ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം

ടി20 ലോകകപ്പ്: സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ഇവരാണ്, മത്സരത്തിന്റെ തീയതി അറിയാം

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ആരൊക്കെയാണെന്നും വ്യക്തമായിട്ടുണ്ട്. കരുത്തന്മാരായ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾക്കൊപ്പം സിംബാബ്‌വേയുമാണ് ഇന്ത്യ അടുത്ത ഘട്ടത്തിൽ നേരിടേണ്ടി വരുക. അയർലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വേ സൂപ്പർ 8ലേക്ക് എത്തിയത്.

ഫെബ്രുവരി 22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സൂപ്പർ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വേയെ നേരിടും. മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേരിടുന്നതോടെ ഇന്ത്യയുടെ സൂപ്പർ 8 ഘട്ടം അവസാനിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്.

അതേ സമയം, ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയും നെതർലാൻഡ്സും ഇതുവരെ ഒരിക്കൽ മാത്രമാണ് ഏറ്റുമുട്ടിയത്. 2022ലെ ടി20 ലോകകപ്പിൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.

സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുഎസ്എ, നമീബിയ, പാകിസ്ഥാൻ എന്നിവരെ തോൽപിച്ച ശേഷമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. സീനിയർ താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കാനാണ് സാധ്യത.

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

കൊല്ലം-എറണാകുളം, കൊല്ലം-പുനലൂര്‍ റൂട്ടുകളിലെ മുഴുവന്‍ മെമു ട്രെയിനുകളും 12 കോച്ചുകളായി ഉയര്‍ത്തും

ഡല്‍ഹി: കൊല്ലം,എറണാകുളം, കൊല്ലംപുനലൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ മെമു ട്രെയിനുകളും നിലവിലെ എട്ട് കോച്ചുകളില്‍ നിന്ന് 12 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇതുസംബന്ധിച്ച് തീരുമാനമായതായും 2026 മാര്‍ച്ച് 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ റൂട്ടുകളില്‍ ദിവസേന യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ തിരക്ക് മൂലം ദീര്‍ഘകാലമായി ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വേ മന്ത്രാലയത്തോടും ദക്ഷിണ റെയില്‍വേ അധികൃതരോടും നിരന്തരം ഇടപെട്ടിരുന്നുവെന്നും തുടര്‍ച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോച്ചുകളുടെ വര്‍ധനവോടെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയുകയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും ശക്തമായ ഇടപെടല്‍ തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

ബെംഗളൂരു: നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഫെബ്രുവരി 14നാണ് സംഭവം നടന്നത്.

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാര്‍ ടാക്‌സിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്ന് ദമ്പതിമാര്‍ ശ്രദ്ധിച്ചില്ല.

ദമ്പതിമാര്‍ ഇറങ്ങിയ ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ നന്മ 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പൊലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.

സന്ദേശം ലഭിച്ച് രണ്ടുമിനുറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പൊലീസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കുകയായിരുന്നു.
കാറുമായി ഉടന്‍ തന്നെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്‌മെന്റിലെത്തണമെന്ന നിര്‍ദേശവും നല്‍കി. ബെംഗളൂരു പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലില്‍ ഒരു മണിക്കൂറിനകം തന്നെ കുഞ്ഞിനെ മാതാപിതാക്കള്‍ക്കടുത്തെത്തിക്കാന്‍ കഴിഞ്ഞു.

റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

ഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് അഫ്ഗാനിസ്ഥാന്‍ നായകനും സ്പിന്നറുമായ റാഷിദ് ഖാന്‍. ടി20 ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടമാണ് റാഷിദ് സ്വന്തമാക്കിയത്. യുഎഇക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഒരു വിക്കറ്റെടുത്താണ് റാഷിദ് അനുപമ നേട്ടം സ്വന്തമാക്കിയത്. 518 മത്സരങ്ങളില്‍ നിന്നാണ് റാഷിന്റെ നേട്ടം.

നേരത്തെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേരത്തെ റാഷിദ് സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് താരം റെക്കോര്‍ഡിട്ടത്. വിന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ 631 വിക്കറ്റുകളെന്ന നേട്ടമാണ് അന്ന് റാഷിദ് പഴങ്കഥയാക്കിയത്.

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള താരവും റാഷിദാണ്. 114 മത്സരങ്ങളില്‍ നിന്നു 191 വിക്കറ്റുകളാണ് നേട്ടം.

ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങള്‍

റാഷിദ് ഖാന്‍: അഫ്ഗാനിസ്ഥാന്‍, 700 വിക്കറ്റുകള്‍, 518 മത്സരങ്ങള്‍

ഡ്വെയ്ന്‍ ബ്രാവോ: വെസ്റ്റ് ഇന്‍ഡീസ്, 631 വിക്കറ്റുകള്‍, 582 മത്സരങ്ങള്‍

സുനില്‍ നരെയ്ന്‍: വെസ്റ്റ് ഇന്‍ഡീസ്, 613 വിക്കറ്റുകള്‍, 583 മത്സരങ്ങള്‍

ഇമ്രാന്‍ താഹിര്‍: ദക്ഷിണാഫ്രിക്ക, 572 വിക്കറ്റുകള്‍, 448 മത്സരങ്ങള്‍

ആന്ദ്രെ റസ്സല്‍: വെസ്റ്റ് ഇന്‍ഡീസ്, 590 വിക്കറ്റുകള്‍, 508 മത്സരങ്ങള്‍

താരിഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍

താരിഖ് റഹ്മാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും പുറത്താക്കിയ ശേഷം നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരില്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് ഇന്നലെ ഓഫീസ് ഒഴിഞ്ഞു. സേനാ മേധാവി ജനറല്‍ വാക്കര്‍ ഉസ്മാനും യൂനസിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. ഉദ്യോഗസ്ഥരടക്കം എല്ലാ ജീവനക്കാര്‍ക്കും യൂനുസ് നന്ദി പറഞ്ഞു. ജമാ അത്തെ ഇസ്ലാമി പാര്‍ട്ടി അധ്യക്ഷന്‍ ഷഫീഖൂര്‍ റഹ്മാനെയും നാഷനലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി കണ്‍വീനര്‍ നഹീദ് ഇസ്ലാമിനെയും താരീഖ് റഹ്മാന്‍ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചു.

297ല്‍ 209 സീറ്റുകളിലാണ് ബിഎന്‍പി ജയിച്ചത്. വിജയിച്ച ബിഎന്‍പി നേതാക്കളായ ഗോയേശ്വര്‍ ചന്ദ്ര റോയ്, നിതായ് റോയ് ചൗധരി, സചിങ് പ്രൂ,ദീപേന്‍ ദേവന്‍ എന്നിവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. റോയിയും ചധരിയും ഹിന്ദുക്കള്‍. മറ്റുരണ്ടുപേരും ബുദ്ധമത വിശ്വാസികളാണ്. ഇന്ന് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ് തുടങ്ങിയവരുമാണ് പങ്കെടുക്കുന്നത്.

ശബരിമല യുവതീപ്രവേശനം: വാദം കേള്‍ക്കല്‍ ഏപ്രില്‍ 7 മുതല്‍

ശബരിമല യുവതീപ്രവേശനം: വാദം കേള്‍ക്കല്‍ ഏപ്രില്‍ 7 മുതല്‍

ഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയില്‍ മാര്‍ച്ച് 14 ന് അകം സംസ്ഥാന സര്‍ക്കാര്‍ അടക്കം കേസിലെ കക്ഷികള്‍ വാദങ്ങളും നിലപാടുകളും രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനായി 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കും. ഏപ്രില്‍ 7 ന് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഏപ്രില്‍ 22 ന് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ശബരിമല കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കുക. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനാ ഹര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ശബരിമലയിലെ വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാല്‍ തുടര്‍ന്നും എതിര്‍ക്കുമോയെന്നതില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

എതിര്‍ക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും വാദങ്ങള്‍ക്ക് ശേഷം അമിക്കസ് ക്യൂറിമാരുടെ വാദവും, മറുപടി സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കും. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനു പുറമെ, മലയാളി അഭിഭാഷകനായ കെ പരമേശ്വരനെ കൂടി കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.