ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ നാല് സര്‍വീസുകളുമായി എയര്‍ഇന്ത്യ

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ നാല് സര്‍വീസുകളുമായി എയര്‍ഇന്ത്യ

ദോഹ: ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാല് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ശൈത്യകാല ഷെഡ്യൂളിലാണ് ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് നാല് പുതിയ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ഉള്‍പ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളാണ് ഇപ്പോള്‍ ഖത്തറില്‍ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.

ഖത്തര്‍ എയര്‍വേയ്സിന് താരതമ്യേന നിരക്ക് കൂടുതലായതിനാല്‍ എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമാകും. ഒക്ടോബര്‍ 29 മുതലാണ് സര്‍വീസ് ആരംഭിക്കുക. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം,വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കും സര്‍വീസുണ്ടാകും.

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കുറവാണ്. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ ഏഴ് മണിക്കൂറിലധികം യാത്രയ്ക്കായി ചെലവഴിക്കേണ്ടി വരും. ദോഹയില്‍ നിന്ന് നാല് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കുറഞ്ഞ സമയത്തിനുളളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താം

‘ചന്ദ്രന്റെ തൊട്ടരികെ’; ലാന്‍ഡര്‍ വേര്‍പെട്ടു; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന്

‘ചന്ദ്രന്റെ തൊട്ടരികെ’; ലാന്‍ഡര്‍ വേര്‍പെട്ടു; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന്

ന്യൂഡല്‍ഹി: നിര്‍ണായക ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ ദൗത്യം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെട്ടു. ചന്ദ്രോപരിതലത്തിന്റെ 100 കിലോമീറ്റര്‍ മുകളിലെത്തിയശേഷമായിരുന്നു വേര്‍പെടല്‍. നിര്‍ണായക ഘട്ടം വിജയകരമായി പിന്നിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.

നാളെ വൈകീട്ട് നാലുമണിക്കാണ് ലാന്‍ഡറിന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പ്പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നുതുടങ്ങുകയാണ് ചെയ്യുക. അടുത്ത ബുധനാഴ്ച (ഓഗസ്റ്റ് 23) വൈകീട്ട് 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ്.

കഴിഞ്ഞ ദിവസമാണ് പേടകത്തെ വൃത്താകൃതിയിലേയ്ക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം കടന്നു.

ലാൻഡിങ് മോഡ്യുള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ഡീ-ബൂസ്റ്റ് പ്രക്രിയ എന്ന ഈ പ്രക്രിയയിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കാണ് (30 കിമീ x 100 കിമീ) എത്തിക്കുക.

30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് ഇനി ഏറ്റവും പ്രധാന ഘട്ടം. ഓഗസ്റ്റ് 23 നാണ് ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ജൂലായ് 14 നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.

“ഫ്രീഡം വിജിൽ” ഉദ്ഘാടനം നടന്നു

“ഫ്രീഡം വിജിൽ” ഉദ്ഘാടനം നടന്നു

“ഫ്രീഡം വിജിൽ” ആറ്റിങ്ങലിൽ സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പി മുരളി, കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ് അംബിക എംഎൽഎ, സി.ഐ.ടി.യു ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി എം മുരളീധരൻ, കർഷക സംഘം നേതാക്കളായ എൻ മോഹനൻ നായർ, സി ചന്ദ്രബോസ്, ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ. രാജു എന്നിവർ പങ്കെടുത്തു.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

റാഞ്ചി: മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിലെ ടോന്‍ടോയിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്. ഝാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്‌സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാര്‍ എന്നിവരാണ് മരിച്ചത്. ഇവിടെ ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

ഹിമാചൽ പ്രദേശിനെ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയിൽ മരണം 51 ആയി

ഹിമാചൽ പ്രദേശിനെ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയിൽ മരണം 51 ആയി

ഷിംല: ഹിമാചൽ പ്രദേശിനെ ദുരിതത്തിലാഴ്ത്തിയ മഴക്കെടുതിയിൽ മരണം 51 ആയി. മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 51 പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. 14 പേർ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു.

തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇപ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹിമാചലിൽ 752 റോ‍ഡുകൾ അടച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡിൽ തിങ്കളാഴ്ച 4 പേർ മരിച്ചു. ഇതുവരെ 9 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തി വച്ചു.

ഹിമാചലിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം സംഭവിച്ചതിന് പിന്നാലെയാണ് ഹിമാചനിലെ ദുരിതത്തിലാക്കിയ മഴക്കെടുത്തിയുണ്ടായത്. പ്രളയത്തിൽ നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും ഒലിച്ചുപോയിട്ടുണ്ട്. സോളനിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് രണ്ട് വീടുകൾ ഒഴുകിപ്പോയിരുന്നു. ഇപ്പോഴും വിവിധ ഇടങ്ങളിലായി ധാരാളം പേരാണ് കുടുങ്ങി കിടക്കുന്നത്.

മണ്ഡി – മണാലി – ചണ്ഡിഗഢ് ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ ദേശീയ പാത പലയിടത്തായി തകർന്നതിനാൽ ചരക്ക് ഗതാഗതത്തിന് അടക്കം തടസ്സം നേരിടുന്നുണ്ട്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു. ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടർന്ന് ഡെറാഡൂണിൽ മാൽദേവ്ധയിലുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയിൽ തകർന്നു. കെട്ടിടം ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഹിമാചലില്‍ വീണ്ടും പേമാരി; ക്ഷേത്രം തകര്‍ന്ന് 9 മരണം

ഹിമാചലില്‍ വീണ്ടും പേമാരി; ക്ഷേത്രം തകര്‍ന്ന് 9 മരണം

സിംല: ഹിമാചല്‍ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പതിനാറ് പേര്‍ മരിച്ചു. നിര്‍ത്താതെ പെയ്ത മഴയില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് 9 പേരും സോളന്‍ ജില്ലയിലെ മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് 7 പേരുമാണ് മരിച്ചത്. മറ്റ് പലയിടത്തും മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചണ്ഡിഗഡ്- സിംല ദേശീയപാത അടച്ചു.

സമ്മര്‍ഹില്ലിലെ ക്ഷേത്രത്തിനുള്ളില്‍ 30 പേര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ മാസപൂജയ്ക്കായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, സോളനിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ആറുപേരെയും രക്ഷപ്പെടുത്തിയതായി ജില്ലാഭരണകൂടം അറിയിച്ചു.