ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ഡൽഹി: ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയാല്‍ ഉടന്‍ കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി അദ്ദേ​ഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നിലവിൽ ​ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആശിഷ് ജെ.ദേശായി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി.ദേശായിയുടെ മകനാണ്. ശുപാർശ അംഗീകരിച്ചാൽ, ഗുജറാത്ത് ഹൈക്കോടതിയിൽനിന്നു കേരള ചീഫ് ജസ്റ്റിസാകുന്ന ആദ്യ ആളാകും ജസ്റ്റിസ് ദേശായി.

2011 ലാണു ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായത്. നേരത്തേ, ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്നു. സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ നാലിനു വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഒഴിവുവരുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് എ.ജെ. ദേശായിയെ നിയമിക്കാനാണ് ശുപാര്‍ശ.

‘അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ വിറച്ചുപോയി’; കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്

‘അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ വിറച്ചുപോയി’; കമൽഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്

2018 ന്റെ വമ്പൻ വിജയത്തോടെ സൂപ്പർഹിറ്റ് സംവിധായകനായി മാറിയിരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്. ഇപ്പോൾ സൂപ്പർതാരം കമൽഹാസനെ ആദ്യമായി കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. താൻ സിനിമയിലേക്ക് വരാൻ കാരണം കമൽഹാസനാണ് എന്നാണ് ജൂഡ് കുറിച്ചത്. കൺമുന്നിൽ പ്രിയതാരത്തെ കണ്ടപ്പോൾ വിറച്ചുപോയെന്നും ജൂഡ് കുറിച്ചു.

“എന്നെ സിനിമാ സംവിധായകനെന്നോ അഭിനേതാവെന്നോ സിനിമാപ്രേമിയെന്നോ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഈ ബഹുമുഖ പ്രതിഭയാണ്. സ്‌ക്രീനിലും പുറത്തും ഈ മനുഷ്യന്റെ മാജിക് കണ്ടാണ് ഞാൻ വളർന്നത്. സിനിമയുടെ ഈ സർവവിജ്ഞാനകോശത്തെ കണ്ടുമുട്ടാൻ കഴിഞ്ഞത് ശരിക്കും ഭാഗ്യമാണ്. ഇന്നുവരെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല കാര്യമാണിത്. അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ കൺമുന്നിൽ കണ്ടപ്പോൾ ഞാൻ വിറയ്ക്കുകയായിരുന്നു. എന്തൊരു ഓറയാണ്. ലവ് യൂ സാർ, എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരു കാര്യം കൂടി യാഥാർത്ഥ്യമായി”- കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജൂഡ് കുറിച്ചു.

ജോലിയുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍നിന്നു വന്‍ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടാനാവില്ല: ഹൈക്കോടതി

ജോലിയുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍നിന്നു വന്‍ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടാനാവില്ല: ഹൈക്കോടതി

ബാംഗ്ലൂർ: ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകള്‍ക്ക് വിവാഹ മോചനത്തില്‍ ഭര്‍ത്താവില്‍നിന്നു കനത്ത ജീവനാംശവും നഷ്ടപരിഹാരവും അവകാശപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ മോചന കേസില്‍ കീഴ്‌കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമിക്കറുടെ നിരീക്ഷണം.
ജോലി ചെയ്യാന്‍ ശേഷിയുള്ളവര്‍ വീട്ടില്‍ ഇരുന്ന് ഭര്‍ത്താവില്‍നിന്ന് കനത്ത തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള പണം മാത്രമേ ജീവനാംശം ആയി അനുവദിക്കാനാവൂ എന്ന് കോടതി പറഞ്ഞു.

നേരത്തെ ജോലിയുണ്ടായിരുന്ന സ്ത്രീ വിവാഹത്തിനു ശേഷം അത് അവസാനിപ്പിക്കുകയായിരുന്നു. ഒരുമിച്ചു പോവാനാവാത്തതിനാല്‍ വിവാഹ മോചനം നേടിയ ഇവര്‍ ജീവനാംശമായി പ്രതിമാസം പതിനായിരം രൂപയും നഷ്ടപരിഹാരമായി മൂന്നു ലക്ഷവുമാണ് ആവശ്യപ്പെട്ടത്. കീഴ്‌ക്കോടതി അയ്യായിരം രൂപ പ്രതിമാസ ജീവനാംശവും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും അനുവദിച്ചു. ഇതു ചോദ്യം ചെയ്താണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പലചരക്കു കട നടത്തുന്ന മുന്‍ ഭര്‍ത്താവ് പ്രായമായ അമ്മയെയും വിവാഹം കഴിക്കാത്ത സഹോദരിയെയും സംരക്ഷിക്കുന്നുണ്ടെന്നതും കോടതി കണക്കിലെടുത്തു.

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, രോഹിത്തും കോഹ്‌ലിയും ഇല്ല; വെസ്റ്റ് ഇൻഡീസിന് എതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, രോഹിത്തും കോഹ്‌ലിയും ഇല്ല; വെസ്റ്റ് ഇൻഡീസിന് എതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മുംബൈ; വെസ്റ്റ് ഇൻഡീസിന് എതിരായ ടി20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും ഇല്ലാതെ കളത്തിൽ ഇറങ്ങുന്ന ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. ‌

ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സ്ഥാനം നിലനിര്‍ത്തി. സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. ‌ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന്‌ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് കൂടിയാണിത്.

പേസര്‍മാരായ അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് ടി20 ടീമിലും വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക് ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നറായ രവി ബിഷ്ണോയിയും ടീമില്‍ തിരിച്ചെത്തി. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ടി20കളുള്ള പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇതില്‍ അവസാന രണ്ട് ടി20കള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ വച്ചാണ് നടക്കുക.

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഉത്തർ പ്രദേശിലെ മീററ്റിൽ വച്ചാണ് അപകടമുണ്ടായത്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. പാണ്ഡവ് നഗറിൽ നിന്ന് വരികയായിരുന്ന പ്രവീൺ കുമാറിൻ്റെ കാറിൽ കണ്ടെയ്‌നർ ഇടിക്കുകയായിരുന്നു. കമ്മീഷണറിൻ്റെ വസതിക്കരികിൽ വച്ചായിരുന്നു അപകടം. കണ്ടെയ്‌നർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടത്തിൽ കാർ തകർന്നെങ്കിലും പ്രവീൺ കുമാറും മകനും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും കളിച്ച താരമാണ് പ്രവീൺ കുമാർ. ബൗളിംഗ് ഓൾറൗണ്ടറായിരുന്ന താരം ഐപിഎലിലും കളിച്ചിട്ടുണ്ട്.

യു.എസിലെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനാക്കി

യു.എസിലെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനാക്കി

ലോസ് ആഞ്ചെലെസിൽ നടന്ന സിനിമാ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്. അപകടത്തിൽ മൂക്കിന് പരിക്കേറ്റ ഷാരൂഖ് ഖാന് ശസ്ത്രക്രിയ നടത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ഷാരൂഖ് അമേരിക്കയിലെത്തിയത്.
അപകടത്തിന് പിന്നാലെ മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് ഷാരൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചോര വരുന്നത് നിർത്താൻ ഒരു ചെറിയ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ അറിയിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തിയ ഷാരൂഖ് വീട്ടിൽ വിശ്രമത്തിലാണ്.