by liji HP News | Jul 27, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം. ഐസിഎംആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് പഠനം നടത്തിയത്.
14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായി. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്നും പഠനത്തിനു നേതൃത്വം നൽകിയ പ്രജ്ഞാ യാദവ് വ്യക്തമാക്കി.
അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ പ്രദേശങ്ങളിലും കേരളത്തിൽ കോഴിക്കോടും പഴംതീനി വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നില്ല. അതിന്റെ ഭാഗമായാണ് ഇപ്പോൾ സർവേ നടത്തിയതെന്നു അധികൃതർ വ്യക്തമാക്കി. 2018 മെയ് മാസത്തിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമായി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.
by liji HP News | Jul 27, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടിയന്തര ലിസ്റ്റിങ് ആവശ്യപ്പെട്ട് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം പരാമർശിച്ചത്. ഒക്ടോബർ 15 വരെ നീട്ടണമെന്നാണ് അപേക്ഷ.
2018 നവംബറിലാണ് 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയെ രണ്ട് വർഷത്തെക്ക് ഇഡി മേധാവിയായി നിയമിച്ചത്. 2020 കാലാവധി അവസാനിച്ചു. 2020 മേയിൽ അദ്ദേഹത്തിന് 60 വയസ് തികഞ്ഞിരുന്നു. തുടർന്ന് ആദ്യ ഉത്തരവിലെ സേവന കലാവധി മൂന്ന് വർഷമാക്കി ഭേദഗതി വരുത്തി. ഇതിനെ ചോദ്യം ചെയ്ത് കോമൺ കോസ് എന്ന സന്നദ്ധസംഘടന സുപ്രീംകോടതിയെ സമീപിച്ചു.
തുടർന്ന് മിശ്രയുടെ കാലാവധി നീട്ടിയ നടപടി ജസ്റ്റിസ് ഗവായ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് റദ്ദാക്കിയിരുന്നു. ജൂലൈ 31 നകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. എന്നാൽ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
by Midhun HP News | Jul 26, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) കണ്ടെത്തി. കൂടാതെ ഏകദേശം 11,000 കോടിയിലധികം നികുതി വെട്ടിപ്പും സിബിഐസി കണ്ടെത്തിയതായി ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
വ്യാജ ജിഎസ്ടി രജിസ്ട്രേഷനും നികുതി വെട്ടിപ്പും സംബന്ധിച്ച് മുൻ ബിഹാർ ധനമന്ത്രിയും പാർലമെന്റിന്റെ ഉപരിസഭാംഗവുമായ സുശീൽ കുമാർ മോദിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് മെയ് 16 മുതൽ ജൂലൈ 9 വരെ നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.
by Midhun HP News | Jul 26, 2023 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്. തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.
16,000 മുതൽ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താൻ തോറ്റ് പിൻമാറുകയായിരുന്നു. കാർഗിൽ മഞ്ഞുമലയുടെ മുകളിൽ ഭാരതത്തിന്റെ ത്രിവർണ്ണ കൊടി പാറി. 1999 മെയ് 8-ന് ആരംഭിച്ച യുദ്ധത്തിൽ 1999 ജൂലൈ 14-ന് ഇന്ത്യ പാകിസ്താന് മേൽ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26-ന് യുദ്ധം അവസാനിച്ചതായും അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.
by liji HP News | Jul 25, 2023 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. ചൈന കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ 15,000 ഇന്ത്യക്കാരുടെ കോടികളാണ് നഷ്ടമായത്. ഒരു വര്‍ഷത്തിനുള്ളില്‍ 700 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി ഹൈദരാബാദ് പൊലീസ് ആണ് കണ്ടെത്തിയത്. തട്ടിയെടുത്ത പണം ദുബൈ വഴി ചൈനയിലേക്കാണ് പോയത്. ലെബനന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യപ്പെട്ടതായും ഹൈദരാബാദ് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറുപേരെ കൂടി പിടികൂടാനുണ്ടെന്നും ഹൈദരാബാദ് പൊലീസ് അറിയിച്ചു.
ഏപ്രിലിലാണ് ഹൈദരാബാദ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. 28 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ഒരാള്‍ നല്‍കിയ പരാതിയാണ് അന്വേഷണത്തിന്റെ തുടക്കം. വിശദമായി അന്വേഷിച്ചപ്പോള്‍ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി.
നിക്ഷേപത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ മോഹന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തുടക്കത്തില്‍ യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക, ഗൂഗിള്‍ റിവ്യൂകള്‍ എഴുതുക തുടങ്ങിയ ചെറിയ ജോലികള്‍ നല്‍കിയാണ് കെണിയില്‍ വീഴ്ത്തുന്നത്. വര്‍ക്ക് പൂര്‍ത്തിയായാല്‍ പണം പൂര്‍ണമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്. ടെലിഗ്രാം, വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
5000 രൂപ വരെ നിക്ഷേപിച്ചവര്‍ക്ക് ഇരട്ടി വരെ നല്‍കിയാണ് തുടക്കത്തില്‍ തട്ടിപ്പുകാര്‍ വിശ്വാസത്തിലെടുക്കുന്നത്. ആദ്യ ടാസ്‌ക് പൂര്‍ത്തിയാക്കുമ്പോഴാണ് പണം നല്‍കുന്നത്. തുടര്‍ന്ന് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തുടക്കത്തില്‍ തന്നെ വലിയ റിട്ടേണ്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ ഏഴും എട്ടു ഇടപാടുകളിലായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്.
നിക്ഷേപിച്ചത് വഴി നേടിയ സമ്പാദ്യം എന്ന് കാണിക്കാന്‍ വ്യാജ വിന്‍ഡോയും തട്ടിപ്പുകാര്‍ സൃഷ്ടിച്ചു. ഇത് കാണിച്ച് വിശ്വാസത്തിലെടുത്താണ് തട്ടിപ്പ്. എന്നാല്‍ ടാസ്‌ക് പൂര്‍ത്തിയാക്കാതെ പണം പിന്‍വലിക്കാന്‍ കഴിയുകയില്ലെന്ന വ്യവസ്ഥയും തട്ടിപ്പുകാര്‍ മുന്നോട്ടുവെയ്ക്കും. ഇത്തരത്തില്‍ 113 ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് 700 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഹൈദരാബാദ് പൊലീസിന്റെ കണ്ടെത്തല്‍.
ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി ദുബൈ വഴി ചൈനയിലേക്കാണ് അയക്കുന്നത്. തട്ടിപ്പിനായി ഇന്ത്യന്‍ സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തുറന്നത്. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ഹൈദരാബാദ് പൊലീസ് പറയുന്നു.
by liji HP News | Jul 25, 2023 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർണായക ഭ്രമണപഥമുയർത്തൽ ഇന്ന്. ഒരു തവണ കൂടി ഭൂമിയെ വലം വെച്ചതിന് ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച് പേടകം മുന്നോട്ട് കുതിക്കും. ഇന്ന് അഞ്ചാമത്തെയും അവസാനത്തെയുമായ നിർണായക ഭ്രമണപഥമുയർത്തൽ ആണ് നടക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിലായിരിക്കും ഭ്രമണപഥം ഉയർത്തുക.
ഇതോടെ ചന്ദ്രയാൻ-3 ഭൂമിക്ക് മുകളിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലെത്തും. ഇതിന് ശേഷമുള്ള ദിനങ്ങളിൽ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചുയരും. ഓഗസ്റ്റ് ഒന്നോട് കൂടി ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് പേടകം നീങ്ങുമെന്നാണ് കരുതുന്നത്. നാലാം തവണ ഭ്രമണപഥം ഉയർത്തിയ ചന്ദ്രയാൻ-3 ഐഎസ്ആർഒയുടെ പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് കുതിപ്പ് തുടരുന്നത്.
ഭൂമിയോട് അടുത്ത ഭ്രമണപഥം 225 കിലോമീറ്ററിലും ഇത് അകലെയെത്തുമ്പോൾ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററിലുമായിരിക്കും ഉണ്ടാകുക. ഇതിന് ശേഷം തിരികെ ഭൂമിക്ക് അരികിലേക്ക് എത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി കുതിക്കുകയായിരിക്കും ചെയ്യുക. ഈ മാസം അവസാനത്തോടെയാകും ചന്ദ്രന്റെ വലയത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ഓഗസ്റ്റ് 23ന് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.
Recent Comments