വായ്പാ പരിധി: കേരളത്തിന് ആശ്വാസം, രക്ഷാപാക്കേജ് അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

വായ്പാ പരിധി: കേരളത്തിന് ആശ്വാസം, രക്ഷാപാക്കേജ് അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് പ്രത്യേക രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി. പത്തു ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാനാണ് നിര്‍ദേശം. വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. പാക്കേജില്‍ നാളെ വിവരം അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചു കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ കേരളം ചോദിച്ചത് ബെയ്ല്‍ ഔട്ട് ആണെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ഏപ്രില്‍ ഒന്നിന് 5000 കോടി അനുവദിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അപ്പോൾ അടുത്ത പത്തു ദിവസത്തേക്ക് പ്രത്യേക പാക്കേജ് ആയി തുക അനുവദിക്കുന്നതിൽ തീരുമാനമെടുക്കണം. കഴിവതും ഒറ്റത്തവണ പാക്കേജായി പരി​ഗണിക്കണം. ഇക്കാര്യത്തിൽ നാളെ രാവിലെ 10.30 ന് മറുപടി അറിയിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കുന്നതില്‍ തെറ്റ് എന്താണ്?. അടുത്ത സാമ്പത്തിക വര്‍ഷം വേണമെങ്കില്‍ കടുത്ത വ്യവസ്ഥകള്‍ വെച്ചുകൊള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 19,531 കോടി ചോദിച്ചപ്പോല്‍ നല്‍കാനാവില്ലെന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും കേരളം ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന്‍ അറിയിച്ചു. പരമാവധി ചെയ്തിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച 13,608 കോടി രൂപ റിലീസ് ചെയ്യുന്നതിന്റെ ഘട്ടത്തിലാണെന്നും കേന്ദ്രം അറിയിച്ചു. ഈ സമയത്താണ് കുറച്ചുകൂടി വിശാലമായി ഈ വിഷയത്തെ കണ്ടുകൂടേയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചത്.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി പത്തു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഈ പത്തു ദിവസത്തേക്ക് കേരളം അഡ്ജസ്റ്റ് ചെയ്യണമെന്നും, അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍, ഉടന്‍ തന്നെ 5000 കോടി അനുവദിക്കാമെന്നും അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ കാര്യമാണ് നമ്മള്‍ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും, ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒരു അടിയന്തര രക്ഷാ പാക്കേജ് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.

ജോലി ഭിക്ഷാടനം, താമസം കോടികള്‍ വിലമതിക്കുന്ന ഫ്‌ലാറ്റില്‍, ഭാരത് ജെയിനിന്റെ ആസ്തി ഏഴരക്കോടി

ജോലി ഭിക്ഷാടനം, താമസം കോടികള്‍ വിലമതിക്കുന്ന ഫ്‌ലാറ്റില്‍, ഭാരത് ജെയിനിന്റെ ആസ്തി ഏഴരക്കോടി

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്ന 54-കാരന് ഏഴരക്കോടിയാണ് ആസ്തി. ഞായറാഴ്ചകളില്‍ പോലും അവധില്ലാതെ, രാവിലെമുതല്‍ രാത്രിവരെ ദിവസവും പത്തുമുതല്‍ 12 മണിക്കൂര്‍വരെ ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഭാരത് ജെയിന്‍ ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമൊപ്പമാണ് താമസിക്കുന്നത്.

ദക്ഷിണ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്‌ലാറ്റിലാണ് ഭാരത് ജെയിനും കുടുംബവും താമസിക്കുന്നത്. ഒരു മാസത്തെ ഇദ്ദേഹത്തിന് ഭിക്ഷാടനത്തിലൂടെ 60,000 മുതല്‍ 75,000 രൂപ വരെയാണ് വരുമാനം ലഭിക്കുന്നത്. കൂടാതെ താനെയില്‍ വാങ്ങിയ രണ്ട് കടകളുടെ വാടകയായി മാസം 30,000 രൂപ വേറെയും ലഭിക്കുന്നുണ്ട്.

കിട്ടുന്ന പണത്തില്‍ ഒരു ഭാഗം ക്ഷേത്രങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും നല്‍കാറുണ്ടെന്നും ജെയിന്‍ പറയുന്നു. താമസ സ്ഥലത്തിന് അടുത്തുള്ള വന്‍തുക ഫീസ് ഈടാക്കുന്ന സ്‌കൂളിലാണ് ജെയിനിന്റെ മക്കള്‍ പഠിക്കുന്നത്. മക്കള്‍ വളര്‍ന്നപ്പോള്‍ ഈ ജോലി നിര്‍ത്താന്‍ പറഞ്ഞതായും എന്നാല്‍ കഴിയില്ലെന്നും ശീലമായി പോയെന്നും ഭാരത് ജെയിന്‍ പറഞ്ഞു.

അഗ്നി 5 മിസൈൽ – എംഐആര്‍വി സാങ്കേതിക വിദ്യ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഗ്നി 5 മിസൈൽ – എംഐആര്‍വി സാങ്കേതിക വിദ്യ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആണവായുധ പ്രഹര ശേഷിയുള്ള അഗ്നി 5 മിസൈൽ. മിഷൻ ദിവ്യാസ്ത്ര എന്ന പേരിലാണ് അഗ്നി 5 മിസൈലിന്റെ പുതിയ പരീക്ഷണം നടന്നത്.

എംഐആര്‍വി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരൊറ്റ മിസൈൽ ഒന്നിലധികം പ്രദേശങ്ങളിൽ ആക്രമിക്കാൻ സാധിക്കുന്നതായിരുന്നു പരീക്ഷണം. പദ്ധതിയുടെ ഡയറക്ടര്‍ ഒരു വനിതയായിരുന്നു. നിരവധി സ്ത്രീകളുടെ അക്ഷീണ പ്രവര്‍ത്തനം ഈ ആയുധം വികസിപ്പിച്ചതിന് പിന്നിലുണ്ട്. ഇതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി.

ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര മിസൈലാണ് അഗ്നി 5. ഇതിന് 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താനാവും. 17 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം 50 ടണ്ണാണ്. 2012 ലാണ് മിസൈൽ ആദ്യമായി പരീക്ഷിച്ച് വിജയിച്ചത്. ഇന്നത്തെ പരീക്ഷണത്തോടെ ഒറ്റ അഗ്നി 5 മിസൈലിന് ഒന്നിലധികം ഇടത്ത് ആക്രമണം നടത്താനുള്ള ശേഷിയായി. ഇന്ത്യയുടെ ആയുധ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ഈ ആയുധം ഇതോടെ കരുത്ത് കൂടുതൽ വര്‍ധിപ്പിച്ചു. ഇന്ത്യയുടെ സൈനിക ശേഷിക്കും ഈ പരീക്ഷണ വിജയം വലിയ കരുത്തായി മാറി.

വിജ്ഞാപനം പുറത്തിറക്കി അമിത് ഷാ, പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു

വിജ്ഞാപനം പുറത്തിറക്കി അമിത് ഷാ, പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു

പൗരത്വ നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിജ്ഞാപനമിറക്കിയത്. 2019ലാണ് പാര്‍ലമെന്റില്‍ സിഎഎ പാസാക്കിയത്. അഭയാര്‍ത്ഥികളായ ആറ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം.

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2019ല്‍ ബില്‍ പാസാക്കിയപ്പോള്‍ വലിയരീതിയിലുള്ള പ്രതിഷേധമാണ് രാജ്യവ്യാപകമായി അരങ്ങേറിയത്. പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളും പ്രതിരോധമുയര്‍ത്തിയിരുന്നു. നൂറ് കണക്കിനാളുകളാണ് രാജ്യത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. സിഎഎ വിജ്ഞാപനം ചെയ്തതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടെ ഇത് ഉയര്‍ത്തിക്കൊണ്ട് വരാനാകും ബിജെപിയുടെ നീക്കം.

ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ തെന്നിവീണ് ലിസ കോശി; എഴുന്നേറ്റ് വന്ന് വീണ്ടും പോസ് ചെയ്ത് നടി

ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ തെന്നിവീണ് ലിസ കോശി; എഴുന്നേറ്റ് വന്ന് വീണ്ടും പോസ് ചെയ്ത് നടി

ഓസ്‌കര്‍ പുരസ്‌കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വിഡിയോ ആണ്. നടി ലിസ കോശിയാണ് റെഡ് കാര്‍പ്പറ്റില്‍ വീണത്. ചുവന്ന ഓഫ് ഷോള്‍ഡര്‍ മര്‍ചേസ ഗൗണ്‍ ആണ് ലിസ ധരിച്ചിരുന്നത്. ഹൈ ഹീല്‍സ് ആണ് താരം അണിഞ്ഞിരുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ താരം വീണ് പോവുകയായിരുന്നു. രണ്ടു പേരുടെ സഹായത്തോടെയാണ് താരം എഴുന്നേറ്റത്. എന്നാല്‍ വീഴ്ച ലിസ കോശിയെ തളര്‍ത്തിയില്ല. ചിരിയോടെ എഴുന്നേറ്റ് വന്ന താരം വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

എസ്ബിഐക്ക് അന്ത്യശാസനം; ഇലക്ടറല്‍ ബോണ്ടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

എസ്ബിഐക്ക് അന്ത്യശാസനം; ഇലക്ടറല്‍ ബോണ്ടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെത്തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറണമെന്ന് കോടതി വിധിച്ചു.

വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂണ്‍ 30 വരെ സമയം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ വൈകീട്ട് വിവരങ്ങള്‍ കൈമാറണം. 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടപ്പത്രത്തിലൂടെ ലഭിച്ച സംഭാവനകളുടെ കണക്കാണ് നല്‍കേണ്ടത്.

എസ്ബിഐയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തണം. നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ. അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു.

തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ചോദ്യമുന്നയിച്ചത്. വിവരങ്ങള്‍ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ചിലല്ലേ ഉള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ മറുപടി നല്‍കി.

മുതിർന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വെച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്നും ഇത് മുംബൈ മെയിന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നുമായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്.

വിവരങ്ങള്‍ സീല്‍ഡ് കവറില്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നത് അംഗീകരിക്കുന്നു. ആ സീല്‍ഡ് കവറുകള്‍ മുംബൈ ബ്രാഞ്ചിലല്ലേ ഉള്ളത്. ആ സീല്‍ഡ് കവര്‍ പൊട്ടിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് നിര്‍ദേശിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സാങ്കേതികത്വം പറഞ്ഞു നീട്ടിക്കൊണ്ടു പോകുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കായ എസ്ബിഐക്ക് ഇത്രയധികം സമയം വേണോയെന്നും കോടതി ചോദിച്ചിരുന്നു.