by Midhun HP News | Mar 13, 2024 | Latest News, ദേശീയ വാർത്ത
ടോക്കിയോ: ജപ്പാന്റെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ റോക്കറ്റ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. കയ്‌റോസ് എന്ന റോക്കറ്റ് ആണ് മധ്യ ജപ്പാനിലെ പര്‍വത പ്രദേശമായ വകയാമ പ്രിഫെക്ചറില്‍ വച്ച് പൊട്ടിത്തെറിച്ചത്.റോക്കറ്റ് വിക്ഷേപണം നടത്തിയ ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വലിയ മരങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. റോക്കറ്റ് പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്രദേശത്ത് തീപടരുകയും കനത്ത പുക ഉയരുകയും ചെയ്തിരുന്നു. വെള്ളം പമ്പുചെയ്ത് മേഖലയിലെ തീയണയ്ക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോക്കറ്റിന്റെ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു.
അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിക്ഷേപണം വിജയിച്ചിരുന്നെങ്കില്‍ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പേസ് വണ്‍ മാറുമായിരുന്നു. നാഷണല്‍ സ്‌പേസ് ഡെവലപ്‌മെന്റ് ഏജന്‍സി (എന്‍എഎസ്ഡിഎ) എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ജപ്പാനിലെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങള്‍ നിയന്ത്രിക്കുന്നത്. യുഎസിന്റെ നാസയ്ക്ക് സമാനമാണ് ജപ്പാന്റെ എന്‍എഎസ്ഡിഎ. കാനല്‍ ഇലക്‌ട്രോണിക്‌സ്, ഐഎച്ച്‌ഐ, ഷിമിസു, നിരവധി ബാങ്കുകള്‍ എന്നിവയടക്കമുള്ള ജാപ്പനീസ് കമ്പനികളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ചാണ് 2018ല്‍ ടോക്കിയോ ആസ്ഥാനമാക്കി സ്‌പേസ് വണ്‍ സ്ഥാപിച്ചത്.
by Midhun HP News | Mar 13, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
ഡിജിറ്റല്‍ രൂപത്തിലാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സന്ദര്‍ശം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. എസ്ബിഐ വിവരങ്ങള്‍ സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിലൂടെ അറിയിച്ചിരുന്നു.
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഈ മാസം 15 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇല്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനാല്‍ തന്നെ എസ്ബിഐ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചിനുള്ളില്‍ പ്രസീദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. സുപ്രീം കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തും.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ഗാന്ധിനഗർ: പോർബന്തർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും എൻസിബിയും നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ലഹരിക്കടത്ത് കണ്ടെത്തിയത്. ആറ് പാക്കിസ്ഥാൻ സ്വദേശികളെ പിടികൂടി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോട്ടുമാര്‍ഗം കടത്താൻ ശ്രമിച്ച 1000 കോടിരൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ബംഗളുരു: കര്‍ണാടകയിലെ ഹാവേരിയിലെ ബ്യാഡഗിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം. മുളകിന്റെ വില തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് വന്‍തോതില്‍ സംഘര്‍ഷം ഉണ്ടായത്. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ഒരു ഡിവൈഎസ്പി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഞായറാഴ്ച വരെ ക്വിന്റലിന് 25,000 രൂപവരെ വിലയുണ്ടായിരുന്ന മുളകിന് തിങ്കളാഴ്ചയോടെ പന്ത്രണ്ടായിരം രൂപയായി ഇടിഞ്ഞതാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ കഴിഞ്ഞാല്‍ വന്‍ തോതില്‍ മുളക് വ്യാപാരം നടക്കുന്ന സ്ഥലമാണ് ഹാവേരിയിലെ ബ്യാഡഗി. വന്‍ തോതില്‍ വിലയിടിവ് ഉണ്ടായിട്ടില്ലെന്ന് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അധികൃതര്‍ പറയുന്നത്. കിംവദന്തിയുടെ അടിസ്ഥാനത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം ഉണ്ടായതെന്നാണ് ഇവര്‍ പറയുന്നത്.
കര്‍ഷകരുടെ പ്രതിഷേധത്തില്‍ നിരവധി പൊലീസിനും എപിഎംസി ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. എപിഎംസി ഓഫീസ് അടിച്ചുതകര്‍ത്തു. രണ്ടുപൊലീസ് വാഹനങ്ങള്‍ കത്തിച്ചു. അക്രമം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എപിഎംസി ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലുള്ള ആശയക്കുഴപ്പമാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ലക്ഷം ക്വിന്റല്‍ മുളക് കെട്ടിക്കിടക്കുന്നതായി എപിഎംസി അധികൃതര്‍ പറയുന്നത്. ഇത്തവണ വന്‍തോതില്‍ ഉത്പാദനം ഉണ്ടായതും വില കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. രാവിലെയാണ് അപകടം.
ബസ് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബസ് ചെറുതായി ലോറിയില്‍ തട്ടിയതോടെ പെട്ടെന്ന് വെട്ടിച്ചു. ഇതിനിടെ ഫുട്‌ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു.
പിന്നാലെയെത്തിയ ലോറി ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു വെച്ചും രഞ്ജിത് എന്ന കുട്ടി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ടെല്‍അവീവ്: ഗാസയില്‍ റംസാന്‍ വ്രതാരംഭം തുടങ്ങിയ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. വ്രതാരംഭത്തോടനുബന്ധിച്ച് താല്‍ക്കാലിക വെടിനിര്‍ത്തലിനായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അമേരിക്കയും ഖത്തറും ഈജിപ്തും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ വിഫലമാവുകയാണുണ്ടായത്.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 67 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രികളിലെത്തിച്ചതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം പലസ്തീനികളുടെ മരണസംഖ്യ 31,112 ആയി ഉയര്‍ന്നു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടികളുമുണ്ട്.
Recent Comments