സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

ഡല്‍ഹി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര സമയം രാവിലെ ഒന്‍പത് മണിയില്‍ നിന്ന് ആറ് മണിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി. സൗജന്യയാത്രയ്ക്ക് സമയ പരിധിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതോടെ അമളിപിണഞ്ഞതറിഞ്ഞ് സോറി പറഞ്ഞ് തടിയൂരി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സംഭവം.

‘കെഎസ്ആര്‍ടിസി ബസിലെ സൗജന്യയാത്രയെ ഞങ്ങള്‍ എതിര്‍ത്തിട്ടില്ല. എന്ന് മാത്രമല്ല ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. പക്ഷേ എന്താണ് അവസ്ഥ എന്നറിയോ? ഇന്നലെ ധാരാളം സ്ത്രീകള്‍ ബസ്സില്‍ കയറി എന്നൊക്കെ പറയുമ്പോള്‍, ഈ യാത്ര ചെയ്യുന്നവരുടെ 90 ശതമാനം പേരും എവിടെയെങ്കിലും ജോലി ചെയ്യുന്നവരായിരിക്കും. ടെക്‌സ്‌റ്റൈല്‍സിലും ഫാര്‍മസിയിലും കണ്‍സ്ട്രക്ഷനിലും കൈത്തറിയിലുമൊക്കെ തുച്ഛമായ വരുമാനം ഉള്ളവരായിരിക്കും. അവര്‍ക്ക് സൗജന്യയാത്ര കിട്ടുന്നത് തീര്‍ച്ചയായും വ്യക്തിപരമായി സന്തോഷമുള്ള കാര്യമാണ്. പക്ഷേ, ഒരു വരുമാനവുമില്ലാത്ത നമ്മുടെ സഹോദരിമാര്‍ക്ക് കിട്ടുന്ന 1000 രൂപ നഷ്ടപ്പെടുക എന്നടത്തേക്ക് വന്നു. രാവിലെ അഞ്ചുമണി മുതല്‍ രാത്രി 12 മണി വരെ വീട്ടിലെ പണി എടുത്തുകൊണ്ടിരിക്കുന്നവരാണ് അവര്‍.

രണ്ടാമത്, സൗജന്യ യാത്രക്ക് ഒന്‍പത് മണി എന്ന സമയം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. യഥാര്‍ത്ഥത്തില്‍ ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കാണ് പല തൊഴിലിനും നമ്മുടെ സഹോദരിമാര്‍ പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നത്. ഞാന്‍ താമസിക്കുന്ന കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് തലശ്ശേരിയില്‍ ജോലി ചെയ്യുന്ന ഒരു സഹോദരിയുണ്ട്. എത്രയോ സ്ത്രീകള്‍ അങ്ങനെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ പോകുന്ന ഒരു സഹോദരി ഒന്‍പത് മണിക്ക് പോയാല്‍ 11 മണിക്ക് എത്തും. രാവിലെ ആറുമണി മുതലോ അതിനേക്കാളും നേരത്തെയോ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുണ്ട്, എനിക്കറിയാം. എങ്കില്‍ പോലും രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണി വരെ എന്നെങ്കിലും സൗജന്യ യാത്രസമയം ആക്കണം. ജോലിക്ക് വേണ്ടി യാത്ര ചെയ്യുന്ന സഹോദരിമാര്‍ക്ക് അത് വളരെ അത്യാവശ്യമാണ്. അവരാണ് 90 ശതമാനം യാത്രക്കാരും എന്ന് ഞാന്‍ പറയും. പിന്നെ വിരുന്നു പോകുന്നവരും അല്ലാത്തവരും ഒക്കെ കുറച്ചു പേരുണ്ടാവും. അടുത്ത കാലത്തായി അങ്ങനെ പോകുന്നവരൊക്കെ ഒന്നിച്ചുപോകുമ്പോള്‍ ഒരു ചെറിയ കാര്‍ പിടിച്ചങ്ങ് പോകും. ബസ്സില്‍ പോകുന്നവര്‍ മിക്കവാറും തൊഴിലെടുക്കുന്ന സ്ത്രീകളാണ്. ഈ തൊഴിലെടുക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് ഈ ഒരു സൗജന്യ യാത്ര ഉദ്ദേശിക്കുന്നതെങ്കില്‍ ഗവണ്‍മെന്റ് ചെയ്യേണ്ടിയിരിക്കുന്നത് അതിന്റെ ടൈം മാറ്റണം. അതിന്റെ സമയം ആറുമണി മുതല്‍ ആറുമണി വരെ ആക്കണം’ -എന്നായിരുന്നു ശ്രീമതിയുടെ വാക്കുകള്‍.

‘കളി തീർന്നു, വേ​ഗം രാജ്യം വിടണം’; ഇറാൻ ടീമിനോട് അമേരിക്ക; ‘ക്രൂരതയെന്ന്’ പരിശീലകൻ

‘കളി തീർന്നു, വേ​ഗം രാജ്യം വിടണം’; ഇറാൻ ടീമിനോട് അമേരിക്ക; ‘ക്രൂരതയെന്ന്’ പരിശീലകൻ

ലൊസാഞ്ചലസ്: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫിഫ ലോകകപ്പ് കളിക്കാൻ അമേരിക്കൻ മണ്ണിൽ വന്നിറങ്ങിയ ഇറാൻ ടീമിനോട് ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിനു പിന്നാലെ രാജ്യം വിടാൻ ഉത്തരവിട്ട് യുഎസ് അധികൃതർ. ആദ്യ മത്സരത്തിൽ ന്യൂസിലൻഡുമായി 2-2 എന്ന സ്കോറിന് സമനില വഴങ്ങിയതിന് പിന്നാലെയാണ് ഇറാൻ ടീമിനോട് അടിയന്തരമായി അമേരിക്ക വിട്ട് മെക്സിക്കോയിലെ പരിശീലന ക്യാംപിലേക്ക് മടങ്ങാൻ അധികൃതർ ഉത്തരവിട്ടത്.

അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കകമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തങ്ങളോട് എത്രയും പെട്ടെന്നു തന്നെ രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടെന്നു ഇറാൻ മുഖ്യ പരിശീലകൻ അമീർ ​ഗാലെനോയിയാണ് വെളിപ്പെടുത്തിയത്. എന്നാൽ ആരാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കാൻ അമീർ ഗാലെനോയി തയ്യാറായില്ല.

മത്സര ശേഷം കളിക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കാൻ കാലിഫോർണിയയിൽ രാത്രി തങ്ങാനായിരുന്നു ടീം പദ്ധതിയിട്ടിരുന്നത്. എന്നാൽ കളി കഴിഞ്ഞയുടൻ മെക്സിക്കോയിലെ ടിഹുവാനയിലേക്കുള്ള 140 മൈൽ യാത്രയ്ക്കായി എല്ലാവരും ഉടൻ തന്നെ വിമാനത്തിൽ കയറണമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.

‘ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും അവർ സമയം തന്നില്ല. കളി കഴിഞ്ഞയുടൻ ‘നിങ്ങൾ ഉടൻ തന്നെ ഇവിടെനിന്ന് പോകണം’ എന്നാണ് അവർ പറഞ്ഞത്. കളിക്കാർക്ക് മത്സരശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഞങ്ങളോട് വിമാനത്തിൽ കയറി ടിഹുവാനയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങളോടുള്ള ഈ സമീപനത്തിൽ കടുത്ത നിരാശയുണ്ട്.’

‘എന്തുകൊണ്ടാണ് അവർ ഇത്ര വേ​ഗം തന്നെ ഞങ്ങളെ മടക്കി അയക്കുന്നതെന്ന് സത്യത്തിൽ ഞങ്ങൾക്കറിയില്ല. ഇത് വളരെ വിചിത്രമാണ്. ഞങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മറ്റാരോ ആണെന്ന് തോന്നുന്നു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്ന ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും’- ഇറാൻ പരിശീലകൻ തുറന്നടിച്ചു.

‘മത്സരം തീർന്ന ഉടൻ തന്നെ ഞങ്ങൾക്ക് ലൊസാഞ്ചലസ് വിടേണ്ടി വന്നിരിക്കുന്നു. ഇത് ടീമിന് ഒട്ടും നല്ലതല്ല. ഫിഫയിൽ നിന്നു ഇതിലും കൂടുതൽ പരി​ഗണനയും സഹായവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ഞങ്ങളെ സംബന്ധിച്ച് കാര്യങ്ങളെല്ലാം ദുരന്തമാണെന്നു പറയാതെ വയ്യ’- ഇറാൻ നായകൻ മെഹ്ദി താരെമിയും വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പ്രഖ്യാപിച്ചതു മുതൽ ഇറാന്റെ ലോകകപ്പ് മുന്നൊരുക്കങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു. യുഎസിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ നിരസിച്ചിരുന്നു. ഇതിന് പുറമെ ഇറാന്റെ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, സഹപരിശീലകർ, മീഡിയ ഒഫീഷ്യലുകൾ എന്നിവരുൾപ്പെടെയുള്ള പ്രധാന ജീവനക്കാർക്ക് അമേരിക്ക വിസ നിഷേധിച്ചതും ടീമിനെ വലിയ രീതിയിൽ ബാധിച്ചു.

അതിനിടെ മത്സരം അരങ്ങേറുമ്പോൾ ​ഗാലറിയിൽ നിന്നു ഇറാൻ ടീമിനു നേരെ കൂക്കിവിളി ഉയർന്നിരുന്നു. മാത്രമല്ല രാഷ്ട്രീയ മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തിൽ നിന്നു കളിക്കിടെ ഉയർന്നു.

ത്രില്ലർ പോരാട്ടമാണ് അരങ്ങേറിയത്. മത്സരം ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ന്യൂസിലൻഡ് ലീഡെടുത്തിരുന്നു. എന്നാൽ രണ്ട് തവണയും ഇറാൻ മറുപടി ​ഗോൾ വലയിലിട്ട് മത്സരം സമനിലയിൽ ആക്കിയാണ് പിരിഞ്ഞത്. ഇറാൻ അടുത്ത മത്സരത്തിൽ ബെൽജിയവുമായാണ് ഏറ്റുമുട്ടുന്നത്. മത്സരം സോഫി സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യം; നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ എത്തിക്കാൻ വ്യോമസേന

ചരിത്രത്തിലാദ്യം; നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ എത്തിക്കാൻ വ്യോമസേന

ഡൽഹി: കനത്ത വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച നീറ്റ്-യുജി (NEET-UG) പരീക്ഷാ ചോർച്ചയ്ക്ക് പിന്നാലെ, ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയുടെ സുരക്ഷയ്ക്കായി അസാധാരണ നടപടികളുമായി കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും (NTA). ചോദ്യപേപ്പറുകൾ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ (IAF) സഹായമാണ് രാജ്യം തേടിയിരിക്കുന്നത്.

​വ്യോമസേനയുടെ പ്രത്യേക സി-17 ഗ്ലോബ്മാസ്റ്റർ (C-17 Globemaster), സി-130 ജെ ഹെർക്കുലീസ് (C-130J Hercules) തുടങ്ങിയ വമ്പൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രാജ്യത്തെ 18 പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ വ്യോമമാർഗ്ഗം എത്തിക്കുന്നത്. നിലവിൽ രാജ്യത്ത് പെയ്യുന്ന കനത്ത കാലവർഷവും പ്രളയസാധ്യതയും റോഡ് മാർഗ്ഗമുള്ള ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ വ്യോമയാന നീക്കം. സാധാരണഗതിയിൽ ചോദ്യപേപ്പറുകൾ എത്തിക്കാൻ 8 മുതൽ 10 ദിവസങ്ങൾ വരെ എടുക്കുന്ന സ്ഥാനത്ത് വ്യോമസേനയുടെ സഹായത്തോടെ ഇത് 4 മുതൽ 5 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.

​കർശന സുരക്ഷാ പ്രോട്ടോക്കോൾ:

വ്യോമത്താവളങ്ങളിൽ എത്തിക്കുന്ന ചോദ്യപേപ്പറുകൾ സി.ആർ.പി.എഫ് (CRPF), പ്രാദേശിക പോലീസ് എന്നിവരുടെ കനത്ത സുരക്ഷാ വലയത്തിൽ മൾട്ടി-ലെയർ പ്രൊട്ടക്ഷൻ (ബഹുതല സുരക്ഷ) ഉറപ്പാക്കിയാണ് ജില്ലാ ട്രഷറികളിലേക്കും ബാങ്ക് ലോക്കറുകളിലേക്കും മാറ്റുന്നത്.

​ഇതുകൂടാതെ പരീക്ഷാ ക്രമക്കേടുകൾ തടയാൻ എ.ഐ (AI) ക്യാമറകൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മെയ് 3-ന് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ഈ അടിയന്തര പ്രതിരോധ നടപടികളിലേക്ക് കടന്നത്.

കണ്ണൂര്‍-ജിദ്ദ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്‌ അടിയന്തര ലാന്‍ഡിങ്

കണ്ണൂര്‍-ജിദ്ദ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്‌ അടിയന്തര ലാന്‍ഡിങ്

ജിദ്ദ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

180 ലധികം യാത്രക്കാരുമായി വിമാനം ഇന്ന് രാവിലെ 7.40 നാണ് പറന്നുയര്‍ന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പൈലറ്റുമാര്‍ എഞ്ചിന്‍ മുന്നറിയിപ്പ് ലൈറ്റ് കണ്ടതോടെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം മംഗളൂരുവില്‍ വിമാനം ഇറക്കാന്‍ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

‘വിമാനം കണ്ണൂരില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. വിമാനം പരിശോധിച്ചതില്‍ ഇന്ധന ഫില്‍ട്ടറില്‍ തകരാറുകള്‍ കണ്ടെത്തിതായും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും ‘കരുത്ത്’

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും ‘കരുത്ത്’

വാഷിങ്ടണ്‍: ശീതയുദ്ധത്തിലെ തന്ത്രപ്രധാനമായ ബോംബര്‍ വിമാനങ്ങള്‍ ഒരേദിവസം തകര്‍ന്നുവീണു. യുഎസ് വ്യോമസേനയുടെ കരുത്തനായ ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനവും ഷ്യയുടെ ടിയു-22എം3 എന്ന തന്ത്രപ്രധാന ബോംബര്‍ വിമാനവുമാണ് തകര്‍ന്ന് വീണത്. ബി-52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേരും കൊല്ലപ്പെട്ടു. സൈബീരിയയിലെ ഇര്‍കുത്സ്‌ക് മേഖലയില്‍ പരിശീലന പറക്കലിനിടെയാണ് റഷ്യന്‍ വിമാനം തകര്‍ന്നു വീണത്. ആര്‍ക്കു പരിക്കില്ല.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11.20നാണ് ബി-52 ബോംബര്‍ വിമാനം എഡ്വേര്‍ഡ്‌സ് താവളത്തില്‍ നിന്ന് ഒരു പതിവ് പരീക്ഷണ പറക്കലിനായി ഉയര്‍ന്നത്. എന്നാല്‍ പറന്നുയര്‍ന്ന തൊട്ടുപിന്നാലെ വിമാനം റണ്‍വേയ്ക്ക് സമീപം തകര്‍ന്നുവീഴുകയായിരുന്നു. ലൊസാഞ്ചലസിന് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ താവളത്തില്‍ നടന്ന അപകടത്തെ അതീവ ഗുരുതരവും ദാരുണവുമെന്നാണ് യുഎസ് സൈനിക വക്താക്കള്‍ വിശേഷിപ്പിച്ചത്. ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷമാണ് യുഎസ് വ്യോമസേനയെ നടുക്കിയ ഇത്രയും വലിയൊരു ബി-52 വിമാനാപകടം ഉണ്ടാകുന്നത്.

ബി-52 വിമാനങ്ങളുടെ അത്യാധുനിക ‘റഡാര്‍ നവീകരണ പ്രോഗ്രാമിന്റെ’ ഭാഗമായുള്ള സുപ്രധാന പരിശോധനകള്‍ക്കായാണ് വിമാനം തിങ്കളാഴ്ച പറന്നുയര്‍ന്നതെന്ന് എയര്‍ഫോഴ്‌സ് വക്താക്കള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട എഡ്വേര്‍ഡ്‌സ് ബേസ് പിന്നീട് വീണ്ടും തുറന്നെങ്കിലും, ചൊവ്വാഴ്ച വരെയുള്ള എല്ലാ പരീക്ഷണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കേണല്‍ ഹെയ്‌സ് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. യുഎസ് വ്യോമസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ പരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്‌സ് ബേസ്. നീളമേറിയ റണ്‍വേകളും അനുകൂലമായ ഭൂപ്രകൃതിയും ഉള്ളതിനാല്‍ വ്യോമസേനാ വിമാനങ്ങള്‍ മാത്രമല്ല, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, സ്‌പേസ് ഷട്ടിലുകള്‍ എന്നിവയെല്ലാം ഇവിടെയാണ് പരീക്ഷിക്കാറുള്ളത്.

പരിശീലന പറക്കലിനിടെയാണ് റഷ്യയുടെ ടിയു-22എം3 ബോംബര്‍ വിമാനം തകര്‍ന്നതെന്നും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് സുരക്ഷിതമായി പുറത്തേക്ക് ചാടാന്‍ കഴിഞ്ഞതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധസാമഗ്രികളൊന്നും വഹിക്കാതെയാണ് വിമാനം പറന്നിരുന്നത്. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കിവരികയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബി-52, ടിയു-22എം3 ബോംബര്‍ വിമാനങ്ങള്‍ യഥാക്രമം യുഎസ്, റഷ്യന്‍ സൈന്യങ്ങളില്‍ പതിറ്റാണ്ടുകളായി സേവനമനുഷ്ഠിച്ചുവരുന്നവയാണ്. യുഎസ് വ്യോമശക്തിയുടെ പ്രതീകവും തന്ത്രപ്രധാനമായ ആയുധവുമാണ് ബോയിങ് കമ്പനി നിര്‍മിച്ച ബി-52 ബോംബര്‍ വിമാനങ്ങള്‍. ഏകദേശം 70,000 പൗണ്ട് (32,000 കിലോഗ്രാം) സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളും വഹിക്കാന്‍ ശേഷിയുള്ളവയാണിവ. 1962ന് ശേഷം ഈ വിമാനങ്ങളുടെ പുതിയ പതിപ്പുകള്‍ നിര്‍മിച്ചിട്ടില്ലെങ്കിലും കാലാനുസൃതമായ അറ്റകുറ്റപ്പണികളും സാങ്കേതിക നവീകരണങ്ങളും നടത്തിയാണ് ഇവ ഇപ്പോഴും പറത്തുന്നത്

ടിയു-22 വിമാനത്തിന് നാറ്റോ നല്‍കിയിരിക്കുന്ന കോഡ് ‘ബാക്ക്ഫയര്‍’ എന്നാണ്. സോവിയറ്റ് കാലഘട്ടത്തിലെ ഈ സൂപ്പര്‍സോണിക് ബോംബര്‍ വിമാനം സിറിയയിലെയും യുക്രെയ്‌നിലെയും യുദ്ധദൗത്യങ്ങള്‍ക്കായി റഷ്യ പിന്നീട് ഉപയോഗിച്ചിട്ടുണ്ട്. ‘ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ്’ പ്രകാരം, യഥാര്‍ത്ഥ ടിയു-22 വിമാനത്തിന്റെ നവീകരിച്ച പതിപ്പാണിത്. ഇതിന് എയര്‍-ലോഞ്ച്ഡ് ക്രൂയിസ് മിസൈലുകളും, വായുവില്‍ നിന്ന് തൊടുത്തുവിടാവുന്ന ഹൈപ്പര്‍സോണിക് കിന്‍ഷാല്‍ ‘ഡാഗര്‍’ മിസൈലുകളും വഹിക്കാന്‍ ശേഷിയുണ്ട്. വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ശത്രുക്കളുടെ ആക്രമണ പരിധിക്ക് പുറത്തുനിന്നും ബോംബാക്രമണം നടത്താന്‍ ഇതിന് ശേഷിയുണ്ട്.

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

ഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെ വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറും ജൂണ്‍ 30 വരെ പ്രവര്‍ത്തിക്കില്ല.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നീക്കം. ജൂണ്‍ 21നാണ് എന്‍ടിഎ പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം പ്ലാറ്റ്ഫോമിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ എന്‍ടിഎ സ്വാഗതം ചെയ്തു.

ടെലിഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിര്‍ദേശിച്ചതായി എന്‍ടിഎ പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്ലാറ്റ്‌ഫോമില്‍ മെസേജ് എഡിറ്റിങ് ഫീച്ചര്‍ ലഭ്യമാക്കരുതെന്നും മന്ത്രാലയം പ്ലാറ്റ്ഫോമിനോട് നിര്‍ദേശിച്ചു. എന്‍ടിഎ അറിയിച്ചു.