അശോക് ലാഹിരി നീതി ആയോഗ് ഉപാധ്യക്ഷന്‍; ബംഗാള്‍ ബിജെപി എംഎല്‍എ സുപ്രധാന പദവിയില്‍

അശോക് ലാഹിരി നീതി ആയോഗ് ഉപാധ്യക്ഷന്‍; ബംഗാള്‍ ബിജെപി എംഎല്‍എ സുപ്രധാന പദവിയില്‍

ഡല്‍ഹി: നീതി ആയോഗ് ഉപാധ്യക്ഷനായി ബിജെപി എംഎല്‍എ അശോക് ലാഹിരിയെ നിയമിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അശോക് ലാഹിരി, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 15-ാം ധനകാര്യ കമ്മീഷനില്‍ അംഗവുമായിരുന്നു.

നിലവിലെ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറിയുടെ പിന്‍ഗാമിയായിട്ടാണ് അശോക് ലാഹിരി ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയര്‍മാന്‍. പശ്ചിമ ബംഗാളിലെ ബിജെപിയുടെ സജീവ അംഗമായ ലാഹിരി നിലവില്‍ ബാലുര്‍ഘട്ടില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ്. നിലവില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.

മുന്‍ പ്രധാനമന്ത്രിമാരായ എ ബി വാജ്പേയി, മന്‍മോഹന്‍ സിങ് എന്നിവരുടെ ഭരണകാലത്ത് 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ഡയറക്ടറായും ലോകബാങ്കില്‍ കണ്‍സള്‍ട്ടന്റായും അന്താരാഷ്ട്ര നാണയ നിധിയില്‍ സാമ്പത്തിക വിദഗ്ദ്ധനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നീതി ആയോഗിന്റെ മുഴുവന്‍ സമയ അംഗങ്ങളായി കെ വി രാജു, ഗോബര്‍ധന്‍ ദാസ്, അഭയ് കരണ്ടിക്കര്‍, എം ശ്രീനിവാസ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബംഗാളുകാരനും ഭോപ്പാല്‍ ഐഐഎസ്ഇആര്‍ ഡയറക്ടറുമാണ് ഗോബര്‍ധന്‍ ദാസ്. കെ വി രാജു നിലവില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമാണ്. അഭയ് കരണ്ടിക്കര്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും മുന്‍ ഐഐടി ഡയറക്ടറുമാണ്. ശ്രീനിവാസ് ഡല്‍ഹി എയിംസിന്റെ ഡയറക്ടറാണ്.

വിഖ്യാത ഇന്ത്യന്‍ ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു

വിഖ്യാത ഇന്ത്യന്‍ ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു

ഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സറിനെത്തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. പിന്നീട് അര്‍ബുദം വയറിലേക്കും തലച്ചോറിലേക്കും വ്യാപിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സമൂഹമാധ്യമത്തിലൂടെയാണ് രഘുറായിയുടെ വിയോഗ വാര്‍ത്ത അറിയിച്ചത്.

രഘു റായിയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് മകനും ഫോട്ടോഗ്രാഫറുമായ നിതിന്‍ റായ് അറിയിച്ചു. ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസത്തിന്റെ കുലപതിയെന്നാണ് രഘു റായിയെ വിശേഷിപ്പിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയ നിരവധി ചിത്രങ്ങളാണ് രഘുറായ് തന്റെ കാമറയിലൂടെ ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ വെച്ചത്. പ്രശസ്തമായ മാഗ്‌നം ഫോട്ടോസില്‍ അംഗമായ ചുരുക്കം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് രഘുറായ്. ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റായ്, ബാല്‍ താക്കറെ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ്. ഗുര്‍മീത് ആണ് രഘു റായിയുടെ ഭാര്യ. ഫോട്ടോഗ്രാഫര്‍ നിതിന്‍ റായ് മകനാണ്. ലഗാന്‍, ആവണി, പൂര്‍വൈ എന്നി പെണ്‍മക്കളും രഘു റായിക്കുണ്ട്.

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയര്‍ (SWISS) വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായി തീപിടിച്ചു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെ ടേക്ക് ഓഫ് നിര്‍ത്തിവെച്ച് വിമാനത്തില്‍ നിന്നും അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. പരിക്കേറ്റഴരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX147 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ വെച്ച് തന്നെ എമര്‍ജന്‍സി സ്ലൈഡുകള്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

പുലര്‍ച്ചെ 1.08നാണ് സംഭവം. എയര്‍ബസ് A330 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ കുതിക്കുമ്പോഴാണ് വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍ സംഭവിക്കുകയും തീപിടിക്കുകയും ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 228 യാത്രക്കാരും നാല് ശിശുക്കളുമാണ് ഉണ്ടായിരുന്നത്. ക്രൂ അംഗങ്ങള്‍ക്ക് പരിക്കില്ല.

വിമാനത്തിന്റെ പൈലറ്റുമാര്‍ സമയോചിതമായി ടേക്ക് ഓഫ് വേണ്ടെന്ന് വെക്കുകയും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യാത്രക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു എന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസസൗകര്യവും തുടര്‍യാത്രയ്ക്കുള്ള ക്രമീകരണങ്ങളും എയര്‍ലൈന്‍ അധികൃതര്‍ ചെയ്തുവരികയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സാങ്കേതിക വിദഗ്ധര്‍ ഡല്‍ഹിയിലെത്തി വിമാനം പരിശോധിക്കും.

ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ വിഷു വിളക്ക് വർണ്ണാഭമായി

ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ വിഷു വിളക്ക് വർണ്ണാഭമായി

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാസംഘവും,മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ വിഷു വിളക്ക് വർണ്ണാഭമായി.

2026 ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5.30 PM മുതൽ ലണ്ടനിലെ ക്രോയ്ഡൺ തോണ്ടൺ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ലണ്ടൻ വിഷു വിളക്ക് ആഘോഷങ്ങൾ നടത്തിയത്. അന്നേ ദിവസം ലൈവ് ഓർക്കസ്ട്രയോട് കൂടിയ ഭക്തി ഗാനസുധ, വിഷുക്കണി, ചിത്ര ലക്ഷ്മി നേതൃത്വം കൊടുത്ത ദക്ഷിണ യുകെ അവതരിപ്പിച്ച നൃത്തശില്പങ്ങൾ, അകാലത്തിൽ ലണ്ടൻ മലയാളികളെ വിട്ടു പോയ ഹരിയേട്ടനെ അനുസ്മരിക്കുന്ന ചടങ്ങായ ഓർമകളിൽ ഹരിയേട്ടൻ, ശേഷം ദീപാരാധന, പ്രസാദഊട്ട് (വിഷുസദ്യ) എന്നിവ നടത്തി. നിരവധി സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തു. ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അഥിതി ആയിരുന്നു.

വെള്ളിയാഴ്ച 249.9 ജിഗാവാട്ട്; രാജ്യത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

വെള്ളിയാഴ്ച 249.9 ജിഗാവാട്ട്; രാജ്യത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

ഡല്‍ഹി: രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടില്‍ എത്തിയത്. 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം. വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ഏപ്രില്‍ 13 മുതലാണ്.

വരും ദിവസങ്ങളില്‍ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്,ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യ ഇന്ത്യ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. വൈദ്യുതി ആവശ്യകത ഇനിയും വര്‍ധിച്ചേക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തുടനീളം വൈദ്യുതിയുടെ ആവശ്യം ഇനിയും ഉയരുകയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്‌തേക്കാമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരളവും കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. വൈകുന്നേരങ്ങളിലെ പവര്‍ക്കെട്ടില്‍ പലയിടത്തും പ്രതിഷേധം ശക്തമായി. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും എവിടെയും ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള യെല്ലോ അലെര്‍ട്ടും നല്‍കിയിട്ടുണ്ട്.

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

ഡല്‍ഹി: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേയോ, ഫോണ്‍ പോയോ വേണ്ട, മൊബൈല്‍ റീചാര്‍ജിനായി പുതിയ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജുകള്‍ നേരിട്ട് വാട്സ്ആപ്പ് ആപ്പിനുള്ളില്‍ തന്നെ ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായിട്ടുള്ള പേയ്മെന്റ്‌സ് കമ്പനിയുടെ സഹായത്തോടെയാണ് വാട്‌സ്ആപ്പ് ഈ പുതിയ സംവിധാനം ഇന്ത്യയില്‍ കൊണ്ടുവന്നത്.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ഉടന്‍ ലഭ്യമാകും. എയര്‍ടെല്‍, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുത്ത് റീചാര്‍ജ് ചെയ്യാവുന്നതാണ്.

പുതിയ റീചാര്‍ജ് സൗകര്യം വാട്സ്ആപ്പിന്റെ ഇന്ത്യയിലെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ്. നിലവില്‍ ബില്‍ പേയ്മെന്റുകള്‍, മെട്രോ ടിക്കറ്റ് ബുക്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവ ചാറ്റ് ബോട്ടുകള്‍ വഴിയും മറ്റും സാധ്യമാണ്. ചാറ്റിങ് ആപ്പായ വാട്‌സ്ആപ്പിനെ സമ്പൂര്‍ണമായും ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോം കൂടി ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

വാട്‌സ്ആപ്പിലൂടെ എങ്ങനെ മൊബൈല്‍ റീചാര്‍ജ് ചെയ്യാമെന്ന് നോക്കാം

1. ആദ്യം വാട്‌സ്ആപ്പിലെ കാമറ ഐക്കണിന്റെ അടുത്തുള്ള രൂപ ഐക്കണില്‍ ക്ലിക്ക് ചെയ്യുക

2. അതിന് ശേഷം വരുന്ന മെനുവില്‍ നിന്നും മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ് എന്ന സംവിധാനം തെരഞ്ഞെടുക്കുക

3. അതിന് ശേഷം നിങ്ങളുടെയോ അതോ മറ്റാരുടെയെങ്കിലോ മൊബൈല്‍ നമ്പര്‍ കൊടുക്കുക

4. അതിന് ശേഷം നിങ്ങളുടെ സിം ഏതാണെന്ന് തെരഞ്ഞെടുക്കുക

5. പിന്നീട് വരുന്ന മെനുവില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാന്‍ തെരഞ്ഞെടുക്കുക

6. അതിന് ശേഷം നിങ്ങളുടെ പേയ്മെന്റ് രീതി (യുപിഐ/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്) എന്നീ ഓപ്ഷനുകളില്‍ നിന്നും തെരഞ്ഞെടുക്കുക

7. അവസാനമായി നിങ്ങളുടെ യുപിഐ പിന്‍ കൊടുത്ത് പേയ്മെന്റ് പൂര്‍ത്തീകരിക്കുക