ഈസ്റ്റര്‍ ദിനത്തില്‍ ഈ ബാങ്കുകള്‍ പ്രവര്‍ത്തിക്കും; കാരണമിത്

ഈസ്റ്റര്‍ ദിനത്തില്‍ ഈ ബാങ്കുകള്‍ പ്രവര്‍ത്തിക്കും; കാരണമിത്

മുംബൈ: സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളോടും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയായതിനാലാണ് ഈ തീരുമാനം. ഇത്തവണ ഈസ്റ്റര്‍ വരുന്നതും മാര്‍ച്ച് 31നാണ്.

‘സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും മാര്‍ച്ച് 31ന് തുറന്നു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണിത്’- റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 31ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന കാര്യം ഇടപാടുകാര്‍ അറിയുന്നതിന് വേണ്ട ക്രമീകരണങ്ങളും ബാങ്കുകള്‍ നടത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. നികുതി ശേഖരണം, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഏജന്‍സി ബാങ്കുകള്‍ നിര്‍വഹിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍. ആക്‌സിസ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍.

മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റഷ്യയുടെ അന്വേഷണ സംഘം അറിയിച്ചു. ഐഎസ് ഖൊറാസന്‍(ഐഎസ്-കെ വിഭാഗം) ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ 107 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്. കാറില്‍ സഞ്ചരിച്ച രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടിയെന്നും റഷ്യന്‍ അന്വേഷണ സംഘം വ്യക്തമാക്കി. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കസ്റ്റഡിയിലാണെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവര്‍ കാടിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടുവെന്നും അന്വേഷണ സംഘം പറയുന്നു. ബ്രയാന്‍സ്‌കില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്.

പരിക്ക് പറ്റിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടുന്ന സഹായം നല്‍കുമെന്നും റഷ്യന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ റഷ്യയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ അസാധാരണ നീക്കം.

നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് പരിഗണനയ്ക്കായി ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ടിരുന്നത്. ഇതില്‍ ലോകായുക്ത ബില്ലിന് അനുമതി നല്‍കിയ രാഷ്ട്രപതി മറ്റു ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ ബില്ലുകളില്‍ അനുമതി ലഭിച്ചിട്ടില്ലെന്നും വിത്‌ഹെല്‍ഡ് എന്ന് അറിയിച്ചതായും ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

നിയമസഭ പാസാക്കി, ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ബില്ലുകളില്‍ എത്ര സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം എന്നാണ് ഇക്കാര്യത്തില്‍ ഭരണഘടനയിലെ വ്യവസ്ഥ. ഇതില്‍ വ്യക്തത വരുത്തണമെന്നാണ് കേരളം നല്‍കിയ റിട്ട് ഹര്‍ജിയിലെ ആവശ്യം.

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കെതിരെ നേരത്തെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ സര്‍ക്കാരിന് അനുകൂല വിധിയുണ്ടാകുമെന്ന ഘട്ടത്തില്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു ഗവര്‍ണര്‍. ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കുന്നത് ഉള്‍പ്പെടെയുള്ള ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതി കാത്തു കിടക്കുന്നത്.

മോദി മൂത്ത സഹോദരനെപ്പോലെ; ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രിക്ക്

മോദി മൂത്ത സഹോദരനെപ്പോലെ; ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രിക്ക്

തിംഫു: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ സമ്മാനിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കില്‍ നിന്ന് മോദി ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യ ഭൂട്ടാന്‍ ബന്ധത്തിന്റെ വളര്‍ച്ചയ്ക്കുവഹിച്ച പങ്കും ഭൂട്ടാന്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കും നല്‍കിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ബഹുമതി.

ഭൂട്ടാനിലെ പാരോ എയര്‍പോര്‍ട്ടില്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ നരേന്ദ്രമോദിയ്ക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി പിന്നീട് എക്‌സില്‍ കുറിച്ചു. എന്റെ മൂത്ത സഹോദരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭൂട്ടാനിലേക്ക് സ്വാഗതം’ എന്നാണ് ടോബ്‌ഗേ എക്‌സില്‍ കുറിച്ചത്. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഭൂട്ടാന്‍ സന്ദര്‍ശനത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരുന്നു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂട്ടാന്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഇന്ത്യഭൂട്ടാന്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഭൂട്ടാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചിരുന്നു.

കെജരിവാൾ മുഖ്യസൂത്രധാരൻ; വാട്സ് ആപ്പ് ചാറ്റുകൾ അടക്കം തെളിവ്; 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി

കെജരിവാൾ മുഖ്യസൂത്രധാരൻ; വാട്സ് ആപ്പ് ചാറ്റുകൾ അടക്കം തെളിവ്; 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജരിവാള്‍ ആണെന്ന് ഇഡി കോടതിയില്‍. മദ്യനയത്തില്‍ ഗൂഢാലോചന നടത്തിയത് കെജരിവാളാണ്. നയരൂപീകരണത്തില്‍ കെജരിവാളിന് നേരിട്ട് പങ്കുണ്ട്. കെജരിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും കോഴ ചോദിച്ചുവാങ്ങി. പണം പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചുവെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു.

ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 45 കോടി ഉപയോഗിച്ചു. ഹവാല വഴിയും പണം എത്തിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഗോവയിലേക്കുമാണ് പണം എത്തിച്ചത്. 100 കോടിയുടെ കോഴ ഇടപാടു വഴി, സൗത്ത് ഗ്രൂപ്പിന് 600 കോടിയാണ് ലാഭമുണ്ടായത്. കോഴ ഇടപാടില്‍ ഇടനിലക്കാരനായത് മലയാളിയായ വിജയ് നായരാണ്. വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായുണ്ട് എന്നും ഇഡി കോടതിയെ അറിയിച്ചു.

കേസില്‍ അറസ്റ്റിലായ കെജരിവാളിനെ പത്തു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇഡി കെജരിവാളിനെ ഡല്‍ഹി റോസ് അവന്യൂ കോടതിയിലെത്തിച്ചത്. കെജരിവാളിന്റെ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നും ഇഡി കോടതിയെ അറിയിച്ചു. കെജരിവാളിനായി മനു അഭിഷേക് സിങ്‌വിയാണ് കോടതിയില്‍ ഹാജരായി.

കെജരിവാളിനെ ഹാജരാക്കുന്നത് കണക്കിലെടുത്ത് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ കെജരിവാളിനെ കേസില്‍ നേരത്തെ അറസ്റ്റിലായ കെ കവിതയുടെ ഒപ്പമിരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിതയില്‍ നിന്നാണ് മദ്യവ്യവസായികള്‍ നല്‍കിയ 100 കോടി എഎപി നേതാക്കള്‍ കൈപ്പറ്റിയതെന്നാണ് ഇഡി ആരോപിക്കുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ശനിയാഴ്ചയാണ് തിരിച്ചെത്തുക. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം.

വ്യാഴാഴ്ച ഭൂട്ടാനിലേക്ക് യാത്ര പുറപ്പെടാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളില്‍ താന്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.