നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 16 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 16 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 16 ആയി ഉയര്‍ന്നു. 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ പ്രളയത്തില്‍ കാണാതായതായാണ് റിപ്പോര്‍ട്ട്. ടിബറ്റിനോട് ചേര്‍ന്നുള്ള റസുവ ജില്ലയിലാണ് വന്‍ നാശം വിതച്ച് മിന്നല്‍ പ്രളയമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, വീടുകള്‍, പാലങ്ങള്‍ തുടങ്ങിയ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.

ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. നുവാകോട്ട്, ധാഡിങ് ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. 291 വിദേശികളും 93 നേപ്പാളി പൗരന്മാരും അടക്കം 384 സഞ്ചാരികളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു.

റസൂവ ജില്ലയില്‍ 26 നേപ്പാളി പൊലീസുകാരെയും കാണാതായിട്ടുണ്ട്. ആംഡ് പൊലീസ് ഫോഴ്‌സിലെ ഏഴുപേരെയും കാണാതായിട്ടുണ്ട്. പ്രളയത്തില്‍ കുടുങ്ങിയ 12 പേരെ നേപ്പാള്‍ സൈന്യം രക്ഷപ്പെടുത്തി. തിമുറെയിലും സ്യാബ്രുബെസിയിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കി മുന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭോട്ടെ കോശി നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാനും, ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ അല്‍ നബ്ബയില്‍ താമസിക്കുന്ന കാസര്‍കോട് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെ മകള്‍ സഫ(7)യാണ് മരിച്ചത്.

സംഭവം നടക്കുമ്പോള്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അമ്മ മുര്‍ഷിദ ജോലിസ്ഥലത്തായിരുന്നു, അച്ഛന്‍ മുബാറക് അപ്പാര്‍ട്ട്‌മെന്റിന് താഴെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ സ്ലൈഡിങ് വിന്‍ഡോ തുറന്ന് കുട്ടി അച്ഛനെ നോക്കിയപ്പോള്‍ ബാലന്‍സ് തെറ്റി താഴേക്ക് വീണതാകാമെന്നാണ് നിഗമനം.

ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ മരിച്ചു. അജ്മാനിലെ ഒരു സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു സഫ. മുബാറക് ദുബായ് ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനാണ്. മുര്‍ഷിദ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലും ജോലി ചെയ്യുന്നു.

കഴിഞ്ഞ 8 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന സഫയും കുടുംബവും അവധിക്ക് നാട്ടിലെത്തി തിരിച്ചെത്തിയിട്ട് അധിക ദിവസമായിട്ടില്ല. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിന് ഒരു നഷ്ടവുമുണ്ടാകില്ല. കേരളത്തിലെ വികസനത്തില്‍ ഒരു വീഴ്ചയോ, വേഗതക്കുറവോ ഉണ്ടാകാന്‍ പാടില്ലെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്ര തീരുമാനം കാണിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

റെയില്‍വേയുമായി ബന്ധപ്പെട്ട് പി കെ കൃഷ്ണദാസ് വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ റെയില്‍വേ വികസനത്തില്‍ കേന്ദ്രമന്ത്രിയ്‌ക്കൊപ്പം ഇരുന്ന് മൂന്നു വര്‍ഷത്തെ ബ്ലൂ പ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. അത് വളരെ നന്നായിട്ട് മുന്നോട്ടു പോകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാംഗ്ലൂര്‍ ഇപ്പോള്‍ മൂന്നു ഡിവിഷന്റെ ഭാഗമാണ്. റെയില്‍വേ നാഷണല്‍ ഓര്‍ഗനൈസേഷനാണ്. അവരൊരു അഡ്മിനിസ്‌ട്രേറ്റീവ് റീ ഓര്‍ഗനൈസേഷന്‍ നടത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ഇതിന്റെ ഭാഗമായി മാംഗ്ലൂര്‍ മൈസൂരുവിന്റെ ഭാഗമാക്കുന്നു. ഇതില്‍ എന്താണ് പ്രശ്‌നമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. വിഡി സതീശനും കെ സി വേണുഗോപാലിനും ഇതില്‍ എന്തു പ്രശ്‌നമാണുള്ളത്?. ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരു വിവാദം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നൂറു ദിവസം തികഞ്ഞ യുഡിഎഫ് സര്‍ക്കാരിന് ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ട് പാലക്കാട് ഡിവിഷന്‍ ഒരു വിഷയമാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

ഒന്നൊന്നായി നാലു പേരെ കൊലപ്പെടുത്തി; രാത്രി മുഴുവൻ പ്രതികൾ അതേ വീട്ടിൽ, കുളിച്ച് ഭക്ഷണവും കഴിച്ചു; നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്ത്

ഒന്നൊന്നായി നാലു പേരെ കൊലപ്പെടുത്തി; രാത്രി മുഴുവൻ പ്രതികൾ അതേ വീട്ടിൽ, കുളിച്ച് ഭക്ഷണവും കഴിച്ചു; നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്ത്

ധാക്ക: വീടിനു മുകളിൽ വച്ച് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് ഒരു കുടംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിലാണ് സംഭവം. ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

സംഭവത്തിൽ സിദ്ധാർഥ ദാസ് (23), മുഗ്ധ ദാസ് (19) എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കമ്മിഷണർ മുഹമ്മദ് അബ്ദുൾ മബൂദ് പറഞ്ഞു. മെത്താഫെറ്റാമൈൻ ഉൾപ്പെടുന്ന ലഹരിപദാർത്ഥമായ ‘യാബ’ കഴിക്കാനാണ് പ്രതികൾ ചക്രവർത്തിയുടെ വീടിന്റെ മേൽക്കൂരയിലെത്തിയത്. ശബ്ദം കേട്ട് ​ഗണപതി വീടിന് മുകളിലെത്തിയപ്പോൾ യുവാക്കളെ കണ്ടു.

വീടിന് മുകളിൽ വെച്ച് യുവാക്കൾ ലഹരി ഉപയോ​ഗിക്കുന്നതിനെ ​ഗണപതി ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ ​ഗണപതിയെ പ്രതികൾ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടു മുകളിലേക്ക് വന്ന ഗണപതിയുടെ ഭാര്യയേയും പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അമ്മയുടെ ശബ്ദം കേട്ട് മുറിയിൽ നിന്നും പുറത്തുവന്ന മകൾ അ​ഗാമിയെയും കയർ കഴുത്തിൽ മുറുക്കി കൊന്നു. പിന്നീട് വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 12 വയസുകാരൻ മകനെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ അതേ വീട്ടിൽ രാത്രി കഴിച്ചുകൂട്ടി. ഫ്രീസറിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. കുളിച്ചശേഷം ഭക്ഷണ മേശയിലിരുന്ന് ഈന്തപ്പഴവും വെള്ളരിയ്ക്കയും കഴിക്കുകയും വീണ്ടും ലഹരി ഉപയോഗിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി തെരുവുകൾ ഒഴിഞ്ഞപ്പോഴാണ് പ്രതികൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. അന്വേഷണം വഴിതിരിച്ചുവിടാൻ വീട്ടുസാധനങ്ങൾ വലിച്ചുവാരിയിടുകയും, ഫോണുകളിൽ വിരലടയാളം പതിയാതിരിക്കാൻ ഡിറ്റർജന്റ് കലക്കിയ വെള്ളത്തിൽ മുക്കിവെക്കുകയും ചെയ്തു. സ്വർണാഭരണങ്ങളും കൊള്ളയടിച്ചിരുന്നു.

റൺസിൽ റെക്കോർഡിട്ട് പന്ത്; ഗില്ലിനെ വെട്ടി, ധോനിയും പിന്നിൽ!

റൺസിൽ റെക്കോർഡിട്ട് പന്ത്; ഗില്ലിനെ വെട്ടി, ധോനിയും പിന്നിൽ!

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ അർധ സെഞ്ച്വറി നേടി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് റെക്കോർഡ് നേട്ടത്തിലെത്തി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ (ഡബ്ല്യുടിസി) ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെ റെക്കോർഡാണ് പന്ത് പിന്തള്ളിയത്.

42 ടെസ്റ്റുകൾ കളിച്ച് പന്ത് 2948 റൺസാണ് ഡബ്ല്യുടിസിയിൽ ഇതുവരെ നേടിയത്. ഇത്രയും മത്സരങ്ങൾ കളിച്ച ​ഗില്ലിന് 2917 റൺസാണ് നേട്ടം. 40 ടെസ്റ്റുകളിൽ നിന്നു 2716 റൺസുമായി രോഹിത് ശർമയാണ് പട്ടികയിലെ മൂന്നാമാൻ. രവീന്ദ്ര ജഡേജ (50 ടെസ്റ്റിൽ നിന്ന് 2675 റൺസ്), വിരാട് കോഹ്‍ലി (46 ടെസ്റ്റിൽ നിന്ന് 2617 റൺസ്) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. നിലവിൽ കളിക്കുന്നവരിൽ വെറും 30 ടെസ്റ്റിൽ നിന്നു 2588 റൺസുമായി യശസ്വി ജയ്സ്വാളും നിൽക്കുന്നു.

വിദേശ പച്ചിലെ ‘പന്ത്’

വിദേശ മണ്ണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസെടുക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററായും പന്ത് മാറി. ഇതിഹാസ നായകൻ എംഎസ് ധോനിയേയാണ് പന്ത് പിന്നിലാക്കിയത്. ധോനി 2496 റൺസാണ് നേടിയത്. പന്തിന്റെ വിദേശ പിച്ചിലെ റൺസ് നേട്ടം 2500 പിന്നിട്ടു. 42 റൺസ് ശരാശരിയിലാണ് പന്തിന്റെ കുതിപ്പ്. ധോനിയുടെ ശരാശരി 32.84 ആയിരുന്നു. 1209 റൺസെടുത്ത ഫാറൂഖ് എൻജിനീയർ ആണ് ഈ പട്ടികയിലെ മൂന്നാമൻ. സയ്യിദ് കിർമാനി 1109 റൺസ്, കിരൺ മോറെ 901 റൺസ് എന്നിവരാണ് പട്ടികയിലെ അടുത്ത സ്ഥാനക്കാർ.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 3 റൺസിൽ നിൽക്കെ പരിക്കേറ്റ് പന്ത് റിട്ടയേർഡ് ഹട്ടായി മടങ്ങിയിരുന്നു. രണ്ടാം ദിനത്തിൽ തിരിച്ചെത്തി താരം 6 ഫോറും രണ്ട് സിക്സും സഹിതം 63 റൺസെടുത്തു. പരമ്പരയിൽ പന്ത് നേടുന്ന രണ്ടാം അർധ സെഞ്ച്വറിയാണിത്. കരിയറിലെ 21ാം ടെസ്റ്റ് അർധ സെഞ്ച്വറി കൂടിയാണ് താരം കൊളംബോയിൽ സ്വന്തമാക്കിയത്.

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

ഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വര്‍ധന. ഡല്‍ഹി, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില കുതിച്ചുയര്‍ന്നു.

ഡല്‍ഹിയില്‍ കിലോയ്ക്ക് 65 രൂപയും (കഴിഞ്ഞ വര്‍ഷം 35 രൂപ) ചെന്നൈയില്‍ 58 രൂപയുമാണ് (കഴിഞ്ഞ വര്‍ഷം 33 രൂപ) നിലവിലുള്ള നിരക്ക്. ഡല്‍ഹിയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സവാള വില കുതിച്ചുയരുന്നത് പരിഗണിച്ച്, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ മാര്‍ഗം സവാള ഉള്ളി എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സവാളയുമായി ‘കാന്ദ എക്‌സ്പ്രസ്’ ഇന്നു മുതല്‍ ഈ സംസ്ഥാനങ്ങളിലേക്ക് ഓടിത്തുടങ്ങും. മഹാരാഷ്ട്രയിലെ ബഫര്‍ സ്റ്റോക്കുകളില്‍ നിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ഉള്ളി എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.