by liji HP News | Mar 22, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: മരിച്ച പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സ്വകാര്യ കമ്പനി എച്ച് ആര്‍ മാനേജര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാന്ദ്ര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഖേര്‍വാദി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പൊലീസ് പറയുന്നതനുസരിച്ച് മുത്തശിക്കും ഇളയ സഹോദരുമൊപ്പം താമസിക്കുന്ന യുവതി വീട്ടുജോലി ചെയ്താണ് കുടുംബം നോക്കുന്നത്. യുവതിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരാണ്. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോള്‍ 2015 ലാണ് പിതാവ് മരിക്കുന്നത്.
പിതാവിന്റെ പിഎഫ് ലഭിക്കാനായി മൂന്ന് തവണ അപേക്ഷ സമര്‍പ്പിച്ചെങ്കിലും തുക അനുവദിച്ച് കിട്ടിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. തുക ലഭിക്കാതെ വന്നപ്പോള്‍ കമ്പനിയുടെ എച്ച്ആര്‍ മാനേജരെ സമീപിക്കുകയായിരുന്നുവെന്നും എന്നാല്‍ തുക പിന്‍വലിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയാറാകണമെന്ന് മാനേജര്‍ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് വിശമായ അന്വേഷണം ആരംഭിച്ചു.
by liji HP News | Mar 22, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി വഴങ്ങിയത്. തീരുമാനം ഗവര്‍ണര്‍ അറ്റോർണി ജനറല്‍ മുഖേന കോടതിയെ അറിയിച്ചു.
പൊന്മുടിയെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊന്മുടി കുറ്റക്കാരനെന്ന വിധി കോടതി സ്‌റ്റേ ചെയ്തതാണ്. ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർഎൻ രവി തള്ളിയത്.
by liji HP News | Mar 22, 2024 | Latest News, ദേശീയ വാർത്ത
ഇന്ന് ലോക ജല ദിനം. 1992 ഡിസംബറിൽ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച പ്രമേയമാണ് മാര്‍ച്ച് 22ന് ലോക ജലദിനമായി പ്രഖ്യാപിച്ചത്. സമാധാനത്തിനായി ജലത്തെ പ്രയോജനപ്പെടുത്തണം എന്നതാണ് ഈ വര്‍ഷത്തെ ലോക ജലാചരണത്തിന്റെ വിഷയം. ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് തന്നെ വെള്ളമാണ്. എന്നാല്‍ ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് ജനങ്ങള്‍ക്കും ഇന്ന് ശുദ്ധജലം കിട്ടാക്കനിയാണ്.
ചുട്ടുപഴുത്തു നില്‍ക്കുകയാണ് ഭൂമി. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞ വര്‍ഷം കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്. ഈ വർഷം അതിലും ഭീകരമായിരിക്കുമെന്നാണ് റിപ്പോർട്ട്. എല്‍നിനോയുടെ ആധിക്യമാണ് പ്രധാന കാരണമെങ്കിലും കാര്‍ബണ്‍ വാതകങ്ങളുടെ വര്‍ധനവും പ്രശ്‌നത്തിന്റെ തീവ്രത കൂട്ടുന്നുണ്ട്. മഴ കുറഞ്ഞതും കഠിനമായ വേനൽ ചൂടും കാരണം ജലാശയങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. പല പ്രദേശങ്ങളിലും കുടിവെള്ളമില്ലാതെ ജനം വലയുകയാണ്. 2030ൽ തുടങ്ങി 2050 വരെ ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭൂജല പ്രതിസന്ധി നേരിടുന്നത് ഇന്ത്യയിലാണെന്ന് ലോകബാങ്കും ലോക കാലാവസ്ഥാ ഓർഗനൈസേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൽസനിക്, ഇരുമ്പ് മറ്റ് രാസവസ്തുക്കൾ മൂലം ഭൂജലം മലിനപ്പെടുകയാണ്.
സ്വാഭാവിക ജലസ്രോതസ്സുകളും സംഭരണികളുമായ കാടുകൾ, കാവുകൾ, കുളങ്ങൾ, നദികൾ, എന്നിവ പരമാവധി നിലനിറുത്തേണ്ടതും പ്രധാനമാണ്. മഴക്കുറവും കഠിനമായ വേനലും കാരണം ബെംഗളൂരു നഗരം ഇന്ന് നേരിടുന്നത് കൊടിയ ജലക്ഷാമമാണ്. 1901-നുശേഷം ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായിരുന്നു 2023. അന്തരീക്ഷത്തിലെ ശരാശരി താപനിലയെക്കാൾ 0.97 ഡിഗ്രി സെൽഷ്യസാണ് വർധിച്ചത്.
by liji HP News | Mar 21, 2024 | Latest News, ദേശീയ വാർത്ത
സൂര്യനില്‍ നിന്നും ഭൂമിയെ മറച്ചു കൊണ്ട് ചന്ദ്രന്‍ പതിവിലും കൂടുതല്‍ ഭൂമിക്ക് അടുത്തു കൂടി കടന്നു പോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ആ സമയത്ത് സൂര്യന്റെ പ്രകാശം തടഞ്ഞ് ഭൂമിയുടെ ഉപരിതലത്തിലേക്ക് നിഴല്‍വീഴുകയും ചെയ്യും. ഈ പ്രതിഭാസം എപ്പോഴും സംഭവിക്കാറില്ല.
1970ല്‍ ഒഹായോയില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുന്‍ പേജ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ഇന്ന് കോടിക്കണക്കിന് ആളുകള്‍ സൂര്യഗ്രഹണം കാണുന്നു. ഇനി കാണുക 2024ല്‍’- എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. തലക്കെട്ടിനൊപ്പം സൂര്യഗ്രഹണത്തിന്‍റെ ആറ് ചിത്രങ്ങളും പേജിലുണ്ട്. 54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ 2024ല്‍ വരാനിരിക്കുന്ന സൂര്യഗ്രഹണത്തെ പ്രവചിക്കുന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലും കൗതുകമായി.
2024 ഏപ്രില്‍ എട്ടിനാണ് ആ ദിവസം. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം ദൃശ്യമാകാന്‍ സാധ്യതയുള്ള സൂര്യഗ്രഹം നാല് മിനിറ്റും 28 സെക്കറ്റുകളുമാണ് നീണ്ടു നില്‍ക്കുക.
പൂര്‍ണ സൂര്യഗ്രഹണം അപൂര്‍വമായാണ് സംഭവിക്കുന്നതെങ്കിലും വളരെ പെട്ടന്ന് തന്നെ മറ്റൊന്ന് കൂടി കാണാനുള്ള ഭാഗ്യമുണ്ട്. 2026 ഓഗസ്റ്റ് 12 ന് ഗ്രീൻലാൻഡ്, ഐസ്‌ലൻഡ്, അറ്റ്ലാന്‍റിക് സമുദ്രം എന്നിവിടങ്ങളില്‍ മറ്റൊരു സംമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ ആകുമെന്നാണ് പ്രവചനം.
എക്‌സിലൂടെ പങ്കുവെച്ച ഈ പഴയ പത്ര വാര്‍ത്ത വളരെ പെട്ടന്ന് തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി എത്തുന്നത്. ‘അന്ന് ഈ പത്രവാര്‍ത്ത വാർത്ത വായിച്ച ആളുകള്‍ ഒരുപക്ഷേ 2024ല്‍ ലോകം ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുണ്ടാവാം’ എന്നായിരുന്നു- ഒരാളുടെ കമന്റ്. ‘ശാസ്ത്രവും ചരിത്രവും ഒരൊറ്റ പത്ര പേജിൽ’- എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ‘അന്ന് പ്രവചിച്ച ദിനം നമ്മള്‍ കാണാന്‍ പോകുന്നു’ എന്നും കമന്റുകളുണ്ടായിരുന്നു.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ലാക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്.
3,70,933 യുവ വോട്ടര്‍മാരും 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്. മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ലഭിക്കും. വോട്ടെടുപ്പിനായി 25,177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകള്‍ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടാകും.
സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകള്‍, യുവാക്കള്‍ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകള്‍, ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകള്‍, 2,776 മാതൃക ബൂത്തുകള്‍ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലകളില്‍ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളില്‍ ഇതില്‍ നടപടി ഉണ്ടാകും. സുവിധ, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, സക്ഷം, നോ യുവര്‍ കാന്‍ഡിഡേറ്റ് മൊബൈല്‍ ആപ്പ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും.
വോട്ടെടുപ്പ് ദിവസം ബൂത്തുകളില്‍ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാര്‍ഡുകള്‍ പ്രിന്റിങ്ങിന് അയച്ചു. ഇതില്‍ 17,25,176 കാര്‍ഡുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കി. ഇവ വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു . ഈ മാസം അവസാനത്തോടുകൂടി വിതരണം പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചും വോട്ട് ചെയ്യാനാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാദ്ഗാനങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കും. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കും. ഗവര്‍ണര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്ന് പരിരക്ഷ നല്‍കുന്ന നിയമം ഭേദഗതി ചെയ്യും. പൗരത്വ നിയമം, ഏകീകൃത സിവില്‍കോഡ് എന്നിവ നടപ്പാക്കില്ല. തിരുക്കുറല്‍ ദേശീയ പുസ്തകമാക്കും.പാചകവാതകം 500 രൂപയ്ക്ക് നല്‍കും. പെട്രോള്‍ വില 75 രൂപയും, ഡീസല്‍വില 65 രൂപയുമാക്കും. ദേശീയ പാതകളിലെ ടോള്‍ഗേറ്റുകളെല്ലാം ഒഴിവാക്കും. പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും. സുപ്രീംകോടതിയുടെ ബ്രാഞ്ച് ചെന്നൈയില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യും. പ്രഭാതഭക്ഷണ പരിപാടി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കും.
ഗവര്‍ണര്‍മാരെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന നിബന്ധന കൊണ്ടുവരും. ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഡിഎംകെ ആസ്ഥാനത്ത് കനിമൊഴി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയത്. ഇതോടൊപ്പം ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചു.
Recent Comments