മഹുവ മൊയ്ത്രയെ കുരുക്കി റിപ്പോര്‍ട്ട്: രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി

മഹുവ മൊയ്ത്രയെ കുരുക്കി റിപ്പോര്‍ട്ട്: രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി

ഡൽഹി: ചോദ്യത്തിന് കോഴ ആരോപണ കേസിൽ മഹുവ മൊയ്ത്ര എംപിയിലൂടെ രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകൾ എംപിമാർക്ക് മുൻകൂറായി നൽകിയതിലെ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് എത്തിക്സ് കമ്മിറ്റി പറഞ്ഞു. ജമ്മുകശ്മീർ മണ്ഡല പുനർനിർണ്ണയ ബില്ലടക്കം നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യുഎഇയിൽ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ൽ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടിയെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

ചെന്നൈ തുറമുഖത്ത് സ്‌ഫോടനം; ഒരാള്‍ മരിച്ചു

ചെന്നൈ തുറമുഖത്ത് സ്‌ഫോടനം; ഒരാള്‍ മരിച്ചു

ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കഴിഞ്ഞ 31ന് ഒഡീഷയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ച എണ്ണകപ്പലിലാണ് അപകടം ഉണ്ടായത്. കപ്പലിനുള്ളിലെ ഗ്യാസ് പൈപ്പിനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍

പരിക്കേറ്റ ജോഷ്വ, രാജേഷ്, പുഷ്പ ലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹുവ മൊയ്ത്രയെ പുറത്താക്കണം: റിപ്പോർട്ടുമായി പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി

മഹുവ മൊയ്ത്രയെ പുറത്താക്കണം: റിപ്പോർട്ടുമായി പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി

ഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന ശുപാര്‍ശയുമായി പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി. ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള പണമിടപാട് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അഞ്ഞൂറ് പേജുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ എത്തിക്സ് കമ്മിറ്റി ഇന്ന് യോഗം ചേരും.

പാര്‍ലമെന്‍റ് ലോഗിന്‍ ഐഡിയും പാസ് വേഡും ഒരു ബിസിനസ് ഗ്രൂപ്പിന് നല്‍കിയത് കടുത്ത തെറ്റാണ്. ചോദ്യങ്ങള്‍ തയ്യാറാക്കാനായി ഒരു പിഎയെ ചുമതലപ്പെടുത്തുന്നത് പോലെ ആ ചെയ്തിയെ നിസാരവത്ക്കരിക്കാനാകില്ല.

വിലയേറിയ മേക്കപ്പ് സാധനങ്ങള്‍ ഉപഹാരങ്ങളായി കൈപ്പറ്റിയതും പദവിക്ക് നിരക്കുന്നതല്ല. പലപ്പോഴായി മൂന്ന് കോടിയോളം രൂപ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പരാതി. അതേകുറിച്ച് സര്‍ക്കാരിന്‍റെ അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ചപ്പാരം ഏറ്റുമുട്ടൽ: ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ഊർജിതം, 2 പേർ പിടിയിൽ

ചപ്പാരം ഏറ്റുമുട്ടൽ: ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ഊർജിതം, 2 പേർ പിടിയിൽ

കൽപറ്റ: വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കി പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകൾക്കായി പെരിയയിലെ ഉൾക്കാടുകളിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.

ബാണാസുര ദളത്തിലെ കമാൻഡർ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് തണ്ടർബോൾട്ട് ഇന്നലെ പിടികൂടിയത്. ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു നാലം​ഗ സായുധസംഘം. മൊബൈൽ ഫോണുകൾ ചാർജിന് വെച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയപ്പോൾ തണ്ടർബോൾട്ട് സംഘം വീട് വളഞ്ഞു. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഏറ്റുമുട്ടലുണ്ടായി. തുടർന്നാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവർക്ക് വെടിയേറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്.

പിടിയിലായ പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി. നിലവിൽ 4 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് അപഹരിച്ചതാണ്. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന ഇന്ന് പൂർത്തിയാക്കും.

സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

ഡല്‍ഹി: സഹകരണ സംഘങ്ങള്‍ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും ആര്‍ബിഐ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.

ബാങ്കിങ്ങ് റെഗുലേഷന്‍ ആക്ട്,1949 ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’, ‘ബാങ്കര്‍’, അഥവാ ‘ബാങ്കിങ്ങ്’ എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. 1949 ലെ ബാങ്കിങ്ങ് റെഗുലേഷന്‍ നിയമത്തിന്റെ ( കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ( ബി ആര്‍ ആക്ട്, 1949) സെക്ഷന്‍ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതായി ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ബിആര്‍ ആക്ട് വ്യവസ്ഥകള്‍ ലംഘിച്ച് ബാങ്കിങ്ങ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍, അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും/ നാമമാത്ര അംഗങ്ങളില്‍ നിന്നും/ അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ സഹകരണ സംഘങ്ങള്‍ക്ക് ബിആര്‍ ആക്ട് പ്രകാരം ബാങ്കിങ്ങ് ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമല്ല. അത്തരം സഹകരണ സംഘങ്ങള്‍ ബാങ്കാണെന്ന് ആവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും, ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ആര്‍ബിഐ നല്‍കിയ ബാങ്കിങ്ങ് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.

ആര്‍ബിഐ നിയന്ത്രിക്കുന്ന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക ചുവടെയുള്ള ലിങ്കില്‍ നിന്ന് ലഭ്യമാണ്. https://www.rbi.org.in/commonperson/English/Scripts/BanksInIndia.aspx

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു; വെടിവയ്പില്‍ സൈനികന് പരിക്ക്

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു; വെടിവയ്പില്‍ സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചതായി സേന അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടല്‍.

മൈസര്‍ അഹമ്മദ് ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഭീകരസംഘടനായ ദി റെസിസ്റ്റന്റ് ഫ്രന്റിന്റെ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയായിരുന്നു അക്രമണം. വെടിവയ്പില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിന്ന് തോക്കുകളും മറ്റു ആയുധങ്ങളും കണ്ടെത്തി. മറ്റു ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.

കശ്മിരില്‍ സമീപകാലത്തായി നിരവധി തവണയാണ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടല്‍ നടത്തുന്നത്.ഇതിനിടെ അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റു. സാംബെയിലെ നിയന്ത്രണരേഖയിലായിരുന്നു വെടിവയ്പ്പ്.