by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി ആപ്പ് താല്‍ക്കാലികമായി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ടെലഗ്രാം രംഗത്ത്. നിരോധനത്തിനെതിരെ ടെലഗ്രാം കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഏകപക്ഷീയമായിട്ടാണ് കേന്ദ്രത്തിന്റെ നടപടിയെന്നും, തങ്ങളുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ടെലഗ്രാം കമ്പനി ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി പരാമര്‍ശിച്ചത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന ടെലഗ്രാം കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ഹര്‍ജി ഇന്നു തന്നെ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു. ഐടി ആക്ടിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ടെലഗ്രാം ആപ്പിനെ താല്‍ക്കാലിമായി നിരോധിച്ചത്.
അതിനിടെ, ആപ്പ് താല്‍ക്കാലികമായി നിരോധിച്ച നടപടിയെ ടെലഗ്രാം ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ഡുറോവ് വിമര്‍ശിച്ചു. അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും പവെല്‍ ഡുറോവ് പറഞ്ഞു. ചില ഉപയോക്താക്കള്‍ ചോര്‍ന്ന പരീക്ഷാ ചോദ്യങ്ങള്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ഐടി മന്ത്രാലയം ടെലഗ്രാം ഒരു ആഴ്ചത്തേക്ക് നിരോധിച്ചു.
ഇത് പരീക്ഷാ സാമഗ്രികള്‍ ചോര്‍ത്തിയ യഥാര്‍ത്ഥ കുറ്റവാളികളെയല്ല, മറിച്ച് ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ടെലഗ്രാം ഉപയോക്താക്കളെ ശിക്ഷിക്കുന്നതിന് തുല്യമാണ്. നിരോധനം കൊണ്ട് ഒന്നും തടയാന്‍ കഴിഞ്ഞിട്ടില്ല. ചോര്‍ച്ചകള്‍ മറ്റ് ആപ്പുകളിലേക്ക് മാറുകയാണ് ചെയ്തത്. പവെല്‍ ഡുറോവ് കുറ്റപ്പെടുത്തി. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് ടെലഗ്രാമിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
ധാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ അഫ്ഗാന്‍ എ ടീമിനെതിരെ ഇന്ത്യ മികച്ച നിലയില്‍. അര്‍ധ സെഞ്ച്വറി നേടിയ പ്രിയാന്‍ഷ് ആര്യയുടെയും വൈഭവ് സൂര്യവംശിയുടെയും ഋതുരാജ് ഗെയ്ക് വാദിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്, 210 മൂന്ന് എന്ന നിലയിലാണ് ഇന്ത്യ.കുമാര്‍ കുശാഗ്രയും തിലക് വര്‍മയുമാണ് ഇന്ത്യയ്ക്കായി ക്രീസില്‍.
ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ എ നായകന്‍ ഇമ്രാന്‍ മീര്‍, ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനവും കഴിഞ്ഞ മത്സരത്തിലെ ‘തള്ളിമാറ്റലുമായി’ ബന്ധപ്പെട്ട വിവാദത്തിനിടെയും സൂര്യവംശി ടീമില്‍ ഇടം പിടിച്ചു. 28 പന്തില്‍ 38 റണ്‍സ് എടുത്ത് താരം പുറത്തായി. മൂന്ന് പന്ത് നേരിട്ട സൂര്യവംശി ഡെക്ക് ആയി പുറത്താകേണ്ടതായിരുന്നു. തേഡ് അമ്പയറുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ സൂര്യവംശി രക്ഷപ്പെട്ടു. ഏതാനും പന്തുകള്‍ നേരിട്ടതിന് പിന്നാലെ മറ്റൊരു ലൈഫ്‌ലൈന്‍ കുടി സൂര്യവംശിക്ക് ലഭിച്ചു. എന്നാല്‍ ഭാഗ്യത്തിന്റെ അവസരം കൂടുതല്‍ സമയം സൂര്യവംശിക്ക് ലഭിച്ചില്ല. 28 പന്തില്‍ 38 റണ്‍സെടുത്ത ഈ ഓപ്പണറെ ഫരീദൂന്‍ ദാവൂദ്സായ് പുറത്താക്കി.
നാല് ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ദാവൂദ്സായ് എറിഞ്ഞ ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സൂര്യവംശി മികച്ച ഫോമിലായിരുന്നു; രണ്ട് ഫോറുകളും ഒരു സിക്‌സറും അദ്ദേഹം പറത്തി. എന്നാല്‍ അവസാന പന്തില്‍ സൂര്യവംശി വീണ്ടും ഒരു വലിയ ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് കൃത്യമായി ടൈം ചെയ്യാന്‍ സാധിച്ചില്ല. കവര്‍ പോയിന്റില്‍ ഖാലിദ് താനിവാല്‍ സൂര്യവംശിയെ കൈയിലൊതുക്കി.
പ്രിയാന്‍ഷ് 42 പന്തുകളില്‍ നിന്ന 58 റണ്‍സ് നേടി. ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഗെയ്ക് വാദ് 30 റണ്‍സ് നേടി പുറത്തായി

by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും പുതിയ ക്യാമ്പസുകൾ ആരംഭിക്കുകയും ചെയ്‌തതോടെ യുഎഇയിലെ സ്‌കൂളുകളിൽ അദ്ധ്യാപകർക്ക് തൊഴിലസവരം.
സയൻസ്, ടെക്‌നോളജി, ഗണിതം, എഐ തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുള്ളത്. 2026 – 27 അദ്ധ്യയന വർഷത്തിന് മുമ്പുതന്നെ പല സ്ഥാപനങ്ങളും ഒഴിവുകൾ നികത്തിയെങ്കിലും കൂടുതൽ വിദ്യാർത്ഥികൾ അഡ്‌മിഷനെടുക്കുന്നതാണ് അദ്ധ്യാപകരുടെ ആവശ്യം വർദ്ധിക്കാൻ കാരണം. പാഠ്യപദ്ധതി വിപുലീകരണവും പുതിയ സ്‌കൂളുകൾ ആരംഭിച്ചതും മറ്റ് കാരണങ്ങളാണ്.

by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: വീണ്ടും ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോയിൽ ലക്ഷങ്ങൾ സ്വന്തമാക്കി മലയാളി യുവതി. ജൂൺ മാസത്തിലെ ആദ്യ പ്രതിവാര ഇ-ഡ്രോയിലാണ് ഒരു മലയാളി യുവതി ഉൾപ്പെടെ നാല് പേരെഭാഗ്യം തേടിയെത്തിയത്. ഓരോരുത്തർക്കും ഓരോരുത്തർക്കും വീതം ആറര ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് (25,000 ദിർഹം) സമ്മാനമായി ലഭിച്ചത്.കഴിഞ്ഞ 13 വർഷമായി റാസൽഖൈമയിൽ താമസിച്ചു വരുന്ന സുബൈർ അബ്ദു സുബൈറാണ് സമ്മാനത്തിന് അർഹനായ ഒരാൾ. സുഹൃത്തുക്കളോടൊപ്പം ഷെയർ നൽകി ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു സുബൈർ. എന്നാൽ ഇത്തവണ ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുക ആയിരുന്നു. സമ്മാനത്തുക മുഴുവൻ കുടുംബത്തിനായി ചെലവഴിക്കാനാണ് സുബൈറിന്റെ തീരുമാനം.
മലയാളി വ്യവസായി അഫ്താബാണ് മറ്റൊരു ഭാഗ്യശാലി. 2006 മുതൽ ദോഹയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ഓൺലൈൻ വഴി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് അഫ്താബ്. അൽ ഐനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സഫ്ന എന്ന യുവതിക്കാണ് ഇ-ഡ്രോയിൽ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി 21 പേരടങ്ങുന്ന ഒരു സംഘത്തിനോടൊപ്പം ചേർന്നാണ് സഫ്ന സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നത്. ഈ കൂട്ടായ്മയെ തേടി ആദ്യമായാണ് ബിഗ് ടിക്കറ്റ് സമ്മാനം എത്തുന്നത്.
കഴിഞ്ഞ ഒരു വർഷമായി യുകെയിൽ ഹോസ്പിറ്റാലിറ്റി രംഗത്ത് ജോലി ചെയ്യുന്ന മലയാളി യുവാവ് അനീഷാണ് നാലാമത്തെ ഭാഗ്യശാലി. വെബ്‌സൈറ്റ് വഴിയും സ്ഥിരമായി ടിക്കറ്റെടുക്കാറുള്ള അനീഷിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഈ തുക ഉപയോഗിക്കുമെന്ന് നാട്ടിൽ കുടുംബമുള്ള അനീഷ് വ്യക്തമാക്കി.

by Midhun HP News | Jun 17, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് അറിയിച്ചു. പണം നല്‍കിയാല്‍ ചോദ്യപേപ്പര്‍ ലഭിക്കുന്ന പ്രചാരണം തെറ്റാണെന്നും എന്‍ടിഎ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണം. പുനഃപരീക്ഷയുടെ ചോദ്യപേപ്പറില്‍ ചോര്‍ച്ചയൊന്നും ഉണ്ടായിട്ടില്ല. മറിച്ച് എന്തെങ്കിലും പറയുന്നവര്‍ തട്ടിപ്പുകാരാണ്. 22 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ടെലിഗ്രാം നിരോധിച്ചതെന്നും എന്‍ടിഎ ഡയറക്ടര്‍ പറഞ്ഞു. ഇതാദ്യമായാണ് എന്‍ടിഎ ഡയറക്ടര്‍ വിശദീകരണ വിഡീയോയുമായി രംഗത്തു വരുന്നത്.
വ്യാജ ചോദ്യപേപ്പറുകള്‍ വില്‍ക്കാനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പുകാര്‍ എഡിറ്റ് ചെയ്ത ചാറ്റുകളാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുനഃപരീക്ഷ ചോദ്യപേപ്പര്‍ നല്‍കാമെന്ന് അവകാശപ്പെട്ട് 14,000 രൂപ മുതല്‍ 25,000 രൂപ വരെയും, ചിലര്‍ 10 ലക്ഷം രൂപ വരെയും ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. നിങ്ങള്‍ പണം കൈമാറുന്ന നിമിഷം ആ പണം നിങ്ങള്‍ക്ക് നഷ്ടപ്പെടും. നിങ്ങളുടെ അഡ്മിറ്റ് കാര്‍ഡും വാട്‌സാപ്പ് നമ്പരും അവര്‍ക്ക് അയച്ചു കൊടുത്താല്‍, അടുത്ത വിദ്യാര്‍ത്ഥിയെ പറ്റിക്കാനുള്ള ആയുധങ്ങളായി അവ മാറും. എന്‍ടിഎ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
നീറ്റ് പുനഃപരീക്ഷ രാജ്യത്ത് നടക്കാനിരിക്കേ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് ഗൂഗിള്‍ നീക്കി. ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.

by Midhun HP News | Jun 16, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: നാഗ്പൂരില്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പഴയസഹപാഠിയും കൂട്ടാളിയും ചേര്‍ന്ന് ബലാത്സംഗം ചെയത ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിതായി പരാതി. 24കാരിയുടെ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അയ്യാസും സഹായി അമീന്‍ ഷെയ്ഖുമാണ് പിടിയിലായത്. കേസിലെ മൂന്നാം പ്രതിയായ ഹസ്രത്ത് മൗലാനയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
2025 ഫെബ്രുവരി 8-ന് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ഏകദേശം നാല് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
പീഡനത്തിന് പിന്നാലെ യുവതിയെ മതം മാറ്റാന്‍ പ്രതികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. മെയ് മാസത്തില്‍ നാഗ്പുരിലെ കാല്‍മേശ്വറിലുള്ള ഒരു വിജനമായ സ്ഥലത്തെത്തിച്ച് മതപരമായ ചടങ്ങുകള്‍ നടത്തി യുവതിയുടെ മതം മാറ്റം പൂര്‍ത്തിയായതായി പ്രതികള്‍ അവകാശപ്പെട്ടു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്നെ വിടൂ’ എന്ന് കരഞ്ഞു പറയുന്ന യുവതിയുടെ കൈകളില്‍ അയ്യാസ് ബലമായി പിടിച്ചു നില്‍ക്കുന്നതും മന്ത്രങ്ങള്‍ ചൊല്ലി യുവതിയുടെ മേല്‍ ആവര്‍ത്തിച്ച് ഊതുന്നതും വീഡിയോയില്‍ കാണാം.
മതം മാറ്റിയതിന് പിന്നാലെ മെയ് 31-ന് മധ്യപ്രദേശിലെ ചിന്ദ്വാരയിലുള്ള തമിയ ഗ്രാമത്തില്‍ നിന്നുള്ള ഒരു മൗലാനയുടെ അടുക്കല്‍ കൊണ്ടുപോയി യുവതിയെ അയ്യാസ് വിവാഹം കഴിച്ചതായി പ്രഖ്യാപിക്കുകയും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. കൂടാതെ നിര്‍ബന്ധിച്ച് മാംസം കഴിപ്പിച്ചതായും പരാതിയിലുണ്ട്. വിവാഹിതയായതിനാല്‍ ഭയപ്പെട്ടാണ് യുവതി ഇത്രകാലം ഈ പീഡനങ്ങള്‍ പുറത്തുപറയാതിരുന്നത്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഭര്‍ത്താവിനോട് യുവതി എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുകയും തുടര്‍ന്ന് ജൂണ്‍ 13-ന് സോനെഗാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് മുഖ്യ തെളിവായി സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, നിര്‍ബന്ധിത മതം മാറ്റം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ മഹാരാഷ്ട്രയിലെ നരബലിയും മറ്റ് മനുഷ്യത്വരഹിതമായ ആചാരങ്ങളും ബ്ലാക്ക് മാജിക്കും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Recent Comments