by liji HP News | Apr 11, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇന്ത്യ അടക്കം 92 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ മുഖേനയാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആപ്പിളിന്റെ സന്ദേശത്തില്‍ പറയുന്നത്.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയത്. ആപ്പിളില്‍ നിന്ന് എത്ര പേര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയറിനെ കുറിച്ചും ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോളതലത്തില്‍ സൈബര്‍ ആക്രമണത്തിന് ഇത്തരം ടൂളുകള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
by liji HP News | Apr 11, 2024 | Latest News, ദേശീയ വാർത്ത
ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെ നീണ്ടുനിൽക്കുന്ന സംഘർഷ സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി. അതിർത്തിയിലെ സംഘർഷം ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നയതന്ത്ര – സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തികളിൽ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയെ താൻ അഭിനന്ദിച്ചിരുന്നുവെന്നും ഭീകരതയിൽ നിന്നും ആക്രമണങ്ങളിൽ നിന്നും മുക്തമായൊരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെനന്നും മോദി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയിൽ കുറഞ്ഞുവരുന്നുവെന്ന വിമർശനങ്ങളോട് മോദി പ്രതികരിച്ചു. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ചിന്തയും വികാരങ്ങളും അഭിലാഷങ്ങളും നഷ്ടപ്പെട്ട ചിലരാണ് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നതെന്ന് മോദി വിമർശിച്ചു. ജനങ്ങളുമായി ബന്ധം ഇല്ലാത്തവരാണ്, ന്യൂന പക്ഷവിവേചനം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പോലും ഈ പ്രചരണം വിശ്വസിക്കുന്നില്ലെന്നും മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസികളെപ്പോലുള്ള സൂക്ഷ്മ ന്യൂനപക്ഷങ്ങൾ പോലും ഇന്ത്യയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും മോദി പറഞ്ഞു
by liji HP News | Apr 11, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ന്യൂഡല്‍ഹി അടക്കം 18 എയിംസ്, പുതുച്ചേരി ജിപ്‌മെര്‍, ബംഗളൂരു നിഹാന്‍സ്, ചണ്ഡിഗഡ് പിജിഐഎംഇആര്‍, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ തുടങ്ങുന്ന പിജി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പൊതു പ്രവേശന പരീക്ഷ ഐഎന്‍ഐ-സിഇടിക്ക് ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് കംബൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) നാളെ വൈകീട്ട് അഞ്ചു മണി വരെ ബേസിക് രജിസ്‌ട്രേഷന്‍ നടത്താം.മെയ് 18 നാണ് പരീക്ഷ. ജൂലൈ ഒന്നിനാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. പൂര്‍ണ വിവരങ്ങള്‍ക്ക് https://finalmdmsmch.aiimsexams.ac.in
by Midhun HP News | Apr 11, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു.
ഡ്രോണ്‍ ഉപയോഗിച്ച് 37 കിലോമീറ്റര്‍ ദൂരത്ത് നിന്ന് സാമ്പിള്‍ 16 മിനിറ്റുകൊണ്ട് എത്തിച്ചു. റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്താണ് 16 മിനിറ്റില്‍ സാമ്പിള്‍ എത്തിച്ചത്.
ചികിത്സാ രംഗത്ത് ഡ്രോണ്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഐസിഎംആര്‍ ട്രയല്‍ റണ്‍ നടത്തിയത്. കാര്‍ക്കളയിലെ ഡോ.ടി.എം.എ പൈ ഹോസ്പിറ്റലിലെ രോഗിയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇന്‍ട്രാ ഓപ്പറേറ്റീവ് സര്‍ജിക്കല്‍ ബയോസ്പെസിമന്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ലാബിലേക്ക് എത്തിക്കുകയായിരുന്നു.
by liji HP News | Apr 10, 2024 | Latest News, ദേശീയ വാർത്ത
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനായി കൈകോർത്ത് നാട്. റഹീമിന് മുന്നിലുള്ളത് വെറും 6 നാൾ മാത്രമാണ്. ഇതിനോടകം റഹീമിനമായി 13 കോടി രൂപ സ്വരൂപിച്ചിട്ടുണ്ട്. ഇനി വേണ്ടത് 21 കോടി രൂപയാണ്. ഏപ്രിൽ 16ന് അകം 34 കോടി രൂപയാണ് റഹീമിനായി നൽകേണ്ടത്. ഭീമമായ ഈ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അബ്ദുറഹീമിന്റെ കുടുംബവും നാട്ടുകാരും.
മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമ. മോചന തുകയിൽ 10 ശതമാനം പോലും ഇതുവരെ സ്വരൂപിക്കാൻ സാധിച്ചിട്ടില്ല. നാട്ടുകാർ ഒത്തുചേർന്ന് കൂടുതൽ പണം കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും അതും മതിയാവില്ല. സുമനസ്സുകളുടെ സഹായം ലഭിച്ചാൽ മാത്രമെ അബ്ദുറഹീമിന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകൂ.
അപ്പീൽ കോടതിയിൽ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാൽ നഷ്ടപരിഹാരമായി നൽകിയാൽ മാപ്പ് നാൽകാമെന്ന് സൗദി കുടുംബം റിയാദിലെ സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് വെങ്ങാട്ടിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുറഹീമിനെ രക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും കടന്നത്.
by liji HP News | Apr 10, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ന് ഓണ്‍ലൈന്‍ ബാങ്കിങ് ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. സുരക്ഷിതമായി ഓണ്‍ലൈന്‍ ബാങ്കിങ് നിര്‍വഹിച്ചില്ലായെങ്കില്‍ ഹാക്കര്‍മാര്‍ പണം തട്ടിയെടുത്തെന്ന് വരാം. പാസ് വേര്‍ഡും സ്വകാര്യ വിവരങ്ങളും അപരിചിതരുമായി പങ്കുവെയ്ക്കരുതെന്നും ശരിയായ ഉറവിടത്തില്‍ നിന്നല്ലാതെ ബാങ്കിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സ്ഥിരമായി പറയുന്ന കാര്യമാണ്. ഇക്കാര്യങ്ങള്‍ ഇടപാടുകാര്‍ ശ്രദ്ധിച്ച് തുടങ്ങിയതോടെ പണം തട്ടാന്‍ പുതുവഴികള്‍ തേടുകയാണ് ഹാക്കര്‍മാര്‍. ഇപ്പോള്‍ പുതിയ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി രംഗത്തുവന്നിരിക്കുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്.
1. ആവശ്യമില്ലാത്ത സമയത്ത് ഫോണില്‍ ബ്ലൂടൂത്ത് ഓഫ് ആണെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം ഫോണില്‍ നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാര്‍ക്ക് അത് അവസരമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു
2. ബാങ്കിങ് ആപ്പുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്. പലരും ഇത് ശ്രദ്ധിക്കാറില്ല. ലോഗ് ഔട്ട് ചെയ്യാതെ ആപ്പ് ക്ലോസ് ചെയ്യുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നു.
3. പബ്ലിക് വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ ഹാക്കര്‍മാരുടെ സ്വര്‍ഗമായാണ് കണക്കാക്കുന്നത്. എയര്‍പോര്‍ട്ട് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വൈ ഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഒരു കാരണവശാലും ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കരുത്. ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത എല്ലായ്‌പ്പോഴും ഓര്‍മ്മ വേണം.
4. ഓരോ ആപ്പിനും വ്യത്യസ്ത പിന്‍ നല്‍കുന്നതും സുരക്ഷയ്ക്ക് നല്ലതാണ്. എല്ലാത്തിനും ഒരു പിന്‍ തന്നെ നല്‍കുന്നത് ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ഓരോ ആപ്പിനും വ്യത്യസ്ത പിന്‍ നമ്പര്‍ നല്‍കാന്‍ ശീലിക്കുക.
5. ഫോണിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ബാങ്കിങ് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രം സര്‍വീസ് സെന്ററില്‍ നല്‍കുക. എല്ലായ്‌പ്പോഴും ഇത് എളുപ്പമാകണമെന്നില്ല. എങ്കിലും ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് ചെയ്യാന്‍ മറക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments