ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

ചരിത്രത്തിൽ ആദ്യമായി പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു വനിത

പാകിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഡോ.സവീറ പർകാശ് എന്ന യുവതിയാണ് ചരിത്രം കുറിക്കാനൊരുങ്ങിയിരിക്കുന്നത്. പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായാണ് സവീറ പർകാശ് മത്സരിക്കുന്നത്. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ.സവീറ പർകാശ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ ബുനെറിലെ പി.പി.പി വനിതാ വിഭാ​ഗത്തിന്റെ ജനറൽ സെക്രട്ടറിയാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്നാണ് സവീറ ബിരുദം നേടിയത്. അടുത്തിടെ ജനറൽ സീറ്റുകളിൽ അഞ്ചു ശതമാനം വനിതാ പ്രാതിനിധ്യം പാക് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയിരുന്നു.

പാരസൈറ്റ് താരം ലീ സുന്‍ ക്യുന്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

പാരസൈറ്റ് താരം ലീ സുന്‍ ക്യുന്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

ഓസ്‌കര്‍ അവാര്‍ഡ് ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടന്‍ ലീ സുന്‍ ക്യുന്‍ മരിച്ച നിലയില്‍. സിയോളിലെ വര്‍യോങ് പാര്‍ക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 48 വയസായിരുന്നു. ആത്മഹത്യയെന്നാണ് സൂചന. അടുത്തിടെ താരം മയക്കുമരുന്ന് കേസില്‍പ്പെട്ട് വിവാദത്തിലായിരുന്നു.

ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് ഭര്‍ത്താവ് വീടുവിട്ടിറങ്ങി എന്ന് പറഞ്ഞുകൊണ്ട് നടന്റെ ഭാര്യയാണ് പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ലീ സുന്‍ ക്യുന്‍ വിവാദത്തില്‍പ്പെടുന്നത്. തുടര്‍ന്ന് വരാനിരിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ഒക്ടോബര്‍ മുതല്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിലായിരുന്നു താരം.

2001-ൽ ലവേഴ്സ് എന്ന ഒരു ടെലിവിഷൻ സിറ്റ്കോമിലൂടെയാണ് ലീ സുൻ‌ ക്യുൻ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 41 സിനിമകളിലും 25 ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. പാരസൈറ്റില്‍ പണക്കാരനായ മുതലാളിയുടെ കഥാപാത്രമായാണ് ലീ സുന്‍ എത്തിയത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ചിത്രം നേടിയിരുന്നു. പാരസൈറ്റ് കൂടാതെ അവർ ടൗൺ, ഹെല്പ്ലെസ്, സ്ലീപ്, കോഫി പ്രിന്‍സ് ആന്‍ഡ് എ ഹാര്‍ഡ് ഡേ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നടി ജിയോൺ ഹൈ-ജിനാണ് ഭാര്യ. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.

വാതക ചോർച്ച: തമിഴ്നാടിൽ 12 പേർ ആശുപത്രിയിൽ

വാതക ചോർച്ച: തമിഴ്നാടിൽ 12 പേർ ആശുപത്രിയിൽ

തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ വാതക ചോർച്ച. അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നൂരിൽ പ്രവർത്തിക്കുന്ന ‘കോറമാണ്ടൽ ഇന്റർനാഷണൽ ലിമിറ്റഡ്’ എന്ന വളം നിർമാണ കമ്പനിയിലാണ് സംഭവം.

അർധരാത്രി ഒരു മണിയോടെയാണ് വാതക ചോർച്ചയുണ്ടായതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ പൈപ്പ് ലൈനിൽ നിന്ന് അമോണിയ വാതകം ചോരുകയായിരുന്നു. പൈപ്പ് ലൈനിന്റെ പ്രീ കൂളിംഗ് പ്രവർത്തനത്തിനിടെയാണ് വാതക ചോർച്ചയുണ്ടായത്. വാതക ചോർച്ച പെരിയക്കുപ്പം, ചിന്നക്കുപ്പം ഗ്രാമങ്ങളിൽ പരിഭ്രാന്തി പരത്തി.

പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി ഗ്രാമീണരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ശ്വാസതടസ്സവും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട 12 പേരെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. രാത്രിയിൽ തന്നെ കമ്പനി വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.

കോവിഡിന്റെ മറവില്‍ 40,000 കോടിയുടെ അഴിമതി നടത്തി; യെഡിയൂരപ്പക്കെതിരെ ആരോപണവുമായി ബിജെപി എംഎല്‍എ

കോവിഡിന്റെ മറവില്‍ 40,000 കോടിയുടെ അഴിമതി നടത്തി; യെഡിയൂരപ്പക്കെതിരെ ആരോപണവുമായി ബിജെപി എംഎല്‍എ

ബാംഗ്ലൂർ: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്‌ക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച് ബിജെപി എംഎല്‍എ. സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാവു കൂടിയായ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ വന്‍ അഴിമതി നടത്തിയെന്നാണ് യത്‌നലിന്റെ ആരോപണം. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാന്‍ 20,000 രൂപ നിരക്കില്‍ ബംഗലൂരുവില്‍ 10,000 കിടക്കകള്‍ വാടകയ്‌ക്കെടുത്തു.

രോഗികള്‍ക്ക് എട്ടുമുതല്‍ പത്തുലക്ഷം രൂപവരെ ബില്ലിട്ടു തുടങ്ങിയ ആരോപണങ്ങളാണ് യത്നല്‍ ഉന്നയിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറുമായി ചേര്‍ന്നും യെഡിയൂരപ്പ അഴിമതി നടത്തിയതായി യത്‌നല്‍ ആരോപിച്ചു.

വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ പുറത്താക്കാനും ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചു. നേരത്തെ യെഡിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതിനെ യത്‌നല്‍ വിമര്‍ശിച്ചിരുന്നു. യെഡിയൂരപ്പ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ് മകന് പദവി തരപ്പെടുത്തിയതെന്നായിരുന്നു ആരോപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് പദവികളിലേക്ക് താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ബസനഗൗഡ പാട്ടീല്‍.

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ രഘുവരന്‍, ആശാന്‍ എന്ന കറുപ്പ് ഹാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞദിവസം പ്രഭാകരന്‍ എന്ന ഗുണ്ടയെ പട്ടാപ്പകല്‍ ഒരു സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഒരു റെയില്‍വേ പാലത്തിന് അടിയില്‍ ഉള്ളതായി പുലര്‍ച്ചെ പൊലീസിന് വിവരം ലഭിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയെത്തി. പൊലീസ് വളഞ്ഞപ്പോള്‍ പ്രതികള്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടി. പ്രാണരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെടിയേറ്റ രണ്ടുപേരും തല്‍ക്ഷണം മരിച്ചു.

രണ്ടു പൊലീസുകാര്‍ക്ക് പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. എഎസ്‌ഐ രാമലിംഗം, പൊലീസുകാരന്‍ ശശികുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ ആറു മാസത്തിനിടെ ആറാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്.

വീഡിയോ കോളിനിടെ ‘അൽപ്പം മ്യൂസിക് കേൾക്കാം’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വീഡിയോ കോളിനിടെ ‘അൽപ്പം മ്യൂസിക് കേൾക്കാം’; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതുതായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന ഫീച്ചറാണ് വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം.

വീഡിയോ ഉള്ളടക്കത്തിനൊപ്പം ഓഡിയോ ഉള്ളടക്കം കൂടി പങ്കുവെയ്ക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് നവ്യാനുഭവമാകുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍. കൂടാതെ ആശയവിനിമയം കൂടുതല്‍ ഫലപ്രദമാകാനും ഇത് ഉപകരിക്കുമെന്നും കണക്കുകൂട്ടുന്നു. വീഡിയോ കോളിനിടെ ഒരാള്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്താല്‍ വീഡിയോടൊപ്പം മ്യൂസിക് ഓഡിയോയും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍.സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചാല്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.

സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചാല്‍ മറ്റുള്ളവരുമായി ഏത് ഓഡിയോയും പങ്കുവെയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം വരിക. വീഡിയോ കോളിനിടെ ഒരേ സമയം വീഡിയോയും മ്യൂസിക് ഓഡിയോയും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.