by Midhun HP News | Jun 13, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് മുൻ ചാംപ്യൻമാർ ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30നു ഇറങ്ങുമ്പോൾ അവരുടെ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കില്ലെന്നു ഉറപ്പായി. ഗ്രൂപ്പ് സി യിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ബ്രസീൽ 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെയാണ് നേരിടാൻ ഒരുങ്ങുന്നത്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് മത്സരം.
നെയ്മർ കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. കണങ്കാലിനേറ്റ പരിക്കാണ് നെയ്മറുടെ അന്താരാഷ്ട്ര വേദിയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകിപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ആഞ്ചലോട്ടി താരം പരിക്കിൽ നിന്നു മോചിതനായി വരുന്നുണ്ടെന്നും വ്യക്തമാക്കി.
അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ഒപ്പം ആറാം ലോക കിരീടവും അവർ സ്വപ്നം കാണുന്നു. ലോകകപ്പിന് ദിവസങ്ങൾക്ക് മുൻപാണ് പരിക്ക് വീണ്ടും നെയ്മറുടെ വഴി മുടക്കിയത്.
കളിക്കളത്തിലെ പ്രകടനത്തിനപ്പുറം, ടീമിൽ നെയ്മറുടെ സാന്നിധ്യം അനിവാര്യമാണെന്നു ആഞ്ചലോട്ടി ഉറപ്പിച്ചു പറയുന്നു.
‘അദ്ദേഹത്തിന്റെ ഫുട്ബോൾ മികവ് തർക്കമില്ലാത്ത കാര്യമാണ്. അതു മാത്രമല്ല ഞങ്ങൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ കാരണം. മറിച്ച് ടീമിലെ യുവ കളിക്കാർക്ക് അദ്ദേഹത്തിനു പകർന്നു നൽകാൻ കഴിയുന്ന അനുഭവസമ്പത്തും മാതൃകയും മുന്നിൽക്കണ്ടു കൂടിയാണ്’- ആഞ്ചലോട്ടി വ്യക്തമാക്കി. നെയ്മർ അടുത്ത ആഴ്ചയോടെ പരിശീലനം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയ ആഞ്ചലോട്ടി താരത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ശുഭസൂചനകളാണ് നൽകിയത്.
2023ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കണങ്കാലിലെ പരിക്ക് കാരണം താരം വിശ്രമത്തിലാണ്. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ വേദിയിൽ തങ്ങളുടെ പ്രിയപ്പെട്ട താരം ബൂട്ടണിയുന്നത് കാണാൻ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും.
ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിട്ടും, ലോകകപ്പിന് മുന്നോടിയായി പരിക്ക് മാറുമെന്ന കോച്ചിങ് സ്റ്റാഫിന്റെ പ്രതീക്ഷയിലാണ് 34 കാരനായ നെയ്മറെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയത്.
ബ്രസീൽ ഇപ്പോഴും ടൂർണമെന്റിലെ പ്രിയപ്പെട്ട ടീമുകളിലൊന്നാണെങ്കിലും നെയ്മറുടെ അസാന്നിധ്യം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ആശങ്ക ആരാധകർക്കുണ്ട്. നാല് ലോകകപ്പുകളിലായി 8 ഗോളുകൾ നേടിയിട്ടുള്ള അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്.
ജൂൺ 19നാണ് ബ്രസീലിന്റെ രണ്ടാം പോരാട്ടം. ഹെയ്തിക്കെതിരെ നടക്കുന്ന ഈ മത്സരത്തിൽ നെയ്മർ കളിക്കാൻ സാധ്യതയുണ്ട്. ജൂൺ 24ന് ആൻഡി റോബർട്സണിന്റെ സ്കോട്ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
ടൂർണമെന്റ് ആരംഭിച്ചതേയുള്ളൂ എന്നതിനാൽ നെയ്മറുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇല്ലാതാകുകയല്ല മറിച്ച് അൽപ്പം വൈകുക മാത്രമാണ് ചെയ്യുന്നതെന്ന വീക്ഷണമാണ് ആഞ്ചലോട്ടിക്കും ബ്രസീൽ ക്യാംപിനുമുള്ളത്. അതിനാൽ തന്നെ ടീമിലെ സുപ്രധാന താരത്തെ വെച്ച് അനാവശ്യ പരീക്ഷണത്തിന് കോച്ചിങ് സ്റ്റാഫ് മുതിർന്നേക്കില്ല.
by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജൂണ്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥി സൗഹൃദ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിക്കുകയും ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് പേജുകളുടെ എണ്ണം കൂട്ടുകയും ചെയ്തതുള്‍പ്പെടെയാണ് പുതിയ മാറ്റങ്ങള്‍. വിദ്യാര്‍ഥികളുടെ സൗകര്യം മാനിച്ചാണ് പരിഷ്‌കാരങ്ങളെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ എന്‍ടിഎ വ്യക്തമാക്കി.
നേരത്തെ ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ 5 വരെയായിരുന്നു പരീക്ഷാസമയം. പുതിയ പരിഷ്‌കരണമനുസരിച്ച് 5.15 വരെയായി ഇത് ദീര്‍ഘിപ്പിച്ചു. അതായത് 180 മിനിറ്റുണ്ടായിരുന്ന പരീക്ഷ ഇനി 195 മിനിറ്റാകും. 15 മിനിറ്റ് അധികം ലഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ഉത്തരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പരീക്ഷയ്ക്ക് മുമ്പുള്ള അറ്റന്‍ഡന്‍സ് മാര്‍ക്കിങ്, ഇന്‍വിജിലേഷന്‍ നടപടികള്‍ എന്നിവയുള്‍പ്പെടെ ഈ സമയത്തില്‍ വരും. 15 മിനിറ്റ് അധികം ലഭിക്കുന്നതോടെ പരീക്ഷക്കിടയില്‍ ഒപ്പിടുന്നതുള്‍പ്പെടെ മറ്റ് നടപടികള്‍ ഒഴിവായിക്കിട്ടും.
ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് വര്‍ക്കിനായി ഇനി മുതല്‍ നാല് പേജുകളുണ്ടാകും. ഇതുവരെ ഇത് രണ്ടായിരുന്നു. കണക്കുകൂട്ടലുകള്‍ നടത്താനും ഡയഗ്രങ്ങള്‍ വരച്ചുനോക്കാനും ഉള്‍പ്പെടെ ഇത് ഉപയോഗപ്പെടുത്താം. രണ്ട് റഫ് പേജുകള്‍ മുമ്പത്തേതു പോലെ ബുക്ക്‌ലെറ്റിന്റെ പിന്നിലും രണ്ടെണ്ണം നിര്‍ദേശങ്ങളെഴുതിയ പേജിന് തൊട്ടരികിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പറിലും ഇത് ലഭ്യമായിരിക്കും. ഇടതു കൈക്ക് സ്വാധീനം കൂടുതലുള്ള കുട്ടികളെ കൂടി പരിഗണിച്ചാണ് ഇരുവശത്തായി റഫ് പേജുകള്‍ നല്‍കിയതെന്ന് എന്‍ടിഎ വ്യക്തമാക്കി.
ചെറിയ മാറ്റങ്ങള്‍ പോലും നീറ്റ് പോലുള്ള പരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന് എന്‍ടിഎ പറയുന്നു. പരീക്ഷ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃതമാക്കാനാണ് ഏജന്‍സി ലക്ഷ്യമിടുന്നത്. അതേസമയം പരീക്ഷാ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. പരീക്ഷക്കെത്തുന്നവര്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കണമെന്നും എന്‍ടിഎ ആവശ്യപ്പെടുന്നു.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ പുനഃപരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിച്ചതിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നാമനിര്‍ദേശ പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വരണാധികാരിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണ് പരിഹാരമെന്നും ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
മധ്യപ്രദേശില്‍ നിന്നാണ് മീനാക്ഷി നടരാജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസുണ്ടെന്നും, അക്കാര്യം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കാണിച്ചാണ് പത്രിക തള്ളിയത്. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍ കേസില്ലെന്നാണ് മീനാക്ഷി നടരാജന്റെ വാദം.
നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെയാണ് മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒരുരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം റിട്ടേണിങ് ഓഫീസര്‍ തള്ളിയാല്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക എന്നതാണ് ഉചിതമായ പ്രതിവിധി എന്ന് കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്ന് ജസ്റ്റിസ് പി കെ മിശ്രയും അതുല്‍ എസ് ചന്ദൂര്‍ക്കറും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. അത്തരം ഇടപെടല്‍ നടന്ന ഏതെങ്കിലും മുന്‍കാല വിധികള്‍ ഉണ്ടോയെന്നും കോടതി ഹര്‍ജിക്കാരിയോട് ആരാഞ്ഞു. നാമനിര്‍ദ്ദേശം നിരസിക്കപ്പെട്ട തീരുമാനം തെറ്റാണെങ്കില്‍, പ്രതിവിധി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെയായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: ഫിഫ ലോകകപ്പ് ഫുട്ബോൾ ആരവങ്ങള്‍ക്കിടെ ക്രിക്കറ്റ് ആസ്വാദകര്‍ക്കായി ടി20 ലോകകപ്പ്. വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടാണ് ഇത്തവണ വേദിയാകുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.00 മണി മുതലാണ് ആദ്യ പോരാട്ടം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും.
12 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് പോരാട്ടം. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്‌ലന്‍ഡ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ഇതാദ്യമായാണ് വനിതാ ടി20 ലോകകപ്പ് കളിക്കുന്നത്. ഇടവേളയ്ക്കു ശേഷമാണ് അയര്‍ലന്‍ഡ് ലോക പോരിനെത്തുന്നത്.
6 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് പോര്. ഗ്രൗപ്പ് എയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍.
ഇന്ത്യയുടെ പോരാട്ടങ്ങള്‍
ചിരൈവരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഈ മാസം 14നാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. രണ്ടാം പോരില്‍ 17ന് ഇന്ത്യ നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടും. 21 ഇന്ത്യ- ദക്ഷിണാഫ്രിക്ക, 25ന് ഇന്ത്യ- ബംഗ്ലാദേശ്, 28ന് ഇന്ത്യ- ഓസ്‌ട്രേലിയ.
2025ല്‍ കന്നി ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീം ലക്ഷ്യമിടുന്നത് കന്നി ടി20 ലോക കിരീടമാണ്. 2020 ഫൈനലിലെത്താന്‍ ഇന്ത്യക്കു സാധിച്ചെങ്കിലും അന്ന് കിരീടം കനിഞ്ഞില്ല. ന്യൂസിലന്‍ഡാണ് നിലവിലെ ചാംപ്യന്‍മാര്‍. ആറ് കിരീടങ്ങളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളും നേരത്തെ കിരീടം നേടിയിട്ടുണ്ട്.

by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: ഗൂഗിള്‍ മീറ്റ് ഇന്‍വിറ്റേഷന്റെ പേരില്‍ നടുക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍ യുഎഇയില്‍ മുന്നറിയിപ്പ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. ഗൂഗിള്‍ മീറ്റ് കോളുകളും വ്യാജ ഇമെയില്‍ അക്കൗണ്ടുകളും ഉപയോഗിച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങളും പണവും കവരുന്ന തട്ടിപ്പുകള്‍ക്കെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്.
‘governmenticfederal15@gmail.com’ പോലുള്ള ജിമെയില്‍ വിലാസങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ ഇമെയില്‍ അക്കൗണ്ടുകളില്‍ നിന്ന് ഗൂഗിള്‍ മീറ്റ് ഇന്‍വിറ്റേഷന്‍ അയച്ചാണ് തട്ടിപ്പ്. തട്ടിപ്പുകാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങള്‍ അയക്കുന്നതായാണ് റിപ്പോര്‍ട്ട്. തട്ടിപ്പുകാര്‍ ഗൂഗിള്‍ മീറ്റ് കോളിനിടെ, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സി ഫയല്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നില്ലെന്നും പിഴകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും ഇരകളെ അറിയിക്കുന്നു. പിഴ അടച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് സന്ദേശം.
തട്ടിപ്പുകാര്‍ ഇരകളോട് അവരുടെ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, മറ്റ് വ്യക്തിഗത ഡാറ്റ എന്നിവയില്‍ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ നടത്തുകയോ സര്‍ക്കാര്‍ രേഖകള്‍ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതായി തട്ടിപ്പുകാര്‍ അവകാശപ്പെടുകയും സഹകരിക്കാതിരുന്നാല്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ഭരണപരമായ പിഴകളോ നിയന്ത്രണങ്ങളോ ഉണ്ടാകുമെന്ന് ഇരകള്‍ക്ക് മുന്നറിയിപ്പ് നല്‍കും.
ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല അല്‍ ഷെഹ്ഹി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ ഇമെയിലുകള്‍, കോളുകള്‍ അല്ലെങ്കില്‍ മീറ്റിങ് ക്ഷണങ്ങള്‍ ലഭിക്കുന്നവര്‍ ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പ്ലാറ്റ്ഫോമുകളില്‍ പരാതി നല്‍കണമെന്നും അധികൃയര്‍ നിര്‍ദേശിച്ചു.

by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ലഹരിവേട്ടയ്ക്കിടെ ഫ്ലാറ്റിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ യുവതി മരിച്ചു. സ്വരൂപ് നഗറിൽ ലഹരിവിരുദ്ധ സേന നടത്തിയ റെയ്ഡിനിടെയാണ് സംഭവം. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ നൈജീരിയൻ സ്വദേശിനി സ്റ്റെല്ല പിയൂസ് (41) ആണ് മരിച്ചത്.
റെയ്ഡിനിടെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫെറ്റാമിൻ, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. ഒരു മുറിയിൽ ലഹരി നിർമ്മാണത്തിനായി സജ്ജീകരിച്ച നിലയിൽ ലബോറട്ടറിയും വൻതോതിൽ രാസവസ്തുക്കളും കണ്ടെത്തി. പരിശോധനയ്ക്കിടെ റോമിയോ എന്ന ആഫ്രിക്കൻ സ്വദേശിയെയും പിടികൂടി. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎയും 1.5 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

Recent Comments