by liji HP News | Apr 9, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത!. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കണക്ട് ചെയ്ത് സമ്പൂര്‍ണ ആന്‍ഡ്രോയിഡ് പിസി ആയി ഉപയോഗിക്കാന്‍ സാധിക്കും. ഒരു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് ഗൂഗിള്‍ ആണ്.
ആന്‍ഡ്രോയിഡ് 14 അപ്‌ഗ്രേഡ് ചെയ്ത് പുതിയ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മെയ് മാസത്തില്‍ ഇത് ഗൂഗിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഡെസ്‌ക് ടോപ്പ് പതിപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വലിയ സ്‌ക്രീനില്‍ കൂടുതല്‍ ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വലിപ്പത്തില്‍ മാറ്റം വരുത്തി ഒരേ സമയം കൂടുതല്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് പരീക്ഷണം നടത്തിയത്.
ആന്‍ഡ്രോയിഡ് ഒരു വലിയ സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്നതും കാഴ്ചക്കാര്‍ക്ക് പുതിയ കാഴ്ചാനുഭൂതി നല്‍കി പുതിയ ഓപ്ഷനുകളെ പിന്തുണയ്ക്കുന്നതും ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പുതിയ ടൂള്‍ ഔദ്യോഗികമായി പുറത്തിറക്കുമ്പോള്‍ ഉപയോക്താക്കളെ അമ്പരപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.
by liji HP News | Apr 9, 2024 | Latest News, ദേശീയ വാർത്ത
അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതല്‍ സൂര്യഗ്രഹണം ദൃശ്യമായി.
4 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യം പൂർണഗ്രഹണം നേരിൽ കാണാൻ ദശലക്ഷക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. വലിയ ആഘോഷമായാണ് ഈ അപൂർവ നിമിഷത്തെ ആളുകൾ കൊണ്ടാടിയത്. “വളരെ മനോഹരവും അവിസ്മരണീയവുമായ ദിവസം”എന്നായിരുന്നു സൂര്യഗ്രഹണം നേരിൽ കണ്ട് ശേഷം മെക്‌സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ പ്രതികരണം.
by liji HP News | Apr 9, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും നഷ്ടമായി. ട്രെയിനിന്റെ എസി കോച്ചുകളിലായിരുന്നു കവര്‍ച്ച. സംഭവത്തില്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.
പണവും മറ്റും കവര്‍ന്ന ശേഷം മോഷ്ടാക്കള്‍ യാത്രക്കാരുടെ ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Apr 8, 2024 | Latest News, ദേശീയ വാർത്ത
അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതലാകും സൂര്യഗ്രഹണം ദൃശ്യമാകുക. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിലാകും സൂര്യഗ്രഹണം ദൃശ്യമാവുക.
ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. അതിനാൽ തന്നെ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ ഇത് കാണാനാകില്ല. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.
by liji HP News | Apr 5, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. യുവാക്കള്‍ക്കും, സത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി അവസരങ്ങള്‍ ഒരുക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെസി വേണുഗോപാല്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
നീതിയാണ് പ്രകടനപത്രികയുടെ അടിസ്ഥാനമെന്ന് പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് 2019ല്‍ ഭയപ്പെട്ട കാര്യങ്ങളെല്ലാം രാജ്യത്ത് സംഭവിച്ചു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് ബിജെപി സര്‍ക്കാര്‍ സ്വീകിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സംവരണപരിധി ഉയര്‍ത്തും. ജാതി സെന്‍സസ് നടപ്പിലാക്കും, എസ്‌സി- എസ്ടി, ഒബിസി സംവരണം അന്‍പത് ശതമാനമെന്നത് മാറ്റുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
സര്‍ക്കാര്‍- പൊതുമേഖല ജോലികളില്‍ കരാര്‍ നിയമനങ്ങള്‍ ഒഴിവാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടില്‍ വര്‍ഷം ഒരുലക്ഷം രൂപ, കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അന്‍പത് ശതമാനം വനിതള്‍ക്കായി നീക്കി വയ്ക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ഭരണഘടന സംരക്ഷിക്കാൻ പ്രത്യേക നിർദേശങ്ങളും പ്രകടനപത്രികയിൽ മുന്നോട്ടുവെക്കുന്നുണ്ട്. ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തും എന്ന് പ്രകടനപത്രികയിൽ പറയുന്നു. സ്വതന്ത്രമാധ്യമപ്രവർത്തനം നടത്താനുള്ള അവകാശം രാജ്യത്ത് സംരക്ഷിക്കും എന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
by Midhun HP News | Apr 5, 2024 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്ര വിശ്വാസങ്ങള്‍ എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ആര്യയുടെ ലാപ്‌ടോപ്പിലാണ് വിചിത്രവിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതുമുതല്‍ മനുഷ്യന്റെ ഭാവിയെ കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറിനെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍ നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്.
ഭുമിയില്‍ മാത്രമല്ല അന്യഗ്രഹത്തിലും ജീവനുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ‘മിതി’ എന്ന സാങ്കല്‍പിക കഥാപാത്രം ഭൂമിയിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി എന്ന പറയുന്ന രീതിയിലാണ് കണ്ടെത്തിയ രേഖകളിലുള്ളത്. ഭൂമിയില്‍ മനുഷ്യവാസത്തിന് അവസാനമായെന്നും ഇവരുടെ ഇരുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായാണ് ‘മിതി’ മറുപടി നല്‍കുന്നത്.
ഇതിനായി ഇവര്‍ പലതരം സൈന്റിഫിക് വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതാവാം ഇവരെ വിചിത്രവിശ്വസാത്തിലേക്ക് നയിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്. സ്‌പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍ നിന്നുള്ള ആന്റി കാര്‍ബണാണെന്നും ആന്റാര്‍ട്ടിക്കയില്‍ ഗവേഷണകേന്ദ്രവും സ്‌പേസ് ഷിപ്പുകള്‍ ഉണ്ടെന്നും ഇവരുടെ വിചിത്രവിശ്വാസങ്ങളില്‍ ഉള്‍പ്പെടുന്നു.
മൂവരും വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കും. ഇവരുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പരിശോധനയ്ക്ക് അയയ്ക്കും. മരിച്ച നവീന്‍ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മില്‍ ഇമെയില്‍ വഴി നടത്തിയ ആശയവിനിമയവും രഹസ്യഭാഷയിലൂടെയാണെന്നു പൊലീസ് പറയുന്നു.
2021 മുതലുള്ള ഇവരുടെ ഇമെയില്‍ പരിശോധിച്ചപ്പോള്‍ ഇതാണു മനസ്സിലാകുന്നത്. മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മരണത്തിന് അരുണാചല്‍ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും വിചിത്രവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോയെന്നു സംശയമുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി പി നിധിന്‍ രാജ് പറഞ്ഞു. ഇവരെ വിശ്വാസത്തിലേക്ക് നയിച്ചത് ആരാണെന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പൊലിസ് പരിശോധിക്കും.
Recent Comments