സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

മുംബൈ: ഐപിഎല്ലിൽ ഫൈനലിലെത്താൻ സാധിച്ചില്ലെങ്കിലും ഈ സീസണിലെ താരം രാജസ്ഥാൻ റോയൽസിന്റെ 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയാണെന്നു നിസംശയം പറയാം. വെടിക്കെട്ട് ബാറ്റിങുമായി കളം വാണ താരം നിലവിൽ 776 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നു. വിസ്മയ പ്രകടനത്തിനു പിന്നാലെ വൈഭവിനെ തേടി നിരവധി ബിസിനസ് ​ഗ്രൂപ്പുകളുടെ ഓഫറുകളും വരുന്നു. താരത്തിന്റെ ബാറ്റിൽ പരസ്യം നൽകാൻ ഒരു പ്രമുഖ വ്യവസായ സ്ഥാപനം ബ്ലാങ്ക് ചെക്കാണ് വൈഭവിനു ഓഫർ ചെയ്തിരിക്കുന്നത്.

നിലവിൽ എസ്എസ് സ്പോർട്സാണ് വൈഭവിന്റെ ബാറ്റ് സ്പോൺസർമാർ. 50 ലക്ഷം രൂപയാണ് ഒരു വർഷത്തേക്ക് താരത്തിനു സ്പോൺസർഷിപ്പിലൂടെ മാത്രം കിട്ടുന്നത്. വൈഭവുമായുള്ള കരാറിനു വേണ്ടി ആരെങ്കിലും മുന്നോട്ടു വന്നാൽ 3 വർഷത്തെ ഡീൽ വിൽക്കാൻ ഒരുക്കമാണെന്നു എസ്എസ് സ്പോർട്സ് വ്യക്തമാക്കി.

വൈഭവിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ എലിമിനേറ്റർ 2 വരെ എത്തിയത്. സ്ഫോടനാത്മക തുടക്കമാണ് കൗമാരക്കാരൻ ടൂർണമെന്റിൽ ഉടനീളം രാജസ്ഥാനു നൽകിയത്. ഇതോടെ താരത്തിനു യൂനിവേഴ്സൽ ബേബി ബോസ് എന്ന പേരും കിട്ടി. നിരവധി ആരാധകരെ സമ്പാദിക്കാനും കൗമാര താരത്തിനു സാധിച്ചു. ഇതോടെയാണ് കമ്പനികൾ കുഞ്ഞു താരത്തിനു വമ്പൻ ഓഫറുകളുമായി എത്തിയത്.

ഇന്ത്യയിലെ മുൻനിര ക്രിക്കറ്റ് താരങ്ങൾ ഒരു വർഷത്തെ കരാറിനു മൂന്ന് മുതൽ എട്ട് കോടി രൂപ വരെയാണ് വാങ്ങുന്നത്. നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ പോലും ഇടമില്ലാത്ത ഋഷഭ് പന്ത് ഒരു വർഷത്തെ ബാറ്റ് ‍ഡീലിനു 8 കോടി വരെ ആവശ്യപ്പെടുന്നുണ്ട്. സൂര്യവംശിക്ക് ഒരു കമ്പനി ബാറ്റ് സ്പോൺസർഷിപ്പായി മാത്രം 12 കോടി രൂപയാണ് ഓഫർ ചെയ്തത്. താരത്തിന്റെ നിലവിലെ കരാറിനേക്കാൾ 24 ഇരട്ടി വരും ഈ തുക.

2025ൽ 14ാം വയസിലാണ് വൈഭവ് ഐപിഎല്ലിൽ അരങ്ങേറിയത്. 1.10 കോടി രൂപയാണ് താരത്തിനു നിലവിൽ രാജസ്ഥാൻ നൽകുന്ന പ്രതിഫലം. അതിനു പുറമേ മാച്ച് ഫീ ഇനത്തിൽ 7.5 ലക്ഷം രൂപ വീതം വേറെയും ലഭിക്കും. വൈഭവിന്റെ കുടുംബം മുംബൈ ന​ഗരത്തിൽ 3 കോടി രൂപയ്ക്കു ഫ്ലാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ ഇന്ത്യൻ സീനിയർ ടീമിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് താരം. ഏഷ്യൻ ​ഗെയിംസിനുള്ള 30 അം​ഗ സാധ്യതാ പട്ടികയിൽ വൈഭവും ഇടംപിടിച്ചിട്ടുണ്ട്. ഏഷ്യൻ ​ഗെയിംസ് അല്ലെങ്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര രണ്ടിൽ ഒരു പോരാട്ടത്തിൽ താരത്തിനും ഇടം ലഭിക്കാൻ സാധ്യതയുണ്ട്.

ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്

ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: നടൻ അജിത് കുമാറിന്റെ അമ്മ മോഹിനിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുശോചനമറിയിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. യുഎഇയിൽ ആയിരുന്ന അജിത് ഇന്നലെ വൈകീട്ടാണ് ചെന്നൈയിലെ വീട്ടിൽ എത്തിയത്. നടിയും സുഹൃത്തുമായ തൃഷക്കൊപ്പമാണ് വിജയ് എത്തിയത്. അജിത് വീടിന് പുറത്തിറങ്ങി വന്ന് മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു.

വിജയ് മുഖ്യമന്ത്രിയായ ശേഷം ആ​ദ്യമായാണ് ഇരുവരും കാണുന്നത്. ഇന്നലെ വിജയ് എക്സിലും വൈകാരിക കുറിപ്പ് പങ്കുവച്ചിരുന്നു. “പ്രിയ സുഹൃത്ത് അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനി അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് അങ്ങേയറ്റം ദുഃഖിക്കുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായിരുന്ന അമ്മയെ നഷ്ടപ്പെട്ട് വേദനിക്കുന്ന സുഹൃത്ത് ശ്രീ അജിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു”.- എന്നാണ് വിജയ് കുറിച്ചത്.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അജിത്തിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചത്. ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചത്. അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: നേപ്പാളിനെ തോൽപ്പിച്ച് കേരളം,അഹമ്മദ് ഇമ്രാൻ കളിയിലെ താരം

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ്: നേപ്പാളിനെ തോൽപ്പിച്ച് കേരളം,അഹമ്മദ് ഇമ്രാൻ കളിയിലെ താരം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ നേപ്പാളിനെ 15 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാൾ 22.3 ഓവറിൽ മൂന്ന് വിക്കറ്റിന് 134 റൺസെടുത്ത് നിൽക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്.

കേരളം – 50 ഓവറിൽ 331/7, നേപ്പാൾ 22.3 ഓവറിൽ 134/3

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും അഭിഷേക് പി നായരും ചേർന്ന് രണ്ടാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു. രോഹൻ 44-ഉം അഭിഷേക് 56-ഉം റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാന്റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഷോൺ റോജർക്കും മുഹമ്മദ് അസറുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ അഹമ്മദ് ഇമ്രാൻ 49-ആം ഓവറിലാണ് പുറത്തായത്.

108 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സുമടക്കം 122 റൺസാണ് അഹമ്മദ് ഇമ്രാൻ നേടിയത്. അസറുദ്ദീൻ 55 റൺസും ഷോൺ റോജർ 19 റൺസും നേടി പുറത്തായി. നേപ്പാളിന് വേണ്ടി ആകാശ് ചന്ദ് മൂന്നും ബിപിൻ ഖത്രി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാളിന് തുടക്കത്തിൽ തന്നെ മായൻ യാദവിന്റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ അർജുൻ കുമലും ദേവ് ഖനലും ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്തു. 41 പന്തുകളിൽ 57 റൺസെടുത്ത ദേവ് ഖനൽ റണ്ണൗട്ടായി. 50 റൺസെടുത്ത അർജുൻ കുമലിനെ ആസിഫ് സലാം എൽബിഡബ്ല്യുവിൽ പുറത്താക്കിയതിന് തൊട്ടുപിറകെ മഴയെ തുടർന്ന് മത്സരം നിർത്തുകയായിരുന്നു.

‘കുറച്ചു പശ കയ്യില്‍ തേച്ചിട്ട് ഇറങ്ങുക’; തുടർച്ചയായി ഹിറ്റ് വിക്കറ്റ്, സായി സുദർശനെ ‘ട്രോളി’ മുൻ താരങ്ങൾ

‘കുറച്ചു പശ കയ്യില്‍ തേച്ചിട്ട് ഇറങ്ങുക’; തുടർച്ചയായി ഹിറ്റ് വിക്കറ്റ്, സായി സുദർശനെ ‘ട്രോളി’ മുൻ താരങ്ങൾ

അഹമ്മദാബാദ്: ഐപിഎല്ലിൽ ഒരു മോശം റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് താരം സായി സുദർശൻ. പ്ലേ ഓഫ് മത്സരങ്ങളിൽ രണ്ട് തവണ ഹിറ്റ് വിക്കറ്റായി പുറത്താകുന്ന താരമെന്ന മോശം റെക്കോർഡ് ആണ് സായിയുടെ പേരിലായത്. കഴിഞ്ഞ ദിവസം നടന്ന ‘ക്വാളിഫയർ 2’ മത്സരത്തിൽ രാജസ്ഥാനെതിരെയും ‘ക്വാളിഫയർ 1’-ൽ ബംഗളുരുവിന് എതിരായ മത്സരത്തിലും താരം ഒരേ പോലെയാണ് പുറത്തായത്. ഇതോടെ വലിയ വിമർശനമാണ് സായി നേരിടുന്നത്.

രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗില്ലും സായ് സുദര്‍ശനും ചേർന്ന് മികച്ച രീതിയിലാണ് ബാറ്റിങ് ആരംഭിച്ചത്. 32 പന്തിൽ 52 റൺസ് നേടി മികച്ച ഫോമിലാണ് സായ് ബാറ്റ് വീശിയത്. എന്നാൽ ബ്രിജേഷ് ശര്‍മ എറിഞ്ഞ 12 ഓവറിന്റെ അഞ്ചാം പന്തിൽ സായിയ്ക്ക് പിഴച്ചു. പന്ത് ബൗണ്ടറിയിലേക്ക് പായിച്ചെങ്കിലും സായിയുടെ ബാറ്റ് കയ്യില്‍ നിന്ന് വഴുതി സ്റ്റംപില്‍ പതിച്ചു. സായി ഹിറ്റ് വിക്കറ്റ് ആകുന്നത് കണ്ട ഗില്‍ മുട്ടുകുത്തി ഗ്രൗണ്ടിലിരുന്നു പോയി.

സായിയുടെ പുറത്താകൽ കണ്ട മുൻ താരങ്ങളും തുറന്നടിച്ച് രംഗത്ത് എത്തി. ‘ഇത് എങ്ങനെ സംഭവിച്ചു? എന്താണ് സായ് ഇപ്പോള്‍ ചെയ്തത്, എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഇനി മുതൽ കുറച്ച് പശ കയ്യില്‍ തേച്ചിട്ട് വേണം സായ് ഇനി ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടത്” എന്ന് ഹര്‍ഷ ഭോഗ്​ലെ പറഞ്ഞു. “രണ്ട് മത്സരങ്ങളിലും ഒരേ രീതിയിലാണ് സായ് പുറത്തായത്. സായിയുടെ കൈ ടേപ്പ് കൊണ്ട് ഒട്ടിച്ചുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അടുത്ത മത്സരത്തിൽ ഞാനും അങ്ങനെ എന്തെങ്കിലും ചെയ്യേണ്ടി വരും,” എന്നാണ് നായകൻ ഗിൽ പറഞ്ഞത്.

ഒന്നാം ക്വാളിഫയറില്‍ സായ് സുദര്‍ശന്‍ സമാന രീതിയിലാണ് പുറത്തായത്. മൂന്നാം ഓവറില്‍ ജേക്കബ് ഡഫിയെ ബൗണ്ടറിയടിക്കാൻ ശ്രമിക്കുന്നതിനിടെ ബാറ്റ് കയ്യില്‍ നിന്നും വഴുതി ലെഗ്​ സ്റ്റംപില്‍ പതിച്ചിരുന്നു. 2022ൽ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് സായ് സുദര്‍ശന്‍ ആദ്യമായി ഹിറ്റ് വിക്കറ്റായത്.

പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; ഇന്‍സ്റ്റയ്ക്കും വാട്‌സ്ആപ്പിനും ഫെയ്ബുക്കിനും പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ

പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; ഇന്‍സ്റ്റയ്ക്കും വാട്‌സ്ആപ്പിനും ഫെയ്ബുക്കിനും പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ

ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയ്ക്കായി പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ. പരസ്യത്തിനപ്പുറം കൂടുതല്‍ വരുമാനം ലക്ഷ്യമാക്കിയാണ് നീക്കം. ഉപയോക്താക്കള്‍ പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാകുന്ന പ്ലസ് പതിപ്പുകള്‍ ലഭ്യമാക്കും.

ഇന്‍സ്റ്റഗ്രാം പ്ലസ്, ഫെയ്‌സ്ബുക്ക് പ്ലസ് എന്നിവയ്ക്കായി ഒരു മാസം 3.99 (379 രൂപ) ഡോളര്‍ വീതവും വാട്‌സാപ്പ് പ്ലസിനു വേണ്ടി 2.99 (284രൂപ)ഡോളറുമാണ് ഈടാക്കുക. ഇന്ത്യയില്‍ എത്ര രൂപയാണ് ഈടാക്കുക എന്നതില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല.

സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് പ്രൊഫൈല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍, സൂപ്പര്‍ റിയാക്ഷനുകള്‍, സ്റ്റോറി എത്ര പേര്‍ കണ്ടുവെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ തുടങ്ങിയ നിരവധി അധിക ഫീച്ചറുകള്‍ ലഭിക്കും. ഭാവിയില്‍ പ്ലസ് പതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ എത്തുമെന്ന് മെറ്റയുടെ പ്രൊഡക്റ്റ് മേധാവി നവോമി ഗ്രെയിറ്റ് പറയുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ 24 മണിക്കൂറില്‍ അധികം നില നില്‍ത്താനും അധികം വിസിബിലിറ്റിക്കായി സ്‌പോട്ട് ലൈറ്റ് ചെയ്യാനും സാധിക്കും. വാട്‌സാപ്പ് പ്ലസ് സബസ്‌ക്രൈബേഴ്‌സിന് കസ്റ്റം തീമുകള്‍, പ്രത്യേക റിങ് ടോമുകള്‍, കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള അവസരം, പ്രീമിയം സ്റ്റിക്കറുകള്‍ എന്നിവയും ലഭിക്കും.

‘ശിവകുമാറിന് നല്ലകാലം, അടുത്ത തവണയും മുഖ്യമന്ത്രിയാവും’; സ്ഥാനമേല്‍ക്കാന്‍ മൂന്ന് തീയതികള്‍ കുറിച്ച് നല്‍കി ജ്യോത്സ്യന്‍

‘ശിവകുമാറിന് നല്ലകാലം, അടുത്ത തവണയും മുഖ്യമന്ത്രിയാവും’; സ്ഥാനമേല്‍ക്കാന്‍ മൂന്ന് തീയതികള്‍ കുറിച്ച് നല്‍കി ജ്യോത്സ്യന്‍

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയായി ദീര്‍ഘകാലം തുടരാന്‍ സാധിക്കുമെന്ന് പ്രമുഖ ജ്യോത്സ്യന്റെ പ്രവചനം. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നും മുന്‍ ധാരണയുടെ അടിസ്ഥാനത്തിലും സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ശിവകുമാറിനെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജ്യോത്സ്യന്റെ പ്രവചനം.

കനകപുര എംഎല്‍എയായ ശിവകുമാറിന് പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ജ്യോത്സ്യന്‍ ദ്വാരകാനാഥ് ഗുരുജി മൂന്ന് തീയതികളാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ‘ഞാന്‍ അദ്ദേഹത്തിന് മൂന്ന് തീയതികള്‍ നല്‍കിയിട്ടുണ്ട്. അതായത്, മെയ് 31 (ഞായറാഴ്ച), ജൂണ്‍ 5, ജൂണ്‍ 6,’- ഗുരുജി പിടിഐയോട് പറഞ്ഞു.2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ശിവകുമാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഔദ്യോഗികമായി സ്വീകരിക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തതിനെത്തുടര്‍ന്ന്, കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തീവ്രമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ തങ്ങളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബംഗളൂരുവിലെ വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ചേരുന്നത്.

ശിവകുമാറിന് മുഖ്യമന്ത്രിയെന്ന നിലയില്‍ ദീര്‍ഘകാലം തുടരാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ ദ്വാരകാനാഥ് ഗുരുജി അദ്ദേഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണ ലഭിക്കുമെന്നും വ്യക്തമാക്കി.’അദ്ദേഹം ഒരു ദിവസത്തെ മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഒരു തവണ മാത്രം മുഖ്യമന്ത്രിയാകുന്ന ആളോ അല്ല. അദ്ദേഹം ഒരു നീണ്ട ഇന്നിംഗ്‌സ് കളിക്കും. അദ്ദേഹത്തിന്റെ ജാതകം വളരെ നല്ലതാണ്. ദീര്‍ഘകാലം അദ്ദേഹം കര്‍ണാടകയ്‌ക്കൊപ്പം ഉണ്ടാകും,’- ജ്യോത്സ്യന്‍ പറഞ്ഞു.

ശിവകുമാറിന് സംസ്ഥാനത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനം സമ്പന്നമായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘തീര്‍ച്ചയായും, അടുത്ത തെരഞ്ഞെടുപ്പില്‍ (2028) ശിവകുമാര്‍ വിജയിക്കണം. അപ്പോള്‍ മാത്രമാണ് അദ്ദേഹം യഥാര്‍ഥ മുഖ്യമന്ത്രിയാകുന്നത്. ഇപ്പോള്‍, അദ്ദേഹം വഹിക്കുന്നത് ഉത്തരവാദിത്തങ്ങളുടെ ഭാരമാണ്. ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക, അടുത്ത തവണ മുഖ്യമന്ത്രിപദം ആസ്വദിക്കുക,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.