by Midhun HP News | Jun 23, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം ജൂണ്‍ 22 അര്‍ദ്ധരാത്രി അവസാനിച്ചതോടെ, തിരികെ എത്തി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം. ചൊവ്വാഴ്ച രാവിലെ ടെലിഗ്രാം പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു.
ടെലിഗ്രാം ആപ്പ് പ്ലേസ്റ്റോറില്‍ ഗൂഗിള്‍ തിരികെ എത്തിക്കുന്നതിന് മുന്‍പ് തന്നെ നിലവിലുള്ള ചില ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം ലഭ്യമായിരുന്നു. എന്നാല്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 10 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജൂണ്‍ 22 വരെയായിരുന്നു ടെലിഗ്രാമിന് സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഈ ഉത്തരവിന്റെ സമയപരിധി നീട്ടുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നീറ്റ് പരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തുടരുകയും ചെയ്ത പശ്ചാത്തലത്തില്‍ നീറ്റ് പുനഃപരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ടെലിഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ജൂണ്‍ 3ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ടെലിഗ്രാം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഈ ആശങ്കകള്‍ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് ആപ്പും അതിന്റെ വെബ് പതിപ്പ് ഉള്‍പ്പെടെയുള്ള ലിങ്കുകളും ജൂണ്‍ 22 വരെ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. കൂടാതെ, ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് ഫീച്ചര്‍ ബ്ലോക്ക് ചെയ്യാനും ടെലിഗ്രാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 21-നാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. ഇതുവരെ പരീക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ക്രമക്കേടുകളോ തട്ടിപ്പുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

by Midhun HP News | Jun 22, 2026 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുമാണ് സ്റ്റാര്‍മര്‍ രാജിവച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാർമർതന്നെ തുടരും.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തി ശക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാര്‍മറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായിരുന്ന ആന്‍ഡി ബേണ്‍ഹാം 55 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെ ഈ സീറ്റില്‍ വിജയിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയ സ്റ്റാര്‍മര്‍, രണ്ടുവര്‍ഷം തികയുന്നതിന് മുന്‍പേ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി, ജനപ്രീതിയിലെ ഇടിവ്, അടുത്തകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃസ്ഥാനത്തേക്ക് ആന്‍ഡി ബേണ്‍ഹാമിന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. സമീപകാല രാഷ്ട്രീയ വിജയങ്ങള്‍ അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍. എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വരാനുണ്ട്.
തിങ്കളാഴ്ച രാവിലെ ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നതോടെയാണ് രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. ബ്രിട്ടനില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പല പ്രധാനമന്ത്രിമാരും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പദവി ഒഴിഞ്ഞ പശ്ചാത്തലത്തില്‍, പുതിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഈ തീരുമാനം വഴിയൊരുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം, അധികാര കൈമാറ്റം കൃത്യമായ നടപടിക്രമങ്ങളിലൂടെ നടത്തുമെന്നും തന്റെ പിന്‍ഗാമിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

by Midhun HP News | Jun 22, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിക്ക് അപ്രതീക്ഷിത തിരിച്ചടി. ബിജെപി വിമതനായ ഗോകുല്‍ ഗിറ്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് മഹായുതിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന നേതാവുമായ നരേന്ദ്ര ദരാഡെയെ തോല്‍പ്പിച്ചു. 109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗിറ്റെ വിജയിച്ചത്.
11 സീറ്റുകളിലേക്ക് ഈ മാസം 18നാണ് തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച വോട്ടെണ്ണിയപ്പോള്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഗിറ്റെക്ക് 357 വോട്ടും ദരാഡെയ്ക്ക് 248 വോട്ടുമാണ് കിട്ടിയത്. മഹായുതി നേതൃത്വത്തിന് വലിയ തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. വിമത സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപിയുടെയും സഖ്യ നേതൃത്വത്തിന്റെയും ഭാഗത്ത് നിന്ന് ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഗോകുല്‍ ഗിറ്റെ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.
നാസിക് മണ്ഡലത്തില്‍ സീറ്റ് വിഭജനത്തിന്റെ ഭാഗമായി ശിവസേനയ്ക്കാണ് സീറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള അസ്വാരസ്യവും നേതൃവിരുദ്ധ വികാരങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ തുറന്നുകാണപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ശിവസേന ഉദ്ധവ് വിഭാഗത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡെ സേനയുടെ ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നാസിക്കില്‍ മഹായുതിക്ക് തിരിച്ചടി നേരിട്ടത്. ഈ ഫലം മഹായുതിയുടെ ആഭ്യന്തര ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമാക്കുന്നതോടൊപ്പം വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലും പ്രതിഫലിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

by Midhun HP News | Jun 22, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ബിഹാറില്‍ 9 പേര്‍ അറസ്റ്റിലായി. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അറസ്റ്റിലായവരാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. ഇവരുടെ റാക്കറ്റില്‍ 12 ഓളം പേരുണ്ടായിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. പണം വാങ്ങി ഇവര്‍ പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പരീക്ഷാക്രമക്കേടിന് ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അടിവസ്ത്രത്തില്‍ നിന്നും സിം കാര്‍ഡ് കണ്ടെടുത്തു. നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. മൈദാഗിന്‍ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലാണ് സംഭവം.
പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് ഒരു വിദ്യാര്‍ത്ഥിയെ സംശയകരമായ നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് അടിവസ്്രതത്തില്‍ നിന്നും സിം കാര്‍ഡും, പഴയ ചോദ്യപേപ്പറും കണ്ടെടുത്തത്. ബലിയ സ്വദേശിയായ പ്രിന്‍സ് ദുബെ എന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ മറ്റു ചില കേന്ദ്രങ്ങളിലും ആള്‍മാറാട്ടം നടന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും, കനത്ത സുരക്ഷയോടെയാണ് ഇത്തവണ പരീക്ഷ നടന്നതെന്നും എന്‍ടിഎ വ്യക്തമാക്കി.

by Midhun HP News | Jun 22, 2026 | Latest News, ദേശീയ വാർത്ത
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി ടെര്‍മിനലിലുണ്ടായ സ്‌ഫോടനത്തില്‍ 54 പേര്‍ക്ക് പരിക്കേറ്റു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ട്. റാസ് ലഫാന്‍ വ്യാവസായിക മേഖലയിലെ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇറാന്‍ ബോംബ് ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച തൊഴിലാളികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. റാസ് ലഫാന്‍ സ്‌ഫോടനം ആഗോള ഊര്‍ജ്ജ വിപണികളില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം അയഞ്ഞതോടെയാണ്, കയറ്റുമതി ടെര്‍മിനല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഖത്തര്‍ ആരംഭിച്ചത്. സ്‌ഫോടനത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല. വലിയ നാശമുണ്ടായതായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നത്.
by Midhun HP News | Jun 21, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയില്‍ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷയ്ക്കായി ഒരിക്കിയിട്ടുള്ളതെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പറയുന്നു.
ഇത്തവണ സുതാര്യവും നീതിയുക്തവും വിദ്യാര്‍ഥിസൗഹൃദവുമായി പരീക്ഷ സംഘടിപ്പിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എന്‍ടിഎ ആവര്‍ത്തിച്ചു. 51,311 ജാമറുകളും 1,38,560 സിസിടിവികളുമാണ് പരീക്ഷാ നടത്തിപ്പിനായി തയാറാക്കിയിട്ടുള്ളത്. പരീക്ഷ നടക്കുന്ന 95,000 മുറികളിലും സിസിടിവി കാമറയും രണ്ട് ഇന്‍വിജിലേറ്റര്‍മാരുമുണ്ടാകും. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പത്തിലേറെ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ സെന്ററുകളിലും 40-50 സുരക്ഷാ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യമുണ്ടായാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എഐയുടെ സഹായം തേടാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ദേഹപരിശോധന ഇത്തവണ ശക്തമാക്കും. ബയോമെട്രിക് വെരിഫിക്കേഷന്‍ പരിശോധിക്കാന്‍ 48,448 ഉദ്യോഗസ്ഥരെയും ദേഹപരിശോധനയ്ക്കായി 38,795 ജീവനക്കാരെയുമാണ് നിയോഗിച്ചിരിക്കുന്നത്.
22 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഉച്ചക്കഴിഞ്ഞ് രണ്ടുമുതല്‍ 5.15 വരെയാണ് പരീക്ഷ. രാവിലെ 11.30 മുതല്‍ പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം. 1.30ന് കൃത്യം വാതിലടയ്ക്കും. അതിന് ശേഷമെത്തുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ്, സാധുവായ ഒരു ഫോട്ടോ ഐഡി, രണ്ട് പാസ്പോര്‍ട്ട് ഫോട്ടോകള്‍ എന്നിവ കൊണ്ടുവരണം.
വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, വാലറ്റുകള്‍ അല്ലെങ്കില്‍ ലഞ്ച് ബോക്‌സുകള്‍ എന്നിവ കൊണ്ടുവരാന്‍ പാടില്ല.
Recent Comments