by Midhun HP News | Aug 12, 2023 | Latest News, ദേശീയ വാർത്ത
അമരാവതി: തിരുപ്പതിയില്‍ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു. മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് കുട്ടിയെ പുലി ആക്രമിച്ചത്. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം. അച്ഛന്‍ ദിനേശിനും അമ്മ ശശികലയ്ക്കുമൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്ത പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലേക്ക് മാറ്റി.

by Midhun HP News | Aug 11, 2023 | കേരളം, ദേശീയ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തിൽ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.എറണാകുളം ജില്ലയിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിൽ നാലിടത്തും യുഡിഎഫിന് വിജയം. രണ്ട് സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളിൽ എവിടെയും ഭരണമാറ്റാം ഉണ്ടാക്കില്ല. വടക്കൻ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തത്തുകളിലും വൈപിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മൂക്കന്നൂർ പഞ്ചായത്തിലുമാണ് യുഡിഎഫ് മികച്ച വിജയം നേടിയത് പള്ളിപ്പുറം പഞ്ചായത്തിലെ പത്താം വാർഡിലും, ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. നാലിൽ മൂന്നിടത്തും വാർഡ് മെമ്പർമാർ രാജി വെച്ച് വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ ഇ.പി. സലിം 42 വോട്ടുകൾക്ക് എൽഡിഎഫ് സ്വതന്ത്രൻ പി.പി. വിജയനെ തോൽപ്പിച്ചു. 17 വാർഡുകളുള്ള വേളത്ത് യു ഡി എഫിന് പത്ത് സീറ്റുകളായി. പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന് വാർഡ് ഇടത് മുന്നണി പിടിച്ചെടുത്തു. സിപിഎമ്മിലേ പി മനോജ് 303 വോട്ടുകൾക്ക് കോൺഗ്രസിലെ ഉണ്ണികൃഷ്ണനെ തോൽപിച്ചു. കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കൽ അഞ്ചാം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എസ്. അനുപമ 34 വോട്ടിന് വിജയിച്ചു. കൊല്ലം ആദിച്ചനല്ലൂർ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാർഡ് സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു ബിജെപിയുടെ എ എസ് രഞ്ജിത്ത് 100 വോട്ടിന് ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ മാറ്റ ഭീഷണിയില്ല.കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽഡിഎഫ് നിലനിർത്തി. മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്. ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ബി ഗീതമ്മ 9 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാർഡ് എല്‍ഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ സ്ഥാനാർഥി മിഥുൻ തീയ്യത്തുപറമ്പിൽ178 വോട്ടുകൾക്ക് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. വൈക്കം മറവന്തുരുത്ത് വാർഡിൽ സിപിഎമ്മിന്റെ രേഷ്മ പ്രവീൺ വിജയിച്ചു. ആലപ്പുഴ തലവടി കോടമ്പനാടി വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് വിദേശത്ത് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
by Midhun HP News | Aug 10, 2023 | Latest News, ദേശീയ വാർത്ത
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഡൽഹി പൊലീസ്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഡൽഹി അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും മറ്റും പരിശോധന കർശനമാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയതായി ഡൽഹി പൊലീസിന്റെ സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി ട്വീറ്റ് ചെയ്തു. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ ഇന്ന് ഉച്ചയ്ക്ക് 12:30 ന് രാജ്ഘട്ടിൽ വാർത്താസമ്മേളനം നടത്താനിരിക്കെയാണ് രാജ്ഘട്ട്, ചെങ്കോട്ട മുതലായവയ്ക്ക് ചുറ്റും ഡൽഹി പൊലീസ് സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുന്നത്
by Midhun HP News | Aug 7, 2023 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ-3ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ ദൗത്യവും വിജയിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
പേടകം ഇപ്പോൾ ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ കാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യമാണ് ഐഎസ്ആർ പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമായിക്കാണുന്ന 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യമാണിത്.
ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് ഒന്നോടെ ചന്ദ്രയാന്‍ മൂന്ന്, ഭൂമിയെ ഭ്രമണം ചെയ്യുന്നത് പൂര്‍ത്തിയാക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചയാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
by Midhun HP News | Aug 7, 2023 | Latest News, ദേശീയ വാർത്ത
കൊച്ചി: അഴിമതി നിരോധന നിയമ പ്രകാരം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസെടുക്കാമെന്ന് ഹൈക്കോടതി. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമ്മാണ അഴിമതിയിൽ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക് മാത്രമേ അന്വേഷണത്തിന് അധികാരമുള്ളൂവെന്ന വാദം തെറ്റാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസ് എടുക്കാം. കേസ് റജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിക്കുന്നതിന് വിജിലൻസ് മാനുവൽ തടസമില്ല.
സംസ്ഥാന വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗ നിർദ്ദേശം മാത്രമാണ്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ കേസെടുക്കാനാവൂ എന്ന് നിയമമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ കേസ് എടുക്കാൻ വിജിലൻസ് മാനുവലിൽ പറയുന്നില്ലെന്നും സിബിഐയെ അറിയിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയായിരുന്നു വിചാരണ കോടതി പ്രതികളെ ഒഴിവാക്കിയത്.
ഭവന പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ഗ്രാമസേവിക തിരിമറി നടത്തിയെന്നായിരുന്നു കേസ്. കേസിൽ ബാങ്ക് ഉദ്യോഗസ്ഥരെ പ്രതി ചേർത്തായിരുന്നു വിജിലൻസിന്റെ കുറ്റപത്രം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ കേസിൽ നിന്നും ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, ഉദ്യോഗസ്ഥരോട് വിചാരണ നേരിടാൻ ഉത്തരവിട്ടു.
by Midhun HP News | Aug 6, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളിലും ഭൂചലനം. ഇന്നലെ രാത്രി 9.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അതിർത്തികളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രണ്ട് തവണയായി ഭൂചലനം അനുഭവപ്പെട്ടു.
Recent Comments