ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; സമിതി റിപ്പോര്‍ട്ടില്‍ പ്രധാനമായും 10 നിര്‍ദേശങ്ങള്‍, വിശദാംശങ്ങള്‍

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; സമിതി റിപ്പോര്‍ട്ടില്‍ പ്രധാനമായും 10 നിര്‍ദേശങ്ങള്‍, വിശദാംശങ്ങള്‍

ഡല്‍ഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാര്‍ശകള്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. ആദ്യ ചുവടുവയ്പ്പായി ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കണമെന്നാണു ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ ശുപാര്‍ശ. ഒറ്റതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനും സാമൂഹിക ഏകീകരണത്തിനും ജനാധിപത്യ അടിത്തറയെ ശക്തമാക്കാനും ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനും സഹായകമാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുമ്പോള്‍ വിഭവങ്ങളുടെ അനാവശ്യ ഉപയോഗം തടയാനും വികസനവേഗത്തിലെ തടസങ്ങള്‍ ഒഴിവാക്കാനും ജനാധിപത്യ അടിത്തറ ഉറച്ചതാക്കാനും കഴിയുമെന്ന് 18,000 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ 321 പേജുകളാണ് മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയത്.

പ്രധാനമായും പത്ത് നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിട്ടുള്ളത്.

എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് വരുന്നത് വികസനത്തെ ബാധിക്കും, ഒരേ ജോലികള്‍ ആവര്‍ത്തിക്കേണ്ടിവരുന്നു, വിഭവങ്ങളുടെ അനാവശ്യമായ ഉപയോഗത്തിനിടയാക്കുന്നു.

ആദ്യ ചുവടുവയ്പ്പായി ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുക. 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്തുക.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് എന്നായിരിക്കണമെന്നു രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.

ആദ്യ സിറ്റിങ് നടക്കുന്നത് നിയമന ദിനമായി പരിഗണിക്കണം.

തൂക്ക് സഭ, അവിശ്വാസപ്രമേയം തുടങ്ങി കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നിയമസഭകളോ ലോക്സഭയോ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാല്‍ അവശേഷിക്കുന്ന സമയത്തേക്ക് മാത്രം തെരഞ്ഞെടുപ്പ്.

സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പു നടത്താന്‍ അനുച്ഛേദം 324എ എന്നൊരു വകുപ്പ് കൂടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം.

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍ പട്ടികയും വേണം, ഇതിനും ഭരണഘടനാ ഭേദഗതി.

തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുമ്പോള്‍ അധികമായി വോട്ടിങ് യന്ത്രങ്ങള്‍ അടക്കം ക്രമീകരിക്കണം.

47 രാഷ്ട്രീയ കക്ഷികളാണ് രാംനാഥ് കോവിന്ദ് സമിതിക്കു മുന്നില്‍ അഭിപ്രായം അറിയിച്ചത്. 32 പാര്‍ട്ടികള്‍ ആശയത്തെ പിന്തുണച്ചു. കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി 15 പാര്‍ട്ടികള്‍ എതിര്‍ത്തു. ബിജെപിയും എന്‍ഡിഎയുടെ ഭാഗമായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും മാത്രമാണ് ഏകീകൃത തെരഞ്ഞെടുപ്പിനെ അനുകൂലിച്ച ദേശീയ പാര്‍ട്ടികള്‍.

‘നോമ്പെടുത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക’; സുരക്ഷാ മാർഗനിർദേശങ്ങളുമായി ഖത്തർ ട്രാഫിക്

‘നോമ്പെടുത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക’; സുരക്ഷാ മാർഗനിർദേശങ്ങളുമായി ഖത്തർ ട്രാഫിക്

ഖത്തറിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി റമദാൻ മാസത്തിൽ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള ജാഗ്രതയുടെയും ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യത്തെ കുറിച്ചും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ജാഗ്രത പാലിക്കുകയും അമിത വേഗത ഒഴിവാക്കുകയും ചെയ്യുക. വേഗ പരിധികൾ പാലിക്കുന്നതും നോമ്പ് കാരണം ഡ്രൈവിംഗ് രീതിയെ ബാധിച്ചേക്കാവുന്ന ശീലങ്ങൾ നിയന്ത്രിക്കുന്നതും വളരെ പ്രധാനമാണ്.

ഇഫ്താർ, സുഹൂർ സമയങ്ങളിൽ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ,അത് കഴിഞ്ഞു മാത്രം യാത്ര തുടരുന്നതാണ് നല്ലത്.

കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് എല്ലാ ദിശകളിൽ നിന്നും റോഡ് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. തിരക്കുള്ള സമയങ്ങളിൽ നിയുക്ത സീബ്രാ ക്രോസിംഗുകൾ ഉപയോഗിക്കുക.

രാത്രിയിൽ കുട്ടികൾ തെരുവുകളിൽ, പ്രത്യേകിച്ച് താമസസ്ഥലങ്ങളോട് ചേർന്ന റോഡുകളിൽ കളിക്കരുത്. നിയുക്ത കളിസ്ഥലങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏകാഗ്രതയെ തടസ്സപ്പെടുത്തുന്ന മരുന്നുകളുടെയോ പദാർത്ഥങ്ങളുടെയോ സ്വാധീനത്തിൽ വാഹനമോടിക്കരുത്. വാഹനമോടിക്കാൻ ശരിയായ അവസ്ഥയിൽ എത്തുന്നതുവരെ വിശ്രമിക്കുന്നതാണ് നല്ലത്.

സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം; നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം; കോണ്‍ഗ്രസിന്റെ ഗ്യാരന്റി

സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം; നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം; കോണ്‍ഗ്രസിന്റെ ഗ്യാരന്റി

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയില്‍ നടന്ന മഹിളാറാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അവരുടെ കേസുകളില്‍ വാദം നടത്താനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്കായി സാവിത്രിഭായ് ഫൂലെ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിര്‍ധനരായ സ്ത്രീകളുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം ഒരുലക്ഷം രൂപ നിക്ഷേപിക്കുമെന്നതും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്കായി അന്‍പത് ശതമാനം സംവരണം ചെയ്യുമെന്നതും കോണ്‍ഗ്രസിന്റെ ഉറപ്പാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നടികര്‍ സംഘത്തിന് കെട്ടിടം പണിയാന്‍ ഒരു കോടി രൂപ സംഭാവന: വിജയ്ക്ക് നന്ദി പറഞ്ഞ് വിശാല്‍

നടികര്‍ സംഘത്തിന് കെട്ടിടം പണിയാന്‍ ഒരു കോടി രൂപ സംഭാവന: വിജയ്ക്ക് നന്ദി പറഞ്ഞ് വിശാല്‍

തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫിസ് നിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ദളപതി വിജയ്. വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലാണ് വിവരം പങ്കുവച്ചത്. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം നന്ദി കുറിച്ചത്.

താങ്ക്യു എന്നത് രണ്ട് വാക്ക് മാത്രമാണെങ്കിലും അത് ഓരാളുടെ ഹൃദയത്തില്‍ നിന്നാവുമ്പോള്‍ അതിന്റെ അര്‍ത്ഥം വലുതാകും. എന്റെ പ്രിയപ്പെട്ട നടനും നമ്മുടെ സ്വന്തവുമായ ദളപതി വിജയിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. നടികര്‍ സംഘം കെട്ടിടത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ കെട്ടിടത്തിന്റെ പണം പൂര്‍ണമാകുമായിരുന്നില്ല. ഏറ്റവും പെട്ടെന്ന് ഇത് പൂര്‍ത്തിയാക്കാനുള്ള ഊര്‍ജമാണ് നിങ്ങള്‍ നല്‍കിയത്. നന്‍ട്രി നന്‍പാ.- വിശാല്‍ കുറിച്ചു.

നേരത്തെ കമല്‍ഹാസനും കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. ഒരു കോടി രൂപയാണ് താരം നല്‍കിയത്. 2017ലാണ് കെട്ടിടത്തിന്റെ പണി രംഭിച്ചത്. പല പ്രതിസന്ധികളെ തുടര്‍ന്ന് തടസം നേരിടുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് വിജയ് ഇപ്പോള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് താരം ലക്ഷ്യമിടുന്നത്.

കാറിന് മുകളില്‍ പ്രതിമ പോലെ രാജകീയമായി പോസ് ചെയ്ത് വരന്‍; എസ്‌യുവി പിടിച്ചെടുത്ത് പൊലീസ്

കാറിന് മുകളില്‍ പ്രതിമ പോലെ രാജകീയമായി പോസ് ചെയ്ത് വരന്‍; എസ്‌യുവി പിടിച്ചെടുത്ത് പൊലീസ്

ലഖ്‌നൗ: വിവാഹാഘോഷം കെങ്കേമമാക്കാന്‍ അഗ്രഹിക്കാത്ത വധുവരന്‍മാര്‍ കുറവായിരിക്കും. പലപ്പോഴും ഇതിനായി വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുമുണ്ട്. അവരുടെ ആഘോഷങ്ങള്‍ ചില വേളകളില്‍ അതിരുകടക്കുമെങ്കിലും അവയൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കാറുമുണ്ട്.

സാധാരണ നിലയില്‍ വധുവിന്റെ വീട്ടിലേക്ക് വരന്‍ കുതിരപ്പുറത്തോ വാഹനങ്ങളിലോ ആണ് സഞ്ചാരിക്കാറുള്ളത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ, ഒരു ചെയ്ഞ്ച് ആവട്ടെയെന്ന് കരുതി വരന്‍ വിവാഹവേഷത്തില്‍ രാജകീയമായി കാറിന് മുകളില്‍ നിന്ന് പ്രതിമ പോലെ ഫോട്ടോ എടുത്തതാണ് വിനയായത്. വരന്റെ ഫോട്ടോ പോസ് പൊലീസിന് അത്രപിടിച്ചില്ല. അവര്‍ വരന്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുക്കുകയും യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ സഹന്‍പൂരിലെ ഭൈല ഗ്രാമത്തിലാണ് സംഭവം. വരന്‍ അങ്കിത് വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഡല്‍ഹി- ഡെറാഡൂണ്‍ ദേശീയപാതയില്‍ വച്ച് ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തത്. വിവരം ലഭിച്ച പൊലീസ് വാഹനം തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

അമരാവതി: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിനാണ് പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടേയും ജനസേനയുടേയും പ്രവര്‍ത്തകര്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്. ഇതില്‍ മനം നൊന്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

മരിച്ച ഗീതാഞ്ജലിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗീതാഞ്ജലിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ആഴ്ചയാണ് നെതാലി റെയില്‍വേ സ്റ്റേഷന് സമീപം ഗീതാഞ്ജലി എന്ന യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ട്രെയിന് മുന്നില്‍ ചാടിയ യുവതി പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

പട്ടയമേള വിതരണ പരിപാടിയില്‍ സ്വന്തമായി വീട് ലഭിച്ച സന്തോഷത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് പ്രാദേശിക മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വൈറലായി. ഈ വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടി അണികള്‍ യുവതി ക്രൂരമായ ഭാഷയില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തത്. വീഡിയോ വന്ന യൂട്യൂബ് ചാനലിന്റെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. അത്തരത്തില്‍ സംശയമുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോയും പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന് സംശയിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.