ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആലപ്പുഴ അനന്തനാരായണപുരം ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി വിരമിച്ച ജില്ലാ ജഡ്ജി നടരാജനെ നിയമിച്ച ഹൈക്കോടതി നടപടിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം അഡ്മിനിസ്‌ട്രേറ്റര്‍ എടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കേണ്ട കാര്യമില്ലെന്നാരോപിച്ച് പഴയ ഭരണസമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ തങ്ങളെ തുടരാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, അഭിഭാഷകന്‍ റോയ് എബ്രഹാം എന്നിവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.എന്നാല്‍, അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കി. തടസ്സഹര്‍ജി നല്‍കിയിരുന്ന എതിര്‍ കക്ഷികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ്, അഭിഭാഷകന്‍ ലക്ഷ്മീഷ് കാമത്തും വാദിച്ചു.

ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭര്‍ത്താവ്; കാമുകനെ വിവാഹം കഴിക്കാനാകില്ല

ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭര്‍ത്താവ്; കാമുകനെ വിവാഹം കഴിക്കാനാകില്ല

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച ഇന്ത്യന്‍ യുവതി അഞ്ജുവിനെതിരെ ഭര്‍ത്താവ് അരവിന്ദ്. അഞ്ജുവുമായിട്ടുള്ള വിവാഹബന്ധം താന്‍ വേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ അതിര്‍ത്തി കടന്നുപോയി പാകിസ്ഥാനിലെത്തി കാമുകനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും അരവിന്ദ് പറയുന്നു. ‘മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹി കോടതിയില്‍ വിവാഹ മോചനത്തിനുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാല്‍ എനിക്ക് ഇതുവരെ കോടതിയില്‍നിന്ന് സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ല.

പേപ്പറുകളില്‍ അഞ്ജു ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ അന്വേഷിക്കണം’ അരവിന്ദ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അഞ്ജുവുമായിട്ടുള്ളത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയിലാണ് മുന്നോട്ടു പോയിരുന്നത്. കുട്ടികള്‍ എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിനെ ഇനി അമ്മയായി കാണാന്‍ കഴിയില്ലെന്നാണ് മകള്‍ പറയുന്നത്. എനിക്കും ഇനി അങ്ങനെ തന്നെ ആയിരിക്കുമെന്നും അരവിന്ദ് പറഞ്ഞു.

പാക്കിസ്ഥാനിലേക്ക് പോകാൻ അഞ്ജു വ്യാജ പാസ്പോർട്ടും രേഖകളുമാണോ സമർപ്പിച്ചതെന്ന് അന്വേഷിക്കണമെന്നും അരവിന്ദ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെത്തിയ അഞ്ജു ഫെയ്സ്ബുക് സുഹൃത്ത് നസറുള്ളയെ വിവാഹം കഴിച്ചെന്നും, ഇസ്‍ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണ് റിപ്പോർട്ട്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

2019ലാണ് നസറുള്ളയും അഞ്ജുവും ഫെയ്സ്ബുക്ക് സുഹൃത്തുക്കളാകുന്നത്. ഈ മാസം 23നാണ് നസറുള്ളയെ കാണാൻ അഞ്ജു അതിർത്തി കടന്നത്. ഭർത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. അഞ്ജു അതിർത്തി കടന്ന് പോകുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുഞ്ഞിനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങി; ഹണിമൂണ്‍ ട്രിപ്പടിച്ച് ദമ്പതികള്‍

കുഞ്ഞിനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങി; ഹണിമൂണ്‍ ട്രിപ്പടിച്ച് ദമ്പതികള്‍

കൊല്‍ക്കത്ത: മൊബൈല്‍ ഫോണ്‍ വാങ്ങാനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം. ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ കണ്ട്, സംശയം തോന്നിയ അല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരുമകള്‍ കൂടിയുള്ള ദമ്പതികള്‍ സംസ്ഥാനത്ത് ഉടനീളം ഉല്ലാസ യാത്രനടത്തിയതായും, മധുവിധുവിനായി ദിഘ, മന്ദര്‍മണി ബീച്ചുകളിൽ സന്ദര്‍ശിച്ചതായും സമീപവാസികള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് കുഞ്ഞിനെ വിറ്റതെങ്കിലും വിവരം പുറത്തറിഞ്ഞത് ജൂലായ് 24നാണ്.

സംഭവത്തില്‍ ദമ്പതികളായ ജയദേവ് ഘോഷ്, സതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ വിറ്റ കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. ‘ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട്, ആ പണം ഉപയോഗിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവര്‍ ഒരു പുതിയ മൊബൈല്‍ ഫോണും വാങ്ങി’-അയല്‍വാസിയായ ലക്ഷ്മി പറഞ്ഞു.

കറുപ്പും കഞ്ചാവും വാങ്ങാനാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നും ഇവര്‍ ആരോപിക്കുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണെന്നാണ് തന്നോട് പറഞ്ഞതെന്ന് ജയ്‌ദേവിന്റെ പിതാവ് പറഞ്ഞു. പിന്നീട് കുഞ്ഞിനെ വിറ്റതായി അറിയാന്‍ കഴിഞ്ഞു. എന്തിനാണ്, ആര്‍ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് തനിക്ക് അറിയില്ല. മകനും ഭാര്യയും ദിഘ, മന്ദര്‍മണി ബീച്ച്, താരാപീഠ് കാളി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതായും പിതാവ് പറഞ്ഞു.

500 രൂപ വീട്ടുകാര്‍ക്ക് ‘സംഭാവന’ നല്‍കി കള്ളന്‍

ന്യൂഡല്‍ഹി: കവർച്ചയ്ക്കായി കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ വീട്ടില്‍ വച്ച് കള്ളന്‍ സ്ഥലം വിട്ടു. ന്യൂഡല്‍ഹിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21 ന് രാത്രിയിലാണ് വിരമിച്ച എന്‍ജിനിയറുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. അന്ന് വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയതായിരുന്നു.

പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇയാളുടെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ യാത്രാനുമതി നിർബന്ധമാക്കി

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ യാത്രാനുമതി നിർബന്ധമാക്കി

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ യാത്രാനുമതി നിർബന്ധമാക്കി. അമേരിക്ക, യുകെ ഉൾപ്പെടെയുള്ള വിസ ഒഴിവാക്കപ്പെട്ട 60ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 2024 മുതൽ യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന്റെ (ഇറ്റിഐഎഎസ്) അംഗീകാരം നിർബന്ധമാക്കിയതായി യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക ട്രാവൽ സൈറ്റിൽ ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്പിൽ തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ നിയമം. യാത്രക്കാരുടെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ടുള്ള ഒരു ഇലക്ട്രോണിക് അം​ഗീകരമാണ് ഇറ്റിഐഎഎസ്. മൂന്ന് വർഷം വരെയോ പാസ്‌പോർട്ടിന്റെ കാലാവധി കഴിയുന്നതു വരെയോ അം​ഗീകാരത്തിന് സാധുതയുണ്ടാകും.

ഇറ്റിഐഎഎസ് അം​ഗീകരമുള്ള യാത്രക്കാരന് യൂറോപ്യൻ രാജ്യങ്ങളിലെ ഏത് രാജ്യത്തും യാത്ര ചെയ്യാം. എന്നാൽ ഇറ്റിഐഎഎസ് ഒരിക്കലും പ്രവേശനാനുമതി ഉറപ്പു നൽകില്ല. സുരക്ഷാ പരിശോധനയ്‌ക്കായി അതിർത്തിയിൽ പാസ്‌പോർട്ടും മറ്റു രേഖകളും ഹാജരാക്കണമെന്നും ട്രാവൽ സൈറ്റിൽ പറയുന്നു.

‘2024ലും ഞാന്‍ തന്നെ; മൂന്നാം ടേമില്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും’; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

‘2024ലും ഞാന്‍ തന്നെ; മൂന്നാം ടേമില്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും’; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെ നവീകിരച്ച കെട്ടിടം ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യവെയാണ് മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്. തന്റെ മൂന്നാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘നമ്മുടെ ആദ്യത്തെ ടേമില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പത്താം സ്ഥാനത്തായിരുന്നു. രണ്ടാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. നമ്മുടെ ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ടേമില്‍ നമ്മള്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഉറപ്പാണ്. 2024ന് ശേഷം രാജ്യത്തിന്റെ വികസന യാത്ര വേഗത്തിലാകുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു. എന്റെ മൂന്നാമത്തെ ടേമില്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് നിങ്ങള്‍ കാണും’- മോദി പറഞ്ഞു.

‘കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 13 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നു. ഇത് അന്താരാഷ്ട്ര ഏജന്‍സികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി എടുത്ത തീരുമാനങ്ങള്‍ രാജ്യത്തെ ശരിയായ പാതയിലാണ് നയിച്ചത് എന്നതിനുള്ള തെളിവാണത്.’- അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപികരിച്ച് മുന്നോട്ടുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്. ബിജെപിയും ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.