1200 കിലോമീറ്റര്‍ റേഞ്ച്; പെട്രോള്‍ എന്‍ജിനും വൈദ്യുതി ബാറ്ററിയും ‘ചേട്ടന്‍- അനിയന്മാര്‍’; പുതിയ കാറുമായി ബിവൈഡി

1200 കിലോമീറ്റര്‍ റേഞ്ച്; പെട്രോള്‍ എന്‍ജിനും വൈദ്യുതി ബാറ്ററിയും ‘ചേട്ടന്‍- അനിയന്മാര്‍’; പുതിയ കാറുമായി ബിവൈഡി

മുംബൈ: ഇലക്ട്രിക് കാര്‍ വിപണിയിലെ മുന്‍നിരക്കാരായ ബിവൈഡി ഇന്ത്യയില്‍ അവരുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നതാണ് ബിവൈഡിയുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനത്തിന്റെ സവിശേഷത. സീൽ യു എന്ന പേരിലാണ് പുതിയ കാർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വർഷം അവസാനത്തോടെ കാർ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പരിപാടി.

പെട്രോള്‍ എന്‍ജിന്റെ കരുത്തിനൊപ്പം വൈദ്യുതി ബാറ്ററിയുടെ പിന്തുണയും ചേരുന്നതോടെ ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ വാഹനമായി ഇത് മാറും. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇവികളിലേക്കുള്ള മാറ്റത്തില്‍ നിര്‍ണായക ചുവടുവെപ്പാവും പുത്തന്‍ മോഡലെന്നാണ് കരുതപ്പെടുന്നത്.

ബിവൈഡി തങ്ങളുടെ ഡിഎം-ഐ സാങ്കേതികവിദ്യയുമായാണ് ഇന്ത്യയിലെത്തിയത്. പരിചയമുള്ള ഹൈബ്രിഡ് വാഹനങ്ങളില്‍ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണോ അതോ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെത്തന്നെ തുടര്‍ന്നും ആശ്രയിക്കണോ എന്ന് വാഹന വ്യവസായ രംഗം ചര്‍ച്ച ചെയ്യുന്ന സമയത്താണ് പുതിയ സാങ്കേതികവിദ്യ ബിവൈഡി അവതരിപ്പിച്ചത്. ഡിഎം-ഐ എന്നത് അടിസ്ഥാനപരമായി ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനമാണ്. ഇത് ഭൂരിഭാഗം സമയവും ഒരു ഇലക്ട്രിക് വാഹനം പോലെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതേസമയം ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരു പെട്രോള്‍ എന്‍ജിന്റെ സൗകര്യവും ഇത് നിലനിര്‍ത്തുന്നു.

ടൊയോട്ട ഹൈറൈഡര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഇന്നോവ ഹൈക്രോസ് തുടങ്ങിയ ജനപ്രിയ കാറുകളിലെ ഹൈബ്രിഡ് സംവിധാനങ്ങള്‍ പ്രധാനമായും ‘എന്‍ജിന്‍-ഫസ്റ്റ്’ രീതിയിലുള്ളവയാണ്. അതായത്, ഇതില്‍ പെട്രോള്‍ എന്‍ജിനാണ് ഭൂരിഭാഗം ജോലികളും ചെയ്യുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം ഇലക്ട്രിക് മോട്ടോര്‍ സഹായത്തിനെത്തുന്നു.

എന്നാല്‍ ബിവൈഡിയുടെ ഡിഎം-ഐ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഈ സംവിധാനം ‘ഇലക്ട്രിക്-ഫസ്റ്റ്’ ആണ്. അതായത്, വാഹനം പരമാവധി ബാറ്ററി കരുത്തില്‍ത്തന്നെ ഓടിക്കാന്‍ ഇത് ശ്രമിക്കുന്നു. ഇതിലെ പെട്രോള്‍ എന്‍ജിന്‍ പലപ്പോഴും ചക്രങ്ങളെ നേരിട്ട് ചലിപ്പിക്കുന്നതിന് പകരം, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ജനറേറ്ററായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പല സാഹചര്യങ്ങളിലും, പ്രത്യേകിച്ച് നഗരങ്ങളിലെ യാത്രകളില്‍, ഈ കാര്‍ ഒരു പ്യുവര്‍ ഇവി പോലെയാണ് പെരുമാറുക. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രം കാണുന്ന സുഗമമായ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നു. ഒപ്പം ചാര്‍ജ് തീര്‍ന്നുപോകുമെന്ന ആശങ്കയും ഇല്ലാതാക്കുന്നു. വാഹനത്തിന്റെ വേഗം, ബാറ്ററിയുടെ ചാര്‍ജ്, ആവശ്യമായ കരുത്ത് എന്നിവയെ ആശ്രയിച്ച് ബിവൈഡിയുടെ ഈ സംവിധാനം വിവിധ ഓപ്പറേറ്റിങ് മോഡുകളിലേക്ക് സ്വയം മാറിക്കൊണ്ടിരിക്കുന്നു.

ഇതില്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുമെങ്കിലും അത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും. ചക്രങ്ങള്‍ തുടര്‍ന്നും ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് തന്നെയാണ് ചലിക്കുക. ഇത് ഇലക്ട്രിക് വാഹനം ഓടിക്കുന്ന അതേ അനുഭവം നിലനിര്‍ത്തുന്നു. കൂടിയ വേഗതയില്‍ പോകുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് വേഗം കൂട്ടേണ്ടി വരുമ്പോഴോ പരമാവധി കാര്യക്ഷമതയ്ക്കായി പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറിനൊപ്പം ചേര്‍ന്ന് ചക്രങ്ങളിലേക്ക് നേരിട്ട് കരുത്ത് നല്‍കുന്നു. ഈ മോഡുകള്‍ക്കിടയിലുള്ള മാറ്റം തികച്ചും സ്വയമേവ നടക്കുന്നതായതുകൊണ്ട് ഡ്രൈവര്‍ക്ക് ഇത് ഒട്ടും പ്രകടമാകില്ല.

1.5 ലിറ്റര്‍ ഷിയാവുന്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഈ എന്‍ജിന് 43.04 ശതമാനം തെര്‍മല്‍ എഫിഷ്യന്‍സി ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാഹനത്തിന് 1,200 കിലോമീറ്ററിലധികം കമ്പൈന്‍ഡ് റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത് വലിയ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ധനം നിറയ്ക്കുന്നതിനോ ചാര്‍ജ് ചെയ്യുന്നതിനോ വേണ്ടിയുള്ള തടസ്സങ്ങള്‍ കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കും.

ഇസ്രയേലില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കും; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

ഇസ്രയേലില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കും; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രയേല്‍. ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്ത് ശിവജിയുടെ പ്രതിമ സ്ഥാപിക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച നടന്ന ശിവ രാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

ശിവജിയുടെ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതി ഇന്ത്യന്‍ ജനതയെ ഇസ്രയേലികളുമായി ബന്ധിപ്പിക്കുമെന്ന് റെവാച്ച് പറഞ്ഞു.’ഛത്രപതി ശിവജി മഹാരാജിന്റെ സ്വാധീനം എന്താണെന്നും അദ്ദേഹം ഇന്ത്യക്ക് എത്രത്തോളം പ്രധാനമാണെന്നും ഞങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നു. മഹാരാജിന്റെ ഒരു വലിയ പ്രതിമ നിര്‍മ്മിച്ച് ഇസ്രയേലിലേക്ക് അയക്കുക എന്നതാണ് ആശയം. ഇതൊരു സാധാരണ പദ്ധതി എന്നതിലുപരി ദീര്‍ഘകാലത്തേക്കുള്ള ഒന്നായിരിക്കും. ഈ പദ്ധതിയിലൂടെ ഇന്ത്യന്‍ ജനത ഇസ്രയേല്‍ ജനതയുമായുള്ള ബന്ധം ശക്തമാകും. ഇസ്രയേലിലെ വലിയ നഗരങ്ങളിലൊന്നില്‍ ഇത് സ്ഥാപിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്,’- വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.

ശിവജിയുടെ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി ചരിത്രപരമായ വിവരങ്ങള്‍, കലാപരമായ ഉപദേശങ്ങള്‍, രൂപകല്‍പ്പന എന്നിവയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സഹകരണം ഇസ്രയേല്‍ തേടിയിട്ടുണ്ട്. ഇതിന് ദേവേന്ദ്ര ഫഡ്നാവിസ് സമ്മതം അറിയിച്ചിട്ടുണ്ടെന്നും റെവാച്ച് വ്യക്തമാക്കി.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടമായി സൗഹൃദം സ്ഥാപിച്ചു; 18 കാരനായ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടമായി സൗഹൃദം സ്ഥാപിച്ചു; 18 കാരനായ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരില്‍ ദലിത് സമുദായത്തില്‍പ്പെട്ട 18 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ കൗമാരക്കാരന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

മരിച്ച കേതന്‍ ലാല്‍ കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കേതന്‍ തന്റെ സുഹൃത്ത് ദിവാകര്‍ ഡിമ്രിക്കൊപ്പം അവളുടെ ഗ്രാമമായ ഖോല്‍ഗഢിലേക്ക് പോയി. ഈ സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ കേതന്റെ പിതാവ് ധന്‍പാല്‍ ലാലിനെ പെണ്‍കുട്ടിയുടെ പിതാവ് ഫോണ്‍ വിളിക്കുകയും മകനെ വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്ഥലത്തെത്തിയ ധന്‍പാല്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കേതനെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കൊലപാതകക്കുറ്റം, എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുത്തു. പരിക്കേറ്റ കേതന്റെ സുഹൃത്ത് ദിവാകറിനെ ബൗരാരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാന സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. 2025 ഒക്ടോബറില്‍ ഗ്രേറ്റര്‍ നോയിഡയില്‍ കൗമാരക്കാരനായ ഒരു ദലിതന്‍ തന്റെ ജന്മദിനത്തിലാണ് മര്‍ദനമേറ്റ് മരിച്ചത്. ഉന്നത ജാതിയില്‍പ്പെട്ട ആളുകളാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. അതേ മാസം ആദ്യം യുപിയിലെ റായ്ബറേലി ജില്ലയില്‍ 38 കാരനായ ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. ‘ഡ്രോണ്‍ കള്ളന്‍’ എന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം ഇയാളെ തല്ലിക്കൊന്നത്. അക്കാലത്ത് കള്ളന്മാര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകള്‍ അടയാളപ്പെടുത്തുന്നു എന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2026 മെയ് മാസത്തില്‍ യുപിയിലെ പ്രതാപ്ഗഢ് ജില്ലയില്‍ 17 വയസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തിരുന്നു.

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച ‘സിപിഎം-ബിജെപി ഡീല്‍’ അടക്കമുള്ള ആരോപണങ്ങളില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം. യോഗത്തില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയാണ്, ‘ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി’ തുടങ്ങിയ രാഹുലിന്‍റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. ഇതിനു രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇരു നേതാക്കളും തമ്മിലുള്ള വാക് പോരിനും ഇടയാക്കി.

ജോണ്‍ ബ്രിട്ടാസിന്‍റെ വിമര്‍ശനങ്ങളെ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും പിന്തുണച്ചിരുന്നു. എന്നാല്‍ താന്‍ സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. തുടര്‍ന്ന് അദാനിയിലേക്കും എത്തുകയായിരുന്നു.

അദാനി ഗ്രൂപ്പിന് കേരളത്തില്‍ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം, ‘ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി’ തീര്‍ന്നതിന് തെളിവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനയെ എതിര്‍ത്ത ജോണ്‍ ബ്രിട്ടാസ്, വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനി പോര്‍ട്ട്‌സിനെ കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യം കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്.

ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രസ്താവനകളെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. രാഹുലും ഖാര്‍ഗേയും പോലുള്ള നേതാക്കള്‍ ഇത്തരം ആരോപണം ഉന്നയിച്ചാല്‍ ഇന്ത്യ മുന്നണിയുടെ പ്രസക്തി തന്നെയാണ് നഷ്ടപ്പെടുകയെന്നും ബ്രിട്ടാസ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

2004 ല്‍ നിരവധി മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന് 64 സീറ്റുകളാണ് അന്ന് ലഭിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അന്ന് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയത്. ആ ഒരു രാഷ്ട്രീയചിത്രം കോണ്‍ഗ്രസ് കാണാതെ പോയെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. എന്നാല്‍ സിപിഎമ്മിന്റെ നേതാവായ പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. രണ്ടു മന്ത്രിസ്ഥാനങ്ങള്‍ക്കായി സുപ്രധാന സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിപിഎം- ബിജെപി ഡീല്‍ ആരോപണത്തില്‍ കടുത്ത ഭാഷയില്‍ അതൃപ്തി അറിയിച്ചു കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിരുന്നു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായിട്ട് ഉണ്ടായതാണെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. ഡീൽ ആരോപണത്തിൽ സിപിഎമ്മുമായി ഉഭയകക്ഷി ചർച്ചയാകാമെന്നും രാഹുൽ​ഗാന്ധി വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം ചർച്ച ചെയ്യാമെന്ന് ജോൺ ബ്രിട്ടാസ് രാഹുൽ​ഗാന്ധിയെ അറിയിച്ചു. മുന്നണിയിലെ സഖ്യകക്ഷികൾ തമ്മിൽ നല്ല ബന്ധം വേണമെന്നും, ഡിഎംകെയെ മുന്നണിയിൽ തിരിച്ചെത്തിക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം

ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം. ഒരു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇരുവിഭാഗവും അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ലെബനോണില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ ലെബനോണ് ഭാവിയില്ലെന്ന് അമേരിക്കയിലെ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധി യെഹിയേല്‍ ലെറ്റര്‍ പറഞ്ഞു.

ഉടനടി ‘വെടിവെപ്പ് നിര്‍ത്താന്‍’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് പിന്തിരിഞ്ഞത്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാല്‍ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയതായി ട്രംപ് അമേരിക്കന്‍ മാധ്യമമായ ആക്സിയോസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെപ്പറ്റി അമേരിക്കയെ അറിയിച്ചത് അവസാന നിമിഷമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍ ഇസ്രായേല്‍ ലെബനനില്‍ തുടര്‍ന്നും ആക്രമണം നടത്തിയാല്‍, ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. ആക്രമണത്തിന് താത്ക്കാലികമായി അറുതി വന്നതോടെ ആക്രമണങ്ങള്‍ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന ആഗോള എണ്ണവിലയില്‍ നേരിയ ഇടിവുമുണ്ടായി. ഇറാന്‍ വീണ്ടും ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും വ്യക്തമാക്കി.

അതേസമയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനുമേല്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനുമായി ചര്‍ച്ച തുടരുകയാണെന്നും ഇറാന്‍ അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ തയാറാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധമുണ്ടാക്കില്ലെന്ന് അമേരിക്കയ്ക്ക് ഉടന്‍ ഉറപ്പുനല്‍കുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ടെങ്കിലും നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍.

എണ്ണവില കുറഞ്ഞു; തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

എണ്ണവില കുറഞ്ഞു; തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 350 പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുവരവിന്റെ പാതയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി. നിഫ്റ്റി 23,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

ആഗോള വിപണികളിലെ മുന്നേറ്റവും ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. പ്രധാനമായി ട്രെന്‍ഡ്, ഐസിഐസിഐ ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിട്ടു. അതിനിടെ ഡോളറിനെതിരെ രൂപയും മുന്നേറ്റം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 20 പൈസയാണ് മുന്നേറിയത്. 95.41ലേക്കാണ് രൂപയുടെ തിരിച്ചുകയറിയത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് രൂപയ്ക്ക് അനുകൂലമായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 94 ഡോളറില്‍ താഴെയാണ്.