയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷക മുംബൈയില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല; രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ചുകൊന്നു

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല; രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട് തിരുവള്ളുരില്‍ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. സതീഷ്, മുത്തു ശരവണ്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചുവെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

എഐഡിഎംകെ നേതാവിനെ കൊലപ്പെടുത്തിയത് ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. ഇയാളുടെ സൂഹൃത്തും നിരവധി കേസുകളിലെ പ്രതിയുമാണ് കൊല്ലപ്പെട്ട മുത്തുശരവണനെന്നും പൊലീസ് പറഞ്ഞു. എഐഡിഎംകെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി സതീഷ് ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചിരുന്നു.

ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവര്‍ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സതീഷിന്റെ തലയിലും മുത്തുശരവണന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ട്രെയിന്‍ പാളം തെറ്റി, നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ട്രെയിന്‍ പാളം തെറ്റി, നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന: ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ മരിച്ചു. 80 ഓളം പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബക്സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപം ബുധനാഴ്ച രാത്രി 9.35-ഓടെയാണ് അപകടമുണ്ടായത്.

ഡല്‍ഹിയിലെ അനന്ത് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റവരെ പട്‌ന എഐഐഎംഎസിലേക്ക് മാറ്റി. അപകടത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെത്തുടര്‍ന്ന് ഡല്‍ഹി-ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതായി ഈസ്റ്റ് സെന്‍ട്രല്‍ രെയില്‍വേ അറിയിച്ചു.

ഓപ്പറേഷൻ അജയ്ക്ക് തുടക്കം; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം എത്തി

ഓപ്പറേഷൻ അജയ്ക്ക് തുടക്കം; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം എത്തി

ന്യൂഡൽഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കമാരും. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതിനിടെ ഇസ്രയേലിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം കേരളത്തിലേക്ക് തിരിച്ചെത്തി.

ഇസ്രയേലിൽ കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യാക്കെരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ അജയിൻ്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. ടെൽഅവീവിൽ നിന്ന് ആദ്യ സംഘം ഇന്ന് പുറപ്പെടും. ആവശ്യമെങ്കിൽ നാവിക സേന കപ്പലുകളും രക്ഷാദൗത്യത്തിന്റെ ഭാ​ഗമാകും. നാവികസേനയോട് സജ്ജമായിരിക്കാൻ കേന്ദ്രം നിർദേശം നൽകി.

ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്.