by liji HP News | Apr 19, 2024 | Latest News, ദേശീയ വാർത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും. നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. 2.30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.
by liji HP News | Apr 19, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇസ്രയേല്‍ തിരിച്ചടിച്ചതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാലുശതമാനമാണ് ഉയര്‍ന്നത്.
ഒരു ഘട്ടത്തില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് മുകളില്‍ എത്തി. നിലവില്‍ 90ന് തൊട്ടുതാഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വിലയില്‍ 4.06 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 86 ഡോളര്‍ കടന്നാണ് വില കുതിച്ചത്.
by liji HP News | Apr 18, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: ദുബൈയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. ഇന്നലെ രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം.
രാവിലെ 10.30 ന് ദുബൈയിക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്നും ദുബൈയിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനവും പുറപ്പെട്ടിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വൈകിട്ട് 5.05 ന് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും പുലര്‍ച്ചെ 2.45 ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലര്‍ച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കിയിട്ടുണ്ട്.
യുഎഇയില്‍ മഴയ്ക്ക് ശമനമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് പൂര്‍ണമായി നീക്കാനായിട്ടില്ല.ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രക്കാര്‍ക്ക് മാത്രമായി നിയന്ത്രണമേര്‍പ്പെടുത്തി. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്രതീക്ഷിത മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് ആണെന്ന അഭ്യുഹങ്ങള്‍ ശരിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
by Midhun HP News | Apr 17, 2024 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്‍മാരോട് അവരുടെ കുടുംബത്തിന്റെ ചിത്രം ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിങ് നിര്‍ദേശിച്ചു.ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വെങ്കിടേശ്വര്‍ ലു പറഞ്ഞു. ഡ്രൈവര്‍ക്ക് മുന്നില്‍ സ്വന്തം കുടുംബത്തിന്റെ ചിത്രം സൂക്ഷിക്കുമ്പോള്‍ വൈകാരികമായ ഓര്‍മകള്‍ ഉണ്ടാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഡ്രൈവിങില്‍ ശ്രദ്ധയുണ്ടാവാന്‍ കാരണമാവുകയും ചെയ്യുമെന്ന് ചന്ദ്രഭൂഷണ്‍ സിങ് പറയുന്നു.
2022 ല്‍ സംസ്ഥാനത്ത് 22,596 അപകടങ്ങളുണ്ടായപ്പോള്‍ 2023ല്‍ 23,652 അപകടങ്ങളാണുണ്ടായതത്. റോഡപകടങ്ങളില്‍ 4.7 ശതമാനമാണ് വര്‍ധനവുണ്ടായത്. ഇതില്‍ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം.
by liji HP News | Apr 17, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
80 ലോക്‌സഭ സീറ്റുകളുള്ള യുപിയില്‍ എട്ടിടത്താണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. സഹാരണ്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്‌നോര്‍, നാഗിന, മൊറാദാബാദ്, രാംപൂര്‍, പിലിബിത്ത് എന്നിവയാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. 42 സീറ്റുകളുള്ള ബംഗാളില്‍ കൂച്ച്ബിഹാര്‍, അലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുരി എന്നിവയും വെള്ളിയാഴ്ച വിധിയെഴുതും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരും ആദ്യഘട്ടത്തില്‍ വിധിയെഴുതും.
തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും മധ്യപ്രദേശിലും രാജസ്ഥാനിലും റാലികള്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും നാളെ സംയുക്ത വാര്‍ത്തസമ്മേളനവും വിളിച്ചിട്ടുണ്ട്.
by liji HP News | Apr 16, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണ് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞു. പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുക്കാനായി. രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതർ പിടികൂടിയിട്ടുണ്ട്.
സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങളും മറ്റ് സൗജന്യങ്ങളായുള്ള 1142 കോടിയുടെ സാധനങ്ങളുടെ പിടിച്ചെടുത്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴിനാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തില്‍ നിന്ന് പണമായി പത്ത് കോടിയാണ് കമ്മീഷൻ പിടിച്ചെടുത്തത്. രണ്ട് കോടിയുടെ മദ്യവും 14 കോടിയുടെ മയക്ക് മരുന്നും പിടിച്ചെടുത്തു. ഏപ്രില്‍ 19നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്. പതിമൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇത്രയും പണമൊഴുകിയെങ്കില്‍ ഇനിയുള്ള ഒന്നര മാസം എത്ര പണമൊഴുകുമെന്നത് ഞെട്ടിക്കുന്നതാണ്.
Recent Comments