by Midhun HP News | Oct 9, 2023 | Latest News, ദേശീയ വാർത്ത
ടെല്‍ അവീവ്: ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 നേപ്പാളി വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടു. ഇസ്രയേലിലെ നേപ്പാള്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലൊട്ടാകെയായി 17 നേപ്പാളികളെ ഹമാസ് ബന്ദികളാക്കിയതായും ഇസ്രയേലിലെ നേപ്പാള്‍ അംബാസഡര്‍ വ്യക്തമാക്കി.
ഹമാസിന്റെ ബോംബാക്രമണത്തില്‍ നാലു അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലില്‍ ഗാസയോടു ചേര്‍ന്നുള്ള പ്രദേശത്തു വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഹമാസ് ആക്രമണത്തില്‍ ഒരു മലയാളി യുവതിക്ക് പരിക്കേറ്റിരുന്നു. കണ്ണൂര്‍ സ്വദേശിനി ഷീജ ആനന്ദിന്റെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ.
പശ്ചിമേഷ്യയില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍, മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി കൂടിയാലോചനകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു.

by Midhun HP News | Oct 9, 2023 | Latest News, ദേശീയ വാർത്ത
യുപിയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബദോഹി ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള 12-ാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് 40 കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.
വീടിന് സമീപത്തെ പറമ്പിൽ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതി സുജിത്ത് ഗൗതം പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചത്. കുട്ടിയെ കടന്നുപിടിച്ച പ്രതി ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭാഗ്യവശാൽ കുട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വക്താവ് ഗഗൻ രാജ് സിംഗ് പറഞ്ഞു. ഗൗതമിനെതിരെ ഐപിസി സെക്ഷൻ 354 എ, 323, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

by Midhun HP News | Oct 9, 2023 | Latest News, ദേശീയ വാർത്ത
നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന് ഒപ്പമുണ്ടാകും.
ബോളിവുഡില്‍ നിന്ന് കിങ് ഖാനെ കൂടാതെ സല്‍മാന്‍ ഖാനാണ് വൈ പ്ലസ് സുരക്ഷയുള്ളത്. അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സല്‍മാന് സുരക്ഷ കൂട്ടിയത്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് എക്‌സ് സുരക്ഷയാണുള്ളത്. നേരത്തെ രണ്ട് പൊലീസുകാര്‍ മാത്രമായിരുന്നു ഷാരൂഖ് ഖാനൊപ്പമുണ്ടായിരുന്നത്.

by Midhun HP News | Oct 9, 2023 | Latest News, ദേശീയ വാർത്ത
ടെൽ അവീവ്: ഹമാസ് ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റത് വീട്ടിലേക്ക് വിഡിയോ കോൾ ചെയ്യുന്നതിനിടെ. മിസൈൽ ആക്രമണത്തിൽ ഷീജ ആനന്ദിന്റെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. യുവതി അപകടനില തരണം ചെയ്തെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.
ഇന്നലെയാണ് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ ഷീജയ്ക്ക് പരുക്കേൽക്കുന്നത്. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഉടൻ ഫോൺ സംഭാഷണം നിലയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

ഇവർ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ശസ്ത്രക്രിയകഴിഞ്ഞ് ടെൽ അവീവ് ആശുപത്രിയിൽ ഷീജ ചികിത്സയിലാണെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഡോക്ടറുടെ ഫോൺവഴി വീഡിയോകോളിൽ കണ്ടിരുന്നെന്നും സഹോദരി ഷിജി പറഞ്ഞു.
by Midhun HP News | Oct 9, 2023 | Latest News, ദേശീയ വാർത്ത
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുകയും തുടർന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരെയും ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
യശ്പാൽ (70), രുചി (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിന് സാമ്പിളുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

by Midhun HP News | Oct 9, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ഡിസംബര്‍ ആദ്യത്തോടെ വോട്ടെണ്ണല്‍ നടന്നേക്കുമെന്നുമാണ് സൂചന. മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ പലഘട്ടങ്ങളിലായാകും വോട്ടെടുപ്പ് നടക്കുക.
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി ഒരുമിച്ച് നില്‍ക്കുമോയെന്നതും പ്രധാനമാണ്.

Recent Comments