by Midhun HP News | Apr 25, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത. ചന്ദ്രശേഖര റാവു സ്ഥാപിച്ച ബിആര്‍എസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിത പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. തെലങ്കാന രാഷ്ട്രസേന എ(ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്.
മേഡ്ചല്‍ ജില്ലയിലെ മുനീരാബാദിലെ വേദിയിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും പതാകയും അജണ്ടയും പുറത്തിറക്കി. തെലങ്കാന സ്വത്വത്തിനായുള്ള പോരാട്ടത്തിലും ആഗ്രഹങ്ങളിലും അടിയുറച്ചതാണ് ടിആര്‍എസ് എന്നും സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ഈ പേര് തന്നെ നിലനിര്‍ത്താന്‍ കവിത താല്‍പ്പര്യപ്പെട്ടതെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
തെലങ്കാന പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്ന പ്രൊഫസര്‍ കെ ജയശങ്കറിന്റെ പേര് നല്‍കിയ 20 ഏക്കറോളം വരുന്ന മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തെലങ്കാനയിലെ 33 ജില്ലകളില്‍ നിന്നായി ഏകദേശം അന്‍പതിനായിരത്തോളം പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന സംസ്ഥാന രൂപീകരണ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ‘തെലങ്കാന ജാഗൃതി’ എന്ന എന്‍ജിഒയെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ‘തെലങ്കാന രാഷ്ട്ര സേന’യുടെ പ്രഖ്യാപനത്തോടെ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ഒരിക്കല്‍ തെലങ്കാന രാഷ്ട്രീയത്തെ അടക്കിവാണിരുന്ന ‘ടിആര്‍എസ്’ എന്ന ചുരുക്കപ്പേര് തന്നെ നിലനിര്‍ത്തിയതിലൂടെ, പിതാവ് ഉപേക്ഷിച്ചതിനെ വീണ്ടെടുക്കുന്നു എന്ന സന്ദേശമാണ് കവിത നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
2022-ലാണ് പാര്‍ട്ടി അധ്യക്ഷനായിരുന്ന കെസിആര്‍, തെലങ്കാന രാഷ്ട്ര സമിതി എന്ന പേര് മാറ്റി ഭാരത് രാഷ്ട്ര സമിതി എന്നാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന്, 2025 സെപ്റ്റംബര്‍ 3-ന് കവിത ബിആര്‍എസില്‍ നിന്നും എംഎല്‍സി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു. ഇതോടെ തന്റെ പിതാവ് കെസിആറുമായും സഹോദരന്‍ കെ.ടി. രാമറാവുമായും (കെടിആര്‍) ഉള്ള കവിതയുടെ ബന്ധം പൂര്‍ണ്ണമായും വേര്‍പിരിഞ്ഞതായാണ് സൂചന. തെലങ്കാനയുടെ പ്രാദേശിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ടിആര്‍എസ് രൂപീകരിച്ചതെന്ന തന്റെ ഉറച്ച വാദത്തിലാണ് കവിതയുടെ പുതിയ യാത്ര.
സംസ്ഥാന രൂപീകരണത്തിനായി 2001-ല്‍ കെസിആര്‍ രൂപീകരിച്ച ടിആര്‍എസ്, 2022-ല്‍ ബിആര്‍എസ് ആയി മാറി. ഈ പേരുമാറ്റവും പുതിയ ദിശയും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുത്തിയെന്നാണ് കവിതയുടെ ആരോപണം. വെള്ളം, ജോലി, വിഭവങ്ങള്‍ തുടങ്ങി ടിആര്‍എസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും, കോണ്‍ഗ്രസോ ബിആര്‍എസോ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ നിറവേറ്റിയില്ലെന്നും അവര്‍ ആരോപിക്കുന്നു. 48കാരിയായ കവിത, തെലങ്കാനയിലെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് ലക്ഷ്യമിടുന്നത്.

by Midhun HP News | Apr 25, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ടുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികള്‍ പതിവുപോലെ ഫാക്ടറി തുറക്കുന്നതിന് എത്തിയ സമയത്താണ് അപകടം ഉണ്ടായത്.
അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. നാലുപേരാണ് ഷട്ടര്‍ തുറക്കാന്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
തെരഞ്ഞെടുപ്പ് കാരണം പടക്കനിര്‍മ്മാണശാലയ്ക്ക് രണ്ടു ദിവസം അവധിയായിരുന്നു. ഇന്ന് പതിവ് പോലെ പടക്കനിര്‍മ്മാണ ശാല തുറക്കാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചൂട് കാരണമോ ഷട്ടര്‍ തുറന്നപ്പോള്‍ ഉണ്ടായ സ്പാര്‍ക്ക് കാരണമോ ആകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പാണ് മറ്റൊരു ദുരന്തം കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഭവിച്ചത്.

by Midhun HP News | Apr 24, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാക് ഗുണ്ടാസംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എടിഎസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ എന്ന ഹിസ്ബുള്ള അലി ഖാൻ (20), ഡൽഹി ഓൾഡ് സീമാപുരി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ ഐഎസ്ഐയുടെ നിർദേശപ്രകാരം പാകിസ്താനിലെ ഗുണ്ടാസംഘങ്ങളും ഭീകര സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇന്ത്യയിലെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും ‘സ്ലീപ്പർ സെല്ലുകളിൽ’ ചേർക്കുകയും ഭീകരാക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ രീതി. ഗൂഢാലോചനയുടെ ഭാഗമായി തുഷാർ ചൗഹാനും സമീർ ഖാനും പാകിസ്ഥാനിലെ ഗുണ്ടകളായ ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി ബന്ധം സ്ഥാപിച്ചു. ഇന്ത്യയിൽ ആക്രമണത്തിന് ഇവർ പദ്ധതിയിടുന്നതിനിടെ വിവരം ലഭിച്ച എടിഎസ് നോയിഡയിൽ വെച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്.

by Midhun HP News | Apr 23, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ജേക്കബ് ബേതേല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമാണ്. എന്നാല്‍ ഇതുവരെയായി താരത്തിനു കാര്യമായ അവസരങ്ങള്‍ കിട്ടിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ബേതേല്‍ ഐപിഎല്‍ ഒഴിവാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചു വന്ന് കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്നു മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ താരവുമായ അലിസ്റ്റര്‍ കുക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുക്കിന്റെ ഈ അഭിപ്രായത്തോടെ വിയോജിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ രംഗത്തെത്തിയതോടെ ചര്‍ച്ച കേറിയങ്ങ് കൊളുത്തിയിരിക്കുകയാണ് ഇപ്പോള്‍.
കുക്ക് അങ്ങനെയൊരു നിര്‍ദ്ദേശം വച്ചെങ്കിലും ബേതേല്‍ ഐപിഎല്ലില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെയാണ് കുക്കിന്റെ അഭിപ്രായം തള്ളി പീറ്റേഴ്‌സന്‍ രംഗത്തു വന്നത്.
കരിയറില്‍ ഇതുവരെ ഐപിഎല്‍ കളിക്കാത്ത താരമാണ് കുക്ക്. അതിനാല്‍ തന്നെ അദ്ദേഹത്തിനു ഐപിഎല്ലില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നും ബേതേല്‍ ഐപിഎല്ലില്‍ തുടരണമെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.
‘ഐപിഎല്‍ എങ്ങനെയാണെന്നു അലിസ്റ്റര്‍ കുക്കിനു ഒരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കിടയില്‍ ദിവസങ്ങളോളം കഴിയുന്നതിന്റെ അനുഭവമൊന്നും കുക്കിനെ സംബന്ധിച്ച് ഇല്ല. അതിനാല്‍ തന്നെ ബേതേലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തിനു ആരു വില കല്‍പ്പിക്കുന്നു. ജേക്കബ് നീ ഇന്ത്യയില്‍ തന്നെ തുടരുക. നിനക്ക് ഇപ്പോള്‍ അവസരം കിട്ടുന്നില്ലായിരിക്കാം. കളിക്കുന്നില്ലെങ്കില്‍ പോലും നിനക്ക് വലിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മികച്ച താരമായി മാറുമെന്നു എനിക്കുറപ്പാണ്’- പീറ്റേഴ്‌സന്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
അതിനിടെ കുക്കിനെ അനുകൂലിച്ച് സംസാരിച്ച ഒരു ആരാധകനു പീറ്റേഴ്‌സന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നുമുണ്ട്. കുക്കിന്റെ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പെന്നായിരുന്നു ആരാധകന്റെ കമന്റ്. കെപി താങ്കളോട് യോജിക്കാന്‍ സാധിക്കില്ലെന്നും ആരാധകന്‍ പറയുന്നു. എല്ലാ മത്സരത്തിലും പുറത്തിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തുകാര്യമെന്നും കളിക്കാന്‍ അവസരം കിട്ടുകയാണു വേണ്ടതെന്നും അല്ലാതെ നെറ്റ്‌സില്‍ റണ്‍സ് അടിച്ചതുകൊണ്ടു കാര്യമില്ലെന്നും ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പീറ്റേഴ്‌സന്‍ നല്‍കിയ മറുപടി ഇങ്ങനെ.
‘ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പരിശീലക്കാന്‍ അവസരമുണ്ട്. ലോകത്തെ മികച്ച താരങ്ങളുടെ ക്രിക്കറ്റ് ഏറ്റവും അടുത്തു നിന്നു കാണാം. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരോടു നിരന്തരം സംസാരിക്കാനുള്ള അവസരമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായി ദീര്‍ഘകാലത്തേക്ക് സൗഹൃദമുണ്ടാക്കാനുള്ള അവസരവും ലഭിക്കുന്നു. ഭാവിയില്‍ ഇന്ത്യയില്‍ പര്യടനത്തിനു വരുന്ന ഇംഗ്ലണ്ട് ടീമില്‍ ബേതേലുമുണ്ടാകും. അപ്പോള്‍ അദ്ദേഹത്തിനു ഇവിടുത്തെ സാഹചര്യങ്ങളുമായി എളുപ്പം പരിചിതമാകാന്‍ ഐപിഎല്‍ സഹായകമാകും. ഏപ്രില്‍ മാസത്തെ തണുപ്പില്‍ ഡെര്‍ബിയില്‍ പോയി കൗണ്ടി കളിക്കുന്നതാണ് ഐപിഎല്ലിനേക്കാള്‍ മികച്ചത് എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല’- പീറ്റേഴ്‌സന്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ ഇലവനില്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും ഇത്രയും ദിവസം കൊണ്ടു തന്നെ തന്റെ കളിയില്‍ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ബേതേലും പറയുന്നത്. അതിനാല്‍ തുടര്‍ന്നും ആര്‍സിബിക്കൊപ്പം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ബേതേല്‍ വ്യക്തമാക്കി.
by Midhun HP News | Apr 23, 2026 | Latest News, ദേശീയ വാർത്ത
ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ തകർന്നടിഞ്ഞ രാജസ്ഥാന്‍ ബാറ്റിങ് നിരയെ കൈ പിടിച്ച് ഉയർത്തിയത് രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് ആയിരുന്നു. പുറത്താകാതെ 43 റൺസ് ആണ് താരം അടിച്ചെടുത്തത്.
മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്നൗവിന്റെ പേസ് ബൗളിങ് നിരയ്ക്ക് മുന്നിൽ വീറോടെ പൊരുതിയാണ് ജഡേജ ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.ബൗളിങ്ങിലും മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. 4 ഓവറിൽ 29 റൺസ് വിട്ടു കൊടുത്ത് നിക്കോളാസ് പുരാന്റെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ മത്സരത്തിലെ മികച്ച താരമായി ജഡേജയെ തെരഞ്ഞെടുക്കുകയും ചെയ്തു.
“മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഈ പുരസ്‌കാരം ഞാൻ ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുകയാണ്. അതായത് എന്റെ ഭാര്യയ്ക്ക്. ഇന്നലെ തന്നെ അവൾ പറഞ്ഞിരുന്നു ഈ മത്സരത്തിൽ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന്. അത് തന്നെ സംഭവിച്ചു” ജഡേജ പറഞ്ഞു.
” ലഖ്നൗവിലെ പിച്ച് ബാറ്റ് ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ലെന്നും പന്ത് നന്നായി സ്വിങ് ചെയ്യുന്നത് കാരണം വല്ലാതെ കഷ്ടപ്പെട്ടു. കഴിയുന്നത്ര നേരം ക്രീസിൽ തുടരാനായിരുന്നു എന്റെ ശ്രമം. ടി20 ക്രിക്കറ്റിൽ അവസാന ഓവറിൽ എന്തും സംഭവിക്കാം. ആ മാറ്റമാണ് മത്സരത്തിൽ ഉണ്ടായത്” അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷമാണ് ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ അധികാരമേറ്റെടുത്തത്. 2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റിവാബ.

by Midhun HP News | Apr 23, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22കാരിയായ മകളെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ മൊഴി പുറത്ത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന 23കാരന്‍ രാഹുല്‍ മീണയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് 2.5 ലക്ഷം രൂപ കൊള്ളയടിക്കുകയും 22കാരിയുടെ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ബയോമെട്രിക് ഹോം ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതിയുടെ മൊഴിയില്‍ പറയുന്നു.
ബുധനാഴ്ചയാണ് കേസില്‍ പ്രതി അറസ്റ്റിലായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 22കാരി പ്രതിയുടെ ആക്രമണത്തില്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ മേല്‍ക്കൂരയിലെ പഠനമുറിയില്‍ നിന്ന് താഴത്തെ നിലയിലേക്ക് പ്രതി വലിച്ചിഴച്ചതായി പൊലീസ് കണ്ടെത്തി. സുരക്ഷിതമായ ലോക്കര്‍ തുറക്കാന്‍ അവളുടെ വിരലടയാളം ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെ ലോക്കര്‍ ബയോമെട്രിക് സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ലോക്കര്‍ ഇരുന്ന മുറിയിലെത്തിച്ച്, അവളുടെ രക്തം പുരണ്ട വിരലുകള്‍ ഉപയോഗിച്ച് അത് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും മീണ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ ബലമായി തുറന്ന പ്രതി പണവും ആഭരണങ്ങളും കവര്‍ന്ന് വീട്ടില്‍ തന്നെയുണ്ടായിരുന്ന ഒരു ബാഗിലാക്കി.
ഇതിനുശേഷം പ്രതി മൃതദേഹം തറയില്‍ ഉപേക്ഷിച്ചു. തന്റെ പാന്റിലും ഷൂസിലും രക്തക്കറ കണ്ടതിനെത്തുടര്‍ന്ന്, ഇരയുടെ സഹോദരന്റെ വസ്ത്രങ്ങളും ചെരിപ്പും ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും മൊഴിയില്‍ പറയുന്നു. പ്രതിക്ക് ഐആര്‍എസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മാതാപിതാക്കള്‍ ജിമ്മില്‍ പോകുന്ന സമയവും വീടിന്റെ ഘടനയും പാസ്‌കോഡുകളും ഇയാള്‍ക്ക് അറിയാമായിരുന്നു. മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം അതിരാവിലെ എഴുന്നേറ്റ് പഠിക്കുകയായിരുന്ന പെണ്‍കുട്ടി ആ സമയം വീട്ടില്‍ തനിച്ചായിരുന്നു. എന്‍ജിനിയറിങ് ബിരുദധാരിയായ പെണ്‍കുട്ടി സിവില്‍ സര്‍വീസിന് തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രാവിലെ 6.28-ന് മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചാണ് മീണ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ എത്തിയത്. മുമ്പ് അവിടെ ജോലി ചെയ്തിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. പഠനമുറിയിലെത്തിയ മീണ അവളെ ശ്വാസം മുട്ടിച്ച് കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് അടുത്തുള്ള വിളക്കും മറ്റ് ഭാരമുള്ള വസ്തുക്കളും ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ കടുത്ത രക്തസ്രാവമുണ്ടാവുകയും പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രാവിലെ 7.22-ഓടെ വസ്ത്രം മാറി കറുത്ത ബാഗുമായി പ്രതി പുറത്തുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിയോടെ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയും ചിതറിക്കിടക്കുന്ന സാധനങ്ങളും കണ്ടത്. ഡല്‍ഹിയിലെത്തുന്നതിന് തൊട്ടുമുമ്പ്, ഏപ്രില്‍ 21ന് രാജസ്ഥാനിലെ ആല്‍വാറില്‍ വെച്ച് അയല്‍വാസിയായ ഒരു വിവാഹിതയെയും ഇയാള്‍ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറയുന്നു. ആല്‍വാര്‍ സ്വദേശിയായ മീണ എട്ടുമാസത്തോളം ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് ആറാഴ്ച മുമ്പാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് ദ്വാരകയിലെ ഒരു ഹോട്ടലില്‍ ഇയാള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പഠനത്തില്‍ അതീവ മിടുക്കിയായിരുന്ന കൊല്ലപ്പെട്ട പെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസില്‍ അഖിലേന്ത്യാ തലത്തില്‍ ടോപ്പറായിരുന്നു.

Recent Comments