by Midhun HP News | Jun 16, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍. പുനഃപരീക്ഷ ഒരുമാസം കൂടി നീട്ടണമെന്നാണ് ആവശ്യം. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 1467 വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ)യ്ക്ക് നിവേദനം നല്‍കി.
അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്. പരീക്ഷയുടെ തയ്യാറെടുപ്പിന് ആവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു. പുനഃപരീക്ഷാ തീയതി ഒരുമാസം കൂടി നീട്ടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജൂണ്‍ 21 ന് പുനഃപരീക്ഷ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇതിനിടെ നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പുനഃപരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. മംഗള കോഹ് ലിയാണ് ഹര്‍ജി നല്‍കിയത്. മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണ്. നീറ്റ് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയാണ്. രാജ്യത്തെ ഏതാനും സെന്ററുകളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളത്.
ആ സെന്ററുകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടേത് മാത്രം റദ്ദാക്കിയാല്‍ മതി. അല്ലാതെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും പരീക്ഷ റദ്ദാക്കിയത് നീതിയുക്തമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും, പുനഃപരീക്ഷ നടത്താനുള്ള നോട്ടിഫിക്കേഷനും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും.

by Midhun HP News | Jun 16, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വഴി തെളിക്കുന്ന കരടു കരാര്‍ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാറില്‍ വെര്‍ച്വലായി ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ലോകത്തെ ഇന്ധപ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട, 107 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനാണ് അവസാനമാകുന്നത്.
ജനീവയിൽ പ്രധാന മധ്യസ്ഥരായ പാകിസ്ഥാന്റെ ആതിഥേയത്വത്തിൽ വെള്ളിയാഴ്ച കരാറിൽ ഔദ്യോഗിക ഒപ്പിടൽച്ചടങ്ങ് നടക്കും. ഏപ്രിൽ എട്ടിന് പ്രാബല്യത്തിലായ താത്കാലിക വെടിനിർത്തൽ 60 ദിവസത്തേക്കുകൂടി നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഇറാൻ മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥയായ ലെബനനിലെ വെടിനിർത്തലും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആഗോളചരക്കുനീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്നും പാത ടോൾരഹിതമാകുമെന്നും ട്രംപ് അറിയിച്ചു. യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള വാണിജ്യക്കപ്പലുകളുടെ ഗതാഗതം തടയുന്നതിനായി ഹോർമുസിൽ ഏപ്രിൽ 13 മുതൽ യു എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് കരാർ വിവരം ആദ്യം പ്രഖ്യാപിച്ചത്. ലെബനനുൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലുമുള്ള സൈനികനടപടികൾ ഉടനടി നിർത്തിവെക്കാൻ ഇറാനും യു എസും സമ്മതിച്ചതായി ഷഹബാസ് പറഞ്ഞു. വെടിനിർത്തൽ കാലയളവിൽ ഇറാന്റെ ആണവായുധമോഹം തടയാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കും. 60 ദിവസത്തിനകം അന്തിമ കരാർ ഉണ്ടായില്ലെങ്കിൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

by Midhun HP News | Jun 14, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബ്രസീൽ മൊറോക്കോയ്ക്കെതിരെ സമനില പിടിച്ച് രക്ഷപ്പെട്ടപ്പോൾ അതിൽ നിർണായകമായത് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ മാജിക്ക് ഗോളായിരുന്നു. മത്സരത്തിൽ അടിമുടി നിറം മങ്ങി കളിച്ച ബ്രസീൽ ടീമിൽ അൽപ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരം വിനീഷ്യസാണ്. ഗോളടിച്ചും സഹ താരങ്ങൾക്ക് ഗോളവസരം ഒരുക്കിക്കൊടുത്തും വിനി കളം വാണെങ്കിലും ടീമെന്ന നിലയിൽ ബ്രസീൽ ഈ കളി കളിച്ചാൽ മതിയാകില്ലെന്നു കടുത്ത എതിരാളികൾ പോലും സമ്മതിക്കുന്ന മങ്ങിയ പ്രകടനമാണ് സെലക്കാവോകൾ പുറത്തെടുത്തത്.
ബ്രസീൽ ജേഴ്സിയിൽ വിനീഷ്യസിന്റെ 50ാം മത്സരമായിരുന്നു ഇത്. ടീമിനെ രക്ഷപ്പെടുത്തിയ ഗോൾ നേടി താരം പോരാട്ടം അവിസ്മരണീയമാക്കി.
ബ്രസീലിന്റെ വിരസമായ കളിക്ക് ജീവൻ നൽകിക്കൊണ്ടാണ് വിനീഷ്യസ് ജൂനിയർ ഗോൾ നേടിയത്. മത്സരം പതുക്കെ ആരംഭിച്ച ബ്രസീൽ ആദ്യം ഒരു ഗോൾ വഴങ്ങിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് അവരുടെ പ്രധാന താരത്തിന്റെ മാന്ത്രിക നീക്കം സമനില സമ്മാനിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബ്രസീലിന് സാധിച്ചില്ല, അതിനുള്ള തിരിച്ചടിയും അവർക്ക് കിട്ടി. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മൊറോക്കോയായിരുന്നു. തുടക്കം മുതൽ ആക്രമിച്ച അവർ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ 6 ഗോൾ ശ്രമങ്ങളാണ് നടത്തിയത്. പിന്നീടാണ് ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
മൊറോക്കോയുടെ ഗോൾ അതിമനോഹരമായിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രഹിം ഡിയാസ് ബ്രസീലിന്റെ സെന്റർ ബാക്കുകൾക്കിടയിലൂടെ പന്ത് നൽകി. ഈ സീസണിൽ പിഎസ്‍വി ഐന്തോവനു വേണ്ടി 15 ഗോളുകൾ നേടിയ ഇസ്മായിൽ സൈബാരി ഡിയാസ് നൽകിയ പന്തുമായി മുന്നേറി. മുന്നോട്ടു കയറി വന്ന് പന്ത് തടയാൻ നിന്ന ബ്രസീൽ ഗോൾ കീപ്പർ അലിസന് എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് തന്നെ സൈബാരി അലിസന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി.
പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഒരുപാട് ചിന്തിക്കാനുള്ള വക നൽകുന്ന ഗോളായിരുന്നു 21ാം മിനിറ്റിൽ മൊറോക്കോ നേടിയത്. ഈ ഗോൾ ബ്രസീലിനെ സ്തബ്ധരാക്കി. എന്നാൽ പെട്ടെന്നാണ് ബ്രസീൽ തിരിച്ചടിച്ചത്. 32ാം മിനിറ്റിൽ തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ വിനീഷ്യസ് ജൂനിയർ മുതലാക്കി. മൊറോക്കോ താരങ്ങൾ വിനീഷ്യസിന് കുറച്ചധികം സ്ഥലം നൽകി. ഇത് മുതലെടുത്ത് റയൽ മാഡ്രിഡ് വിങ്ങർ തന്റെ വലതു കാലിലേക്ക് പന്ത് ഒതുക്കി വെട്ടിത്തിരിഞ്ഞ് മൊറോക്കോ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തൊടുത്തുവിട്ടു. അതുവരെ നിശബ്ദരായി സ്റ്റേഡിയത്തിൽ കളി കണ്ട ബ്രസീൽ ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്ന സുന്ദര ഗോളായിരുന്നു ഇത്.
വിനീഷ്യസിന്റെ ഈ ഗോൾ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും ആശ്വാസം നൽകുന്നതായിരുന്നു- ‘വിനീഷ്യസ് നന്നായി കളിച്ചു. എതിർ ടീമിൽ അപകടം വിതക്കാൻ അവനു സാധിച്ചു. ഒരു ലോകകപ്പ് സ്വന്തമാക്കാനുള്ള എല്ലാ കഴിവും ഉണ്ടെന്നു വിനീഷ്യസ് ബോധ്യപ്പെടുത്തുകയും ചെയ്തു’- ആഞ്ചലോട്ടി മത്സര ശേഷം വ്യക്തമാക്കി.
രണ്ടാം പകുതി ഏറെ പ്രതീക്ഷകൾ നൽകിയെങ്കിലും കളിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ആദ്യ പകുതിയിൽ പതറിയ കാസമിറോയെ മാറ്റി പകരം മാത്യൂസ് കുന്യയെ ഇറക്കി ബ്രസീൽ കളിക്ക് കൂടുതൽ മൂർച്ച കൂട്ടാൻ ശ്രമിച്ചു. എന്നാൽ കുന്യയ്ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിനീഷ്യസ് നിരന്തരം മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നിട്ടും രണ്ടാമതൊരു ഗോൾ മാത്രം പിറന്നില്ല. മറുവശത്ത് മികച്ച പന്തടക്കവും പാസിങുമായി മൊറോക്കോ നിരന്തരം ബ്രസീൽ ബോക്സിലേക്ക് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നെങ്കിലും ഗോൾ മാത്രം വന്നില്ല.
തങ്ങളുടെ ആദ്യ കളിയിലെ പ്രകടനം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷം ബ്രസീൽ പരിശീലകനു സമ്മതിക്കേണ്ടി വരുന്ന തരത്തിലുള്ള മങ്ങിയ പോരാട്ടമാണ് ബ്രസീൽ പുറത്തെടുത്തത്. ആഞ്ചലോട്ടിയെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയോ വലിയ സന്തോഷമോ നൽകുന്ന ഒന്നല്ല. ബ്രസീലിന് ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.
‘ടീം അവസാന നിമിഷം വരെ കഠിനമായി പോരാടി. ഞങ്ങൾ എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് വളരെ വ്യക്തമാണ്. ആദ്യത്തെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്ത കാര്യങ്ങൾ ഈ മത്സരത്തിന്റെ ആദ്യ പകുതിയിൽ ശരിയായി വന്നില്ല. ഞാൻ നിരാശനുമല്ല, പൂർണ തൃപ്തനുമല്ല. ടീം ഇനിയും കഠിനാധ്വാനം ചെയ്യണം. മൊറോക്കോ നന്നായി കളിച്ചു. ഇത് കടുപ്പമേറിയ മത്സരം തന്നെയായിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല’- ആഞ്ചലോട്ടി വ്യക്തമാക്കി.
by Midhun HP News | Jun 13, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് താഴേക്ക് ചാടിയ 37കാരി മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞ് ചെറിയ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. ഹൈദരാബാദിലാണ് സംഭവം. ഐടി കമ്പനി ജീവനക്കാരിയായ ഇഷ സഹുവാണ് മരിച്ചത്. താഴേക്കു വീഴും മുൻപേ സുരക്ഷയ്ക്കായി കെട്ടിയിരുന്ന പാളിയിൽ തട്ടിയതിനാലാണ് കുഞ്ഞ് രക്ഷപെട്ടത്. സമീപവാസികൾ ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. പരിക്കുകളുണ്ടെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി ഡോക്റ്റർമാർ പറയുന്നു.
മധ്യപ്രദേശ് സ്വദേശിയായ ഇഷ 11 വർഷം മുൻപാണ് വിവാഹിതയായത്. ഇരുവരും സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിനും രണ്ടു പെൺമക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്.
മൂത്ത മകൾക്ക് എട്ടു വയസാണ് പ്രായം. ഇളയ കുട്ടിയെ പ്രസവിച്ചതിനു പിന്നാലെ ഇഷ പ്രസവാനന്തര വിഷാദത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും മാസങ്ങളോളമായി ഉറക്കമില്ലായിരുന്നുവെന്നും ഉത്കണ്ഠ അലട്ടിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 3.45നാണ് യുവതി കുട്ടിയുമായി താഴേക്ക് ചാടിയത്.

by Midhun HP News | Jun 13, 2026 | Latest News, ദേശീയ വാർത്ത
ധരംശാല: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഏറെ വൈകി ആരംഭിക്കുന്നു. 25 ഓവറാക്കി ചുരുക്കിയാണ് പോരാട്ടം.
ഉച്ചയ്ക്ക് 1.30 മുതലായിരുന്നു മത്സരം ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നു ടോസടക്കം വൈകി.ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലെയിങ് ഇലവനിലുണ്ട്.
ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

by Midhun HP News | Jun 13, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ബാങ്കോക്കില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍ അപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹര്‍ഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റിലായത്.
ജൂണ്‍ പത്തിന് രാത്രിയില്‍ ബാങ്കോക്കില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (TG-351) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ഹര്‍ഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥര്‍, വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കിറ്റ് ഉപയോഗിച്ച് നടത്തിയ രാസപരിശോധനയില്‍ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത 11 കിലോയിലധികം തൂക്കം വരുന്ന ഈ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 11.82 കോടി രൂപ വിലമതിക്കും.
എന്‍ഡിപിഎസ് നിയമപ്രകാരം ഹര്‍ഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹര്‍ഷ സണ്ണിയെ മുംബൈയിലെ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലേക്കാണോ അതോ രാജ്യത്തെ മറ്റെതെങ്കിലും ഇടത്തേക്കാണോ ലഹരിമരുന്ന് എത്തിച്ചത് എന്നത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസും അന്വേഷണം തുടങ്ങി. ഇതിനായി ഹര്‍ഷയുടെ യാത്രാ വിവരങ്ങള്‍, കോള്‍ റെക്കോര്‍ഡുകള്‍ തുടങ്ങിയവ പരിശോധിച്ചു വരികയാണ്.

Recent Comments