by Midhun HP News | Dec 2, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ആദ്യ പോസ്റ്റിങ്ങിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹർഷ് ബർധൻ ആണ് മരിച്ചത്. 25 വയസായിരുന്നു. 2023 കർണാടക കേഡർ ഉദ്യോഗസ്ഥനാണ്. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം.
ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെയാണ് അപകടമുണ്ടായത്. ഹർഷ് ബർധൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷ് ബർധനെ ഉടനെ ഹസ്സനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | Dec 2, 2024 | Latest News, ദേശീയ വാർത്ത
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ കഴിഞ്ഞ 13 മണിക്കൂറായി ഇന്ത്യന്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മുംബൈയില്‍ നിന്ന് മാഞ്ചസ്റ്റിലേയ്ക്ക് പോകുന്ന കണക്ഷന്‍ ഫ്‌ളൈറ്റിലുള്ള യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. എഞ്ചിന്‍ തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. മണിക്കൂറുകളായിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് എയര്‍ലൈന്‍ താമസ സൗകര്യവും മറ്റും നല്‍കിയതെന്നാണ് ആരോപണം. ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ വിമാനത്താവള അധികൃതര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.
ഏകദേശം 60 യാത്രക്കാരാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. എല്ലാവരും ജോലി ചെയ്യുന്നവരാണെന്നും ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും ശരിയാവും എന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.
by Midhun HP News | Dec 1, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്.
ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകള്‍ നിരോധിച്ചിട്ടുണ്ട്. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകണ്ടാല്‍ 130 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാമെന്നും റെയില്‍വേ വ്യക്തമാക്കി.
by Midhun HP News | Nov 30, 2024 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസമീസ് വ്‌ലോഗറായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. സംശയത്തെ തുടര്‍ന്നാണ് മായയെ കൊലപ്പെടുത്തിയതെന്നും ആരവിന്റെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
നവംബര്‍ 24ന് അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. ശേഷം താന്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയര്‍ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇതു മുറുകാതെ വന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും ആരവ് പൊലീസിനോട് പറഞ്ഞു.
25ന് മുഴുവന്‍ ആ മുറിയില്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. 26ന് രാവിലെ മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് ഊബര്‍ വിളിച്ച് പോയി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകള്‍ മാറിക്കയറി വാരാണസിയിലെത്തിയെന്നും ആരവ് പൊലിസീനോട് പറഞ്ഞു.
28ന് വൈകീട്ടാണ് ആരവ് കണ്ണൂരിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന കാന്‍സര്‍ രോഗിയായ മുത്തച്ഛനെ ഫോണില്‍ വിളിച്ചത്. ഈ കോള്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആറു മാസം മുന്‍പ് ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. പിന്നീട് മായ മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് ആരവിന് സംശയമായി. അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത ശേഷം ഇക്കാര്യം ചോദിച്ച് ഇവര്‍ തമ്മില്‍ വഴക്കായി. മായയെ കൊലപ്പെടുത്താനെന്ന ഉദ്ദേശത്തോടെയാണ്് ആരവ് ഇവിടെ എത്തിയത്. ഇതിനായി ഓണ്‍ലൈനില്‍ നിന്ന് കത്തിയും കയറും ഓര്‍ഡര്‍ ചെയ്തിരുന്നു. വഴക്കിനു പിന്നാലെ മായയെ കഴുത്തില്‍ കയര്‍ മുറുക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
by Midhun HP News | Nov 29, 2024 | Latest News, ദേശീയ വാർത്ത
ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ.മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ മക്കൾ പോലുള്ള അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക് മാത്രമേ ടിക്കറ്റ് മാറ്റാൻ കഴിയൂ. റിസർവേഷൻ കൗണ്ടറിൽ നിന്ന് ബുക്ക് ചെയ്യുന്ന ഓഫ്‌ലെെൻ ടിക്കറ്റുകൾക്ക് മാത്രമേ പേര് മാറ്റാനാകൂ. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓപ്ഷൻ ലഭ്യമാകില്ല.
ഒരു യാത്രക്കാരന് ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയുംഒരു ഗ്രൂപ്പിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ ഒരു അംഗത്തിന്റെയും പേര് മാറ്റാനാകും. പേര് മാറ്റുന്നതിന് ബുക്ക് ചെയ്ത ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിൽ ബന്ധപ്പെടാം.
ഇതിനായി ആദ്യം അപേക്ഷ നൽകണം. കൂടാതെ ടിക്കറ്റിൽ പേരുള്ള ആളുടെയും ആരുടെ പേരിലേയ്ക്കാണോ മാറ്റുന്നത് അവരുടെയും ഐഡി പ്രൂഫും നൽകണം.
ബുക്ക് ചെയ്ത ട്രെയിനിന്റെ യാത്ര തീയതി മാറ്റാൻ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും റിസർവേഷൻ കൗണ്ടറുമായി ബന്ധപ്പെടണം. തീയതി മാറ്റാനുള്ള അപേക്ഷക്കൊപ്പം യഥാർത്ഥ ടിക്കറ്റും നൽകണം. കൺഫേം ടിക്കറ്റുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കും. ഒരാൾ ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്റെ പേരും തീയതിയും മാറ്റുകയെന്ന ബുദ്ധിമുട്ട് മാറ്റാൻ കൂടിയാണ് ഈ സൗകര്യം കൊണ്ടുവന്നത്.
by Midhun HP News | Nov 28, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തതോടെ തീരദേശ മേഖലകളില്‍ നിന്നുള്‍പ്പെടെ 1,200-ലധികം ഒഴിപ്പിച്ചു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിന്നു. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ടു ദിവസമായി വ്യാപക മഴയാണ് പെയ്തത്. രണ്ട് ദിവസത്തിനിടെ തീരദേശ ജില്ലകളില്‍ 150 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ 2,000 ഏക്കറിലെ നെല്‍ക്കൃഷി നശിച്ചു. നാഗപട്ടണത്ത് 12 ക്യാമ്പുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെ മാറ്റി പാര്‍പ്പിച്ചു. മുന്‍കരുതല്‍ നടപടിയായി നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ചെന്നൈ, പുതുച്ചേരി, കാരയ്ക്കല്‍, തീരദേശ ആന്ധ്രാ, യാനം എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂര്‍, ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Recent Comments