by liji HP News | Apr 2, 2024 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം.
ആബ്സെന്റി വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അംഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവിഡ് രോഗികൾ, രോഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം.

ആബ്സെന്റി വോട്ടർമാരിൽ ആദ്യ മൂന്ന് വിഭാഗക്കാർക്കു ബൂത്തുതല ഓഫീസർമാർ വഴി വീട്ടിലെത്തി വോട്ടു ചെയ്യാൻ അവസരം ഒരുക്കും. പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (ആകാശവാണി, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്), മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ എന്നിവയാണ് അവശ്യ സേവന വിഭാഗം.
by liji HP News | Apr 1, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു വർഷം അധിക കടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്രനടപടിയും കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293 ആം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി ഉയർത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്നും പൊതുകടത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിലും ഭരണഘടന വാദം കേൾക്കും. കൂടുതൽ കടമെടുക്കാനുള്ള ഇടക്കാല ഉത്തരവും കേരളം തേടിയിരുന്നു. എന്നാൽ കോടതി ഇടപെടൽ വഴി കൂടുതൽ സഹായം കേരളത്തിന് ഇതിനകം കിട്ടിയെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
13,600 കോടി രൂപ കേരളത്തിന് നൽകാൻ കേന്ദ്രം തയ്യാറായി. 5000 കോടി കൂടി നൽകാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വർഷം നൽകുന്ന അധിക തുക അടുത്ത വർഷം വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടെന്ന കേന്ദ്രവാദവും കോടതി അംഗീകരിച്ചു. പ്രധാന ഹർജി ഭരണഘടന ബഞ്ചിന് വിട്ടത് ആശ്വാസമെന്ന് കരുതാമെങ്കിലും, തൽക്കാലം കൂടുതൽ കടമെടുക്കാനുള്ള കേരളത്തിൻ്റെ നീക്കത്തിന് ഉത്തരവ് തിരിച്ചടിയായി. മാത്രമല്ല ഭരണഘടന ബഞ്ചിൻ്റെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും.

by liji HP News | Apr 1, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ). വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്.
പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കോവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800ലധികം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുക. അമോക്സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫ്ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്.
മരുന്ന് വില കഴിഞ്ഞ വര്‍ഷം 12 ശതമാനവും 2022ല്‍ 10 ശതമാനവും വര്‍ധിപ്പിച്ചിരുന്നു. 2022-ലെ 2023-ലെ കലണ്ടര്‍ വര്‍ഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും പുതിയ വില വര്‍ധന. 2024 മാര്‍ച്ച് 27 ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എംആര്‍പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

by liji HP News | Mar 29, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ ഇപ്പോള്‍ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും നാളെ അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.മറ്റാരും പബ്ബിനുള്ളില്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. മരിച്ച മൂന്നാമത്തെയാള്‍ ആരെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിവരികയാണ്.
by liji HP News | Mar 28, 2024 | Latest News, ദേശീയ വാർത്ത
ഇനി കണ്ടാൽ കണ്ണു കുഴയുന്ന ഡോക്ടറർമാരുടെ കുറിപ്പടികളിലെ കയ്യക്ഷരം സാധാരണക്കാർക്കും നിസാരമായി മനസ്സിലാക്കാം. അതിന് സഹായിക്കുന്ന എഐ ടൂൾ ഇപ്പോൾ തയ്യാറായി കഴിഞ്ഞു. എൻവൈയു ലാംഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഡോക്ടർമാരുടെ മെഡിക്കൽ ഭാഷയുടെ കുരുക്കഴിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് ചാറ്റ് ജിപിടിയുടെ ജിപിടി-4 ആണ്.
ആദ്യ ഘട്ട പരിക്ഷണത്തിൽ രോഗികളുടെ ഡിസ്ചാർജ് നോട്ടുകളിലെ വിവരങ്ങൾ രോഗികൾക്ക് എളുപ്പം മനസ്സിലാക്കുന്ന സാധാരണ ഭാഷയിലേക്ക് ചാറ്റ് ബോട്ടിന് മാറ്റാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ജനറേറ്റീവ് നിര്‍മ്മിത ബുദ്ധിയിലൂടെ ഇത്തരം നോട്ടുകളുടെ വായന നിലവാരം പതിനൊന്നാം ഗ്രേഡിന്റെ തോതില്‍ നിന്ന് ആറാം ഗ്രേഡിലേക്ക് താഴ്‌ത്താന്‍ സാധിച്ചെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പരിഭാഷകളിലെ കൃത്യത മനസിലാക്കാൻ ഡോക്ടർമാരെ കൊണ്ടും വിലയിരുത്തി. എഐ ഉപയോഗിച്ച് സാധാരണക്കാരുടെ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്‌ത 54 ശതമാനം ഡിസ്‌ചാര്‍ജ് നോട്ടുകള്‍ക്കും ഏറ്റവും മികച്ച കൃത്യത റേറ്റിങ്ങാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന നോട്ടുകളുടെ വ്യക്തതയെ സംബന്ധിച്ച് രോഗികളുടെ അഭിപ്രായം കൂടി തേടണമെന്നും അതിനായി പൈലറ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചതായും ഗവേഷകർ അറിയിച്ചു.
by liji HP News | Mar 28, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അരവിന്ദ് കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാന്‍ ചട്ടമില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതില്‍ ജുഡീഷ്യല്‍ ഇടപെടലിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ജസ്റ്റിസ് മന്‍മോഹന്‍ ചോദിച്ചു. വിഷയം ലഫ്റ്റനന്റ് ഗവര്‍ണര്‍ പരിശോധിച്ചു വരികയാണെന്ന് മാധ്യമങ്ങളില്‍ കണ്ടു. അത് മറ്റൊരു തരത്തിലുള്ള നടപടിക്രമമാണ്.

വിഷയത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയുമാണ് തീരുമാനമെടുക്കേണ്ടത്. എക്‌സിക്യൂട്ടീവ് തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണ്. ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമില്ല. അതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവ് ആണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക അഴിമതി കേസില്‍ അറസ്റ്റിലായ കെജരിവാളിനെ മുഖ്യമന്ത്രി പോലുള്ള പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Recent Comments