by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ഹെല്‍സിങ്കി: 2024ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്. യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായത്. സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ 126-ാം സ്ഥാനത്താണ്.
ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വീഡന്‍ എന്നിവയാണ് രണ്ട്, മൂന്ന്, നാലു സ്ഥാനങ്ങളില്‍. പട്ടികയിലെ ആദ്യ പത്തു സ്ഥാനവും നോര്‍ഡിക് രാജ്യങ്ങള്‍ നിലനിര്‍ത്തി. 2020-ല്‍ താലിബാന്‍ നിയന്ത്രണം വീണ്ടെടുത്തതുമുതല്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റവും താഴെയാണ്. 143 രാജ്യങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഒരു ദശാബ്ദക്കാലത്തിലേറെയായി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം ഇതുവരെ അമേരിക്കയും ജര്‍മ്മനിയും ഏറ്റവും സന്തോഷമുള്ള 20 രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല. അമേരിക്ക ഇത്തവണ 23 ഉം ജര്‍മനി 24 ഉം സ്ഥാനത്താണ്.
കോസ്റ്റാറിക്കയും കുവൈത്തും യഥാക്രമം 12, 13 സ്ഥാനങ്ങളിലുണ്ട്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളൊന്നും ഉള്‍പ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതി എന്നിവയെക്കുറിച്ച് വ്യക്തികളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് കണക്കാക്കുന്നത്. പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധവും ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലനവുമാണ് ഫിന്‍ലാന്‍ഡിലെ ജീവിത സംതൃപ്തിയുടെ പ്രധാന ഘടകങ്ങള്‍. മികച്ച സാമൂഹിക ചുറ്റുപാട്, അധികാരികളിലുള്ള വിശ്വാസം, കുറഞ്ഞ അഴിമതി, സൗജന്യ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയും ഫിന്‍ലന്‍ഡിനെ ഒന്നാമതെത്തുന്നതില്‍ സഹായിച്ചു. യൂറോപ്പ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും സന്തോഷ അസമത്വം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
by liji HP News | Mar 20, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഇറങ്ങി. ഏപ്രില്‍ 19നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.
17 സംസ്ഥാനങ്ങളിലും നാലു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 ലോക്‌സഭ സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളും രാജസ്ഥാനിലെ 12 സീറ്റുകളും ഉത്തര്‍പ്രദേശിലെ എട്ടു സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര അഞ്ചുസീറ്റുകള്‍ വീതം, ബിഹാര്‍ 4, പശ്ചിമ ബംഗാള്‍ 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ നടക്കുന്ന വോട്ടെടുപ്പ്. മാര്‍ച്ച് 27 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. മാര്‍ച്ച് 28നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30.
by Midhun HP News | Mar 19, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘മോദിയുടെ ഗ്യാരണ്ടി’ മുദ്രാവാക്യം പാഴാകും. 2004 ലെ സാഹചര്യം ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് അംഗീകാരം കൊടുക്കാന്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായിട്ടാണ് 2004 ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം നിലനിര്‍ത്താനായി തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേഫലമാകും ഇത്തവണ ബിജെപിയെ കാത്തിരിക്കുന്നത്. ഇന്ത്യ മാറ്റം തേടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വീടുകളിലും എത്തിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രകടന പത്രികയിലെ നിര്‍ദേശങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും കഴിയുന്നത്ര പ്രചാരം നല്‍കണം. പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അധികാരം ലഭിച്ചാല്‍ നടപ്പാക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉറപ്പു നല്‍കി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രഖ്യാപിച്ച അഞ്ച് ന്യായ് പദ്ധതികള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ ഹൈലൈറ്റ് എന്നാണ് സൂചന. പ്രകടനപത്രികയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രകടനപത്രിക ഇന്നോ നാളെയോ കോണ്‍ഗ്രസ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം ഇന്നു വൈകീട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത ഇന്നത്തെ യോഗത്തോടെ അവസാനിച്ചേക്കും. റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി താല്‍പ്പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
by liji HP News | Mar 16, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന്റെയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും തീയതികള്‍ പ്രഖ്യാപിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ വാര്‍ത്താ സമ്മേളനം തുടങ്ങി. തെരഞ്ഞെടുപ്പു നടത്തുന്നതിന് കമ്മിഷന്‍ പൂര്‍ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
പതിനാറാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കുകയാണ്. ആന്ധ്ര, ഒഡിഷ, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളുടെ കാലാവധി ജൂണ്‍ 24നും അവസാനിക്കും. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പും നടത്താനുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ പറഞ്ഞു.
by liji HP News | Mar 16, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ആരോഗ്യനില മോശമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബച്ചന്‍ ആശുപത്രിയിലാണെന്നും കാലിലെ രക്തക്കുഴലുകളിലെ തടസം നീക്കുന്നതിനായി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്.
വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബച്ചന്‍ ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം വീക്ഷിക്കാനായി മുബൈയിലെ സ്റ്റേഡിയത്തിലേക്കെത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ആരാധകന്‍ താരത്തോട് ആരോഗ്യ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ബച്ചന്‍ ‘വ്യാജ വാര്‍ത്ത’ എന്ന് മറുപടി നല്‍കുന്നതായാണ് വിഡിയോയില്‍ കാണാനാവുന്നത്. മകന്‍ അഭിഷേക് ബച്ചന്റെ കൂടെയാണ് അമിതാബ് ബച്ചന്‍ മത്സരം കാണാനെത്തിയത്.
by liji HP News | Mar 16, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യാസീന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള ജെകെഎല്‍എഫിനെയും കശ്മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിനെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിവരം ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ കടുത്ത നിയമ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക വിജ്ഞാപനത്തില്‍ ജെ-കെ പീപ്പിള്‍സ് ലീഗിന്റെ നാല് വിഭാഗങ്ങളെയും നിരോധിച്ചു. ജെകെപിഎല്‍ (മുക്താര്‍ അഹമ്മദ് വാസ), ജെകെപിഎല്‍ (ബഷീര്‍ അഹമ്മദ് ടോട്ട), ജെകെപിഎല്‍ (ഗുലാം മുഹമ്മദ് ഖാന്‍), യാക്കൂബ് ഷെയ്ഖ് നയിക്കുന്ന ജെകെപിഎല്‍ (അസീസ് ഷെയ്ഖ്) എന്നിവയെയും നിരോധിച്ചു.
Recent Comments