by Midhun HP News | Dec 7, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. കേരളത്തിന് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്. ഇടുക്കിയിലെ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം തുടങ്ങുക. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും.
86 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 82,560 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചു, ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ 63 പേര്‍ക്ക് ജോലി ലഭിക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണത്തിലൂടെ 33 പുതിയ തസ്തികകള്‍ കൂട്ടിച്ചേര്‍ക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണവും 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ അംഗീകാരവും 5388 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിരവധി തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കും. പുതിയത് സ്ഥാപിക്കുന്നതിന് പുറമേ നിലവിലുളളവയുടെ വികസനത്തിനായി 5872 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ഏകദേശം 2862.71 കോടി രൂപയുടെ മൂലധനച്ചെലവും ഏകദേശം 3009.37 കോടി രൂപ പ്രവര്‍ത്തനച്ചെലവും ഉള്‍പ്പെടുന്നു. മോസ്കോ, കാഠ്മണ്ഡു, ടെഹ്റാന് എന്നീ വിദേശമേഖലകളിലെ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തനക്ഷമമായ 1256 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഉള്ളത്. മൊത്തം 13.56 ലക്ഷം വിദ്യാര്‍ഥികള്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍/പ്രതിരോധ ജീവനക്കാരുടെ മക്കള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്.
by Midhun HP News | Dec 7, 2024 | Latest News, ദേശീയ വാർത്ത
പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചു.
എക്സിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ വിഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.
‘സന്ധ്യ തിയറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. വേദനയോടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും.’- അല്ലു അർജുൻ പറഞ്ഞു. സന്ധ്യ തിയറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്.
തിയറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുൻപ് തന്നെ നൂറു കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അര്ജുന് കുടുംബ സമേതം സിനിമ കാണാന്‍ എത്തി. താരത്തെ കണ്ടതോടെ ആരാധകര്‍ തിയറ്ററിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടയില്‍ നിന്നും മകൻ ശ്രീതേജിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് രേവതി വീണത്. ആളുകള്‍ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേര്‍ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീതേജിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ അല്ലു അര്‍ജുനെതിരെയും അദ്ദേഹത്തിന്റെ സുരക്ഷ സംഘത്തിനെതിരെയും, തിയറ്റര്‍ മാനേജ്മെന്റിനെതിരെയും പൊലീസ് കേസെടുത്തു. താരം എത്തുന്നത് പൊലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
by Midhun HP News | Dec 7, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്ത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്.
രാജ്യത്താകമാനം നടന്ന1439 തൊഴില്‍ സമരങ്ങളില്‍ 415 എണ്ണം തമിഴ്നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 217 (15%) സമരങ്ങള്‍ നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില്‍ നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്നും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുണ്ട്. വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരംമൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്. സമരങ്ങള്‍മൂലം ആകെ ഉല്പാദനത്തിന്റെ 1.68 ശതമാനം കേരളത്തിന് നഷ്ടമായി.
by Midhun HP News | Dec 6, 2024 | Latest News, ദേശീയ വാർത്ത
ശനിയാഴ്ച വ്യാഴത്തെ കാണാം സൂപ്പറായി. വ്യാഴം ഗ്രഹത്തിൻ്റെ ഈ വർഷത്തെ ഏറ്റവും നല്ല കാഴ്ചയായിരിക്കും ശനിയാഴ്ച നിരീക്ഷകർക്ക് സമ്മാനിക്കുക. ശനിയാഴ്ച വൈകിട്ട് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ നിന്നും വ്യാഴം ശോഭയേറിയ ഒരു നക്ഷത്രത്തെപ്പോലെ ഉദിച്ചുയരും. പിറ്റേന്ന് രാവിലെ സൂര്യൻ കിഴക്കുദിക്കുമ്പോൾ വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ ശനിയാഴ്ച രാത്രി മുഴുവൻ സമയവും ആകാശത്ത് വ്യാഴത്തെ വ്യത്യസ്ത സ്ഥാനങ്ങളിലായി കാണാം.
പാതിരാത്രി വ്യാഴം നമ്മുടെ ഉച്ചിയിലെത്തുമ്പോൾ കാഴ്ച കൂടുതൽ മനോഹരമാകും.
ഭൂമിയുടെ ഒരു വശത്ത് സൂര്യനും മറുവശത്ത് വ്യാഴവും നേർരേഖയിൽ വരുന്ന ഓപ്പോസിഷൻ എന്ന പ്രതിഭാസമാണിത്. എല്ലാ ഗ്രഹങ്ങൾക്കും ഓപ്പോസിഷനുകൾ ഉണ്ടാകാറുണ്ട്. ഓപ്പോസിഷൻ ദിവസങ്ങളിൽ ഗ്രഹങ്ങൾ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്നതിനാൽ അവയെ കൂടുതൽ തിളക്കത്തിലും വലുപ്പത്തിലും കാണാനാകും.
ടെലിസ്കോപ്പിലൂടെ നോക്കി വ്യാഴത്തിൻ്റെ പ്രധാന ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവയെ നിരീക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യ സമയമാണ്
ഓപ്പോസിഷൻ കാലം.
by Midhun HP News | Dec 6, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഈട് രഹിത കാര്‍ഷിക വായ്പയുടെ പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഈട് നല്‍കാതെ തന്നെ കര്‍ഷകര്‍ക്ക് ഇനി രണ്ടുലക്ഷം രൂപ വരെ വായ്പ എടുക്കാം. നിലവില്‍ പരിധി 1.6 ലക്ഷം രൂപയായിരുന്നു.
പണ വായ്പാനയ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് കേന്ദ്രബാങ്കിന്റെ തീരുമാനം അറിയിച്ചത്. പണപ്പെരുപ്പവും കാര്‍ഷിക ചെലവ് വര്‍ധിച്ചതും കണക്കിലെടുത്താണ് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം ആര്‍ബിഐ സ്വീകരിച്ചത്.
നിലവില്‍, ബാങ്കുകള്‍ ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ കാര്‍ഷിക വായ്പയായി നല്‍കുന്നുണ്ട്. 2010ല്‍ നിശ്ചയിച്ച ഒരു ലക്ഷം രൂപയില്‍ നിന്ന് 2019ലാണ് 1.6 ലക്ഷം രൂപയായി പരിധി ഉയര്‍ത്തിയത്. പുതിയ തീരുമാനം അംഗീകൃത വായ്പാ സംവിധാനത്തില്‍ ചെറുകിട നാമമാത്ര കര്‍ഷകരുടെ പരിരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
by Midhun HP News | Dec 5, 2024 | Latest News, ദേശീയ വാർത്ത
അബുദാബി: 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിര്‍ഹം) രൂപ സമ്മാനം അടിച്ച ബിഗ് ടിക്കറ്റ്, മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് സൗജന്യമായി ലഭിച്ചത്. രണ്ട് ടിക്കറ്റ് വാങ്ങിയാല്‍ നാല് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്ന ഓഫറില്‍ ലഭിച്ച സൗജന്യ ടിക്കറ്റാണ് ഷാര്‍ജയില്‍ താമസിക്കുന്ന അരവിന്ദന് ഭാഗ്യം കൊണ്ടുവന്നത്.
സെയില്‍സ്മാനായിരുന്ന അരവിന്ദിന് നിലവില്‍ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ജോലി അന്വേഷണം തുടരുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പേരില്‍ ടിക്കറ്റെടുത്ത 20 അംഗ സംഘത്തിന് സമ്മാനം അടിച്ചത്. ഈ മാസം 3ന് നടന്ന നറുക്കെടുപ്പിലാണ് ഇവര്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്. നറുക്കെടുപ്പില്‍ ഇവര്‍ക്ക് ആകെ ആറ് ടിക്കറ്റുകള്‍ ഉണ്ടായിരുന്നു.
സമ്മാനം നേടിയ വിവരം സുഹൃത്താണ് ഫോണിലൂടെ വിളിച്ചറിയിച്ചത്. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ബിഗ് ടിക്കറ്റ് ടീം അരവിന്ദിനെ ബന്ധപ്പെട്ടപ്പോള്‍ ഭാര്യയോടൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നതാണെന്ന് പറഞ്ഞു. ഇനി താങ്കള്‍ക്ക് ഒരു ഷോപ്പ് സ്വന്തമാക്കാം എന്നായിരുന്നു അധികൃതര്‍ തമാശരൂപേണയുള്ള വാക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെങ്കിലും ഇതുപോലൊരു വലിയ സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അരവിന്ദ് പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സമയത്താണ് ദൈവം അനുഗ്രഹം ചൊരിഞ്ഞത്. ഞാന്‍ ജോലി രാജിവച്ച് മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ജോലി ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഭാര്യക്ക് ജോലിയുള്ളതുകൊണ്ടാണ് പിടിച്ചുനില്ക്കാന് സാധിച്ചത്. കുറച്ച് ബാങ്ക് വായ്പകളുണ്ട്. സമ്മാനത്തുക കൊണ്ട് അത് അടച്ച് ബാക്കിയുള്ളത് ഭാവിയിലേക്ക് നീക്കിവയ്ക്കുമെന്നും അരവിന്ദ് പറഞ്ഞു.
Recent Comments