തമിഴ്നാട്ടിൽ ​ഗവർണർ-സർക്കാർ പോര് രൂക്ഷം

തമിഴ്നാട്ടിൽ ​ഗവർണർ-സർക്കാർ പോര് രൂക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമായി. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ കൂടും. തിരിച്ചയച്ച ബില്ലുകള്‍ പാസ്സാക്കി വീണ്ടും ഗവര്‍ണര്‍ക്ക് അയക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം.

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കോടതി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഗൗരവകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാനും ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരത്തിനായി എത്തുമ്പോള്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടന നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി നവംബര്‍ 20 ന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. അന്നേദിവസം അറ്റോര്‍ണി ജനറലോ, സോളിസിറ്റര്‍ ജനറലോ കോടതിയില്‍ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി പ്രതീക്ഷ പ്രസിഡന്റിൽ;  അപ്പീല്‍ സുപ്രീംകോടതി  തള്ളി

ഇനി പ്രതീക്ഷ പ്രസിഡന്റിൽ; അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു തങ്ങള്‍ക്ക് കിട്ടിയ വിവരമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹർജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തി; പോലീസുകാർക്ക് സസ്‌പെൻഷൻ

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തി; പോലീസുകാർക്ക് സസ്‌പെൻഷൻ

ജാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഒരു എഎസ്‌ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്. മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോദി. ബുധനാഴ്ച രാവിലെ ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്-കം-ഫ്രീഡം ഫൈറ്റർ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു സ്ത്രീ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടി. സംഗീത ഝാ എന്ന സ്ത്രീയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഭർത്താവിനെതിരെ പരാതി നൽകാനാണ് യുവതി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. 2012ൽ ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ജമുനി ഗ്രാമത്തിൽ വെച്ചായിരുന്നു യുവതിയുടെ വിവാഹം. 2016 മുതൽ, ഭർത്താവുമായി പ്രശ്നങ്ങൾ ആരംഭിച്ചു. ഇവർ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്ന് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കുമാർ സിൻഹ പറഞ്ഞു.

ഭർത്താവിന്റെ ശമ്പളം തന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രിയെ കാണാൻ യുവതി ഡൽഹിയിലേക്ക് പോകുകയും 10 ദിവസം താമസിക്കുകയും ചെയ്തു. പരാജയപ്പെട്ടതോടെ രാഷ്ട്രപതിയെ കാണാനും ശ്രമിച്ചു. എന്നാൽ എല്ലാ ശ്രമങ്ങളും പാഴായപ്പോൾ യുവതി ദിയോഘറിലുള്ള ബന്ധുവീട്ടിലേക്ക് മടങ്ങിയെത്തി. പ്രധാനമന്ത്രി റാഞ്ചിയിൽ എത്തിയതറിഞ്ഞാണ് ഝാ വന്നതെന്നും എസ്.പി പറഞ്ഞു.

പരീക്ഷാ ഹാളില്‍ ശിരോവസ്ത്രത്തിനു വിലക്ക്; നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍

പരീക്ഷാ ഹാളില്‍ ശിരോവസ്ത്രത്തിനു വിലക്ക്; നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിന് വ്യത്യസ്തമായാണ് പുതിയ ഉത്തരവ്.

ഹിജാബ് എന്ന് ഉത്തരവില്‍ പ്രതിപാദിച്ചിട്ടില്ല. തലയോ, വായയോ, ചെവിയോ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. പരീക്ഷയില്‍ താലി, നെക്ലേസ് പോലുള്ള ആഭരണങ്ങള്‍ ധരിക്കുന്നതിന് വിലക്കില്ല. നവംബര്‍ 18നും 19നും കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റിയുടെ ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കുമുള്ള പരീക്ഷകളുടെ ഭാഗമായാണ് നടപടി. പരീക്ഷകളില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ക്രമക്കേടുകള്‍ തടയുകയായാണ് ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു.

ഒക്ടോബറില്‍ കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി നടത്തിയ പരീക്ഷയില്‍ ഹിജാബ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

പാകിസ്ഥാനിൽ  അജ്ഞാതരുടെ വെടിയേറ്റ് വീണ്ടുമൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് വീണ്ടുമൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

ഡൽഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരനും മൗലാന മസൂദ് അസറിന്റെ സുഹൃത്തുമായ മൗലാന റഹീമുല്ലാ താരിഖിനെ കറാച്ചിയിൽ വെച്ച് അജ്ഞാതർ കൊലപ്പെടുത്തി. മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന താരിഖിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറായ അക്രം ഖാൻ ഗാസിയെ കഴിഞ്ഞദിവസമാണ് അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയത്.

ദീപാവലി ആഘോഷം പൊടിപൊടിച്ചു; ലോകത്തെ പത്തു മലിന നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

ദീപാവലി ആഘോഷം പൊടിപൊടിച്ചു; ലോകത്തെ പത്തു മലിന നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തിലെ പത്ത് നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലേതായി. അന്തരീക്ഷത്തില്‍ കനത്ത പുക ഉയര്‍ന്നതോടെയാണ് രാജ്യതലസ്ഥാന നഗരമായ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവ മലീനികരണ നരങ്ങളുടെ പട്ടികയില്‍ പത്തില്‍ ഇടം പിടിച്ചത്.
ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക (എക്യുഐ) അപകടകരമായ നിലയിലെത്തി. ചില സ്ഥലങ്ങളില്‍ 700 വരെ ഉയര്‍ന്നു. പത്തില്‍ ഒന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം. കൊല്‍ക്കത്ത നാലാം സ്ഥാനത്തും മുംൈബ എട്ടാം സ്ഥാനത്തുമാണ്.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400ന് മുകളിലായാല്‍ ആളുകളുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുകയും നിലവിലുള്ള രോഗങ്ങള്‍ വര്‍ധിക്കാനും ഇടയാക്കും. ഞായറാഴ്ച വൈകീട്ട് മുതല്‍ ഡല്‍ഹിയില്‍ അന്തരീക്ഷം മലിനമായതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയായതോടെ എക്യുഐ 680ലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.വായു ഗുണനിലവാരം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹിയില്‍ ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.