രജൗറി ഭീകരാക്രമണത്തിന് പിന്നില്‍ ചൈന-പാക് ബന്ധം?; ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങളെന്ന് സൈന്യം

രജൗറി ഭീകരാക്രമണത്തിന് പിന്നില്‍ ചൈന-പാക് ബന്ധം?; ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങളെന്ന് സൈന്യം

ഡല്‍ഹി: കശ്മീരിലെ രജൗറിയിലുണ്ടായ ഭീകരാക്രമണത്തില്‍ ചൈന- പാക് ബന്ധം സംശയിച്ച് സൈന്യം. ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മ്മിത ആയുധങ്ങളാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആയുധങ്ങള്‍ക്ക് പുറമെ, ഭീകരര്‍ ഉപയോഗിച്ച ബോഡിസ്യൂട്ട് കാമറകള്‍, ആശയ വിനിമയ ഉപാധികള്‍ എന്നിവയെല്ലാം ചൈനീസ് നിര്‍മ്മിതമാണെന്നാണ് വിലയിരുത്തല്‍. ചൈന പാകിസ്ഥാന്‍ പട്ടാളത്തിന് ഡ്രോണുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങള്‍ നല്‍കുന്നുണ്ട്.

ഇവയെല്ലാം ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിനു നേര്‍ക്കുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നതായി സേനാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് നുഴഞ്ഞുകയറുന്നതിന് ഭീകരര്‍ ഉപയോഗിക്കുന്ന സ്‌നിപ്പര്‍ തോക്കുകള്‍ ചൈനീസ് ടെക്‌നോളജിയില്‍ നിര്‍മ്മിതമാണെന്നും സൈന്യം സൂചിപ്പിക്കുന്നു.

ഭീകരര്‍ ഉപയോഗിക്കുന്ന എന്‍ക്രിപ്റ്റഡ് മെസ്സേജിങ് ഉപകരണവും ചൈനീസ് നിര്‍മ്മിതമാണ്. പാകിസ്ഥാന്‍ സൈന്യം നിരന്തരം ചൈനയില്‍ നിന്നും ആയുധങ്ങളും കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും വാങ്ങുന്നുണ്ട്. ഇവയെല്ലാം പാക് അധീന കശ്മീരിലെ ഭീകരസംഘടനകള്‍ക്ക് കൈമാറുകയാണെന്നും ഇന്ത്യന്‍ സൈന്യം സൂചിപ്പിക്കുന്നു.

രജൗറിയിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ എന്നിവയുടെ സഹോദരസംഘടനകളായ പിഎഎഫ്ഇഎഫ്, ടിആര്‍എഫ് എന്നിവയാണെന്നാണ് സംശയിക്കുന്നത്. പിഎഎഫ്ഇഎഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തു വന്നിരുന്നു.

രജൗറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു. പ്രദേശത്ത് ഭീകര പ്രവര്‍ത്തനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. അതിര്‍ത്തിയിലെ സേനാ വിന്യാസത്തില്‍ കോട്ടം തട്ടാത്ത വിധത്തില്‍ കൂടുതല്‍ ട്രൂപ്പുകളെ രജൗറി മേഖലയില്‍ വിന്യസിക്കാനാണ് നീക്കം.

ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനയെന്ന് ഡബ്ല്യൂഎച്ച്ഒ

ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനയെന്ന് ഡബ്ല്യൂഎച്ച്ഒ

ഡല്‍ഹി: ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ് കുറഞ്ഞത്. 3,000-ത്തിലധികം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഡിസംബര്‍ 17 വരെ,ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആശുപത്രികളില്‍ 118,000 പുതിയ കൊവിഡ് 19 കേസുകളും 1600-ലധികം ആളുകളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു.

2023 ഡിസംബര്‍ 18 മുതല്‍, ജെഎന്‍ 1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൊട്ടടുത്ത ആഴ്ചമുതല്‍ ഇതിന്റെ വ്യാപനം അതിവേഗം വര്‍ധിച്ചു. ആഗോള തലത്തില്‍ ഇജി 5 ആണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വേരിയന്റ്.

സിം തട്ടിപ്പിന് 3 വര്‍ഷം തടവ്, 50 ലക്ഷം പിഴ; ടെലികോം ബില്‍ നിര്‍ദേശിക്കുന്നത് വന്‍ മാറ്റങ്ങള്‍

സിം തട്ടിപ്പിന് 3 വര്‍ഷം തടവ്, 50 ലക്ഷം പിഴ; ടെലികോം ബില്‍ നിര്‍ദേശിക്കുന്നത് വന്‍ മാറ്റങ്ങള്‍

ഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ടെലികോം സേവനങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് പുതിയ ടെലികോം ബില്‍ പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ഏത് ടെലികോം നെറ്റ് വര്‍ക്കുകളുടെ നിയന്ത്രണവും താല്‍ക്കാലികമായി ഏറ്റെടുക്കാനും സാറ്റലൈറ്റ് സ്‌പെക്ട്രം ലേലമില്ലാതെ അനുവദിക്കുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുമെന്നും ബില്ലില്‍ പറയുന്നു.

പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ സന്ദേശങ്ങളുടെ സംപ്രേഷണം
നിര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കുമെന്നും ബില്ലില്‍ പറയുന്നു.

സിം കാര്‍ഡ് തട്ടിപ്പ് – സിം കാര്‍ഡ് തട്ടിപ്പ് തടയാന്‍ ബില്ലില്‍ കര്‍ശന വ്യവസ്ഥകളുണ്ട്. ഏതെങ്കിലും ലംഘനമോ ആള്‍മാറാട്ടമോ നടത്തുന്നത് പിഴയ്‌ക്കൊപ്പം മൂന്ന് വര്‍ഷം തടവും അനുഭവിക്കേണ്ടിവരും. തട്ടിപ്പ്, വഞ്ചന, ആള്‍മാറാട്ടം എന്നിവയിലൂടെ സിം എടുക്കുന്ന ഒരാള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം. ടെലികോം സ്രോതസ്സുകളുടെ ദുരുപയോഗം തടയുന്നതിന് അപേക്ഷകന്റെ ബയോമെട്രിക് ഡാറ്റ വാങ്ങി കമ്പനികള്‍ സിമ്മുകള്‍ നല്‍കണം.

ട്രായിയുടെ അധികാരം നിയന്ത്രിക്കും – വ്യവസായ പ്രമുഖര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) അധികാരങ്ങള്‍ ബില്‍ നിയന്ത്രിക്കുന്നു.

കമ്പനി ലൈസന്‍സ് ഹാജരാക്കിയാല്‍ പുതിയ നിയമങ്ങള്‍ – ഒരു കമ്പനി പെര്‍മിറ്റ് സറണ്ടര്‍ ചെയ്താല്‍ ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷനുകള്‍ക്കുമുള്ള ഫീസ് റീഫണ്ട് ചെയ്യുന്നതുപോലുള്ള ചില നിയമങ്ങള്‍ ടെലികോം ബില്‍ ലഘൂകരിക്കുന്നു.

പ്രമോഷണല്‍ സന്ദേശങ്ങള്‍ക്ക് ഉപയോക്താക്കളുടെ മുന്‍കൂര്‍ അനുവാദം – പ്രമോഷണല്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് ഉപയോക്താക്കളുടെ മുന്‍കൂര്‍ സമ്മതം ആവശ്യമാണ്. പ്രൊമോഷണല്‍, പരസ്യം തുടങ്ങിയ ചില സന്ദേശങ്ങള്‍ ലഭിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു.

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിനുള്ള സ്‌പെക്ട്രം – സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിനുള്ള സ്‌പെക്ട്രം സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കും. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് ഉത്തരവുകളിലൂടെ സ്‌പെക്ട്രം അനുവദിക്കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

ടെലികോം കമ്പനികള്‍ക്കുള്ള പിഴ 5 കോടി രൂപയാക്കി – ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഈടാക്കുന്ന പിഴ 5 കോടി രൂപ എന്ന പരിധി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, ഇത് നേരത്തെ മുമ്പ് 50 കോടി രൂപയായിരുന്നു. ടെലികോം ടവര്‍ സ്ഥാപിച്ചിട്ടുള്ള സ്വകര്യ വ്യക്തിയുടെ സ്ഥലം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ബാധ്യതകളില്‍ നിന്ന് കമ്പനികളെ ഒഴിവാക്കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്

ബില്‍ അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ തടയുകയോ നിരോധിക്കുകയോ ചെയ്യില്ല.

ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തു; ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി

ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തു; ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി

ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ബെംഗളൂരു ഹുളിമാവിലെ താമസക്കാരനും ബിഹാര്‍ സ്വദേശിയുമായ ഉമേഷ് ധാമി(27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉമേഷിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട ഉമേഷ്. ഇതേ കോളജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയാണ് ഭാര്യ മനീഷ. സംഭവദിവസം സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിക്ക് പോയ ഉമേഷ് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. ഇതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടയില്‍ മനീഷ ഉമേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.

ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി മനീഷയെ അറസ്റ്റുചെയ്യുകയായിരുന്നു. കുത്തുകൊണ്ട ഉമേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

തമിഴ്നാട്ടിലെ പ്രളയം; കൈത്താങ്ങുമായി കേരള വാട്ടര്‍ അതോറിറ്റി

തമിഴ്നാട്ടിലെ പ്രളയം; കൈത്താങ്ങുമായി കേരള വാട്ടര്‍ അതോറിറ്റി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കൈത്താങ്ങുമായി കേരള വാട്ടർ അതോറിറ്റി. തമിഴ്നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ജലവിതരണം പുനസ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധരുടെ രണ്ടു സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ പാലക്കാട് സമാനമായ രീതിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായി തടസപ്പെട്ടപ്പോള്‍ പുനസ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ്. രാജുവിന്റെ സൂപ്രണ്ടിങ് എഞ്ചിനിയര്‍ കെ സുരേഷിന്റെയും നേതൃത്വത്തിലുള്ള സംഘത്തെയുമാണ് തിരുനല്‍വേലിയിലേക്ക് അയച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ്നാടിന് 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

ജലവിഭവ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ കുപ്പിവെള്ളമായ ഹില്ലി അക്വയുടെ കുപ്പിവെള്ളമാണ് തമിഴ്നാടിന് നല്‍കുക. കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനായി തമിഴ്നാടിന് സഹായം നല്‍കുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് ‘ട്വാഡ് (തമിഴ്നാട് വാട്ടര്‍ സപ്ലൈ ആന്‍ഡ് ഡ്രെയിനേജ് ബോര്‍ഡ്) ബോര്‍ഡ്’ അധികൃതരും കേരള വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് നേരിട്ടത്. ഈ മേഖലയിലെ കുടിവെള്ള വിതരണം അടക്കം തകരാറിലാവുകയും ചെയ്തു.

ബംഗാള്‍ സ്വദേശിയെ കഴുത്തറുത്ത് ജീവനോടെ ചതുപ്പില്‍ താഴ്ത്തി; രണ്ടുപേര്‍ പിടിയില്‍

ബംഗാള്‍ സ്വദേശിയെ കഴുത്തറുത്ത് ജീവനോടെ ചതുപ്പില്‍ താഴ്ത്തി; രണ്ടുപേര്‍ പിടിയില്‍

കൊല്ലം: കൊട്ടിയത്തിനടുത്ത് നെടുമ്പന മുട്ടയ്ക്കാവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തശേഷം ജീവനോടെ ചതുപ്പില്‍ താഴ്ത്തി. പശ്ചിമബംഗാള്‍ കുച്ച്ബിഹര്‍ സ്വദേശി അല്‍ത്താഫ് മിയ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ രണ്ട് ബംഗാള്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പശ്ചിമബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശികളായ ബികാസ് സെന്‍ (30), അന്‍വര്‍ മുഹമ്മദ് (24) എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുട്ടയ്ക്കാവിലുള്ള കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ് മരിച്ച അല്‍ത്താഫ്. ചതുപ്പില്‍ താഴ്ത്തിയ അല്‍ത്താഫ്മിയയുടെ മൃതദേഹം രാത്രി പത്തുമണിയോടെ പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ 17-നാണ് അല്‍ത്താഫ് മിയയെ കാണാതാകുന്നത്. ചീട്ടുകളിയില്‍ മിടുക്കനായ ഇയാളുടെ കൈവശം ധാരാളം പണം ഉണ്ടായിരുന്നതായും അത് കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തശേഷം താമസിക്കുന്നതിനു സമീപത്തുള്ള ആളൊഴിഞ്ഞ ചതുപ്പില്‍ താഴ്ത്തിയെന്നാണ് വെളിപ്പെടുത്തല്‍.

അല്‍ത്താഫിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ഫോണിലേക്ക് അവസാനം വിളിച്ചത് ബികാസിന്റെയും അന്‍വറിന്റെയും ഫോണുകളില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരേയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം പുറത്തു വരാതിരിക്കാന്‍ തന്നേയും കൊലപ്പെടുത്തിയേക്കുമെന്ന ഭീതിയില്‍ ഹോട്ടലില്‍ പൊറോട്ട മേക്കറായ ബികാസ് സെന്‍ ഒരു മലയാളി സുഹൃത്തിനെ വിവരം അറിയിച്ചു.

ഇയാളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പിടിയിലായ അന്‍വര്‍ മുഹമ്മദ് മുട്ടയ്ക്കാവിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ ലോഡിങ് തൊഴിലാളിയാണ്. ഇവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പൊലീസ്, ചതുപ്പില്‍ രണ്ടരയടി താഴ്ചയില്‍ നിന്നും അല്‍ത്താഫിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു.