by Midhun HP News | Jun 9, 2026 | Latest News, ദേശീയ വാർത്ത
മസ്കറ്റ്: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ആക്രമണം നടന്നതായി ഷിപ്പിങ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ജീവനക്കാരെ മുഴുൻ രക്ഷിച്ചതായും ഷിപ്പിങ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. രണ്ട് മാസത്തിനു ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായതിനു പിന്നാലെയാണ് ആക്രമണം.
പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. 100 ദിവസമായി തുടരുന്ന സംഘർഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആഗോള തലത്തിൽ ഉർജ്ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇറാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വിലക്കുന്ന മാർഗ നിർദ്ദേശം ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കി. ടെഹ്റാനിൽ പഠിക്കുന്ന വിദ്യാർഥികൾ മടങ്ങാൻ ശ്രമിക്കുന്നതനിടെയാണ് പുതിയ മാർഗ നിർദ്ദേശം. ഇറാനിലുള്ളവർ സാധ്യമായ മാർഗത്തിലൂടെ മടങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

by Midhun HP News | Jun 8, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഏഴ് വര്‍ഷത്തെ യുഎഇയിലെ ദുരിത ജീവിതത്തിന് ശേഷം മൂന്ന് പെണ്‍മക്കളുടെ അരികിലേക്ക് എത്തി ഇന്ത്യക്കാരിയായ അമ്മ. ഒഡീഷ സ്വദേശിനി ഹസ്ത മഹാനന്ദയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിയത്.
2019ലാണ് ഗാര്‍ഹിക വിസയിലല്ലാതെ മറ്റൊരു കമ്പനി വിസയില്‍ ഹസ്ത യുഎഇയില്‍ എത്തിയത്. തുടര്‍ന്ന് ഇവിടെയൊരു ഇന്ത്യന്‍ കുടുംബത്തില്‍ വീട്ടുജോലിക്ക് ചേരുകയായിരുന്നു. 2022ല്‍ ഇവര്‍ തൊഴിലുടമകള്‍ക്കൊപ്പം നാട്ടില്‍ പോയി മടങ്ങിവന്നതിന് ശേഷമാണ് ദുരിതങ്ങള്‍ തുടങ്ങിയത്. ഇവരെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല. സ്‌പോണ്‍സര്‍ പാസ്പോര്‍ട്ട് നിയമവിരുദ്ധമായി കൈവശം വച്ചതോടെ നാട്ടിലേക്ക് മടങ്ങാനോ കുടുംബവുമായി സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിലായി. ഹസ്തയെക്കുറിച്ച് നാട്ടിലെ കുടുംബത്തിന് യാതൊരു വിവരവും ലഭിക്കാതായി. ഇതോടെ ബന്ധുക്കള്‍ ഒഡീഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം വിദേശകാര്യ മന്ത്രാലയം യുഎഇയിലെ ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തില്‍ അന്വേഷണവും ആരംഭിച്ചു.
ഇതിനിടെ സഹായം അഭ്യര്‍ഥിച്ച് ഹസ്ത സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ ആണ് നിര്‍ണായകമായത്. വിഡിയേക ഒഡിയ സമാജ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഇത് കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. വിഡിയോയില്‍ സ്വന്തം വിവരങ്ങളൊന്നും ഹസ്ത വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഹൈക്കോടതി നല്‍കിയ ജനനത്തീയതി വച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു. ഡല്‍ഹിയില്‍ പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു പേരാണ് കണ്ടത്. എന്നാല്‍ ഒടുവില്‍ വിസ രേഖകള്‍ വഴി സ്‌പോണ്‍സറെയും തൊഴിലുടമയെയും കണ്ടെത്തുകയായിരുന്നു. അധികൃതര്‍ സ്‌പോണ്‍സറുമായി ബന്ധപ്പെടുകയും മേയ് 12ന് കമ്പനി മാനേജര്‍ ഹസ്തയെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിക്കുകയും ചെയ്തു.
താന്‍ സുരക്ഷിതയാണെന്നും എന്നാല്‍ നാട്ടില്‍ പോകാന്‍ തൊഴിലുടമ അനുവദിക്കുന്നില്ലെന്നും ഹസ്ത കോണ്‍സുലേറ്റിനെ അറിയിച്ചു. തുടര്‍ന്ന് ഹസ്തയുടെ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കാനും വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കാനും അധികൃതര്‍ തൊഴിലുടമയ്ക്ക് നിര്‍ദേശം നല്‍കി. ബാങ്ക് അക്കൗണ്ടോ രേഖകള്‍ ശരിയാക്കാനുള്ള പണമോ ഹസ്തയുടെ കൈവശം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ സഹായത്തോടെ രണ്ടാഴ്ചത്തെ താമസസൗകര്യവും യാത്രാരേഖകളും വിമാന ടിക്കറ്റും കോണ്‍സുലേറ്റ് അധികൃതര്‍ ഉറപ്പാക്കുകയായിരുന്നു.വിസാ കാലാവധി കഴിഞ്ഞതിനുള്ള പിഴയും കോണ്‍സുലേറ്റ് നേരിട്ടാണ് ഒടുക്കിയത്.

by Midhun HP News | Jun 8, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: പതിറ്റാണ്ടുകള്‍ക്കു മുമ്പ് സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെന്നിന്ത്യന്‍ താരം സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി. 1996 ഏപ്രിലിലാണ് വിവാദ അഭിമുഖം സണ്‍ടിവി സംപ്രേക്ഷണം ചെയ്തത്.
ഇതിനെതിരെ സുകന്യ നല്‍കിയ മാനനഷ്ടക്കേസില്‍ 2015 ല്‍ വിചാരണകേകോടതി അനുകൂല ഉത്തരവിറക്കിയിരുന്നു. അതിനെതിരെ സണ്‍ടിവി നെറ്റ്‌വര്‍ക്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് വിധി പ്രഖ്യാപിച്ചത്.
സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015 ലെ വിചാരണ കോടകി വിധിയാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്. അതിനു പുറമെ അഭിമുഖത്തിലെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനും കോടതി സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1996 ഏപ്രില്‍ 17 ന് സണ്‍ടിവിയില്‍ നക്കീരന്‍ എഡിറ്റര്‍ ആര്‍ ആര്‍ ഗോപാല്‍ വീരപ്പനുമായി നടത്തിയ അഭിമുഖം സണ്‍ടിവി ‘നേരുക്കുനേര്‍’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്തിരുന്നു. അഭിമുഖത്തില്‍ സുകന്യക്ക് പിവി നരസിംഹ റാവുവിന്റെ മകനുമായി അവിഹിത ബന്ധമുണ്ടെന്നും അതു വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പന്‍ ആരോപിച്ചു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണം തന്റെ സല്‍പ്പേരിനെയും തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിച്ചതായും മാനസികാഘാതമുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി സുകന്യ കോടതിയെ സമീപിക്കുകയായിരുന്നു.
അഭിമുഖം തങ്ങളുടെതല്ലെന്നും നക്കീരന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുകമാത്രമാണ് ചെയ്തതെന്നും സണ്‍ടിവി വാദിച്ചു. എന്നാല്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനു മുന്‍പ് അത് എഡിറ്റു ചെയ്യാനും അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനും മാറ്റം വരുത്താനുമുള്ള പൂര്‍ണ അധികാരം സണ്‍ടിവിക്ക് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി വാദം തള്ളി.
എഡിറ്റോറിയല്‍ നിയന്ത്രണമുള്ളതിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു. വിവരങ്ങളുടെ സത്യാവസ്ഥ സുകന്യയോടോ മറ്റ് കേന്ദങ്ങളോടോ അന്വഷിക്കാന്‍ ചാനല്‍ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അഭിമുഖം വിവാദമായതിനു പിറകേ തമിഴ് മാഗസിനിലൂടെ സുകന്യയോട് ക്ഷമാപണം നടത്തിയിരുന്നുവെന്നും സണ്‍ടിവി കോടതിയെ അറിയിച്ചു. എന്നാല്‍ സ്വന്തം ചാനലിലൂടെ ചെയ്ത തെറ്റിന് മറ്റൊരു മാധ്യമത്തിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. തെറ്റായ വാര്‍ത്ത കണ്ട അതേ പ്രേക്ഷകരിലേക്ക് ക്ഷമാപണം എത്തണമെങ്കില്‍ അതേ ചാനലിലൂടെതന്നെ ക്ഷമ പറയണമായിരുന്നുവെന്നും അതിലെ വീഴ്ച ചാനലിന്റെ ദുരുദ്ദേശമാണ് വ്യക്തമാക്കുന്നതെന്നും കോടതി വിധിയില്‍ പറയുന്നു.

by Midhun HP News | Jun 8, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രയേലിനെ ലക്ഷ്യമിടുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ വ്യോമാക്രമണം.
ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകളെല്ലാം വിജയകരമായി തകർത്തെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് കാരണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു.

by Midhun HP News | Jun 7, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. താനൊരു ലിമിറ്റഡ് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മാത്രമാണെന്ന വിലയിരുത്തലുകളെ കൗമാര വിസ്മയം തള്ളിക്കളഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സീനിയർ ടീമിലേക്ക് ഈ 15കാരന് കഴിഞ്ഞ ദിവസം വിളിയെത്തിയിരുന്നു. പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ഭിന്ദറുമായി സംസാരിക്കവെയാണ് റെഡ് ബോള്‍ ക്രിക്കറ്റിനോടുള്ള തന്റെ താത്പര്യം സൂര്യവംശി പങ്കുവെച്ചത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള തന്റെ ആഗ്രഹവും അതിനായുള്ള തയ്യാറെടുപ്പുകളും താരം വ്യക്തമാക്കി.
‘ടി20യിലെ ശൈലി കണ്ട് ഞാനൊരു റെഡ് ബോള്‍ പ്ലെയര്‍ അല്ലെന്ന് കരുതരുത്. ഞാൻ റെഡ് ബോളില്‍ ധാരാളം പരിശീലനം നടത്താറുണ്ട്. ഇപ്പോഴും അത് തുടരുന്നു. എന്റെ സംസ്ഥാനത്തിന് വേണ്ടിയും ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഓരോ ഫോര്‍മാറ്റിന്റെയും സാഹചര്യം അനുസരിച്ച് ബാറ്റിങ് ശൈലി മാറ്റാന്‍ എനിക്ക് സാധിക്കും. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ആ ഫോര്‍മാറ്റ് ആവശ്യപ്പെടുന്നത് പോലെ കളിക്കാനാണ് ഞാന്‍ ശ്രമിക്കുക. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുക എന്നതാണ് എന്റെ സ്വപ്നം’- താരം വ്യക്തമാക്കി.
ടി20യിലെ പ്രകടനം കൊണ്ടാണ് സൂര്യവംശി ശ്രദ്ധിക്കപ്പെട്ടതെങ്കിലും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതിനോടകം തന്നെ താരം വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 2023- 24 സീസണില്‍ കേവലം 12ാം വയസില്‍ ബിഹാറിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. 2024ല്‍ ഓസ്‌ട്രേലിയ അണ്ടര്‍19 ടീമിനെതിരെ 58 പന്തില്‍ സെഞ്ച്വറി നേടി. യൂത്ത് ടെസ്റ്റ് ചരിത്രത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 2025ല്‍ ബ്രിസ്‌ബെയ്നില്‍ ഓസ്‌ട്രേലിയക്കെതിരെ വീണ്ടും സെഞ്ച്വറി (86 പന്തില്‍ 113) നേടി. 15 വയസിന് മുൻപ് രണ്ട് യൂത്ത് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ലോകത്തിലെ ആദ്യ താരമായും സൂര്യവംശി മാറി.
ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്താണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിലേക്ക് വരുന്നത്. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. 1989ൽ 16ാം വയസിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ സച്ചിൻ 37 വർഷമായി കൊണ്ടുനടന്ന റെക്കോർഡാണ് വൈഭവ് മറികടന്നത്. 18ാം വയസിൽ അരങ്ങേറ്റം കുറിച്ച വാഷിങ്ടൻ സുന്ദറിന്റെ പേരിലാണ് ടി20യിലെ പ്രായം കുറഞ്ഞ ഇന്ത്യൻ താരത്തിന്റെ റെക്കോർഡ്. ഈ റെക്കോർഡും വൈഭവ് തിരുത്തി.
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയിലും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുമായി പുറത്തെടുത്ത മിന്നും ബാറ്റിങാണ് വൈഭവിന്റെ സീനിയർ ടീമിലേക്കുള്ള വഴി അതിവേഗം തുറക്കാൻ ഇടയാക്കിയത്. രാജസ്ഥാൻ റോയൽസിനായി സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച വൈഭവ് ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും ഉൾപ്പെടെ 776 റൺസ് നേടി. ഓറഞ്ച് ക്യാപ്, ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ, എമർജിങ് പ്ലെയർ പുരസ്കാരങ്ങളും വൈഭവ് സ്വന്തമാക്കി. പിന്നാലെയാണ് താരത്തെ തേടി ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളി എത്തിയത്.
by Midhun HP News | Jun 7, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു.

Recent Comments