by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു (49). വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് കനപ്പെട്ട സംഭാവന നൽകിയ ജസ്പാൽ റാണയുടെ അകാലത്തിലുള്ള വിയോഗം ഇന്ത്യൻ കായിക രംഗത്തിനു കനത്ത നഷ്ടമാണ്. കായിക രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. 2020ൽ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നൽകി രാജ്യം ആദരിച്ചു.
ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് ആൻജിയോപ്ലാസ്റ്റി വഴി സ്റ്റെണ്ട് സ്ഥാപിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിങ് ഡിയോ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്.
1990കളിൽ അന്താരാഷ്ട്ര ഷൂട്ടിങ് രംഗത്ത് ഇന്ത്യയുടെ കരുത്തായി മാറിയ റാണ, രാജ്യത്ത് ഈ കായിക വിനോദത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പ് എന്നിവയിൽ നിരവധി മെഡലുകൾ സ്വന്തമാക്കി.
പിസ്റ്റൾ വിഭാഗത്തിലാണ് ജസ്പാൽ റാണയുടെ നേട്ടങ്ങൾ അത്രയും. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ അദ്ദേഹം, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ 590 പോയിന്റോടെ ലോക റെക്കോർഡിനൊപ്പമെത്തി. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി നാല് സ്വർണം, 2 വീതം വെള്ളി, വെങ്കലം മെഡലുകൾ. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണം, 4 വെള്ളി, 2 വെങ്കലം മെഡലുകൾ. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെങ്കലവും നേട്ടം.
മത്സര രംഗത്തു നിന്നു വിരമിച്ച ശേഷം 2012 മുതൽ അദ്ദേഹം പരിശീലകനായി രംഗത്തുണ്ട്. ജൂനിയർ പിസ്റ്റൾ പ്രോഗ്രാമിന്റെ ചുമതലയേറ്റെടുത്താണ് കോച്ചിങിലേക്കുള്ള വരവ്. ഇന്ത്യയ്ക്കായി ഒരുപിടി മികച്ച യുവ ഷൂട്ടർമാരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
റാണയുടെ കോച്ചിങ് കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായം ഒളിംപ്യൻ മനു ഭാക്കറുമായുള്ള കൂട്ടുകെട്ടാണ്. അദ്ദേഹത്തിന്റെ പരിശീലന തന്ത്രങ്ങളുടെ മികവിലാണ് 2024ലെ പാരിസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിക്കാൻ മനു ഭാക്കറെ പ്രാപ്തയാക്കിയത്. സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങിയ അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ വളർന്നവരാണ്.
2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ അദ്ദേഹത്തെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈ- പെർഫോമൻസ് കോച്ചായി നിയമിച്ചിരുന്നു. മരണം വരെ അദ്ദേഹം ഈ പദവിയിൽ സജീവമായി തുടർന്നു.
by Midhun HP News | Jun 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ പി കെ മിശ്ര, എഎസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാനാര്‍ത്ഥിയായ മീനാക്ഷി നടരാജനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായതിനാല്‍, ഇന്നു തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് മീനാക്ഷി നടരാജനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി കോടതിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഇടയ്ക്കുവെച്ച് കോടതികള്‍ ഇടപെടാറില്ലെന്ന് ജസ്റ്റിസ് പി കെ മിശ്ര പറഞ്ഞു. ‘ഇത് എങ്ങനെയാണ് നിലനില്‍ക്കുക’ എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.
എന്നാല്‍, പ്രകടമായ തെറ്റുകള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയുമെന്ന് മനു അഭിഷേക് സിങ് വി വാദിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നും സിങ് വി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വാദത്തെ എതിര്‍ത്തു. തുടര്‍ന്നാണ് കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനാണ് മീനാക്ഷി നടരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നു കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. എന്നാല്‍ ക്രിമിനല്‍ കേസില്ലെന്നും, സ്വകാര്യ അന്യായത്തില്‍ കോടതി നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

by Midhun HP News | Jun 11, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉയര്‍ന്ന അളവില്‍ എഥനോള്‍ ചേര്‍ത്ത പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ ഒഴിവാക്കി. ഇ20ക്ക് മുകളിലുള്ള എഥനോള്‍ മിശ്രിത ഇന്ധനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച്, 22 മുതല്‍ 30 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോളിന് ഇനി എക്‌സൈസ് തീരുവ ഉണ്ടായിരിക്കില്ല. ഇ22, ഇ25, ഇ27, ഇ30 എന്നീ ഇന്ധന വകഭേദങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.
E20ക്ക് മുകളിലുള്ള എഥനോള്‍ മിശ്രിതങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യപ്രധാന സാമ്പത്തിക പ്രോത്സാഹനമാണിത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനോടുള്ള ആശ്രയം കുറയ്ക്കുകയും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതും മലീകരണമില്ലാത്തതുമായ ഊര്‍ജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബയോഫ്യൂവല്‍ പദ്ധതികള്‍ വ്യാപിപ്പിക്കുന്നത്.
ഇന്ത്യയുടെ എഥനോള്‍ ഇന്ധന പദ്ധതി ഇതുവരെ പ്രധാനമായും ഇ20യിലാണ് കേന്ദ്രീകരിച്ചിരുന്നത്. നിലവിലെ ലക്ഷ്യം കൈവരിക്കാനുള്ള അവസാനഘട്ടത്തിലേക്ക് കടന്നതോടെ, അടുത്ത ഘട്ടമായുള്ള അടിസ്ഥാന സൗകര്യങ്ങളും നയപരമായ പിന്തുണയും ഒരുക്കാനുള്ള നീക്കമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.
മേയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാനദണ്ഡത്തിലൂടെ E22, E25, E27, E30 ഇന്ധനങ്ങള്‍ക്ക് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോ പ്രഖ്യാപിച്ചിരുന്നു. എഥനോള്‍ അളവ്, ഒക്ടേന്‍ റേറ്റിങ്, സള്‍ഫര്‍ പരിധി, പരിശോധനാ നടപടികള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഇതില്‍ നിര്‍വചിച്ചിട്ടുണ്ട്. പുതിയ നികുതി ഇളവും ബിഐഎസ് മാനദണ്ഡങ്ങളും ചേര്‍ന്ന് ഉയര്‍ന്ന എഥനോള്‍ മിശ്രിത ഇന്ധനങ്ങളുടെ വ്യാപനത്തിന് സാങ്കേതികവും സാമ്പത്തികവുമായ അടിത്തറ ഒരുക്കുന്നുവെന്നാണ് വിലയിരുത്തല്‍.
എഥനോള്‍ ഇന്ധനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം
2018ല്‍ അവതരിപ്പിക്കുകയും 2022ല്‍ ഭേദഗതി വരുത്തുകയും ചെയ്ത ദേശീയ ബയോഫ്യൂവല്‍ നയത്തില്‍ 2030ഓടെ 20 ശതമാനം എഥനോള്‍ മിശ്രിത ഇന്ധനം രാജ്യവ്യാപകമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ ലക്ഷ്യം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൈവരിക്കാനായി. രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ആവശ്യങ്ങളില്‍ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനുള്ള പ്രധാന മാര്‍ഗമായി എഥനോളിനെ സര്‍ക്കാര്‍ കാണുന്നു.
ഇറക്കുമതിക്ക് പകരം ചെലവുകുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ആഭ്യന്തര ഇന്ധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്കരി വ്യക്തമാക്കിയിരുന്നു. എഥനോള്‍ ഉപയോഗം മലിനീകരണം കുറയ്ക്കുന്നതിനൊപ്പം കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
E20 ഇന്ധനം രാജ്യവ്യാപകമായി ലഭ്യമായതോടെ ചില വാഹന ഉടമകള്‍ ഇന്ധനക്ഷമത, വാഹന അനുയോജ്യത, എന്‍ജിന്‍ പെര്‍ഫോമന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. വിഷയം പിന്നീട് കോടതിയിലും എത്തി. എന്നാല്‍ 2025 സെപ്റ്റംബറില്‍ E20 ഇന്ധനത്തിന്റെ രാജ്യവ്യാപക നടപ്പാക്കലിനെ ചോദ്യം ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഈ മാറ്റം വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് നടപ്പാക്കുന്നതെന്നും കരിമ്പ് കര്‍ഷകര്‍ക്കും ഇത് സാമ്പത്തിക നേട്ടം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

by Midhun HP News | Jun 10, 2026 | Latest News, ദേശീയ വാർത്ത
ദുബായ്: നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികള്‍ക്ക് മികച്ച അവസരം. ഇന്ത്യന്‍ രൂപ, പാകിസ്ഥാന്‍ രൂപ, ഫിലിപ്പീന്‍ പെസോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പ്രവാസികള്‍ക്ക് നേട്ടമായത്.
ഈ കറന്‍സികള്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ജൂണ്‍ 10-ലെ കണക്കനുസരിച്ച് ഒരു യുഎഇ ദിര്‍ഹത്തിന് 25.9 ഇന്ത്യന്‍ രൂപ, 76 പാകിസ്ഥാന്‍ രൂപ, 16.68 ഫിലിപ്പീന്‍ പെസോ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ ദിര്‍ഹത്തിനെതിരെ 26.08 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിയിരുന്നു. നിലവിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് പ്രവാസികള്‍ വലിയ തോതില്‍ പണം നാട്ടിലേക്ക് അയക്കുകയാണ്.
ചിലര്‍ ദിര്‍ഹത്തിന്റെ നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തിക സമ്മര്‍ദ്ദങ്ങളും യുഎസ് ഡോളറിന്റെ കരുത്തുമാണ് ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമാകാന്‍ കാരണം.

by Midhun HP News | Jun 10, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് മാസം താപനിലയും മഴയും സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്(എന്‍സിഎം). 2026 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എല്‍ നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറഞ്ഞു. ഇക്കാലയളവില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ കാലയളവില്‍ യുഎഇയില്‍ എല്‍ നിനോ പ്രതിഭാസമുണ്ടാകാന്‍ 98 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സീസണല്‍ പ്രവചനത്തില്‍, നിനോ 3.4 സമുദ്രോപരിതല താപനിലയിലെ അപാകത 0.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയെന്നും ഇത് എല്‍ നിനോ വിഭാഗത്തില്‍ പെടുമെന്നും എന്‍സിഎം പറഞ്ഞു.
എന്താണ് ‘നിനോ 3.4’ സൂചിക?
ഉഷ്ണമേഖലാ പസഫിക് സമുദ്ര-അന്തരീക്ഷ വ്യവസ്ഥയിലുണ്ടാകുന്ന ആനുകാലിക മാറ്റങ്ങളെയാണ് എല്‍ നിനോ എന്ന് വിളിക്കുന്നത്. നിലവില്‍ സമുദ്രോപരിതല താപനിലയിലെ ‘നിനോ 3.4’ (Nino 3.4) എന്ന അസാധാരണത്വം 0.5 ഡിഗ്രി സെല്‍ഷ്യസാണെന്നും ഇത് എല്‍ നിനോ വിഭാഗത്തിലാണ് പെടുന്നതെന്നും എന്‍സിഎം പറയുന്നു. യുഎഇയെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്ന പ്രധാന സൂചകമാണിത്.
‘അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണങ്ങളും അത്യാധുനിക പ്രവചന മാതൃകകളും ഉപയോഗിച്ച് എല്‍ നിനോ-സതേണ്‍ ഓസിലേഷന്റെ (ENSO) സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ അപ്ഡേറ്റുകള്‍ പുറത്തുവിടും.’ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ വ്യക്തമാക്കി.
by Midhun HP News | Jun 10, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബൈയിലെ മിനിബസ് അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ട് മലയാളികളും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ സഹായധനം പ്രഖ്യാപിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ 3 പേര്‍ തെലങ്കാനയില്‍ നിന്നും 3 പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമാണ്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരടക്കം ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതവും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റ ഒന്‍പത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങള്‍ക്കായി 47 ലക്ഷം രൂപയും നല്‍കും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങള്‍ക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പാക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു.
അപകടത്തില്‍പ്പെട്ട മുഴുവന്‍ രാജ്യക്കാരുടെയും കുടുംബങ്ങളിലേക്ക് ഈ സഹായം എത്തിക്കും. ഒരുപാട് പ്രതീക്ഷകളോടെയും ഉത്തരവാദിത്തങ്ങളോടെയുമാണ് ഇവര്‍ പ്രവാസലോകത്ത് എത്തിയത്. സാമ്പത്തിക സഹായത്തിന് പ്രിയപ്പെട്ടവരുടെ വിയോഗത്തിന്റെ നഷ്ടം നികത്താനാവില്ലെങ്കിലും ഈ പ്രയാസകരമായ ഘട്ടത്തില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ഇതൊരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. ഷംഷീര്‍ വ്യക്തമാക്കി.
ദുബൈ ആസ്ഥാനമായുള്ള കമ്പനിയിലെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന മിനിബസാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ മിനി ബസിടിച്ചായിരുന്നു അപകടം. ഇന്ത്യ, ശ്രീലങ്ക സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

Recent Comments